ഏജന്റിൽ അഖിൽ അക്കിനേനിയും മമ്മൂട്ടിയും | ഫോട്ടോ: സ്ക്രീൻഗ്രാബ്
റിസർച്ച് ആന്റ് അനാലിസിസ് വിങ്ങിന്റെ (റോ) ചീഫ് കേണല്‍ മേജര്‍ മഹാദേവ് ആയി മമ്മൂട്ടി, അദ്ദേഹത്തിന്റെ വിശ്വസ്തനായ പോരാളിയായ രാമകൃഷ്ണ എന്ന റിക്കിയായി അഖില്‍ അക്കിനേനി. തെലുഗില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം 'ഏജന്റി'നെ റിലീസിന് മുന്‍പേ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ഇരു താരങ്ങളുടെയും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ചേരുവകളുമായിട്ടാണ് സ്‌പൈ ത്രില്ലര്‍ ഏജന്റ് റിലീസായിരിക്കുന്നത്. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി വേഷമിട്ട 'യാത്ര'യ്ക്ക് ശേഷം മമ്മൂട്ടി തെലുഗുവില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഏജന്റിനുണ്ട്.
റോ ഏജന്റ് ആവാന്‍ ആഗ്രഹിക്കുന്ന, അതിനുവേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറാവുന്നയാളാണ് നായക കഥാപാത്രമായ രാമകൃഷ്ണ. അദ്ദേഹത്തിന്റെ റോള്‍ മോഡലാവട്ടെ ഏതൊരു കുറ്റവാളിയും ഭയപ്പെടുന്ന കര്‍മ്മനിരതനായ ഉദ്യോഗസ്ഥനായ ഡെവിള്‍ എന്ന് വിളിപ്പേരുള്ള മേജര്‍ മഹാദേവ്. വില്ലന്‍ കഥാപാത്രമായ ഗോഡ് ആയി ഡിനോ മോറിയ എത്തുന്നു.

മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ശ്രദ്ധ നേടാന്‍ റിക്കി നടത്തുന്ന ശ്രമങ്ങളിലൂന്നിയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നാലെ പ്രേക്ഷകര്‍ കാണുന്നത് ഡെവിള്‍, ഗോഡ് എന്നീ കഥാപാത്രങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നു. രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയാകുന്ന ഗോഡിന് നേരെയുള്ള തന്റെ വജ്രായുധമായി റിക്കിയെ ഡെവിള്‍ മാറ്റിയെടുക്കുന്നതും പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം.
ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത കഥാപാത്രമാണ് അഖില്‍ അക്കിനേനിയുടേത്. താന്‍ എപ്പോള്‍ എന്ത് ചെയ്യുമെന്ന് തനിക് പോലും അറിയില്ലെന്നാണ് റിക്കി പറയുന്നത്. ഇത്രയും സംഘര്‍ഷങ്ങള്‍ നിറഞ്ഞ കഥാപാത്രത്തെ മേജര്‍ മഹാദേവന്‍ എങ്ങനെ ദുഷ്ടശക്തിക്കെതിരെ ഉപയോഗിക്കുന്നു എന്നതാണ് സിനിമയുടെ ആകര്‍ഷണം.
.jpg?$p=79c0b37&&q=0.8)
ആദ്യാവസാനം വളരെയധികം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ പലയിടത്തും വില്ലന്‍, നായകന്‍ തുടങ്ങി നിരവധി പരിവേഷം മേജര്‍ മഹാദേവ് എന്ന കഥാപാത്രത്തെ തേടി വരുന്നുണ്ട്. സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സുപ്രധാന പങ്ക് മമ്മൂട്ടിയുടെ കഥാപാത്രത്തിനുണ്ടായിരുന്നു. വളരെ സ്റ്റെലിഷായാണ് മമ്മൂട്ടിയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
മെയ്‌വഴക്കത്തോടെ അക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്യാന്‍ അഖില്‍ അക്കിനേനിക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിന് വേണ്ടി അഖില്‍ അക്കിനേനി നടത്തിയ മേക്കോവര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോഡ് എന്ന സ്‌റ്റൈലിഷ് വില്ലനെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ഡിനോ മോറിയയ്ക്കും സാധിച്ചു. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഏജന്റില്‍ ചെറുതും വലുതുമായ നിരവധി ആക്ഷന്‍ രംഗങ്ങളുണ്ട്.
.jpg?$p=8384990&&q=0.8)
ഒരു തെലുഗു എന്റര്‍ടെയിനര്‍ ആവശ്യപ്പെടുന്ന ചേരുവകള്‍ സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കാണാം. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. സമ്പത്ത് രാജ്, മുരളി ശര്‍മ, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ഹിപ്പ് ഹോപ്പ് തമിഴനാണ് സംഗീതം. റസൂല്‍ എല്ലോറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയാണ് എഡിറ്റിങ്. അവിനാഷ് കൊല്ലയാണ് കലാസംവിധാനം. എ.കെ. എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: mammootty akhil akkineni spy thriller movie agent review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..