ജോണി ബെസ്റ്റ് ലെെവ് പെർഫോമൻസിനിടെ
സിനിമയുടെ ആസ്വാദനത്തിൽ പശ്ചാത്തല സംഗീതത്തിനുള്ള പ്രസക്തി ചെറുതല്ല. ചില രംഗങ്ങൾ പ്രേക്ഷനിലേക്ക് ആഴത്തിലെത്തിക്കാൻ സഗഗീതത്തോളം മികച്ചൊരു മാധ്യമമില്ല. പിന്നീട് എത്രകാലം കഴിഞ്ഞ് കേട്ടാലും ആ രംഗത്തിന്റെ മുഴുവൻ വെെകാരികതയും നമ്മളിലേക്ക് എത്തിക്കാൻ ആ സംഗീതത്തിന് സാധിക്കും. പശ്ചാത്തലസംഗീതം ഒരുക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. സിനിമയുടെ മുഴുവൻ വികാരവും കഥാപാത്രത്തിന്റെ മാനസികാവസ്ഥയുമെല്ലാം ഉൾക്കൊണ്ടുവേണം സംഗീതമൊരുക്കേണ്ടത്. അപ്പോൾ രണ്ടുമണിക്കൂറോളം നീളുന്ന സിനിമയ്ക്ക് തത്സമയം പശ്ചാത്തല സംഗീതമൊരുക്കുക എന്നത് എത്രമാത്രം ശ്രമകരമായിരിക്കും?
ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായിരുന്നു തത്സമയ പശ്ചാത്തല സംഗീതത്തോടെയുള്ള നിശബ്ദ ചിത്രങ്ങളുടെ പ്രദർശനം. മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റായ സംഗീതജ്ഞൻ ജോണി ബെസ്റ്റാണ് പ്രേക്ഷകർക്ക് ഈ അപൂർവ ചലച്ചിത്രാനുഭവം സമ്മാനിച്ചത്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലെ സ്പെഷ്യൽ ഗസ്റ്റ് ഓഫ് ഓണർ കൂടിയായിരുന്നു അദ്ദേഹം.
.jpg?$p=f1b1304&&q=0.8)
നോസ്ഫെറാതു, ഫൂളിഷ് വൈഫ്സ്, ദ പാർസൺസ് വിൻഡോ, ദ ഫാന്റം കാര്യേജ്, ദ വുമൺ മെൻ യേൺ ഫോർ എന്നീ അഞ്ച് നിശബ്ദ ചിത്രങ്ങൾക്കാണ് ജോണി ബെസ്റ്റ് മേളയിൽ തൽസമയ പശ്ചാത്തല സംഗീതമൊരുക്കിയത്. ടാഗോർ തീയേറ്ററിലാണ് ഈ അഞ്ച് ചിത്രങ്ങളുടെയും പ്രദർശനം നടന്നത്. ബ്രാം സ്റ്റോക്കറുടെ വിഖ്യാതമായ നോവൽ ഡ്രാക്കുളയുടെ ആദ്യ ചലച്ചിത്രാവിഷ്കാരമാണ് നോസ്ഫെറാതു. 1922 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ നൂറാം വാർഷികത്തിലെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ജോണി ബെസ്‌റ്റിന്റെ തത്സമയ പശ്ചാത്തല സംഗീതത്തോടെ മേളയിൽ ചിത്രം പ്രദർശിപ്പിച്ചത്.
വൻ വരവേൽപ്പാണ് ഈ അഞ്ച് ചിത്രങ്ങൾക്കും ലഭിച്ചത്. പ്രദർശനത്തിനിടെയും അതിന് ശേഷവും ജോണി ബെസ്റ്റിന് ലഭിച്ച നിലയ്ക്കാത്ത കെെയടികൾ തന്നെയായിരുന്നു അതിന് ഉദാഹരണം. ടാഗോർ തീയേറ്ററിൽ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു അഞ്ച് ചിത്രങ്ങളുടെയും പ്രദർശനം.
പ്രദർശനം ആരംഭിച്ചുകഴിഞ്ഞാൽ സ്ക്രീനിന്റെ ഒരു വശത്തായി ഒരുക്കിയ പിയാനോയിൽ ജോണി ബെസ്റ്റിന്റെ മാന്ത്രിക വിരലുകൾ വിസ്മയം തീർക്കുന്ന അനുഭവമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. സിനിമയക്കൊപ്പം, സ്ക്രീനിൽ കണ്ണുനട്ട് സ്വയംമറന്ന് സംഗീതമൊരുക്കുന്ന കലാകാരനും പ്രേക്ഷകനൊരു വ്യത്യസ്തമായ കാഴ്ചയാണ്. ഒരു നിമിഷം പോലും ഇടവേളയില്ലാത്ത മാസ്മരിക പ്രകടനം ഇത്തവണ ഡെലിഗേറ്റകൾക്ക് നൽകിയത് സമാനതകളില്ലാത്ത ചലച്ചിത്രാനുഭവമാണെന്നുറപ്പ്.
ബ്രീട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സൗത്ത്ബാങ്കിലെ റസിഡന്റ് പിയാനിസ്റ്റായ ജോണി ബെസ്റ്റ് ഒരു സംഗീതജ്ഞനും ഗവേഷകനും നിർമ്മാതാവും കൂടിയാണ്. റോയൽ സൊസൈറ്റി ഓഫ് ആർട്‌സിന്റെ ഫെലോയും റോയൽ മ്യൂസിക്കൽ അസോസിയേഷന്റെയും ഇൻകോർപ്പറേറ്റഡ് സൊസൈറ്റി ഓഫ് മ്യൂസിഷ്യൻസിന്റെയും അംഗവുമാണ് അദ്ദേഹം. ഒരു പിയാനിസ്റ്റ് എന്ന നിലയിൽ, നിശബ്ദ ചിത്രങ്ങൾക്ക് തത്സമയ സംഗീതം നൽകുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
യുകെയിലും അന്താരാഷ്ട്രതലത്തിലും ഫിലിം ഫെസ്റ്റിവലുകളിലെയും സംഗീത വേദികളിൽ സ്ഥിരം സാന്നിധ്യമാണ് ജോണി ബെസ്റ്റ്. യോർക്ക്ഷയർ സൈലന്റ് ഫിലിം ഫെസ്റ്റിവലിന്റെയും നോ ഡോട്ട്സ് ലിമിറ്റഡിന്റെയും ഡയറക്ടർ കൂടിയാണ് അദ്ദേഹം. ആദ്യകാല ഫിലിം കീബോർഡ് അനുബന്ധ രീതികളെക്കുറിച്ചും നിശ്ശബ്ദ ചലച്ചിത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും ഗവേഷണം നടത്തി വരികയാണ് അദ്ദേഹമിപ്പോൾ.
Content Highlights: silent films with live background music jonny best iffk 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..