പ്രിയനന്ദനൻ | ഫോട്ടോ: മാതൃഭൂമി
പൂർണമായും ഇരുളഭാഷയിൽ ചിത്രീരിച്ച പ്രിയനന്ദനൻ ചിത്രം 'ധബാരി ക്യുരുവി'യ്ക്ക് ചലച്ചിത്രമേളയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗോത്രവിഭാഗത്തിൽനിന്നുള്ള കലാകാരെ മാത്രം അഭിനേതാക്കളായി ഉൾപ്പെടുത്തികൊണ്ട് പുറത്തുവന്ന ഇന്ത്യയിലെ ആദ്യ ചലച്ചിത്രമാണിത്. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
ഗോത്രസമൂഹം നേരിടുന്ന ഗൗരവമേറിയ പ്രശ്നങ്ങൾ സംസാരിക്കുന്ന 'ധബാരി ക്യുരുവി'യിൽ തന്റെ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തുന്ന പെൺകുട്ടിയാണ് മുഖ്യകഥാപാത്രം. നിഷ്കളങ്കത ചോരാത്ത, എന്നാൽ വളരെ ശക്തയായ ആ കഥാപാത്രമുൾപ്പെടെ സിനിമയിലെ അഭിനേതാക്കൾ സ്ക്രീനിൽ നിറഞ്ഞാടുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്.
ചിത്രത്തിൽ അഭിനയിച്ചവർ സിനിമയുമായി വിദൂരബന്ധം പോലും ഇല്ലാത്തവരാണെന്നും പലരും ഇതുവരെ ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും പ്രിയനന്ദനൻ പറയുന്നു. മേള വേദിയിൽ പ്രിയനന്ദനൻ മാതൃഭൂമി ഡോട്ട് കോമിനോട് സിനിമയുടെ 'ധബാരി ക്യുരുവി'യുടെ ചിത്രീകരണത്തെകുറിച്ച് വിശദമാക്കുന്നു:
അട്ടപ്പാടിയിലാണ് സിനിമ ചിത്രീകരിച്ചത്. അഭിനേതാക്കൾ എല്ലാവരും ഇരുള ഗോത്രസമൂഹത്തിൽനിന്നുള്ളവരാണ്. സിനിമയിൽ കഥാപാത്രങ്ങൾ അവരുടെ പ്രശ്നങ്ങൾ പറയുന്നത് അവരുടെതന്നെ ഭാഷയായ ഇരുളഭാഷയിലാണ്. ഈ സിനിമക്ക് വേണ്ടി കഥാപാത്രങ്ങളെ തിരയുമ്പോൾ എത്രമാത്രം കലാകാരന്മാരാണ് ഗോത്രസമൂഹങ്ങളിലുള്ളതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള കാര്യമാണ്. അധ്വാനിക്കുന്നവരാണവർ. സാധാരണക്കാർ. വലിയ താളബോധമുള്ള ആളുകളാണ് അട്ടപ്പാടിയിലേത്. ഒരുപാട് കഴിവുകളുള്ളവരാണവർ.
ജീവിതത്തിൽ ഒരിക്കൽപോലും സിനിമ കണ്ടിട്ടില്ലാത്തവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ട് നീക്കാൻ പ്രയാസപ്പെടുന്ന അവർക്കെവിടെ സിനിമ കാണാൻ നേരം. അഭിനേതാക്കളിൽ തൊഴിലുറപ്പ് പണിക്ക് പോകുന്ന, കൂലിപ്പണി ചെയ്യുന്ന സ്ത്രീകളുണ്ട്. അവരെല്ലാം കലാപരമായും കഴിവുകൾ ഉള്ളവരാണ്. അതാണ് സ്ക്രീനിൽ കണ്ടത്. കാസ്റ്റിങ് ഡയറക്ടർ അബുവിന്റെ സഹായത്തോടെയാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. പിന്നീട് അവർക്ക് അഞ്ചു ദിവസത്തെ പരിശീലന ക്ലാസ്സും നൽകിയാണ് അവരെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. അദ്ദേഹം പറഞ്ഞു.
Content Highlights: people who have never watched a movie have also acted in dabari quruvi says priyanandanan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..