സ്ത്രീകൾ സിനിമയിൽ സ്വയം തീരുമാനമെടുക്കുന്ന രീതിയിലേക്ക് വളർന്നിട്ടുണ്ട്- നന്ദിതാ ദാസ്


By അപർണ എസ്. തമ്പി

2 min read
Read later
Print
Share

അസംഘടിതരായ ഓൺലൈൻ ഭക്ഷണത്തൊഴിലാളികളുടെ കോവിഡ്കാല ജീവിതത്തെ സിനിമയെന്ന മാധ്യമത്തിലൂടെ തുറന്നുകാട്ടുകയാണ് നടിയും സംവിധായികയുമായ നന്ദിതാ ദാസ്

Nanditha Das: Photo: AFP

വിശപ്പിന്റെ വിളിയറിയുമ്പോഴും വിശക്കുന്നവനു മുന്നിൽ ഭക്ഷണപ്പൊതിയുമായി കടന്നുവരുന്നവരാണ് ഭക്ഷണവിതരണക്കാർ. സ്വിഗ്വിയുടെയും സൊമാേറ്റായുടെയും കുടക്കീഴിൽ രുചിയൂറും വിഭവങ്ങളുമായി മറ്റുള്ളവരുടെ അടുത്തേക്ക് പാറിനടക്കുന്നവർ. കോവിഡ് മഹാമാരിക്കിടയിലും സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മുന്നണിപ്പോരാളികൾ..

അസംഘടിതരായ ഓൺലൈൻ ഭക്ഷണത്തൊഴിലാളികളുടെ കോവിഡ്കാല ജീവിതത്തെ സിനിമയെന്ന മാധ്യമത്തിലൂടെ തുറന്നുകാട്ടുകയാണ് നടിയും സംവിധായികയുമായ നന്ദിതാ ദാസ്. ആഘോഷിക്കപ്പെടാത്ത ആരാലും ശ്രദ്ധിക്കപ്പെടാത്ത തൊഴിലാളിവർഗ ജീവിതത്തെക്കുറിച്ചുള്ള സിനിമയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ‘സ്വിഗാറ്റോ’. ചിത്രത്തിന്റെ വിശേഷങ്ങൾ നന്ദിതാ ദാസിലൂടെ..

പ്രധാന കഥാപാത്രമായി കപിൽ ശർമ

തികച്ചും യാദൃച്ഛികമായാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അ‌വതരിപ്പിച്ച ടെലിവിഷൻ അ‌വതാരകൻ കപിൽ ശർമയിലേക്കെത്തുന്നത്. കപിൽ ശർമയുടെ ടെലിവിഷൻ ഷോ ഒരിക്കൽപ്പോലും കണ്ടിരുന്നില്ല. എന്നാൽ, അപ്രതീക്ഷിതമായി ഒരു വീഡിയോ ഫോണിൽ കാണാനിടയായി.

നന്ദിതാ ദാസ് കപിൽ ശർമയ്ക്കൊപ്പം ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ. Photo: nanditadasofficial/Instagram

സാധാരണക്കാരനായ മനുഷ്യനെ പ്രതിനിധീകരിക്കുന്ന മുഖഭാവവും ചലനങ്ങളുമാണ് കപിലിന്റേത്. സ്വിഗാറ്റോയിലെ മാനസ് എന്ന കഥാപാത്രത്തിന് അത് അനുയോജ്യമായി തോന്നി. എന്തുകൊണ്ട് ഇയാളെ പരിഗണിച്ചുകൂടായെന്ന ചിന്തയിലാണ് കപിലിനു സന്ദേശമയയ്ക്കുന്നതും നേരിട്ടു കാണുന്നതും. ഒരേസമയം ആശ്ചര്യവും കൗതുകവുമുണർന്ന പ്രതികരണമായിരുന്നു കപിലിന്റെ ഭാഗത്തുനിന്നുണ്ടായത്. സിനിമയ്ക്കായി വളരെയധികം സമർപ്പണപൂർണമായ അഭിനയമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.

വിമെൻ ഇൻ സിനിമ

സിനിമയുടെ വിവിധ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യമുണ്ട്. സിനിമയിൽ സ്വയം തീരുമാനമെടുക്കുന്ന രീതിയിലേക്ക് സ്ത്രീകൾ വളർന്നിട്ടുണ്ട്. എന്നാൽ, മാറുന്ന കാലത്തിനനുസൃതമായ വേഗവും ചലനവും സിനിമയിലെ സ്ത്രീ പ്രാധിനിധ്യത്തിനുണ്ടോ എന്നതാണ് വിഷയം. പഴയ കാലത്തുനിന്ന് വ്യത്യസ്തമായി സംവിധാനം, നിർമാണം സംഗീതസംവിധാനം തുടങ്ങി സ്ത്രീകളുടെ കയ്യൊപ്പ് പതിയാത്ത മേഖലകൾ സിനിമയിൽ ഇന്ന് വിരളമാണ്. ഇത്തരം പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അ‌ത്രമാത്രം മതിയോ എന്ന് നാം ചിന്തിക്കണം.

പണത്തിനപ്പുറം സിനിമയെ പിന്തുണയ്ക്കണം

സിനിമകളെ വെള്ളിവെളിച്ചത്തിലെത്തിക്കാൻ കഷ്ടപ്പെടുന്ന ഒരുപാട് ചെറുപ്പക്കാർ നമുക്കിടയിലുണ്ട്. സിനിമാപ്രേമികളായ സാധാരണക്കാരായ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം പണം വലിയൊരു ഘടകമാണ്. സ്വതന്ത്രമായി സിനിമ ചെയ്യാനാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിർമാതാവ്, വിതരണക്കാർ തുടങ്ങിയ അ‌നേകം ചെലവുകൾക്കായി പണം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തിക സാധ്യതകൾക്കപ്പുറം യുവതലമുറയുടെ സിനിമാസങ്കൽപ്പങ്ങളെയും മികച്ച സിനിമകളെയും പിന്തുണയ്ക്കണമെന്നാണ് അഭിപ്രായം. അതിലൂടെ മികച്ച സിനിമകളെ സിനിമാപ്രേമികൾക്കുമുന്നിലെത്തിക്കാനാകും.

മലയാളത്തിൽനിന്നുള്ള വിളിക്കായി കാത്തിരിക്കുന്നു

കണ്ണകി, പുനരധിവാസം, ജന്മദിനം, നാലു പെണ്ണുങ്ങൾ -മികച്ച നാലു കഥാപാത്രങ്ങളെയാണ് മലയാളം സമ്മാനിച്ചത്. മലയാളത്തിൽ ചെയ്ത സിനിമകൾ ഇപ്പോഴും മനസ്സിലുണ്ട്. നല്ല കഥയും കഥാപാത്രങ്ങളും തേടിയെത്തിയാൽ അതിനോട് ഒരിക്കലും മുഖംതിരിക്കാറില്ല. വീണ്ടും മലയാളത്തിന്റെ വിളിക്കായി കാതോർത്തിരിക്കുന്നു.

Content Highlights: the story by nanditha das on hunger and those who starve

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented