അടൂര്‍ ഗോപാല കൃഷ്ണന്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത ചലച്ചിത്രമേള -IFFK പിറന്ന വഴി!


By കെ. ജയകുമാര്‍

7 min read
Read later
Print
Share

അടൂർ ഗോപാലകൃഷ്ണൻ

തൊഴിലില്ലായ്മയുടെ വേദനയനുഭവിച്ച യൗവനം. ട്യൂട്ടോറിയല്‍ കോളേജില്‍ ഏഴ് മണിക്കൂറിലധികം എണ്‍പതോളം വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്ത പകലുകള്‍. ഗവേഷക വിദ്യാര്‍ഥിയായും സര്‍വകലാശാലയിലെ പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്റായും ജോലിചെയ്ത കാലഘട്ടം... അതിനിടെ നൊമ്പരപ്പെടുത്തി കടന്നുപോയ ചില സൗഹൃദങ്ങള്‍...കെ. ജയകുമാര്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുന്ന 'സഞ്ചാരത്തിന്റെ സംഗീതം' നാലാം അധ്യായം വായിക്കാം.

തൊഴില്‍രഹിതനായിരിക്കുന്നതിന്റെ അരക്ഷിതത്വവും അപകര്‍ഷവും എത്രകണ്ട് നോവുള്ളതാണെന്ന് ഞാനറിഞ്ഞ കാലയളവായിരുന്നു എം.എ. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാട്ടിലെത്തിയതുമുതലുള്ള ഒന്നരവര്‍ഷം. തൊഴിലില്ലായ്മ നിരക്ക് ശതമാനത്തിലും അക്കത്തിലുമായി ലേഖനങ്ങളിലും പ്രസംഗങ്ങളിലും പരാമര്‍ശിക്കപ്പെടുമ്പോള്‍ അറിയാതെപോകുന്നത് ആ ചെറുപ്പക്കാരുടെ (ചെറുപ്പം വിട്ടകലുന്നവരുടെയും) വിവരിക്കാനാവാത്ത വേദനയാണ്. മുടി വെട്ടിക്കാനുള്‍പ്പെടെയുള്ള എന്താവശ്യത്തിനും വീട്ടില്‍നിന്ന് പണം ചോദിക്കേണ്ടി വരുക! വരുമാനമൊന്നുമില്ലാതെ ചെലവുമാത്രം വരുത്തിവെക്കുന്ന ഒരംഗമായി വീട്ടില്‍ കഴിയുക! അത് ആത്മാഭിമാനത്തെ തീര്‍ച്ചയായും തളര്‍ത്തും. തൊഴിലില്ലായ്മ ഒരു സാമ്പത്തികവിഷയം മാത്രമല്ല; അതൊരു വൈകാരിക പ്രതിസന്ധിയാണെന്നു ഞാന്‍ തിരിച്ചറിഞ്ഞത് ആ മാസങ്ങളിലാണ്. ഏതാവശ്യത്തിനും സാമ്പത്തിക സ്രോതസ്സ് അമ്മയായിരുന്നു. പണം ചോദിക്കാന്‍ മടിച്ച് ആവശ്യങ്ങളില്ലെന്നു സ്വയം തീരുമാനിക്കുന്ന വിദ്യ നമ്മുടെ അഭിമാനബോധം വശമാക്കിത്തരും.

തൊഴില്‍രഹിതരുടെ പറുദീസയായി ഗള്‍ഫ് നാടുകള്‍ രൂപാന്തരപ്പെടുന്നത് പിന്നെയും കുറെക്കഴിഞ്ഞാണ്. എഴുപതുകളുടെ മധ്യത്തില്‍ തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരുടെ മുന്നില്‍ തുറന്നുകിടന്ന പ്രധാന കവാടം ട്യൂട്ടോറിയല്‍ കോളേജുകളായിരുന്നു. എന്റെ അമ്മാവന്‍- അമ്മയുടെ മൂത്ത സഹോദരന്‍- നെടുമങ്ങാട് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന പ്രശസ്തനായ അഭിഭാഷകനാണ്. മുല്ലശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍. അദ്ദേഹത്തിന് ഔവര്‍ ട്യൂട്ടോറിയലിന്റെ ഉടമസ്ഥരില്‍ ഒരാളായ ബാലകൃഷ്ണന്‍ നായരെ പരിചയമുണ്ട്. തൊഴിലില്ലാതെ നില്‍ക്കുന്ന എം.എ.ക്കാരനായ അനന്തരവനെ അദ്ദേഹം ട്യൂട്ടോറിയലില്‍ അധ്യാപകനാക്കി. അന്ന് തിരുവനന്തപുരത്തെ തമ്പാനൂര്‍- മാഞ്ഞാലിക്കുളം പ്രദേശങ്ങള്‍ ട്യൂട്ടോറിയല്‍ കോളേജുകളുടെ ഒരു നാട്ടുരാജ്യം തന്നെയായിരുന്നു. ചെറുതും വലുതുമായ അനേകം സ്ഥാപനങ്ങള്‍. ഇടവഴികള്‍ നിറയെ അനുസ്യൂതം വരുകയും പോവുകയും ചെയ്യുന്ന അനേകശതം വിദ്യാര്‍ഥികള്‍. പലരും പഠിപ്പുനന്നാക്കാനും തോറ്റ വിഷയങ്ങള്‍ വീണ്ടും എഴുതിയെടുക്കാനുമായി അഡ്മിഷന്‍ നേടിയവരാണ്. ട്യൂട്ടോറിയല്‍ ലോകത്ത് സവിശേഷമായ ചിട്ടവട്ടങ്ങളും നിയതമായ ശ്രേണികളുമുണ്ട്. ജോലികിട്ടാന്‍ എളുപ്പമാണ്. നഷ്ടപ്പെടാന്‍ അതിനെക്കാള്‍ എളുപ്പം. പ്രീഡിഗ്രിക്കാര്‍ക്കും ബി.എ. വിദ്യാര്‍ഥികള്‍ക്കും ഞാന്‍ ഇംഗ്‌ളീഷ് ക്‌ളാസുകളെടുത്തു. ഓരോ ക്ലാസിലും എണ്‍പതും തൊണ്ണൂറും കുട്ടികള്‍. ഓരോ ദിവസവും കുറഞ്ഞത് ആറ്-ഏഴ് മണിക്കൂര്‍ ക്ലാസുകള്‍. ആ ദിവസങ്ങള്‍ രസകരമായിരുന്നില്ലെന്നു പറഞ്ഞുകൂടാ. കൂടെയുള്ള നല്ല അധ്യാപകര്‍. സ്‌നേഹമുള്ള കുട്ടികള്‍. അവരില്‍ ചില കുട്ടികളെങ്കിലും പിന്നെയും കുറെക്കാലം ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തി. ചില പെണ്‍കുട്ടികള്‍ അവരുടെ വിവാഹത്തിനു ക്ഷണിച്ചു.

ചിത്രീകരണം: ലിജീഷ് കാക്കൂര്‍

പതിനഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു സ്ത്രീ, ടൂറിസം ഡയക്ടറായിരിക്കെ എന്റെ ഓഫീസില്‍ വന്ന് ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ഥിയാണെന്നു സ്വയം പരിചയപ്പെടുത്തിയതും ഭര്‍ത്താവിനെയും മക്കളെയും കൂട്ടിക്കൊണ്ടു വന്നതും എന്നെ അദ്ഭുതപ്പെടുത്തി. അധ്യാപകവൃത്തിയുടെ സ്‌നേഹമഹത്ത്വം ഉള്‍ക്കൊള്ളാന്‍ എനിക്ക് കിട്ടിയ അപൂര്‍വാവസരമായി ആ മൂന്നുമാസത്തെ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. എന്നോടൊപ്പം അന്നുണ്ടായിരുന്ന എല്ലാവരും ക്രമേണ വഴിമാറി നടന്ന് തണലിടങ്ങളിലെത്തി. ഒരാള്‍ അഭിഭാഷകനും സിനിമാ സംവിധായകനുമായി. മറ്റൊരാള്‍ സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായി റിട്ടയര്‍ ചെയ്തു. മറ്റൊരാള്‍ അഭിഭാഷകനും ഒരു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിയുടെ സമുന്നത നേതാവുമായിത്തീര്‍ന്നു. ആ ദിവസങ്ങളില്‍ അവര്‍ എനിക്ക് തന്ന ഏക ഉപദേശം ''നന്നായി ഭക്ഷണം കഴിക്കണം'' എന്നതായിരുന്നു. ഏഴുമണിക്കൂര്‍ എല്ലാ ദിവസവും എണ്‍പതോളം അംഗബലമുള്ള ക്ലാസുകള്‍ കൈകാര്യം ചെയ്യണമെങ്കില്‍ സ്റ്റാമിന വേണം. അങ്ങനെ ഞങ്ങള്‍ ദിവസവും ഉച്ചയ്ക്ക് അടുത്തുള്ള അന്‍സാരി ഹോട്ടലില്‍ പോയി കുശാലായി ആഹാരം കഴിച്ചു. മാസാവസാനം ശമ്പളം കിട്ടുമ്പോള്‍, അന്‍സാരി ഹോട്ടലില്‍ കൊടുക്കേണ്ടതിനെക്കാള്‍ അധികമൊന്നും ഉണ്ടാകാറില്ല. ജോലിയില്‍ സംതൃപ്തിയുണ്ടായിരുന്നെങ്കിലും മൂന്നാംമാസം ശമ്പളം അഞ്ഞൂറുരൂപ വരെയായി ഉയര്‍ന്നെങ്കിലും ഇതൊരു സ്ഥിരം ലാവണമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മൂന്നുമാസം കഴിഞ്ഞ് ഓണം അവധിയോടെ, നല്ല അനുഭവങ്ങള്‍ നല്‍കിയ ഹ്രസ്വമായ ട്യൂട്ടോറിയല്‍ ജീവിതത്തോട് ഞാന്‍ വിടപറഞ്ഞു.

അതിനിടെ എം.എ. പരീക്ഷയുടെ ഫലം വന്നു. 67 ശതമാനത്തോടുകൂടി എനിക്ക് ഒന്നാം റാങ്ക്! കഷ്ടപ്പെട്ടതിനു പ്രയോജനമുണ്ടായി. ആദ്യവര്‍ഷ പരീക്ഷയില്‍ സമാസമം നിന്ന അഞ്ജലിക്ക് 61 ശതമാനത്തോടെ രണ്ടാം റാങ്ക്. അഞ്ജലി എന്ന സ്‌നേഹിത പിന്നീട് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥയായി. കുറെക്കാലം ഞങ്ങള്‍ സൗകുമാര്യമുള്ള കത്തുകള്‍ അയച്ചിരുന്നു. പരസ്പരം അഭിനന്ദിച്ചും പ്രശംസിച്ചും പ്രണയമെന്നു വിളിക്കാനാവാത്ത നല്ലൊരടുപ്പം ഞങ്ങള്‍ക്കിടയില്‍ പില്‍ക്കാലത്ത് ഉടലെടുത്തു. പിന്നെ എന്റെ കത്തുകള്‍ക്ക് മറുപടി വന്നില്ലെന്ന് മാത്രമല്ല, രണ്ടു കത്തുകള്‍ മേല്‍വിലാസക്കാരിയെ കണ്ടെത്താനാകാതെ മടങ്ങിവരുകയും ചെയ്തു. കുറെ വൈകിയാണ് മേല്‍വിലാസക്കാരിയെ ഇനി ഒരിക്കലും കണ്ടെത്താനാവുകയില്ലെന്നറിയുന്നത്. നാല്പത്തിനാലാം വയസ്സില്‍ എന്റെ നാലഞ്ച് കത്തുകള്‍ക്ക് മറുപടി ബാക്കിയാക്കി അഞ്ജലി പരലോകത്തിലെ മേല്‍വിലാസത്തിലേക്ക് പൊയ്ക്കളഞ്ഞു.

ക്ലാസും റാങ്കുമൊക്കെ കിട്ടിയെങ്കിലും മുന്നില്‍ മൂകമാം ചക്രവാളം തന്നെയാണ് പിന്നെയും. തുറിച്ചുനോക്കുന്നത് അനിശ്ചിതത്വം. എങ്കിലും ട്യൂട്ടോറിയല്‍ ജീവിതം അവസാനിപ്പിച്ചതില്‍ എനിക്ക് പശ്ചാത്താപമുണ്ടായില്ല. ''വെയിലറിയാതെ മഴയറിയാതെ വര്‍ഷങ്ങള്‍ പോകുവതറിയാതെ'' അവിടെ ജീവിച്ച് ഒരുനാള്‍ പൊടുന്നനെ മധ്യവയസ്സിലെത്തിയല്ലോ എന്ന വെളിപാടുണ്ടാവാനുള്ള സാധ്യത വളരെ വലുതാണ്. മുമ്പില്‍ പുതിയ വഴിയൊന്നും തുറന്നിരുന്നില്ല. ബാങ്ക് പ്രൊബേഷനറി ഓഫീസര്‍മാരുടെ പരീക്ഷ ഒന്നോ രണ്ടോ എഴുതി. പ്രയോജനമുണ്ടായില്ല. അപ്പോഴാണ് കേരള സര്‍വകലാശാലയില്‍ ഗവേഷണത്തിന് ചേരാമെന്ന് തീരുമാനിക്കുന്നത്. മാര്‍ ഇവാനിയോസ് കോളേജിലെ പ്രിന്‍സിപ്പലായിരുന്ന പണിക്കരച്ചനെന്ന ഫാദര്‍ ഗീവര്‍ഗീസ് പണിക്കര്‍ ഗൈഡ് ആകാമെന്ന് സമ്മതിച്ചു. ടി. എസ്. എലിയറ്റിന്റെ മനുഷ്യസങ്കല്പം എന്ന വിഷയവും അംഗീകരിച്ചു കിട്ടി. സര്‍വകലാശാലയില്‍നിന്ന് തുടക്കത്തില്‍ ഒരു ചെറിയ തുകയും പിന്നെ യു.ജി.സി.യുടെ ടെസ്റ്റ് എഴുതി കുറച്ചുകൂടിയ തുകയും പ്രതിമാസം കിട്ടാന്‍ തുടങ്ങി. ഗവേഷണം ഏഴെട്ടു മാസം തരക്കേടില്ലാതെ പുരോഗമിച്ചു. അപ്പോഴാണ് കേരള സര്‍വകലാശാലയിലെ പ്രസിദ്ധീകരണ വിഭാഗത്തില്‍ എനിക്കൊരു സ്ഥിരംജോലി കിട്ടുന്നത്. പ്രസിദ്ധീകരണ വിഭാഗം ഡയറക്ടര്‍ പ്രശസ്ത കവിയായ ചെമ്മനം ചാക്കോ സാര്‍ ആയിരുന്നു. ഇന്റ്റര്‍വ്യൂ നടത്തിയത് അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ഡോ. വി.കെ. സുകുമാരന്‍ നായര്‍ അധ്യക്ഷനായ സമിതിയും. 1976 സെപ്റ്റംബര്‍ ഒന്നാം തീയതി ഞാന്‍ കേരള സര്‍വകലാശാലയില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. ഗവേഷണം പാര്‍ട്ട്-ടൈം ആക്കി മാറ്റി. പിന്നീട് അത് പതുക്കെ മുടങ്ങി. ഇപ്പോഴും ചില പ്രോഗ്രാം നോട്ടീസുകളിലും സ്വാഗതഭാഷണങ്ങളിലും സംഘാടകര്‍ എന്നെ ഡോ. കെ. ജയകുമാര്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ ഇല്ലാത്ത ഡോക്ടറേറ്റ് ആരോപിക്കുന്നതിലുള്ള ജാള്യം അനുഭവിക്കുന്നതിനു പുറമേ, പൂര്‍ത്തിയാക്കാത്ത ആ ഗവേഷണത്തെക്കുറിച്ചുള്ള നഷ്ടബോധത്തിന്റെ കരിഞ്ഞ മുറിവ് മാന്തിപ്പൊളിക്കുന്ന വേദനയും അറിയാറുണ്ട്. ആഗ്രഹത്തോടെ ആരംഭിച്ചതൊന്നും എന്ത് നീതീകരണം കൊണ്ടാണെങ്കിലും ഇടയ്ക്കുവെച്ച് വിട്ടുകളയരുതെന്ന പാഠം എന്നെ എപ്പോഴും ഓര്‍മിപ്പിക്കുന്നൂ പൂര്‍ത്തിയാകാതെ പോയ എന്റെ ഗവേഷണം.

ഞാന്‍ ട്യൂട്ടോറിയലില്‍ പഠിപ്പിക്കുന്ന കാലത്താണ് -1975 ജൂണ്‍ 26-ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. എന്നെപ്പോലെ മേല്‍വിലാസമില്ലാതിരുന്ന ആള്‍ക്കാര്‍ക്കൊന്നും അടിയന്തരാവസ്ഥയുടെ കരാളതകള്‍ അറിയാനോ അനുഭവിക്കാനോ ഇടവന്നില്ല. പിന്നീടാണല്ലോ കേരളത്തിലും അരുതാത്തതൊക്കെ നടന്നെന്ന് അറിയുന്നത്. അറസ്റ്റുകള്‍പോലും സാധാരണക്കാര്‍ അറിഞ്ഞിരുന്നില്ല. വലിയ രാഷ്ട്രീയ പ്രബുദ്ധതയൊന്നും അവകാശപ്പെടാനില്ലെങ്കിലും 'ഇത് വേണ്ടിയിരുന്നില്ലല്ലോ' എന്ന വിചാരം പ്രബലമായിരുന്നു എന്റെ ഉള്ളിലും. അയ്യപ്പപ്പണിക്കരുടെ കുട്ടപ്പന്‍, കടുക്ക തുടങ്ങിയ കവിതകളിലെ കറുത്തഹാസ്യത്തിലൂടെ ഭയമെന്ന അടിയന്തരാവസ്ഥയുടെ സ്ഥായിയായ വികാരത്തെ കൂടുതലറിയാന്‍ കഴിഞ്ഞു. കടുക്ക കുടിക്കാത്തത് കൊണ്ടായിരിക്കാം പണിക്കര്‍ സാറിന്

'അടിച്ചല്ലേ പിടിച്ചല്ലേ കടുപ്പം കാട്ടല്ലേ,
കടുക്ക ഞാന്‍ കുടിച്ചോളാമമ്മച്ചീ' എന്നെഴുതാന്‍ സാധിച്ചത്. കടുക്ക കുടിച്ചു കഴിഞ്ഞെങ്കില്‍ പിന്നെ അതേക്കുറിച്ചു പരിതപിക്കേണ്ടതില്ലല്ലോ.

ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെട്ടു പുതിയ സിനിമകള്‍ കാണാന്‍ തുടങ്ങി. സത്യജിത് റായിയുടെയും മൃണാള്‍ സെന്നിന്റെയും ബസു ഭട്ടാചാര്യയുടെയും ബെര്‍ഗ്മാന്റെയും ചിത്രങ്ങള്‍ ധാരാളമായി കണ്ടു. എന്റെ അച്ഛനും മറ്റുള്ള സംവിധായകരുമൊക്കെ തയ്യാറാക്കുന്ന വിനോദപ്രധാനമായ സിനിമകളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സിനിമാ സംസ്‌കാരവുമായുള്ള പരിചയം എന്റെ ചലച്ചിത്ര സങ്കല്പങ്ങളെ തിരുത്തിയെഴുതിക്കളഞ്ഞു. ആ കടപ്പാടു തീര്‍ക്കുംപോലെ കേരളത്തില്‍ ആദ്യമായി ഒരന്താരാഷ്ട്ര ഫിലിംഫെസ്റ്റിവല്‍ ആരംഭിക്കുന്നതിന് നിമിത്തമാകാന്‍ എനിക്ക് കാലം അവസരം തന്നു. ഓര്‍ക്കുമ്പോള്‍ കൃതാര്‍ഥതയും കൃതജ്ഞതയും കൊണ്ട് ഉള്ളം നിറയും. അന്ന് ഞാന്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറാണ്. ഞങ്ങളുടെ സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശം. ശമ്പളം കൊടുക്കാന്‍ കഷ്ടിച്ച് തികയുന്ന വരുമാനം തിയേറ്ററുകളില്‍നിന്ന് കിട്ടുമെന്നുമാത്രം. അതിപ്രഗല്ഭര്‍ അടങ്ങുന്നതായിരുന്നു ഡയറക്ടര്‍ ബോര്‍ഡ്. സുകുമാരന്‍ ചെയര്‍മാന്‍, കെ.പി. ഉമ്മര്‍, കെ.ജി. ജോര്‍ജ്, എം.ജി. സോമന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, പി.വി. ഗംഗാധരന്‍, രാജീവ്‌നാഥ് എന്നിവര്‍ അംഗങ്ങള്‍. മലയാള സിനിമയ്ക്കുവേണ്ടി കാര്യമായെന്തെങ്കിലും ചെയ്യാന്‍ പണമില്ലാതിരിക്കവേ ഞാനൊരു പുതിയ ആശയം ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു: ''നമുക്കൊരു അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ ആരംഭിക്കാം. നല്ല സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ അതും വേണമല്ലോ.'' ''ആശയം കൊള്ളാം. ചെലവ് നടത്താന്‍ പാടുപെടുന്ന നമ്മള്‍ ഇതിനുള്ള പണമെവിടെനിന്ന് കണ്ടെത്തും?'' ഡയറക്ടര്‍ ബോര്‍ഡ് സന്ദേഹിച്ചതു സ്വാഭാവികം.

ചിത്രീകരണം: ലിജീഷ് കാക്കൂര്‍

നാഷണല്‍ ഫിലിം ആര്‍കൈവ്‌സിന്റെ ഡയറക്ടര്‍ പി.കെ. നായര്‍ സഹകരിക്കാമെന്നു പറഞ്ഞിരിക്കുന്നു. പടങ്ങള്‍ ആ വഴിയിലൂടെ എത്തും. പരിപാടി നടത്താനുള്ള പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ സംഘടിപ്പിക്കാം. പക്ഷേ, ഉദാരമതികളുടെ പട്ടണമായ കോഴിക്കോടാണെങ്കിലേ കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കൂ എന്ന എന്റെ നിര്‍ദേശത്തോട് എല്ലാവരും യോജിച്ചു. സംസ്ഥാനത്തെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അടൂര്‍ ഗോപാല കൃഷ്ണന്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു. നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് ഓര്‍മ. ചരിത്രം കരുതിവെച്ച മുഹൂര്‍ത്തമായിരുന്നു അത്. ആ ഫെസ്റ്റിവലാണ് ഇപ്പോള്‍ വളര്‍ന്ന് ആഗോള പ്രസിദ്ധിയും അംഗീകാരവും നേടിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള- IFFK. ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു എന്ന വരികള്‍ക്ക് ഇങ്ങനെയുമാകാം ഒരു വ്യാഖ്യാനം.

യൂണിവേഴ്സിറ്റിയിലെ പബ്ലിക്കേഷന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന കാലത്ത് മിക്കവാറും വൈകുന്നേരങ്ങളില്‍ പാളയത്തെ യൂണിവേഴ്സിറ്റി ലൈബ്രറി മുതല്‍ കിഴക്കേക്കോട്ട വരെ സ്ഥിരമായി നടക്കും സ്റ്റാച്യൂവിലെത്തുമ്പോള്‍ എന്‍.ബി.എസിനു മുമ്പില്‍ ചിലപ്പോള്‍ സാഹിത്യവാരഫലം എഴുതി യുവാക്കള്‍ക്കിടയില്‍ ഗ്ലാമറില്‍ നില്‍ക്കുന്ന പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ സാറിനെ കാണും. സാറിനെ പരിചയപ്പെടുന്നത് അങ്ങനെയാണ്. ആ യാത്രയ്ക്കിടയില്‍ നഗരത്തിലെ സാഹിത്യപരിപാടികള്‍ വല്ലതുമുണ്ടെങ്കില്‍ സദസ്സില്‍ പോയി കുറച്ചു നേരമിരിക്കും. എഴുത്തുകാരുമായി ചെറിയ പരിചയമൊക്കെ സ്ഥാപിക്കുന്ന കാലമാണ്. കിഴക്കേക്കോട്ടയിലെ ഗാന്ധി മൈതാനത്തു മിക്കവാറും ആരുടെയെങ്കിലും രാഷ്ട്രീയപ്രഭാഷണമുണ്ടാവും. കുറച്ചുസമയം കേള്‍ക്കും. സാഹിത്യത്തിലെ ആധുനികത ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണ്. ഇടയ്‌ക്കൊക്കെ ഞാന്‍ ചില കവിതകള്‍ മലയാളനാട് വാരികയുടെ എഡിറ്റര്‍ വി.ബി.സി. നായര്‍ക്ക് അയച്ചുകൊടുക്കും. ചിലത് അച്ചടിച്ചുവരും. പിന്നെ കുങ്കുമത്തിലും കലാകൗമുദിയിലും കവിതകള്‍ അയക്കും. ഇതൊക്കെയാണെങ്കിലും ഞാനെന്നു പറയുന്ന കവിയെ ആരെങ്കിലും അന്ന് അംഗീകരിക്കാന്‍ തുടങ്ങിയതായി തോന്നിയിട്ടില്ല.

സോഷ്യോളജിയില്‍ ഗവേഷണം നടത്തുന്ന, എന്നോടൊപ്പം മാര്‍ ഇവാനിയോസില്‍ പഠിച്ച ആത്മ മിത്രം ബാബു ഈ പാളയം-കിഴക്കേക്കോട്ട യാത്രയിലെ സ്ഥിരം സഹയാത്രികനാണ്. ഭാരത മാതാ കോളേജിലെ ജോര്‍ജ് ഓണക്കൂര്‍ സാറിന്റെ പ്രീ-ഡിഗ്രി വിദ്യാര്‍ഥിയാണ്. ഗവേഷണം പൂര്‍ത്തിയാക്കി ബാബു പിന്നെ കോളേജില്‍, അധ്യാപകനായി. അപ്പോഴത്തേക്കും ഞാന്‍ ഐ.എ.എസ്. പരീക്ഷ ജയിച്ചു. സിവില്‍ സര്‍വീസിനോട് വലിയ മമത പുലര്‍ത്താതിരുന്ന ബാബുവിനെ ഞാനാണ് പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചത്. കസ്റ്റംസ് സര്‍വീസ് കിട്ടി. സര്‍വീസില്‍ പ്രവേശിച്ചിട്ടും ഞങ്ങളുടെ സൗഹൃദവും സമ്പര്‍ക്കവും തുടര്‍ന്നു. ഒടുവില്‍ ഇപ്പോഴും പിടികിട്ടാത്ത കാരണങ്ങളാല്‍ ഞങ്ങളുടെ ബന്ധത്തില്‍ മഞ്ഞുവീണുറഞ്ഞു. അമ്പത്തിയേഴാമത്തെ വയസ്സില്‍ ആരോഗ്യം മോശമായി ബാബു മരിച്ചു. ഞാനും ഓണക്കൂര്‍ സാറും തൃക്കാക്കരയിലെ വീട്ടുവളപ്പിലെ ശവദാഹത്തില്‍ പങ്കെടുത്തു. മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കുന്നത് നമ്മുടെ ബുദ്ധിക്കും യുക്തിക്കും പിടിതരാത്ത ഏതൊക്കെയോ ഘടകങ്ങളാണോ? ഓരോ ബന്ധവും എങ്ങനെ കലാശിക്കണമെന്ന് എപ്പോഴോ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുകയാണോ? ആ സുഹൃത്തിന്റെ അകാലദേഹവിയോഗമെന്ന പദപ്രശ്‌നത്തിന്റെ അന്ധാളിപ്പില്‍നിന്നു മോചനം നേടാതെ കുറെനാള്‍ കഴിഞ്ഞ് ഞാന്‍ ഒരു കവിതയെഴുതി:

അയക്കാന്‍ കഴിയാത്ത കത്ത്

തപാലും വിലാസവുമില്ലാത്ത
എവിടെയോ ആണല്ലോ നീയിപ്പോള്‍.
അവിടെ പകലും രാത്രിയുമുണ്ടോ?
സമയത്തിന് അതിരുകളുണ്ടോ?
നിനക്കിപ്പോള്‍ വികാരങ്ങളും ഓര്‍മകളുമുണ്ടോ?
രൂപമില്ലാത്ത 'നീ'യുണ്ടോ?
നാഴികവിനാഴികകളില്ലാത്തിടത്തിരുന്ന്
എഴുതപ്പെടും മുമ്പേ
എന്റെ വിചാരങ്ങള്‍ നീ അറിയുന്നുണ്ടോ?
ഒന്നും വേണ്ടിയിരുന്നില്ല; ഒന്നും നേടിയില്ല.
നേടിയത് മൂടുപൊട്ടിയ മണ്‍കുടം മാത്രം.
രാപകലുകള്‍ കൊണ്ട്
നാം അളന്ന സമയത്തിനൊരുപാട് ദൈര്‍ഘ്യം.
സമയത്തിന്റെ ആഭിചാരത്താല്‍
ജീവിതനിമിഷങ്ങള്‍ നാം തുലച്ചുകളഞ്ഞുവല്ലോ .
അഞ്ചുവര്‍ഷത്തെ സ്‌നേഹം;
പത്തു വര്‍ഷത്തെ പിണക്കം;
മൂന്നു വര്‍ഷത്തെ വിദ്വേഷം.
വാക്കുകളെ നാം കടന്നല്‍പ്പറ്റങ്ങളാക്കി.
സ്‌നേഹങ്ങളെ വെറുപ്പിന്റെ
പ്ലാസ്റ്റിക് കൂടുകളിലാക്കി വഴിയോരത്തു തള്ളി.
ഒടുവില്‍ ശവദാഹസമയവും സഞ്ചയനവും
ആരോ വിളിച്ചറിയിച്ചപ്പോള്‍
മനസ്സുനിറയെ ചോദ്യങ്ങളുടെ ഈയാംപാറ്റകള്‍...
ഇനി ഒന്നും ആവര്‍ത്തിക്കുകയില്ല അല്ലേ?
നിനക്കിപ്പോള്‍ നിസ്സംഗതയായിരിക്കും, അല്ലേ?
മുറ്റത്തിപ്പോള്‍ പാറി വന്ന
ഈ വെള്ളശലഭം നീയാണോ?
നടന്നതൊക്കെ നിന്റെ ഭാവനയോ?
അതോ, നിന്റെ ലോകം എന്റെ കല്പനയോ?
എന്തായാലും സുഖമല്ലേ?
സ്വന്തം കെ.ജെ.

Content Highlights: K.Jayakumar, IFFK, Mathrubhumi, Adoor Gopalakrishnan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented