ദ സൺ എന്ന ചിത്രത്തിൽ നിന്നൊരു രംഗം | ഫോട്ടോ: www.imdb.com/title/tt14458442/
ഓസ്കാർ അവാർഡ് ജേതാവ് ഫ്‌ളോറ്യൻ സെല്ലറിന്റെ 'ദ സൺ' ഒരു കുടുംബകഥയാണ് പറയുന്നത്. ശിഥിലമായ ദാമ്പത്യബന്ധങ്ങൾ സാരമായി ബാധിച്ച ഒരുകൂട്ടം മനുഷ്യരെ ചിത്രം പരിചയപ്പെടുത്തുന്നു. ബന്ധങ്ങൾ മുറിഞ്ഞു പോകുമോ എന്ന ഭയംകൊണ്ടുനടക്കുന്ന മനുഷ്യരെയും അവരുടെ നിസ്സഹായതകളെയും ഈ ചിത്രത്തിൽ കാണാം. ചലച്ചിത്രമേളയിൽ ലോകസിനിമ വിഭാഗത്തിലാണ് 'സൺ' പ്രദർശനത്തിനെത്തിയത്.
വിവാഹബന്ധത്തിൽനിന്നും വേർപെട്ട് കഴിയുന്ന പീറ്റർ തന്റെ പുതിയ പങ്കാളിക്കും കുഞ്ഞിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. പീറ്ററിന്റെ ആദ്യഭാര്യ കേയ്റ്റ് തങ്ങളുടെ കൗമാരക്കാരനായ മകൻ നിക്കൊളസിന്റെ സ്വഭാവത്തിലും ജീവിതത്തിലും വന്ന മാറ്റങ്ങൾ കണ്ട് വേവലാതിപ്പെടുന്നു. അമ്മയും മകനുമുള്ള ആ ചെറിയ കുടുംബത്തെ ഉലച്ചുകൊണ്ട് ഒരു പ്രശ്‌നം വളർന്നുവരികയാണ്. ഇക്കാര്യം പീറ്ററിനെ അറിയിച്ച് മകന്റെ പ്രശ്‌നങ്ങൾ എന്തെല്ലാമാണെന്ന് അറിയാനായി ഇരുവരും നടത്തുന്ന ശ്രമങ്ങളിലൂടെ സിനിമ മുന്നോട്ട് നീങ്ങുന്നു.
കടുത്ത വിഷാദം ബാധിച്ച മകൻ നിക്കൊളസിന് തനിക്കെന്താണ് സംഭവിച്ചതെന്ന് വിശദമാക്കാൻ പോലും സാധിക്കുന്നില്ല. ആൾക്കൂട്ടത്തിൽനിന്ന് ഒഴിഞ്ഞുമാറിയും സ്‌കൂളിൽ പോകാതെയും സ്വന്തം ശരീരത്തെ വേദനിപ്പിച്ചും അവൻ ഇരുൾമൂടിയ തന്റെ ജീവിതത്തിൽ മറഞ്ഞിരിക്കാൻ സ്വയം പ്രേരിതനാവുകയാണ്. ചില സന്ദർഭങ്ങളിൽ ചിരിച്ചും ചിലപ്പോൾ ഉള്ളുലഞ്ഞുകൊണ്ട് കരഞ്ഞും ക്ലാസ്മുറികളിലും കിടപ്പുമുറിയിലും ഏകനായി ഇരുന്നും അവൻ തന്റെ മാനസികസംഘർഷങ്ങളിൽ തന്നെ ആഴ്ന്നിറങ്ങി ജീവിക്കുകയാണ്.
വലിയ അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കെ തനിക്ക് സഹായം വേണമെന്ന് അവൻ രക്ഷിതാവിനോട് അഭ്യർഥിക്കുന്നു. ജോലിത്തിരക്കുകളിൽ മുങ്ങിപ്പോകുന്ന പീറ്ററിന് മകനോട് സ്‌നേഹക്കുറവില്ലെങ്കിലും തന്റെ രണ്ട് കുടുംബങ്ങളേയും ശ്രദ്ധിക്കുന്നതിൽ എവിടേയോ അയാൾക്ക് പിഴവ് സംഭവിക്കുന്നുണ്ടോ എന്ന് അയാളെപ്പോലെ സിനിമ കാണുന്നവരും ചിന്തിച്ചേക്കാം. പുതിയ പങ്കാളി ബെത്തിനൊപ്പം മറ്റൊരു ജീവിതം തുടങ്ങിയെങ്കിലും പീറ്ററിനോട് അവൾക്കും പറയാനുണ്ടായിരുന്നത് കുടുംബത്തോടൊപ്പം അധികസമയം ചെലവഴിക്കാറില്ല എന്ന പരാതിതന്നെയാണ്.
കുടുംബ ബന്ധങ്ങൾക്കും കരിയറിനുമിടയിൽ ഉഴലുന്ന പീറ്ററിന്റെ മാനസികാവസ്ഥയെ മനോഹരമായാണ് നടൻ ഹ്യുഗ് ജാക്ക്മാൻ അവതരിപ്പിച്ചിരിക്കുന്നത്. ഉള്ളിലമർത്തിവെച്ച തന്റെ വിഷമതകളിൽ അലറിവിളിച്ചുള്ള അയാളുടെ നിസ്സഹായമായ കരച്ചിൽ ചിത്രം കണ്ടിരിക്കുന്നവരുടെ കരളു തകർക്കും.
ഫ്രഞ്ച് നോവലിസ്റ്റും സിനിമ സംവിധായകനും നാടകകൃത്തുമായ ഫ്‌ളോറ്യൻ സെല്ലറും അക്കാദമി അവാർഡ് ജേതാവായ ക്രിസ്റ്റഫർ ഹാംറ്റണും ചേർന്നെഴുതിയ നാടകമായ 'ദ സണ്ണി'ൽനിന്നാണ് ഈ ചലച്ചിത്രം പിറവികൊണ്ടത്. വളരെ സാധാരണമായിത്തീർന്നിട്ടുള്ള ഒരു കഥാതന്തുവിനെ ചിട്ടയോടെ, വ്യത്യസ്തമായാണ് സംവിധായകൻ ഫ്‌ളോറ്യൻ സ്‌ക്രീനിലേക്ക് എത്തിച്ചിരിക്കുന്നത്.
ചിത്രത്തിലെ കുടുംബത്തിനുണ്ടാകുന്ന തീരാവേദന പ്രേക്ഷകന്റേതാക്കി മാറ്റുന്നുണ്ട് 'ദ സൺ'. സിനിമ കണ്ടിറങ്ങുന്നവരുടെ ഉള്ളും കണ്ണും കലുഷമാക്കുന്ന ഒരു കലാസൃഷ്ടിയാണിതെന്ന് നിസ്സംശയം പറയാം. ഏത് കഥാപാത്രത്തിന്റെ പക്ഷത്ത് നിൽക്കണം എന്ന അരക്ഷിതാവസ്ഥയിലേക്ക് പ്രേക്ഷകനെ നയിക്കുന്നുകൂടിയുണ്ട് ചിത്രം.
വിഷാദത്തിലാണ്ടുപോയ നിക്കൊളസിന് മുഖം നൽകിയത് സെൻ മിക്‌റാത് ആണ്. ആന്തണി ഹോപ്കിൻസ്, വനേസ്സ ക്രിബി, ലോറ ഡേൺ എന്നിവരുടെ പ്രകടനം ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.
Content Highlights: the son review, iffk 2022, iffk 2022 updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..