വേദിക്ക് മുന്നിൽ പ്രതിഷേധിക്കുന്നവർ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ടൊവിനോ തോമസ് ചിത്രം വഴക്കിന്റെ ആദ്യ പ്രദർശനത്തിനിടെ പ്രതിഷേധം. റിസർവേഷനെ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ഡെലിഗേറ്റുകൾ പ്രതിഷേധമുയർത്തിയത്. സിനിമ കാണാൻ പ്രവേശിക്കുന്നതിന് നൂറ് ശതമാനവും റിസർവേഷൻ ഏർപ്പെടുത്തിയതിനാൽ റിസർവ് ചെയ്യാതെ ക്യൂ നിന്ന് സിനിമ കാണാനെത്തിയവരും സംഘാടകരും തമ്മിലാണ് ഐഎഫ്എഫ്കെ വേദിയിൽ വാക്കുതർക്കമുണ്ടായത്. ഇതിന് പിന്നാലെ സിനിമ പ്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ നായകൻ ടോവിനോയ്ക്ക് മുന്നിലും ഡെലിഗേറ്റുകൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തി.
ഐഎഫ്എഫ്കെ വേദികളിലൊന്നായ ഏരീസ് പ്ലക്സ് തീയേറ്റർ ഓഡി വണ്ണിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ടോവിനോ തോമസ് നായകനായി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിന്റെ പ്രദർശനം. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം നായകൻ ടൊവിനോ തോമസും എത്തുമെന്നറിഞ്ഞതോടെ വൻ ജനാവലി തീയേറ്ററിന് മുമ്പിലുണ്ടായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായതിനാൽ റിസർവ് ചെയ്യാത്തവരുടെ വരിയിൽ തന്നെ നൂറിലധികം പേർ പ്രദർശനത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ നിൽക്കുന്നുണ്ടായിരുന്നു. റിസർവ് ചെയ്തവരിൽ ഭൂരിഭാഗം പേരും എത്തിച്ചേർന്നതോടെ അൺറിസർവ്ഡ് ക്യൂവിൽ നിന്നവരോട് മടങ്ങി പോകാൻ സംഘാടകർ ആവശ്യപ്പെട്ടതോടയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.
ഇവരെ മറികടന്ന് റിസർവ് ചെയ്യാതെ എത്തിയ യൂട്യൂബറെയും മറ്റ് ചിലരെയും കടത്തിവിട്ടതാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് പ്രതിഷേധിച്ചവർ പറയുന്നു. റിസർവ് ചെയ്ത വ്യക്തികളെ പോലും കടത്തിവിടാത്തതും വാക്ക് തർക്കത്തിനിടയാക്കി. രാവിലെ എട്ട് മണി മുതലാണ് സിനിമകളുടെ റിസർവേഷൻ ആരംഭിക്കുന്നത്. ഹെെപ്പ് ലഭിക്കുന്നതോ മികച്ച ആഭിപ്രായം ലഭിക്കുന്നതോ ആയ ചിത്രങ്ങളുടെ റിസർവേഷൻ തുടങ്ങി മിനിട്ടുകൾക്കകം തന്നെ ബുക്ക് ചെയ്ത് കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്കും ടെക്നിക്കൽ അറിവില്ലാത്തവർക്കും സിനിമ കാണാൻ മറ്റൊരു മാർവുമില്ലാത്ത സ്ഥിതിയാണ് ഉണ്ടാകുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.
'ആയിരം രൂപ മുടക്കി ഡെലിഗേറ്റ് പാസ് എടുത്തിട്ടും ഒരു സിനിമ പോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത ആളുകളും സിനിമ കാണാനെത്തുമെന്ന ബോധം സംഘാടകർക്ക് വേണം. 50 ശതമാനം സീറ്റുകൾ റിസർവേഷനും ബാക്കി പകുതി വരി നിന്ന് കയറുന്നവർക്കുമായി മാറ്റി വെക്കുന്നതാണ് ഉചിതമായ രീതി. അതാണ് നീതിയും,' പ്രതിഷേധക്കാരിൽ ഒരാൾ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
'പ്രിവിലേജ്ഡ് ആയിട്ടുള്ളവർ റിസർവേഷനില്ലാതെ കയറി പോകുന്നുണ്ട്. സാധാരണക്കാരായ ഞങ്ങൾ മണിക്കൂറുകളോളം ക്യൂ നിന്നാൽ പോലും സിനിമ കാണാൻ കഴിയില്ലെന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. ലോകത്ത് മറ്റ് ഒരു ചലച്ചിത്രമേളകളിലും ഇത്തരം രീതി ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാശ് മുടക്കി ഡെലിഗേറ്റ് പാസ് എടുക്കുന്നവരെ മണ്ടന്മാരാക്കുന്ന പരിപാടിയാണിത്. ഇപ്പോൾ ഇതിന്റെ കാര്യത്തിൽ നാളെ മുതൽ മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉറപ്പുകിട്ടിയിരിക്കുന്നത്. നടപ്പാകുമോ എന്ന് കാത്തിരുന്നു കാണാം' പ്രതിഷേധക്കരിൽ മറ്റൊരാൾ പറയുന്നു.
ഞായറാഴ്ച ആയതിനാൽ വലിയ തിരക്കാണ് ഇന്ന് മേളയ്ക്ക് ഉണ്ടായിരുന്നത്. ഇത്തവണ ഡെലിഗേറ്റുകളുടെ എണ്ണത്തിലും റെക്കോർഡ് ആണ്. നാല് മത്സര ചിത്രങ്ങളും അഞ്ച് മലയാള ചിത്രങ്ങളും ഉൾപ്പെടെ 64 സിനിമകൾ ഇന്ന് ഉണ്ടായിരുന്നു. വലിയ പ്രേക്ഷക പങ്കാളിത്തമാണ് പ്രദർശനങ്ങൾക്ക് ഉണ്ടായിരുന്നത്.
Content Highlights: protest against full online reservation at iffk venue on vazhakku movie screening tovino thomas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..