നൻ പകൽ നേരത്ത് മയക്കം വേൾഡ് പ്രീമയർ കാണുന്നവർ
തിരുവനന്തപുരം: ചലച്ചിത്രമേള സമാപനത്തിലേക്കെത്തുമ്പോൾ ഏതാകും മികച്ച ചിത്രമെന്ന ചർച്ചകളാണ് ഡെലിഗേറ്റുകൾക്കിടയിൽ കൊഴുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടിച്ചിത്രം 'നൻപകൽ നേരത്ത് മയക്ക'മാണ് ചർച്ചകളിലെ താരം. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള മത്സരത്തിൽ ചിത്രം മുന്നിലുണ്ട്. പ്രേക്ഷകരുടെ പുരസ്കാരത്തിന് ഏറ്റവുമേറെ സാധ്യത കൽപിക്കുന്നതും നൽപകലിനാണ്.
മഹേഷ് നാരായണന്റെ 'അറിയിപ്പ്' ഉൾപ്പെടെ മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങൾക്കും മികച്ച പ്രതികരണമുണ്ട്. യുക്രെെൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ക്ലോൺഡെെക്ക്, മണിപ്പൂരി ചിത്രം അവർ ഹോം, ഇറാന്റെ സമകാലിക പ്രശ്നങ്ങൾ വ്യത്യസ്തമായവതരിപ്പിക്കുന്ന ഹൂപ്പോ, ടാൻസാനിയയിൽ നിന്നുള്ള ടഗ് ഓഫ് വാർ, ഭോപാലിലെ ട്രാൻസ്ജെൻഡറുകളുടെ കഥ പറഞ്ഞ എ പ്ലേസ് ഓഫ് അവർ ഔൺ തുടങ്ങിയ മത്സരചിത്രങ്ങളും ചർച്ചകളിൽ നിറയുന്നു.

മലയാളത്തിൽനിന്ന് പ്രദർശിപ്പിച്ചവയിൽ പ്രിയനന്ദനന്റെ ധബാരി ക്യുരുവി, സനൽകുമാർ ശശിധരന്റെ വഴക്ക് എന്നീ ചിത്രങ്ങളാണ് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത്. നോർമൽ, വേട്ടപ്പട്ടികളും ഓട്ടക്കാരും, 19(1)(എ), ഫ്രീഡംഫൈറ്റ്, പട തുടങ്ങിയ ചിത്രങ്ങളും മികച്ച കാഴ്ചാനുഭവം സമ്മാനിച്ചു. ഇന്ത്യയുടെ ഓസ്കർ എൻട്രിയായ ചെല്ലോ ഷോ, സത്യജിത്ത് റായുടെ കഥയുടെ ചലച്ചിത്രഭാഷ്യം സ്റ്റോറിടെല്ലർ, മതാന്ധതയെ പരീക്ഷണചിത്രങ്ങളിലൂടെ അവതരിപ്പിച്ച ഓപിയം എന്നീ ചിത്രങ്ങളാണ് ഇന്ത്യൻ സിനിമ ടുഡേ വിഭാഗത്തിൽ നിന്നും ശ്രദ്ധിക്കപ്പെട്ടത്.
ഏറ്റവും കൂടുതൽ ചിത്രങ്ങളുണ്ടായിരുന്നത് ലോകസിനിമ വിഭാഗത്തിലാണ് -78 എണ്ണം. ജാഫർ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്സ്, ടർക്കിഷ് ചിത്രം ദി ഫോർ വാൾസ്, സ്പാനിഷ് ത്രില്ലർ പ്രിസൺ 77, ഉദ്ഘാടന ചിത്രമായെത്തിയ ടോറി ആൻഡ് ലോകിത, കോവിഡ് പ്രതിസന്ധികൾ ഉപയോഗപ്പെടുത്തിയ ജോർജിയൻ ചിത്രം എ റൂം ഓഫ് മൈ ഔൺ, കിം കി ഡുക്കിന്റെ അവസാന ചിത്രം കാൾ ഓഫ് ഗോഡ്, സെർബിയിൽ നിന്നുള്ള ഫാദർ, കാൻ ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ഫ്രഞ്ച് ചിത്രം ക്ലോസ് തുടങ്ങി ലോകകാഴ്ചകളിലേക്ക് തുറന്നിട്ട വാതായനങ്ങളായിരുന്നു ലോകസിനിമ വിഭാഗം.
നിശബ്ദ ചിത്രങ്ങൾക്ക് തത്സമയ സംഗീതമൊരുക്കി ബ്രിട്ടീഷ് സംഗീതജ്ഞൻ ജോണി ബെസ്റ്റും നിശാഗന്ധിയിലെ തുറന്ന ഓഡിറ്റോറിയത്തിൽ ഒരുക്കിയ സാത്താൻ സ്ലേവ്സ് 2ന്റെ മിഡ്നൈറ്റ് സ്ക്രീനിങ് ഉൾപ്പെടെയുടെയുള്ള പ്രദർശനങ്ങളും അലഹാന്ദ്രോ ജോഡ്രോവ്സ്കിയുടെ സർറിയൽ സിനിമകളും പ്രേക്ഷകർക്ക് വ്യത്യസ്തമായ ആസ്വാദനാനുഭവങ്ങൾ സമ്മാനിച്ചു.
Content Highlights: iffk updates, best movies in iffk 2022, nan pakal nerathu mayakkam movie, mammootty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..