യൂറ്റാമ, നൻ പകൽ നേരത്ത് മയക്കം സിനിമകളുടെ പോസ്റ്റർ
തിരുവനന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ബൊളീവിയയിൽ നിന്നുള്ള 'യൂറ്റാമ'യ്ക്ക്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള വരൾച്ച മൂലം തങ്ങളുടെ ഗ്രാമത്തിൽ ജീവിക്കാനാവാത്ത അവസ്ഥയിലേക്കെത്തുന്ന വയോധിക ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. 20 ലക്ഷം രൂപയാണ് പുരസ്കാരത്തുക.
മികച്ച സംവിധായകനുള്ള രജത ചകോരം 'കെർ' എന്ന ടർക്കിഷ് ചിത്രത്തിന്റെ സംവിധായകൻ തായ്ഫുൻ പെഴ്സിമൊഗ്ളുവിനാണ്. പിതാവിന്റെ ശവസംസ്കാരത്തിനായി നഗരത്തിലെത്തുന്ന മകൻ ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അധിനിവേശത്തിന് എതിരായ പലസ്തീനിയൻ കൗമാരക്കാരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന അറബിക് ചിത്രം 'അലം' ഒരുക്കിയ ഫിറാസ് ഘൗരിയ്ക്കാണ് നവാഗത സംവിധായകനുള്ള രജത ചകോരം. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും 'അലം' നേടി.
നെറ്റ്പാക് ജൂറിയുടെ പ്രത്യേക പരാമർശവും അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും മണിപ്പൂരി ചിത്രമായ 'എഖോയ്ഗി യും' (അവർ ഹോം) സ്വന്തമാക്കി. റോമി മെയ്തെയ് സംവിധാനം ചെയ്ത ചിത്രം വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്തക് തടാകത്തിലെ ഒഴുകുന്ന കരകളായ 'ഫുംഡി'കളിൽ താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് വരച്ചുകാട്ടുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്ക'ത്തിന് പ്രേക്ഷക പുരസ്കാരം ലഭിച്ചു. മഹേഷ് നാരായണന്റെ 'അറിയിപ്പ്' ആണ് മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം നേടിയത്. മലയാളത്തിലെ മികച്ച ആദ്യ സംവിധാനത്തിനുള്ള ഫിപ്രസി പുരസ്കാരം '19(1)(എ)' സംവിധാനം ചെയ്ത ഇന്ദു.വി.എസ്. നേടി.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ.ആർ.മോഹനൻ പുരസ്കാരം ഹിന്ദി ചിത്രം 'അമർ കോളനി'യുടെ സംവിധായകൻ സിദ്ധാർത്ഥ് ചൗഹാനാണ്. ട്രാൻസ്ജെൻഡറുകളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന 'ഏക് ജഗഹ് അപ്നി' (എ പ്ലേസ് ഓഫ് അവർ ഔൺ) എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മനീഷാ സോണി, മുസ്കാൻ എന്നിവർക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
Content Highlights: iffk 2022 awards, 27th iffk, utam,a nan pakal nerathu mayakkam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..