എന്റെ പേര് നഗ്മ സുസ്മി. ഞാനൊരു ട്രാന്‍സ്ജെന്‍ഡറാണ്. കടലുണ്ടി കോട്ടക്കടവിലാണ് താമസം.  ട്രാന്‍സ്ജെന്‍ഡഴ്സിനായി രൂപവത്കരിച്ച സഹോദരി കള്‍ച്ചറല്‍ സൊസൈറ്റിയില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. ഡാന്‍സ് കളിച്ചും കടകളിലും തീവണ്ടികളിലും രാത്രിയില്‍ ബദായ് ചെയ്തുമാണ് വരുമാനം കണ്ടെത്തുന്നത്. ഈ വരുമാനം കൊണ്ട് എന്നെപ്പോലുള്ളവര്‍ക്ക് ജീവിക്കാന്‍ കഴിയുന്നതല്ല. സര്‍ക്കാരില്‍ നിന്ന് സ്വയംതൊഴിലിനായി കുടുംബശ്രീയിലൂടെയും സാമൂഹിക നീതി വകുപ്പിലൂടെയും ഒരുപാട് ഫണ്ടുകള്‍ തയ്യാറായിട്ടുണ്ട്. തുടര്‍ വിദ്യാഭ്യാസവും ഞങ്ങളില്‍ പലര്‍ക്കും ലഭിക്കുന്നുണ്ട്. 

പക്ഷെ പല സ്‌കീമുകളുടെയും തുക ഞങ്ങളുടെ കെകളിലെത്തുന്നില്ല. 50,000 രൂപയുടെ സ്‌കീം സര്‍ക്കാര്‍ അനുവദിച്ചിട്ടും ഞങ്ങളുടെ കൈകളിലെത്തിയില്ല. നിലവില്‍ ബ്യൂട്ടീഷന്‍ കോഴ്സിന് പോകുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സ്വയംതൊഴിലിന് മൂന്ന് ലക്ഷം കിട്ടാന്‍ സാധ്യതയുണ്ട്. അതിലാണ് ഇനിയുള്ള പ്രതീക്ഷ

തള്ളിപ്പറഞ്ഞ വീട്ടുകാര്‍ പണം തട്ടിയെടുത്തു

ഞാന്‍ പെണ്ണായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടില്‍ നിന്നിറങ്ങുന്നത്. എന്നാല്‍ വീട്ടില്‍ നിന്ന് അവകാശം കിട്ടിയില്ല.തുഛമായ തുകയാണ് എനിക്ക് വീട്ടുകാര്‍ തന്നത്. മാത്രമല്ല പെങ്ങളുടെ കല്ല്യാണത്തിന് 10 പവന്‍ സ്വര്‍ണ്ണത്തിന്റെ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് എനിക്ക് കിട്ടിയ തുഛമായ തുക എന്നെ തള്ളി പറഞ്ഞ അതേ വീട്ടുകാര്‍ തട്ടിയെടുത്തു. അവര്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍ കാണാന്‍ വകും പണം വാങ്ങും. ആവശ്യമുള്ളപ്പോള്‍ മാത്രമേ വിളിക്കൂ. അങ്ങനെ ഒരു കുടംബത്തെ എനിക്ക് വേണ്ട.

അയാള്‍ക്ക് വേണ്ടി ലക്ഷങ്ങളാണ് ചിലവഴിച്ചിരുന്നത്

ഒരിക്കല്‍ ഒരാളെ സ്നേഹിച്ചിരുന്നു. അയാള്‍ക്ക് വേണ്ടി ലക്ഷങ്ങളാണ് ഞാന്‍ ചിലവഴിച്ചിരുന്നത്. എന്റെ കയ്യിലെ കാശു കൊണ്ട് ഒരു ഓട്ടോറിക്ഷയും വാങ്ങികൊടുത്തു. അയാള്‍ സുപ്രഭാതത്തില്‍ ഉപേക്ഷിച്ചു പോയി. അയാള്‍ വേറെ കല്ല്യാണം കഴിച്ചു. ഇങ്ങനെയാണ് ജീവിതം.

സര്‍ക്കാരില്‍ നിന്ന് ഒരുപാട് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്

പണ്ടത്തെ കാലഘട്ടം പോലെയല്ല ഇപ്പോള്‍ ഞങ്ങളോടുള്ള സമീപനം. സര്‍ക്കാരില്‍ നിന്ന് ഒരുപാട് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ജീവിക്കാന്‍ നല്ല സാഹചര്യമുണ്ട്. നിലവില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകയാണ്. വനിതമാ മതിലില്‍ ഞങ്ങളെപ്പോലുള്ള ഒരുപാട് പേര്‍ പങ്കെടുക്കുന്നുണ്ട്. മുമ്പ് മുഖ്യധാരാ പാര്‍ട്ടികളിലൊന്നും ഞങ്ങള്‍ ഭാഗഭാക്കായിരുന്നില്ല. എന്നാല്‍ നിലവില്‍ ഡിവൈഎഫ്ഐയില്‍ അംഗമായത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. സമൂഹവുമായി ഇടപഴകാന്‍ ഇപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയാണ്.

പണ്ട് വീട് വാടകക്കെടുത്ത് താമസിക്കുമ്പോള്‍ അവിടെ പുറത്ത് നിന്ന് ഒരാണോ പെണ്ണോ  വന്നാല്‍ വളരെ അവജ്ഞയോടെയാണ് ജനങ്ങള്‍ ഞങ്ങളെ വീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത്തരം കാര്യങ്ങളില്‍ മാറ്റമുണ്ട്. താമസിക്കാന്‍ ഒരിടം കിട്ടുക എന്നത് പഴയപോലെ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല ഇന്ന്് ഞങ്ങളെപ്പോലുള്ളവര്‍ക്ക്. എന്നിരുന്നിട്ടും ഇന്നും പലരും ഞങ്ങളോട് സംസാരിക്കാന്‍ ഭയക്കുന്നു. ഇത് വലിയ മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. 

പോലീസ് ഉദ്യോഗസ്ഥരുടെ മനോഭാവം മാറേണ്ടതുണ്ട്

നന്നായി സംസാരിക്കുന്ന പലര്‍ക്കും ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഞങ്ങളോട് സംസാരിക്കാന്‍ മടിയാണ്. മിണ്ടാനും കാര്യങ്ങളന്വേഷിക്കാനും അവര്‍ മടി കാണിക്കുന്നു.

ഒരിക്കല്‍ ബസ്സില്‍ കയറിയപ്പോള്‍ ഒരു സ്ത്രീയുടെ കൂടെ സീറ്റില്‍  അവരുടെ അനുവാദത്തോടെ ഞാന്‍ ഇരുന്നിരുന്നു. അങ്ങനെയിരുന്ന എന്നോട് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നാണ് രണ്ട് പോലീസുകാര്‍ പറഞ്ഞത്. ഈ ഉദ്യോഗസ്ഥരുടെ മനോഭാവം മാറേണ്ടതുണ്ട്്. സമൂഹം കാണിക്കുന്ന സ്‌നേഹം ഈ പോലീസുകാര്‍ക്കില്ല.

സെക്‌സ്വര്‍ക്കേഴ്‌സ് മാത്രമായി ഞങ്ങളെ കാണുന്നവരുണ്ട്

രാത്രിയില്‍ പുറത്തിറക്കാന്‍ പറ്റുന്നില്ല. രാത്രിയില്‍ ഞങ്ങളെ കാണുമ്പോള്‍ പലരുടെയും വിചാരം ലൈംഗിക തൊഴിലിനായി നടക്കുന്നുവെന്നാണ്. സെക്‌സ്വര്‍ക്കേഴ്‌സ് മാത്രമായി ഞങ്ങളെ കാണുന്നവരുണ്ട്.
ഞങ്ങളെല്ലാവരും ലൈംഗിക തൊഴിലാളികളാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അനുവദിച്ച ക്ഷേമപദ്ധതികള്‍ വേഗം നടപ്പിലാക്കിയാല്‍ #ങ്ഹളുടെ ജീവിതം മെച്ചപ്പെടുമെന്നാണ് വിശ്വാസം.

അവഹേളിക്കപ്പെട്ടും വഞ്ചിക്കപ്പെട്ടും ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെടുകയാണ് വീണ്ടും ഞങ്ങള്‍. ഇങ്ങനെ എന്നെപ്പോലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നിരവധി കഥകളുണ്ട് പറയാന്‍.

ശബരിമല സ്ത്രീപ്രവേശനം

ദൈവത്തിന്റെ മുമ്പില്‍ നമ്മളെല്ലാം തുല്യരല്ലേ. ദൈവത്തിനെ ആര്‍ക്ക് വേണമെങ്കിലും പോയ് കണ്ടൂടെ. ദൈവത്തെ കാണാന്‍ ആണുങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്നുണ്ടോ. പെണ്ണുങ്ങളെ മാറ്റിനിര്‍ത്തണം എന്ന വ്യത്യാസം ഒന്നും ദൈവത്തിനില്ലല്ലോ എന്നതാണ് എന്റെ അഭിപ്രായം.

content highlights: The marginalised, Transgender Nagma Susmi talks about her life