ചേലക്കര: വീട്ടുജോലിക്കോ, ശുചിമുറി വൃത്തിയാക്കാനോ തുടങ്ങി എന്ത് പണിയെടുക്കാനും തയ്യാറാണ്. കുടുംബത്തിന്റെ പട്ടിണിമാറ്റാനും ദൈവം തന്ന വികൃതരൂപം ചികിത്സിച്ച് നേരെയാക്കാനും. പക്ഷെ എന്നെ കണ്ടാല്‍ ആരും ജോലി തരില്ല,അത്രക്ക് സുന്ദരമുഖമാണ് എന്റേത്, ചേലക്കര പങ്ങാരപ്പിള്ളി സ്വദേശിനി പ്രീതി(30)യുടെ വാക്കുകളാണിത്.

ശരീരത്തിലെ തൊലി അടര്‍ന്ന് പോരുന്നതാണ് പ്രീതിയുടെ രോഗം. ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രമുണ്ടാകുന്ന അത്യപൂര്‍വരോഗമാണിത്. പഠനകാലത്തും ഇപ്പോഴും രോഗത്തിന്റെ അവസ്ഥമൂലം മുഖത്തെ ഉള്‍പ്പടെ തൊലി അടര്‍ന്ന് പോകുന്നതോടെ പലരും പ്രേതമെന്നും ഭീകരജീവിയെന്നും വിളിച്ച് തുടങ്ങി. ഇത്തരം ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞ് പ്രീതി സങ്കടം തീര്‍ക്കും. ചേലക്കര പഞ്ചായത്തിലെ പങ്ങാരപ്പിള്ളി പരേതനായ വേലായുധന്റെ മകള്‍ പ്രീതിയാണ് അപൂര്‍വരോഗത്തിന് മുമ്പില്‍ അടിയറവ് പറയാതെ ധീരതയോടെ പൊരുതുന്നത്. ജനിച്ചപ്പോള്‍ മുതല്‍ ഈ രോഗത്തിന്റെ പിടിയിലാണ് പ്രീതി. 

ആക്ഷേപങ്ങള്‍ക്കും പ്രതിസന്ധികളിലും തളരാതെ പത്താംക്ലാസ് വരെ പഠിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പേ അച്ഛന്‍ മരിച്ചു. അമ്മ കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം കഴിഞ്ഞിരുന്നത്. വാര്‍ദ്ധക്യം ബാധിച്ച് തുടങ്ങിയതോടെ അമ്മയെ സഹായിക്കാനാണ് ജോലിയെന്ന ആവശ്യവുമായി പ്രീതി ഇപ്പോള്‍ രംഗത്തിറങ്ങുന്നത്. കടുത്ത വേനലില്‍ ശരീരത്തിലെ തൊലി ഉരുകുന്ന വേദനയും കടിച്ചമര്‍ത്തിയാണ് പ്രീതി കഴിയുന്നത്. ഇതിനിടെ അയല്‍വാസികളായ ഹരിഹരന്‍ പങ്ങാരപ്പിള്ളിയുടെ നേതൃത്വത്തില്‍ പങ്ങാരപ്പിള്ളി പ്രവാസി കൂട്ടായ്മയുടെ സഹായവും ചികിത്സയ്ക്ക് ലഭിച്ചിരുന്നു. അലോപ്പതിയും ആയുര്‍വേദവുമായി മാറി മാറി ചികിത്സ നടത്തുകയും ചെയ്തു. കായംകുളം മോഹനവൈദ്യരുടെ ചികിത്സയിലാണ് പ്രീതിയിപ്പോള്‍. ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തുമ്പോള്‍ കടംവാങ്ങിയും മറ്റും വൈദ്യരുടെ അടുത്തെത്തി ചികിത്സിക്കും. ശരീരത്തില്‍ ചൂട് കൊള്ളാതിരിക്കാന്‍ നോക്കണമെന്നാണ് വൈദ്യര്‍ പറയുന്നത്. 

ഓടിട്ട ചെറിയവീട്ടില്‍ ചൂട് കൊള്ളാതെ ഇരിക്കാന്‍ സാധിക്കുകയില്ല. ഇതോടെ തൊലി ഉരുകുന്ന വേദനയില്‍ നിന്നും രക്ഷനേടാനായി ഇടയ്ക്കിടെ കുളിക്കുന്നതും പ്രീതി പതിവാക്കി. ചികിത്സയിലൂടെ ചെറിയൊരു ആശ്വാസം ലഭിച്ച് തുടങ്ങിയതായി പ്രീതി പറയുന്നു. പക്ഷെ തുടര്‍ ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയാണ്. ഇതിനിടെ പ്രീതിയുടെ അമ്മയ്ക്കും ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ് . കടയില്‍ ജോലിയെടുക്കുന്ന സഹോദരന്റെ ഏകവരുമാനമാണ് കുടുംബത്തിനുള്ളത്. പക്ഷെ കുടുംബത്തിന്റെ ദയനീയ അവസ്ഥയെ കുറിച്ചും കുടുംബക്കാരുടെ വിവരങ്ങള്‍ പങ്കുവെക്കാനും പ്രീതി തയ്യാറല്ല. 

തന്റെ  ദയനീയ അവസ്ഥകള്‍ വാര്‍ത്തയിലൂടെ സമൂഹമറിയുമ്പോള്‍ കുടുംബക്കാര്‍ പരിഹാസ്യരാകേണ്ടെന്ന നിലപാടാണ് പ്രീതിക്കുളളത്. അയല്‍വാസികള്‍ക്ക് പ്രീതി പ്രിയങ്കരിയാണ്. അതിനാല്‍തന്നെ കുടുംബശ്രീ പ്രവര്‍ത്തനത്തിലും സജീവമാണ് പ്രീതി. തുടര്‍ ചികിത്സയ്ക്ക് പണമില്ലാത്തതും കുടുംബത്തിന്റെ വരുമാനം കുറഞ്ഞതോടെയുമാണ് വെയില് കൊള്ളാതെ എന്ത് പണിയെടുക്കാനും തയ്യാറായി പ്രീതി ഇപ്പോള്‍ മുന്നോട്ട് വന്നിട്ടുള്ളത്. സുമനസ്സുകളുടെ സഹായങ്ങള്‍ അയയ്ക്കാന്‍ കെ.വി.പ്രീതി, കരുവാന്‍ കുന്നത്ത് വീട്,പങ്ങാരപ്പിള്ളി(പി.ഒ.)ചേലക്കര ഫോണ്‍: 9526523172 എന്ന മേല്‍വിലാസത്തിലോ  CANARA BANK, CHELAKKARA BRANCH, A/C No.0801108064036 (IFSC Code: CNRB0000801)എന്നവിലാസത്തിലോ സഹായം അയയ്ക്കാം.

മാതൃഭൂമി വാർത്തയെത്തുടർന്ന് പ്രീതിക്ക് ചികിത്സയ്ക്കായി 42 ലക്ഷം രൂപ ലഭിച്ചതിനെത്തുടർന്ന് സഹായധനം സ്വീകരിക്കാൻ തുറന്ന ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തതായി പ്രീതി അറിയിച്ചു. 

 

content highlights: Preethi suffering from skin disease Chelakkara