പണം നല്കി പല സന്ദര്‍ഭങ്ങളിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും തന്നെ ലൈംഗികമായി കയ്യേറ്റം ചെയ്ത ഒരാള്‍ക്കെതിരേ മുന്നോട്ടു പോവുകയായിരുന്നു പാലക്കാട്ടുനിന്നുള്ള ഇരുപത്തഞ്ചുകാരിയായ നിയമ വിദ്യാര്‍ഥി. ഏറ്റവും ഒടുവിൽ അത് സംഘടനാ ചുമതലകളിൽനിന്നുള്ള രാജിയിൽവരെ എത്തി. പരാതി നൽകിയ ശേഷവും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വവും ബ്ലോക്ക് നേതൃത്വവും പികെ ശശിക്കൊപ്പമാണ് നിന്നത്. എന്നാൽ പാർട്ടി തനിക്കൊപ്പമാണ് നിന്നതെന്നും പികെ ശശിക്കെതിരേ ലൈംഗിക കയ്യേറ്റ പരാതി നല്കിയ യുവതി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
"താന്‍ പ്രതീക്ഷിക്കാത്ത പ്രാദേശിക നേതാക്കളില്‍നിന്ന് പരാതി ഒതുക്കി തീര്‍ക്കാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി. തന്നെയും തനിക്കൊപ്പം നിന്ന സഖാക്കളെയും ജില്ലാ നേതൃത്വം ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചപ്പോഴും പാര്‍ട്ടി ഒപ്പം നിന്നു. ബ്ലോക്ക് സെക്രട്ടേറിയേറ്റ് അംഗമായിരുന്നിട്ടു കൂടി കമ്മിറ്റികള്‍ അറിയിക്കാതെയും ചുമതലകള്‍ ഏല്‍പ്പിക്കാതെയും തന്നെ ഒതുക്കി. ഈ സമീപനം ഒന്നു കൊണ്ട് മാത്രമാണ് രാജി." അവര്‍ പറയുന്നു.
പാലക്കാട് ഡിവൈഎഫ്ഐ സംഘടന ശശി തന്നെയാണ് നിയന്ത്രിക്കുന്നതെന്നും ആര് നേതൃത്വത്തില്‍ വരണമെന്ന് തീരുമാനിക്കുന്നത് പികെ ശശി തന്നെയാണെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം പികെ ശശി ലൈംഗികമായി അക്രമിച്ച വിഷയത്തില്‍ മാധ്യമങ്ങളൊന്നും ആഘോഷിക്കാത്ത നിലപാട് മുഖ്യമന്ത്രി പിണറായി വിജയനെടുത്തുവെന്നും അവര്‍ പറഞ്ഞു. "മാധ്യമങ്ങള്‍ ആഘോഷിക്കാത്ത ഒരു മുഖം അദ്ദേഹത്തിനുണ്ട്. അത് എന്റെ വിഷയത്തില്‍ എനിക്ക് ബോധ്യപ്പെട്ടതാണ്. അദ്ദേഹമൊപ്പമുള്ളത് വലിയ ബലവും ശക്തിയുമായിരുന്നു", അവർ മനസ്സു തുറന്നു.
എങ്ങനെയാണ് ആ ആഘാതത്തെ മറികടന്നതും ഒടുവില്‍ പരാതിയിലേക്കെത്തിച്ചതും?
മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍വെച്ചാണ് സംഭവമുണ്ടാകുന്നത്. പ്രതീക്ഷിക്കാത്ത ഒരാളില്‍നിന്ന് പ്രതീക്ഷിക്കാത്ത സമയത്ത്, അതും നമ്മള് ബഹുമാനിക്കുന്ന ഒരു വ്യക്തിയില്‍നിന്നു കൂടിയാകുമ്പോള്‍ അത് ഷോക്കാകുമല്ലോ. തീരുമാനം എന്റേതായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്തതാണ് . അതുകൊണ്ട് തന്നെ ആ വിഷയത്തെ കുറിച്ച് എനിക്കധികം സംസാരിക്കാന്‍ താത്പര്യമില്ല.
പരാതിക്ക് ശേഷമുള്ള ജീവിതം എങ്ങനെയായിരുന്നു?
ആ പരാതി നല്കിയ ശേഷം എന്റെ ജീവിതമാകെ മാറി. അധികാരസ്ഥാനത്ത് ഇരിക്കുന്ന ആള്ക്കെതിരാണ് ഞാന്‍ പരാതി നല്‍കിയത്. നമുക്കൊപ്പം നിന്നിരുന്ന, നമ്മുടെ തോളത്ത് കൈയ്യിട്ടു നടന്നിരുന്ന ആളുകളുടെ ഭാവമാറ്റവും ശത്രുക്കളെപോലെ കാണുന്നതും എന്നെ വളരെയേറെ വിഷമിപ്പിച്ചു.
അവര്‍ പികെ ശശി നിരപരാധിയാണെന്ന് ധരിച്ചതു കൊണ്ടാണോ അങ്ങനെ പെരുമാറിയത്?
എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഡിവൈഎഫ് ഐ ജില്ലാ നേതാവായിരുന്ന റിയാസുദ്ദീന്‍ കെസിയടക്കം കുറെയാളുകള്ക്ക് സത്യം അറിയാമായിരുന്നു . പക്ഷെ അവര്‍ക്ക് നിലപാടെടുത്ത് കൂടെ നില്ക്കാന് കഴിഞ്ഞില്ല. പലര്‍ക്കും പേടിയായിരുന്നു. പിന്നെ ഓഫറുകള്‍ ലഭിച്ച ഭാഗത്തേക്ക് ചിലര്‍ ചാഞ്ഞു.
ഡിവൈഎഫ്ഐയില്‍ എത്ര വര്‍ഷമായി?
നാലു വര്‍ഷമായി. 2015 മുതല്‍ ഞാന്‍ ഡിവൈഎഫ്ഐയിലുണ്ടായിരുന്നു.എസ്എഫ്ഐയേക്കാളും ഡിവൈഎഫ്ഐയിലായിരുന്നു സജീവം.
രാജിയിലേക്ക് നയിച്ച സാഹചര്യം?
പരാതി നല്കിയ ശേഷം ഡിവൈഎഫ്ഐ ജില്ലാ ഘടകത്തില്നിന്നുണ്ടായ സമീപനം തന്നെയാണ് പ്രധാന കാരണം. അത് വരെ നമ്മളെ ട്രീറ്റ് ചെയ്തതും പരാതിക്ക് ശേഷം ട്രീറ്റ് ചെയ്ത രീതിയും വളരെ വ്യത്യാസമായിരുന്നു. അന്നത്തെ ജില്ലാ സെക്രട്ടറി വരെ എന്നോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ വൈസ് പ്രസിഡന്റായി ഉയര്‍ത്തപ്പെട്ട ബ്ലോക്ക് സെക്രട്ടറിയായ റിയാസുദ്ദീനും പരാതി പിന്‍വലിക്കാന്‍ എന്നെ ഏറ്റവും അധികം നിര്ബന്ധിച്ചയാളുകളിലൊരാളാണ്. എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല. അതിന്റെ ദേഷ്യം അവര്‍ക്കെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്തപ്പോള്‍ അവരുടെ സമീപനത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അതിന് ശേഷവും ശത്രുതാപരമായി അവര്‍ പെരുമാറി. വ്യക്തിപരമായി എന്ത് പ്രശ്നമുണ്ടെങ്കിലും സംഘടനയില്‍ ഓരോരുത്തരുടെയും പദവിയെ മാനിക്കണമല്ലോ. എന്നാല്‍ ബ്ലോക്ക് കമ്മറ്റി യോഗങ്ങള്‍ അറിയിക്കാതെയായിരുന്നു അവഗണനയുടെ തുടക്കം. മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പറും ജില്ലാ കമ്മറ്റി അംഗവുമായിരുന്നു ഞാന്‍. എന്നാല്‍ പിന്നീട് ബ്ലോക്ക് കമ്മറ്റി യോഗങ്ങളൊന്നും എന്നെ അറിയിക്കാതെയായി. മേഖലാ ചുമതലകളൊന്നും ഏല്പിക്കാതെയായി. എന്റെ കാര്യത്തില്‍ മാത്രമല്ല. ഈ വിഷയത്തില്‍ സ്ത്രീപക്ഷ നിലപാടടെുത്ത എല്ലാവരോടും ഇതു തന്നെയായിരുന്നു സമീപനം. എനിക്കൊപ്പം പാര്‍ട്ടി നിന്നിട്ടും എനിക്കനുകൂലമായി പാര്‍ട്ടി നിലപാടെടുത്തിട്ടും പികെ ശശി പറഞ്ഞതിനപ്പുറത്തേക്ക് അനങ്ങാതെ നില്‍ക്കുകയായിരുന്നു പലരും. പികെ ശശി തെറ്റ് ചെയ്തെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടും തങ്ങളുടെ ശശിയേട്ടന് ഇങ്ങനെ സംഭവിച്ചല്ലോ എന്നതായിരുന്നു അവരില്‍ പലരുടെയും പ്രശ്നം.
ബ്ലോക്ക് കമ്മറ്റിയില്‍ എനിക്കൊപ്പം നിന്നത് വെറും രണ്ട് പേരായിരുന്നു നിസാര്‍ മുഹമ്മദും സലാമും. എന്നേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയിലും സംഘനയിലും സജീവമായവരായിരുന്നു അവര്‍. എന്നാല്‍ അവരെയും പൂര്‍ണ്ണമായി മാറ്റി നിര്‍ത്തി. എനിക്കൊപ്പം നിന്നവരും ഞാനും ചേര്‍ന്ന് ജില്ലാ കമ്മറ്റിയോട് പരാതി പറഞ്ഞിരുന്നു. ജില്ലാ കമ്മറ്റിയും ഞങ്ങളുടെ പരാതിയെ അവഗണിച്ചു. ജിനേഷിനെയും നിസാര്‍ മുഹമ്മദിനെയും കമ്മറ്റികളും മറ്റ് പരിപാടികളൊന്നും അറിയിക്കാതെയായി.
നിങ്ങള്‍ തന്നെ സ്വയം ഒഴിഞ്ഞു പോകുക എന്ന അവസ്ഥയിലേക്ക് ബോധപൂര്‍വ്വം എത്തിക്കുകയായിരുന്നോ ലക്ഷ്യം?
അനീതിയുടെ കൂടെ കമ്മറ്റികള്‍ നില്ക്കുമ്പോള് മാറി നില്‍ക്കണമെന്ന രീതി എന്റെ ഭാഗത്തു നിന്നുമുണ്ടായി. അതു കൊണ്ട് സംഘടനാപരമായി മാറിനില്‍ക്കാമെന്ന തീരുമാനത്തിലെത്തി. ജിനേഷും എനിക്കൊപ്പം നിന്നയാളാണ്. അദ്ദേഹത്തെയും ബ്ലോക്ക് കമ്മറ്റിയോഗം അറിയിക്കാതെയായി. അദ്ദേഹത്തെയും പാടെ മാറ്റി നിര്‍ത്തി. റിയാസും ജിനേഷും ബ്ലോക്ക് കമ്മറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായിരുന്നു. സെക്രട്ടറിയേറ്റില്‍ ഹാജര്‍ കുറവാണെന്നതില്‍ വിശദീകരണം ആവശ്യപ്പെട്ടു ഞങ്ങളോടെല്ലാം. അത് കൃത്യമായി പറയുകയും ചെയ്തു. മാറ്റി നിര്‍ത്തുകയാണ് മാറി നില്‍ക്കുകയല്ലെന്ന് തന്നെ വ്യക്തമാക്കി. എന്നാല്‍ റിയാസുദ്ദീനെ ഹാജര്‍ കുറഞ്ഞതിന്റെ പേരില്‍ വൈസ് പ്രസിഡന്റായി ഉയര്‍ത്തിയപ്പോള്‍ ജിനേഷിനെ തരംതാഴ്ത്തി. പികെ ശശിക്കൊപ്പം നിലകൊണ്ടു എന്നതാണ് റിയാസുദ്ദീന്‍ അവര്‍ കണ്ട ഗുണം. രണ്ട് തവണയാണ് റിയാസുദ്ദീനെ പ്രമോട്ട് ചെയ്തത്.
റിയാസുദ്ദീന്റെ പ്രമോഷനില്‍ പ്രാദേശിക ഡിവൈഎഫ്ഐ ഘടകം മുഴുവനും ഒപ്പം നിന്നോ?
അനീതിക്കെതിരേ പ്രതികരിച്ചവരുണ്ടായിരുന്നു. പക്ഷെ ശശിപക്ഷത്തിന് മേല്‍ക്കോയ്മ കിട്ടി. മണ്ണാര്‍ക്കാട് മാത്രമല്ല പാലക്കാട് ഡിവൈഎഫ്ഐ സംഘടന ശശി തന്നെയാണ് കണ്ട്രോള് ചെയ്യുന്നത്. ആര് നേതൃത്വത്തില്‍ വരണമെന്ന് തീരുമാനിക്കുന്നത് പികെ ശശി തന്നെയാണ് ഇപ്പോഴും.
എംബി രാജേഷിന്റെ നിലപാട്?
കോടിയേരിയും ശ്രീമതി ടീച്ചറുമല്ലാതെ ഈ വിഷയത്തില്‍ പരസ്യമായി ആരും നിലപാടെടുത്തിട്ടില്ല. അതു കൊണ്ട് അതിനെ കുറിച്ച് ഒന്നും പറയാനില്ല
കേരളത്തിലുടനീളമുള്ള പാര്‍ട്ടി അംഗങ്ങളില്‍ നിന്നും നേതൃത്വത്തില്‍ നിന്നുമുള്ള പിന്തുണ എത്രത്തോളം ഉണ്ടായിരുന്നു?
പാര്‍ട്ടിയുടെ രീതി അനുസരിച്ചാണ് പാര്‍ട്ടി പെരുമാറിയത്. പാര്‍ട്ടിയുടെ തീരുമാനമെന്തെന്ന് അറിയുന്നത് വരെ പരസ്യ പ്രതികരണമൊഴിവാക്കുക എന്ന സ്വാഭാവികമായ രീതിയാണ് അവരെല്ലാം അവലംബിച്ചത്. പാലക്കാട് മാത്രമാണ് ആ രീതിയില്‍ വ്യത്യാസമുണ്ടായിരുന്നത്. പാലക്കാട് മോശം തരത്തിലുള്ള പ്രചരണമായിരുന്നു. വലിയ രീതിയിലുള്ള വ്യക്തിഹത്യയുണ്ടായിരുന്നു. ഒരു പെണ്‍കുട്ടി പരാതി പറയുമ്പോള്‍ പുറകില്‍ ആരൊക്കെയോ ഉണ്ടെന്ന തലത്തില്‍ വരെ ചര്‍ച്ചകള്‍ പോയി. പെണ്‍കുട്ടിക്ക് സ്വന്തമായി നിലപാടെടുക്കാന്‍ കഴിവില്ല എന്ന ചിന്ത ഇപ്പോഴും ഇവരെല്ലാം വെച്ചു പുലര്‍ത്തുന്നതില്‍ വിഷമം തോന്നി. ഇത്രയും സ്വാധീനമുള്ള പാര്‍ട്ടി നേതാവിനെതിരേ ഒരു പെണ്‍കുട്ടിയും വ്യാജപരാതിയുമായി എത്താന്‍ ധൈര്യപ്പെടില്ല എന്ന് അവര്‍ ചിന്തിക്കുന്നില്ല.
പാര്‍ട്ടിക്കു വേണ്ടി പരാതി പിന്‍വലിക്കാന്‍ ആവശ്യമുണ്ടായിരുന്നോ?
പാര്‍ട്ടിക്കു വേണ്ടി പരാതി പിന്‍വലിക്കാന്‍ ആരും എന്നോട് ആവശ്യപ്പെട്ടില്ല. പക്ഷെ, പികെ ശശിക്ക് വേണ്ടി പരാതി പിന്‍വലിക്കാനാണ് പലരും ആവശ്യപ്പെട്ടത്. ഇപ്പോഴും ഞാന്‍ പറയുന്നു ഡിവൈഎഫ്ഐയോടല്ല എനിക്ക് വിയോജിപ്പ്. ഡിവൈഎഫ് ഐയുടെ ആശയങ്ങളോട് ചേര്‍ന്ന് നില്ക്കുന്നു. പ്രാദേശികമായി പാലക്കാട് ജില്ലാ നേതൃത്വവും മണ്ണാര്‍ക്കാട് ബ്ലോക്ക് നേതൃത്വവും ശശിക്കൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് ഞാന്‍ ഇതിന്റെ ഭാഗമാവാതെ നില്ക്കാന് കാരണം.
ആര്‍ക്കാണ് രാജി നല്‍കിയത്?
ഞാന്‍ പാര്‍ട്ടി അംഗമല്ല. അതിനാല്‍ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനാണ് രാജി നല്‍കിയത്.
പുനരാലോചിക്കണമെന്ന് പറഞ്ഞോ അതോ സന്തോഷത്തോടെ സ്വീകരിച്ചോ?
മാറ്റി നിര്‍ത്താന്‍ താതപര്യമുണ്ടായിരുന്നെങ്കില് ആ കുട്ടിയെ ഞങ്ങള്‍ കമ്മറ്റിയില്‍ വെക്കുമോ എന്ന നേതാക്കളുടെ ചോദ്യം പല ചര്‍ച്ചകളിലും കണ്ടു . അവര്‍ക്ക് വിവാദം ഇനിയും ഉണ്ടാകാന്‍ താതപര്യമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ തന്റെ രാജി അവര്‍ക്ക് പ്രയാസമുണ്ടാക്കി എന്നത് വസ്തുതയാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്. ആര്‍ക്കും വിവാദമുണ്ടാക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല.ഒരു പ്രവര്‍ത്തനത്തിലും എന്നെ പങ്കെടുപ്പിക്കാതെ തന്നെ ഒതുക്കി നിര്‍ത്തി വര്‍ഷങ്ങള്‍ തീര്‍ക്കുക എന്നതായിരുന്നു അവരുടെ അജണ്ട. ഇനിയും എനിക്ക് തുടരാന്‍ താത്പര്യമുണ്ടായിരുന്നില്ല.
പികെ ശശിക്ക് അനുകൂലമായി ആരെല്ലാമയിരുന്നു വിഷയത്തില്‍ നിലകൊണ്ടത്. പാര്‍ട്ടിയുടെ നിലപാട് എന്തായിരുന്നു?
ഡിവൈഎഫ്ഐ ജില്ലാ നേതൃത്വവും ബ്ലോക്ക് നേതൃത്വവും പികെ ശശിക്കൊപ്പമാണ് നിന്നത്. എന്നെ ഒരു നേതാവ് അക്രമിച്ചു എന്ന പരാതിയുമായി ഞാന്‍ മുന്നോട്ട് പോവുമ്പോള്‍ അന്നത്തെ ഡിവൈഎഫ് ഐയുടെ ജില്ലാ സെക്രട്ടറിയായ പ്രേംകുമാറും പ്രസിഡന്റ് ടിഎം ശശിയും പരാതിക്കാരിക്കെതിരേ സംസാരിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ അത് സംഭവിച്ചു. ജില്ലാ സെക്രട്ടറിയും പ്രസിഡന്റും പരാതി പിന്‍വലിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അതെനിക്ക് വിഷമമുണ്ടാക്കി.
പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് എന്ത് ന്യായമാണ് അവര്‍ നിരത്തിയത്?
പരാതിയുമായി മുന്നോട്ടു പോയാല്‍ ഒരു പാട് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നത് മുന്നറിയിപ്പു പോലെ അവര്‍ നല്കി. പരാതി നല്കിയാല് കൂടെ നില്ക്കാന് കഴിയില്ല. തള്ളിപ്പറയേണ്ടി വരും എന്ന രീതിയിലായിരുന്നു മുന്നറിയിപ്പ്.
ഡി വൈഎഫ്ഐ സംസ്ഥാന നേതൃത്വം ഇടപ്പെട്ടില്ലേ?
ഞാന്‍ പാര്‍ട്ടിക്കാണ് പരാതി നല്‍കിയത്. എന്നെ പിന്തിരിപ്പിക്കാന് ശ്രമിച്ച ജില്ലാ ഡിവൈഎഫ് നേതാക്കള്‍ പാര്‍ട്ടിക്കു വേണ്ടിയല്ല എന്നോട് പിന്‍വാങ്ങാന്‍ പറഞ്ഞത്. പകരം ശശി എന്ന വ്യക്തിക്കു വേണ്ടി മാത്രമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനു ഞാന്‍ പരാതി നല്‍കിയിരുന്നില്ല.
സംസ്ഥാന നേൃത്വത്തിന്റെ നിലപാട് ഈ വിഷയത്തില്‍ എന്തായിരുന്നു?
അവരുടെ പ്രതികരണങ്ങളില്‍നിന്ന് എനിക്ക് മനസ്സിലായത് അവര്‍ പാര്‍ട്ടി തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ്.
സ്വകാര്യമായി വിളിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നേതാക്കളുണ്ടായിരുന്നോ?
ജില്ലയിലെ ഒരു കൂട്ടം ആളുകള്‍ പികെ ശശിക്ക് ഒപ്പമുണ്ടായിരുന്നു എന്നേ ഉള്ളൂ. അതിനപ്പുറത്ത് ജില്ലയ്ക്ക് പുറത്തും അതിനകത്തും പാര്‍ട്ടി അനുഭാവികളും പാര്‍ട്ടി പ്രവര്‍ത്തകരും എനിക്കൊപ്പം നിന്നു. കുറച്ചാളുകൾ പികെ ശശിക്കനുകൂലമായി നിന്ന് എനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നത് വസ്തുതയാണ്. പാര്‍ട്ടിക്ക് എന്തെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി ആറ് മാസത്തോളം സസ്പെന്ഷന് ഇത്രയും വലിയ നേതാവിന് നല്കുമായിരുന്നില്ല.
ആജീവനാന്ത പുറത്താക്കലല്ലേ ആഗ്രഹിച്ചത്?
നമുക്ക് അങ്ങനെ ആഗ്രഹിക്കാനേ സാധിക്കൂ. എനിക്കനുകൂലമായി മൊഴി എടുക്കാന്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പാര്‍ട്ടി അന്വേഷണത്തിന്റെ കാലയളവില്‍ എനിക്കെതിരേ സംസാരിക്കാന്‍ പികെ ശശിയൂം കൂട്ടരും ഒരു കൂട്ടം ആളുകളെ സംഘടിപ്പിച്ചിരുന്നു. എന്നിട്ടും പാര്‍ട്ടി സത്യത്തിനൊപ്പമാണ് നിന്നത്. അയാള്‍ക്കനുകൂലമായ പ്രസ്താവന നല്കാന് ആള്ബലമുണ്ടായിട്ടും പാര്‍ട്ടി എനിക്കൊപ്പമാണ് നിന്നത്. അത് വലിയ കാര്യമായി തന്നെയാണ് ഞാന്‍ കാണുന്നത്.
പാര്‍ട്ടിയെ നടന്ന വസ്തുതകള്‍ എനിക്ക് ബോധ്യപ്പെടുത്താന്‍ സാധിച്ചു എന്ന് തന്നെയാണ് എന്റെയും വിശ്വാസം. അപ്പോഴും പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ എനിക്ക് വിശ്വാസമില്ല. അങ്ങനെ ഒരു റിപ്പോര്‍ട്ടിന്റെ പുറത്ത് പാര്‍ട്ടി എനിക്കനുകൂലമായി നടപടി എടുക്കുമെന്നും ഞാന്‍ കരുതുന്നില്ല. ആ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ എന്നെ പ്രതിരോധിക്കുന്ന കാര്യങ്ങളായിരുന്നു കൂടുതല്‍.
ഇരയെന്ന ലേബലില്‍ അറിയപ്പെടേണ്ടി വരുന്നത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ?
എന്റെ പേര് ***** എന്നാണ്. അതങ്ങനെ കൊടുക്കാം. ശശിയുടെപേരിലാണറിയപ്പെടുന്നത്. എന്റെ പേര് പറയുമ്പോള്‍ ശശിയുടെ പേരും ഇനിഷ്യല്‍ പോലെ വരികയാണ്. അതെനിക്ക് വേണ്ട.
പരാതി വൈകാന്‍ കാരണമെന്താണ്?
സംഭവത്തിനു ശേഷവും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ആഗ്രഹിക്കാത്ത രീതിയിലുള്ള അപവാദ പ്രചാരണങ്ങളുണ്ടാവുകയും ചെയ്തു. അങ്ങനെ ടോര്‍ച്ചറിങ്ങുകള്‍ ഉണ്ടായ ശേഷമാണ് പരാതിയിലേക്ക് എത്തിയത്. ഇല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ ഇരയാക്കപ്പെടുമെന്ന് തോന്നി. അധികാരമുള്ള പുരഷന്, നേതാവ് എന്നതെല്ലാം പരാതി വൈകാന്‍ കാരണമായി. ലൈംഗികാക്രമണമാണ്, പരാതി നല്കിയാല് റേപ് വിക്ടിം എന്ന രീതിയിലാണ് ആളുകള്‍ കാണുക. പരാതി നല്കിയ ശേഷമുള്ള ജീവിതം ദുര്‍ഘടമാണ്. ഇതെല്ലാം വൈകാൻ കാരണമായി.
അപ്രോച്ചിനെ എതിര്‍ത്തത് അദ്ദേഹത്തെ പോലൊരു നേതാവിനെ ഭയപ്പെടുത്തി. പെണ്‍കുട്ടി പരാതി നല്കുന്നതിനു മുമ്പു തന്നെ അപവാദ പ്രചാരണമുണ്ടാവുകയാമെങ്കില് പരാതിക്കാരിയുടെ പരാതിയുടെ വിശ്വാസ്യത കുറയുമെന്ന് കരുതിയിട്ടുണ്ടാവുമോ?
അതെ. പാര്‍ട്ടി നേതൃത്വം നല്ല നിലപാടെടുത്തതു കൊണ്ട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി മറുപടി പറയാൻ താല്പര്യമില്ല
തീവ്രത കുറഞ്ഞ അബ്യൂസ് ആണെന്ന കമ്മീഷനംഗത്തിന്റെ പ്രസ്താവന വേദനിപ്പിച്ചിരുന്നോ?
അത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ല. വിഷമിപ്പിച്ചു എന്നുള്ളത് വസ്തുതയാണ്. റേപ് ജോക്സ് പോലെ അത് ആഘോഷിക്കപ്പെട്ടു. അതിക്രമം നിസ്സാരവത്കരിക്കപ്പെടുന്ന രീതിയിലേക്ക് ട്രോളുകള്‍ വരെയുണ്ടായി. അതെല്ലാം വിഷമിപ്പിച്ചു.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍നിന്നോ ദേശീയ നേതൃത്വത്തില്‍നിന്നോ ഐക്യദാര്‍ഢ്യം ലഭിച്ചിരുന്നോ? ആരെങ്കിലും പിന്തുണച്ചിരുന്നോ?
മുഖ്യമന്ത്രി പിണറായി വിജയന് കൃത്യമായ നിലപാടാണെടുത്തത്. അദ്ദേഹമെടുത്ത നിലപാട് ഒരു പക്ഷെ മാധ്യമങ്ങള്‍ക്കൊന്നും അറിവുണ്ടാവില്ലായിരിക്കും. അദ്ദേഹം നല്ല പിന്തുണയാണ് നല്‍കിയത്. സ്ത്രീപക്ഷത്ത് നിന്നുള്ള നിലപാടാണെടുത്തത്. യെച്ചൂരി സഖാവും നല്ല പിന്തുണ തന്നു. ഇവരെ രണ്ട് പേരെ കൂടാതെ വി.എസും നല്ല സ്റ്റാന്റെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിരുന്നോ?
അതേകുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. പികെ ശശി വിഷയത്തില്‍ പാര്‍ട്ടി ക്രൂശിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയുടെ മുഖമായ പിണറായി സഖാവും ക്രൂശിക്കപ്പെടുന്നു. കൃത്യമായ കാര്യങ്ങള്‍ പറയാന്‍ എനിക്ക് നിവൃത്തിയില്ല. മാധ്യമങ്ങളൊന്നും ആഘോഷിക്കാത്ത നിലപാട് മുഖ്യമന്ത്രി പിണറായി വിജയനെടുത്തു എന്നേ എനിക്കിപ്പോള്‍ പറയാന്‍ കഴിയൂ. മാധ്യമങ്ങള്‍ ആഘോഷിക്കാത്ത മുഖം അദ്ദേഹത്തിനുണ്ട്. അതെന്റെ വിഷയത്തില്‍ എനിക്ക് ബോധ്യപ്പെട്ടതാണ്. അദ്ദേഹമൊപ്പമുള്ളത് വലിയ ബലവും ശക്തിയുമായിരുന്നു.
പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരല്ലേ താങ്കളെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ആളുകള്‍ തിരിച്ചറിയുന്നത് അലോസരപ്പെടുത്തിയിരുന്നോ?
സംഭവം അറിഞ്ഞതോടെ വാട്സാപ്പിലൂടെ എന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. പാലക്കാട്ടെ ഒരു വലിയ സമൂഹം എന്ന തിരിച്ചറിയുന്നുണ്ട്.
ഈ പോരാട്ടയാത്രയില്‍ വിജയിച്ചു എന്നു തന്നയെയാണോ വിലയിരുത്തല്‍?
ഞാന്‍ അപമാനിക്കപ്പെട്ടു എന്നത് സ്വകാര്യമായ എന്റെ ദുഃഖമായി ഒതുങ്ങാതെ അത് ചര്‍ച്ച ചെയ്യപ്പെട്ടു. ഞാൻ ആരോപണമുന്നയിച്ചയാൾ തെറ്റുകാരനെന്ന് പാര്‍ട്ടി വരെ പറഞ്ഞു. ഒരു പാട് പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും ഭാവിയില്‍ രാഷ്ട്രീയ ഇടങ്ങളില്‍ പല സ്ത്രീകള്‍ക്കും പരാതിയുമായി രംഗത്ത് വരാന്‍ പ്രചോദനമാവുമെന്ന് ഞാന്‍ കരുതുന്നു. അധികാരം ഉള്ളിടത്ത് വിധേയത്വം ഉണ്ടാകുമെന്ന ധാരണയില്‍ അതിക്രമങ്ങള്‍ ഉണ്ടാവാറുണ്ട്. പല സ്ത്രീകളും പ്രതികരിക്കാന്‍ കഴിയാതെ പോവും. പക്ഷെ ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നതോടെ പദവിയിലിക്കുന്നയാള്ക്ക് ഭയമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇനി മുന്നോട്ട്?
സംഘനയില്നിന്നോ പാര്‍ട്ടിയില്‍നിന്നോ അല്ല രാജിവെച്ചത്. ഏല്പിച്ച ചുമതലകളില്‍നിന്നാണ് എന്റെ രാജി. സമീപനം കൊണ്ട് മാത്രമാണ് രാജിവെച്ചത്. ആശയങ്ങളിലോ പാര്‍ട്ടിയോടുള്ള വിയോജിപ്പോ കൊണ്ടല്ല. അഭിഭാഷകയായി പ്രാക്ടീസിങ് തുടരും
(പെൺകുട്ടി പേര് വെളിപ്പെടുത്താൻ തയ്യാറാണെങ്കിലും നിയമപരമായ പരിമിതികളുള്ളതിനാൽ പ്രസിദ്ധീകരിക്കുന്നില്ല)
content highlights: PK Sasi abuse victim praises Pinarayi Vijayan- interview