തി സുന്ദരമാണ് നാസിക്. മുംബൈയില്‍ നിന്ന് പശ്ചിമഘട്ട മലനിരകളിലൂടെ കയറിപ്പോകണം. കിലോമീറ്ററുകളുടെ ഇടവേളകളില്‍ ഒറ്റപ്പെട്ട വീടുകളും ചില ചായക്കടകളും മാത്രം കാണാം. ബാക്കി പുല്‍മേടുകളും വന പ്രദേശവുമാണ്. നാസിക് എത്താനായാല്‍ കൃഷിയിടങ്ങള്‍ കണ്ട് തുടങ്ങും. കരിമ്പ്,തക്കാളി, ഉള്ളി, ചോളം, നിലക്കടല എല്ലാം കാണാം വഴിയോരത്ത്. മുന്തിരി വള്ളികളാണ് മറ്റൊരു ആകര്‍ഷണം. ഇപ്പോള്‍ പക്ഷേ മുന്തിരി പൂക്കുന്ന കാലമല്ല. വിളവെടുപ്പ് കഴിഞ്ഞ് വീണ്ടും തളിര്‍ത്തു വരുന്നു, വള്ളികള്‍. കട്ടിക്കറുപ്പുള്ള മണ്ണ് കൃഷിക്ക് യോജിച്ചതാണ്. കടുത്ത വേനലും അതിവര്‍ഷവുമെല്ലാം മാറി മാറി വരാറുണ്ടെങ്കിലും ഇവിടുത്തുകാര്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തന്നെ.

തകര്‍ന്ന റോഡുകള്‍ താണ്ടി മുന്നോട്ടു പോകാന്‍ കുറച്ചേറെ ബുദ്ധിമുട്ടാണ്. കാളവണ്ടികള്‍ പലകുറി കടന്നു പോയി. തിരഞ്ഞെടുപ്പാണെങ്കിലും ആരവങ്ങളൊന്നും എവിടെയുമില്ല. ചെറിയ കവലകള്‍ കഴിഞ്ഞാല്‍ കിലോ മീറ്ററുകള്‍ താണ്ടുന്ന വയലുകള്‍. കരിമ്പിന്റെ അതിരില്‍ തക്കാളി, അതിന്റെ അതിരില്‍ ചോളം, കാഴ്ചയുടെ അറ്റം വരെ പച്ചപ്പ്.

അംബാനീര്‍ സാക്പാട് എന്ന ഗ്രാമം. നാസിക്കില്‍ നിന്ന് ഗുജറാത്തിലേക്കുള്ള റോഡിലൂടെ ഏതാണ്ട് 34 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ഗ്രാമത്തിലെത്താം. അന്ന് മുംബൈയിലേക്ക് കാല്‍നടയായി മുദ്രാവാക്യവും വിളിച്ച് പോയ കര്‍ഷകരെ കാണാനാണ് ഈ ഗ്രാമത്തിലെത്തിയത്. നാലുപാടുമുള്ള കാഴ്ചകള്‍ക്ക് വ്യത്യാസമില്ല. എല്ലായിടത്തും കൃഷി തന്നെ. മണ്‍പാത കുറച്ചേറെ താണ്ടി, ഇലകള്‍ നന്നേ കുറവായ ഒരു മരത്തിന് നാലുപാടും ചെറിയ തറ കെട്ടിവെച്ചിട്ടുണ്ട് ഗ്രാമീണര്‍. അവരവിടെയിരുന്നാണ് സന്തോഷവും സ്നേഹവും ആശങ്കയുമെല്ലാം പങ്കിടാറ്. അതേ തറയോരത്ത് ഗ്രാമീണരൊത്ത് കൂടി. നമ്മെ ഊട്ടുന്ന മനുഷ്യര്‍ ജീവിത പ്രയാസങ്ങള്‍ പറഞ്ഞു തുടങ്ങി.

Nasik'' ഞങ്ങളെല്ലാവരും അന്ന് സമരത്തിന് പോയിരുന്നു. കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് നടന്നാണ് പോയത്. സര്‍ക്കാർ എല്ലാം ചെയ്ത് തരാമെന്ന് പറഞ്ഞതാണ്. പക്ഷേ ഒന്നും നടന്നിട്ടില്ല. ലോണെങ്കിലും എഴുതിത്തള്ളിയാ മതിയായിരുന്നു''

ഒന്നും നടന്നില്ലേ?

'' കുറച്ചാള്‍ക്ക് 20 സെന്റ് വീതം ഭൂമി കൊടുത്തു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല. ഞങ്ങള്‍ക്ക് അറിയാവുന്നവര്‍ക്കും കിട്ടിയിട്ടില്ല.''

അപ്പൊ ഇനിയും സമരം ചെയ്യേണ്ടി വരുമോ?

Nasik''ഇങ്ങനെയാണേല്‍ ഞങ്ങളിനിയും മുംബൈയിലേക്ക് പോകേണ്ടി വരും. അല്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇക്കാണുന്ന ഭൂമിയിലൊക്കെയാണ് ഞങ്ങള് കൃഷി ചെയ്യുന്നത്. പക്ഷേ ഈ ഭൂമിയൊന്നും ഞങ്ങളുടേതല്ല. സര്‍ക്കാരിന്റേതാണ്. ഇവിടെ കൃഷി ചെയ്ത് വല്ല വെള്ളപ്പൊക്കമോ വരള്‍ച്ചയോ വന്നാല്‍ കൃഷിയാകെ നശിച്ച് പോകും. കടം വാങ്ങിയ പൈസയൊക്കെ തിരിച്ച് കൊടുക്കാന്‍ പറ്റാണ്ടാവും. സര്‍ക്കാർ സഹായം പ്രഖ്യാപിക്കാറുണ്ട്. പക്ഷേ ഭൂമിയുടെ രേഖ ഹാജരാക്കാന്‍ കഴിയാത്ത ഞങ്ങള്‍ ആദിവാസികള്‍ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് പണം തരിക. ഞങ്ങള്‍ സ്വന്തമായി ഇടമില്ലാത്തവരാണ്. പക്ഷേ ഞങ്ങള്‍ക്ക് ജീവിക്കണ്ടേ? മക്കളെ വളര്‍ത്തണ്ടേ? ഞങ്ങള്‍ ജീവിക്കുന്ന ഈ ദുരിതങ്ങളില്‍ നിന്ന് അവരെയെങ്കിലും രക്ഷിക്കണ്ടേ? അതിന് ഞങ്ങളെ കൈപിടിച്ചുയര്‍ത്തണ്ടേ? ''

കര്‍ഷകരുടെ അഥവ നാസിക്കിലെ ആദിവാസികളുടെ ചോദ്യം കൃത്യമാണ്. വയലിലേക്ക് വെള്ളമെടുത്ത വകയില്‍ കരണ്ട് ചാര്‍ജ്ജായി ലക്ഷങ്ങള്‍ കൊടുക്കാനുള്ള കര്‍ഷകരുണ്ട്. ബാങ്കില്‍ ലോണടയ്ക്കാന്‍ കഴിയാതെയിരിക്കുന്നവര്‍. തൊഴിലില്ലാത്തവര്‍. കാഴ്ചകള്‍, ജീവിതങ്ങള്‍ പലതാണ് നാസിക്കില്‍.

ടാര്‍ റോഡ്, സ്ഥിരമായി ഡോക്ടറുണ്ടാവുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം, നന്നായി പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍, കാട്ടു മൃഗങ്ങളേയും മഴയേയുമെല്ലാം പേടിക്കാതെ കിടന്നുറങ്ങാനും ജീവിക്കാനും കഴിയുന്ന വീട്. കുടിവെള്ളം. ഇതെല്ലാം ഈ ഗ്രാമത്തിലുള്ളവരുടെ സ്വപ്നമാണ്. ഈ സ്വപ്നത്തിനെല്ലാം മുകളില്‍ വാളോങ്ങി നില്‍ക്കുന്നത് ബാങ്ക് ജീവനക്കാരാണ്. കടം അത്രയധികം കുന്നുകൂടുന്നു ഇവിടുത്തെ വയലുകളില്‍.

വിഷം നുരയുന്നു വയലുകളില്‍

ഗ്രാമീണര്‍ ഒത്തുകൂടിയിരിക്കുന്ന മരത്തറയ്ക്ക് തൊട്ടടുത്താണ് കമലാഭായ് താമസിക്കുന്നത്. 18 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഭഗവാന്‍ ആത്മഹത്യ ചെയ്തു. കര്‍ഷകനായിരുന്നു. കടംകയറിയതോടെ, ദാരിദ്രമകറ്റാന്‍ മറ്റൊരു മാര്‍ഗ്ഗവും മുന്നിലില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മരണത്തില്‍ അഭയം പ്രാപിച്ചതാണ്. ഇദ്ദേഹത്തിന്റെ സഹോദരനും സഹോദരന്റെ 23 വയസ്സുകാരന്‍ മകനും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ പട്ടികയില്‍പെട്ടവരാണ്. എല്ലാത്തിന്റേയും കാരണം കടം. കൃഷി ചെയ്യാന്‍ വേണ്ടി ബാങ്കില്‍ നിന്നെടുത്ത കടം വീട്ടാന്‍ കഴിയാതെ ജീവിതം അവസാനിപ്പിച്ചവര്‍. ഭഗവാന്റെ മരണശേഷമുള്ള ജീവിതത്തേക്കുറിച്ചെല്ലാം കമലാ ഭായ് കുറേ സമയമിരുന്നു പറഞ്ഞു. വയലിലെ പൊരിവെയിലില്‍ കളപറിച്ചെറിഞ്ഞ കാലങ്ങള്‍ കനലാണ്. ഇന്നും തുടരുകയാണത്. ഇപ്പോള്‍ നൂറ് രൂപയാണ് കൂലി. ആഴ്ചയില്‍ നാല് ദിവസം പണിയുണ്ടായാല്‍ ഭാഗ്യം. കമലാ ഭായ്ക്ക് മാത്രമല്ല. കര്‍ഷകത്തൊഴിലാളികളായ ഇവിടുത്തുകാര്‍ക്കെല്ലാം നൂറ് രൂപയാണ് ദിവസക്കൂലി. കൃഷി നശിച്ചാല്‍ കൂലിപ്പണിയ്ക്ക് പോയിപ്പോലും ബാങ്കിലെ കടം വീട്ടാന്‍ കഴിയില്ല. എന്തിന് നിത്യച്ചിലവ് പോലും പലപ്പോഴും നടക്കാറില്ല. ആദിവാസികള്‍ വലിയ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ ഈ വഴിക്കൊന്നും നേതാക്കള്‍ ഏറെയും വരാറുമില്ല.

Nasikമുതലെടുപ്പുകാരുടെ വിളനിലങ്ങള്‍

സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കാത്തതിനാല്‍ ബുദ്ധിമുട്ടുന്ന ഒന്നോ രണ്ടോ കര്‍ഷകരെ കൂടി കണ്ടാല്‍ നന്നാവും എന്ന് കരുതിയതിനാലാണ് വഴികാട്ടിയായ കൈലാഷിനോട് അക്കാര്യം ആവശ്യപ്പെട്ടത്. കാടിനോട് ചേര്‍ന്ന സ്ഥലത്തേക്ക് പോകാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രശ്നം വണ്ടി പോകില്ല. രണ്ട് കിലോ മീറ്ററോളം നടക്കണം. ശരി നടക്കാമെന്ന് മറുപടി പറഞ്ഞു. അങ്ങനെയെങ്കില്‍ എന്റെ വീട്ടിലേക്ക് പോകാം ഞാനും കുടുംബവും ഭൂമിക്ക പട്ടയം കിട്ടാതെ ബുദ്ധിമുട്ടുകയാണ് എന്ന് പറഞ്ഞ് ഒരാള്‍ ഒപ്പം ചേര്‍ന്നു. അഞ്ചടിയോളം പൊക്കമുള്ള, ആ ഗ്രാമത്തിലെ എല്ലാവരേയും പോലെ വെള്ള വസ്ത്രം ധരിച്ച ഒത്ത തടിയുള്ള ഒരു മനുഷ്യന്‍. അറുപത്തഞ്ച് വയസ്സ് പ്രായം തോന്നിക്കും. നടത്തം തുടങ്ങി. പരന്ന് കിടക്കുന്ന ഒരു പുല്‍മേടാണ് ആദ്യം പിന്നിട്ടത്. ഒരു തോട് ഒഴുകുന്നു. പാലം കടന്നപ്പോള്‍ കൃഷിയിടം തുടങ്ങി. മുന്തിരിയാണ് കൂടുതല്‍. തക്കാളിയും നിലക്കടലയുമെല്ലാമുണ്ട്. ചോളവും. ചെമ്മണ്‍പാതയുടെ ഒരു വശത്ത് പൂര്‍ണമായും കൃഷി. മറുവശത്ത് ചെറിയ കുടിലുകളുണ്ട്. നാലെണ്ണം. ഇതിലേതെങ്കിലുമാകും ആ മനുഷ്യന്റെ താമസസ്ഥലം എന്ന് കരുതി. പക്ഷേ അതല്ല. കുറച്ചുകൂടി നടന്നപ്പോള്‍ വലിയ മുന്തിരപ്പാടത്തിനകത്തേക്ക് എത്തി. രണ്ട് ഭാഗത്തും വലിയ ട്രാക്റ്ററില്‍ യുവാക്കള്‍ മരുന്ന് തളിക്കുകയാണ്. തളിരില്‍ പ്രാണികള്‍ വരാതിരിക്കാനുള്ള പ്രയോഗമാണ്. മുന്തിരിത്തോട്ടത്തിന് നടുവിലുള്ള ആ ഗ്രാമത്തിലെ ഏറ്റവും വലിയ വീടിനു മുന്നില്‍ ഞങ്ങളെ നിര്‍ത്തി അയാള്‍ വീടിനകത്തേക്ക് കയറിപ്പോയി. മൂന്ന് കസേരയുമായി പുറത്തേക്ക് വന്നു.

എന്താണ് കര്‍ഷകന്‍ എന്ന നിലയില്‍ നിങ്ങള്‍ നേരിടുന്ന പ്രശ്നം എന്നതായിരുന്നു എന്റെ ചോദ്യം.

'' സര്‍ക്കാര്‍ സഹായമൊന്നും കിട്ടുന്നില്ല''

എന്ത് സഹായമാണ് വേണ്ടത്?

'' കടം എഴുതിത്തള്ളണം''

എത്ര രൂപയുണ്ട്?

എട്ട് ലക്ഷം

നിങ്ങള്‍ക്ക് എത്ര ഭൂമി സ്വന്തമായുണ്ട്?

''11 ഏക്കര്‍''

മക്കളൊക്കെ?

''അവരതാ മുന്തിരിത്തോട്ടത്തില്‍.''

രാം ദാസെന്ന ഇയാളുടെ മുന്തിരിത്തോട്ടം കണ്ടാലറിയാം അടുത്ത കാലത്തൊന്നും വലിയ ബുദ്ധിമുട്ടുകളെ നേരിട്ടിട്ടില്ല എന്ന്. പക്ഷേ ഇത്ര വലിയ ഭൂവുടമയായ ഈ മനുഷ്യന്‍ ലോണെടുത്തിട്ട് അത് തിരിച്ചടയ്ക്കാതെ സര്‍ക്കാര്‍ എഴുതിത്തള്ളുന്നതും കാത്തിരിക്കുകയാണ്. കര്‍ഷകനല്ലെ, ആനുകൂല്യങ്ങള്‍ കിട്ടിക്കോട്ടെ എന്ന് പോലും കരുതാനാവില്ല. ആ നാട്ടിലെ പ്രധാന ഭൂവുടമയാണയാള്‍. രണ്ട് കിലോമീറ്ററപ്പുറത്ത്, ഇതേ ഗ്രാമത്തില്‍ ഒരു സെന്റ് പോലും ഭൂമി സ്വന്തമായില്ലാതെ, വീടും തൊഴിലുമൊന്നുമില്ലാതെ മനുഷ്യര്‍ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളെ നേരിടുമ്പോഴാണ് ഇയാളെപ്പോലുള്ള മുതലെടുപ്പുകാര്‍ കളം വാഴുന്നത്. കര്‍ഷകന്റെ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍, അത് പരിഹാരങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഇതു പോലുള്ള കള്ളനാണയങ്ങളും മുതലെടുപ്പ് നടത്തുന്നുണ്ട് ഗ്രാമങ്ങളില്‍.

Nasikഉള്ളിക്കര്‍ഷകര്‍ക്ക് പൊള്ളുന്നുണ്ട്

ഈ യാത്രയ്ക്കിടെയാണ് ഉള്ളിക്കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ വാര്‍ത്ത പുറത്ത് വന്നത്. ഉള്ളിക്കര്‍ഷകര്‍ ഏറെയുള്ള സ്ഥലമാണ് നാസിക്. നാസിക് നഗരകേന്ദ്രത്തില്‍ നിന്ന് 54 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ലാസല്‍ഗാവിലെത്താം. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റുകളിലൊന്നാണ് ലാസല്‍ഗാവിലേത്. കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തില്‍ കര്‍ഷകര്‍ക്ക് എന്തായിരിക്കും പറയാനുണ്ടാവുക എന്ന് നോക്കാനാണ് ലാസല്‍ഗാവിലെത്തിയത്. ഇവിടെ എല്ലാം നിശ്ചലം. നൂറ് കണക്കിന് ലോഡ് ഉള്ളി മാര്‍ക്കറ്റിലുണ്ട്. അതിന്റെ ഉടമകളുമുണ്ട്. പക്ഷേ ആരും ഉള്ളി വില്‍ക്കുന്നില്ല. ഉള്ളി കിലോയ്ക്ക് 25 രൂപ കര്‍ഷകന് കിട്ടിത്തുടങ്ങിയപ്പോഴാണ് സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. അതൊടെ വില കുറഞ്ഞു. മാത്രവുമല്ല 500 ക്വിന്റെലില്‍ കൂടുതല്‍ ഉള്ളി ആര്‍ക്കും വില്‍ക്കരുത് എന്നും നിര്‍ദേശിച്ചു.  ഇങ്ങനെയെങ്കില്‍ ഉള്ളി വില്‍ക്കുന്നില്ല എന്ന് കര്‍ഷകര്‍ തീരുമാനിച്ചു. ക്യാമറയും മൈക്കുമായി മാര്‍ക്കറ്റിലേക്ക് കയറിയ ഞങ്ങളോട് കര്‍ഷകരോരോരുത്തരായി വന്ന് കാര്യങ്ങള്‍ വിശദീകരിച്ചു. പിന്നീട് അതൊരു കൂട്ടമായി. ചിലര്‍ ക്ഷോഭിച്ചു. ചിലര്‍ കണക്കുകളും കാര്യങ്ങളും കൃത്യമായി വിശദീകരിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ആ സംഭാഷണങ്ങളെ അവരുടെ ഒറ്റച്ചോദ്യത്തില്‍ ഇങ്ങനെ ചുരുക്കാം. ''ഒരു കിലോ ഉള്ളിയ്ക്ക് ഞങ്ങള്‍ക്ക് അഞ്ച് രൂപ മാത്രം കിട്ടിയ കാലത്ത് ഒരു സര്‍ക്കാരും വന്നില്ലല്ലൊ? ഇപ്പൊ 25 രൂപ കിട്ടിത്തുടങ്ങിയപ്പൊ ഇടപെടുന്നു. ഞങ്ങളെ ജീവിക്കാന്‍ സമ്മതിക്കാതെ.''

'' ഇവരെല്ലാം വേഗത്തിലാണ് തീരുമാനിക്കുക. നോട്ട് നിരോധനം പോലെ. കോണ്‍ഗ്രസായപ്പൊ ഞങ്ങളെയൊക്കെ കേള്‍ക്കുമായിരുന്നു. ഇതിനെല്ലാം മറുപടി തിരഞ്ഞെടുപ്പില്‍ കൊടുക്കും.'' നിധിന്‍ ദേശായിയാണ് ഇങ്ങനെ പറഞ്ഞത്.

Nasikലാസല്‍ഗാവില്‍ നിന്ന് തിരിച്ച് വരുന്ന വഴിയിലാകെ കരിമ്പ് തോട്ടമാണ്. കുറേയേറെ സഞ്ചരിച്ചപ്പോഴാണ് കരിമ്പ് വെട്ടിയെടുക്കുന്ന സ്ഥലം കണ്ടത്. അവിടെയിറങ്ങി. കര്‍ഷകന്‍ അവിടെയുണ്ട്. തൊഴിലാളികള്‍ കരിമ്പ് വെട്ടുന്നു. ജ്യൂസിനായി വണ്ടിയില്‍ കയറ്റിക്കൊണ്ടിരിക്കുന്ന കരിമ്പില്‍ നിന്ന് ഒന്നെടുത്ത് മൂന്നായി വെട്ടി ഞങ്ങള്‍ക്കു തന്നു. ഗംഗാധര്‍ പറഞ്ഞു തുടങ്ങി, ''മുന്‍പ് കരിമ്പ് സംഭരിക്കാന്‍ സര്‍ക്കാരിന്റെ സംഭരണശാലകളുണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏതാണ്ടെല്ലാം പൂട്ടി. ഇപ്പോള്‍ വിപണി നമ്മള്‍ തന്നെ കണ്ടെത്തണം. ബാങ്കില്‍ ഒരിടപാടിനും ഞങ്ങള് നില്‍ക്കാറില്ല. എപ്പഴാണ് പണികിട്ടുക എന്ന് പറയാന്‍ പറ്റില്ലല്ലൊ. നോട്ട് നിരോധനം ഓര്‍മ്മയില്ലേ? പിഎംസി ബാങ്കിലെ നിക്ഷേപകരുടെ കാര്യം ആലോചിച്ച് നോക്കും. പക്ഷേ എന്ത് ചെയ്യാന, കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ടും കാര്യമില്ല അവരൊക്കെ നിരനിരയായി ബിജെപിയിലേക്ക് പോകുകയല്ലേ?''

കുറച്ച് കൂടി മൂന്നോട്ട് പോയാണ് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയത്.
ഗ്രാമങ്ങള്‍ പലതും അരപ്പട്ടിണിയിലാണ്. നല്ല ഭക്ഷണം, നല്ല വിദ്യഭ്യാസം, നല്ല പാര്‍പ്പിടം, നല്ല വസ്ത്രം. ഈ അടിസ്ഥാന ആവശ്യങ്ങള്‍ മനുഷ്യന് അന്യമാണ് ഗ്രാമങ്ങളില്‍. പക്ഷേ അതിനെയെല്ലാം മറികടക്കാനുതകുന്ന ജാതി,മത വേര്‍തിരിവുകള്‍ ആവശ്യത്തിലധികം. ഉച്ചഭക്ഷണത്തിന് മുന്നിലിരുന്നാണ് ഞങ്ങളുടെ വഴികാട്ടി കൈലാഷ് ചോദിച്ചത്
''നിങ്ങടെ അവിടെയൊക്കെ എങ്ങനെയാ? ജാതിപ്രശ്നമുണ്ടോ?''

കുറച്ചൊക്കെ

''ഇവിടെ പല ജാതിക്കാര്‍ക്ക് ഇങ്ങനെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ല, വലിയ പ്രശ്നമാണ്.''

content highlights: nashik farmers telling their story