'പെണ്‍പിള്ളേര് വലിയ പഠിപ്പ് പഠിച്ചിട്ടൊന്നും വലിയ കാര്യം ഇല്ല', 'പഠിച്ചിറങ്ങുമ്പോളെക്കും ജോലി കിട്ടിയ ചില പെണ്ണുങ്ങള്‍ക്ക് കൊമ്പത്തെ അഹങ്കാരം ആയിരിക്കും', 'അവളുടെ ഭര്‍ത്താവ് വലിയ നിലയിലാ അത് കൊണ്ട് ജോലിക്ക് ഒന്നും ഇത്ര കഷ്ടപ്പെട്ട് നോക്കണ്ട ആവശ്യം ഇല്ല'...

കഴിഞ്ഞ പത്തു കൊല്ലങ്ങളായി പല ടോണില്‍ പല ഭാഷയില്‍ പലരില്‍ നിന്നായി ഞാന്‍ കേള്‍ക്കുന്ന ഡയലോഗുകളാണിത്. എന്റെ പേര് ഷെറിന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്തുന്ന എം സി ജെ എന്‍ട്രന്‍സ് മെറിറ്റില്‍ പാസായാണ് പി ജി ക്ക് ജേര്‍ണലിസം കോഴ്സിന് സീറ്റ് നേടുന്നത്. നല്ല മാര്‍ക്ക് വാങ്ങി ജയിച്ച് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു അച്ചടിമാധ്യമത്തിലെ സബ് എഡിറ്റര്‍ ആയി ജോലി ചെയുമ്പോള്‍ ആയിരുന്നു വിവാഹം. ഭര്‍ത്താവ് ദുബായില്‍ ആയത് കൊണ്ട് വിവാഹം ശേഷം ഞാനും പ്രവാസിയായി.

വിവാഹ കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരു മലയാളം ചാനലില്‍ ജോലി ലഭിച്ചു. അവര്‍  ജോലിയില്‍ ചേരാന്‍ പറഞ്ഞ ദിവസത്തിന് മുന്‍പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോളാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.. ഗര്‍ഭിണിയായ ഒരുത്തിക്ക് വേറെ ജോലി ആവശ്യമില്ലെന്ന് ആ ചാനലും പിന്നെ അപേക്ഷ അയച്ച കമ്പനികള്‍ എല്ലാം തന്നെയും ഇന്റര്‍വ്യൂ സമയത്ത് വ്യക്തമാക്കി.

ഒരു കുഞ്ഞുജീവനേക്കാള്‍ വലുതല്ല ജോലിയും പ്രൊഫഷണല്‍ വളര്‍ച്ചയും എന്ന് ഉത്തമ വിശ്വാസം ഉള്ളത് കൊണ്ട്..നല്ലൊരു മകന് ജന്മം നല്‍കാന്‍ സാധിച്ചു..കുഞ്ഞിന് മുലയൂട്ടണം എന്ന നിര്‍ബന്ധബുദ്ധിയായ അമ്മ ആയത് കൊണ്ട് കുഞ്ഞിന് ഒരു വയസ് ആവുന്നത് വരെ ജോലിക്ക് ശ്രമിച്ചില്ല. പക്ഷെ എന്റെ കുഞ്ഞിനോളം തന്നെ പ്രിയപ്പെട്ടതായിരുന്നു എന്റെ പ്രൊഫെഷനും എന്നത് കൊണ്ട് വീണ്ടും ജോലിക്കുള്ള ശ്രമം തുടങ്ങി. ഇന്റര്‍വ്യൂ നല്ല നിലയില്‍ അറ്റന്‍ഡ് ചെയ്തിട്ടും ആദ്യത്തെ ശ്രമം റെഫര്‍ ചെയ്യാന്‍ ആളില്ലാത്തതിനാലും  രണ്ടാമത്തേത് ഡ്രൈവിംഗ് ലൈസെന്‍സ് ഇല്ലാത്തതിനാലും പരാജയപെട്ടു..

കണ്ണില്‍ നിന്ന് വെള്ളം വരാതെയും കരച്ചില്‍ വരുമെന്ന് അന്നെനിക്ക് മനസിലായി 

മൂന്നാമൂഴം ഒരു എഫ് എം റേഡിയോയില്‍ ആയിരുന്നു. അതോര്‍ക്കുമ്പോള്‍ ഇന്നുമെന്റെ നെഞ്ചില്‍ വിങ്ങല്‍ അനുഭവപ്പെടും. ഒന്നാം വട്ട അഭിമുഖം കഴിഞ്ഞു രണ്ടാം വട്ടം ഓഡിഷന് വേണ്ടി വാര്‍ത്തകള്‍ എഡിറ്റ് ചെയ്ത് എഴുതി അവിടെ ഉണ്ടായിരുന്ന എഡിറ്ററെ കാണിച്ചു..വോയിസ് ഓഡിഷന്‍ നടക്കുമ്പോഴാണ് നെഞ്ചില്‍  വേദന പോലെ തോന്നിയത്..അടുത്ത നിമിഷം പാല് നിറഞ്ഞൊഴുകി. അത് വരെ ഉണ്ടാവാത്ത അത്രയും ശക്തിയില്‍ മുലപ്പാല്‍ ഞാന്‍ ഇട്ടിരുന്ന വെള്ളടോപ്പിനെ നനച്ചു..കുഞ്ഞിനെ മുലയൂട്ടാന്‍ ഉപയോഗിച്ചിരുന്ന ഷോള്‍ ഞാന്‍ വണ്ടിയില്‍ തന്നെ വെച്ചിരുന്നത് കൊണ്ട്..മാറ് മറക്കാന്‍ കൈയില്‍ കിട്ടിയ എ4 ഷീറ്റ് നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചു അവിടെ ഉണ്ടായിരുന്ന ആളോട് വിക്കി വിക്കി വിവരം പറഞ്ഞു.വളരെ സഹതാപത്തോടെ കാറില്‍ പോയി ഷോള്‍ എടുത്ത് സമാധാനത്തോടെ വന്നാല്‍ മതിയെന്നും അതിനു ശേഷം വോയിസ് റെക്കോര്‍ഡിങ് മതി എന്നും അദ്ദേഹം പറഞ്ഞു. ഷോള്‍ മൂടി പുതച്ചു തിരിച്ചു വന്ന എന്നെ വിഷമിപ്പിച്ചത് അവിടെ ഉണ്ടായിരുന്ന സ്ത്രീകളുടെ പുച്ഛവും കളിയാക്കി പറച്ചിലുകളുമാണ്. ഇടര്‍ച്ചയോടെ അല്ലാതെ എനിക്ക് ആ റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കണ്ണില്‍ നിന്ന് വെള്ളം വരാതെയും കരച്ചില്‍ വരുമെന്ന് അന്നെനിക്ക് മനസിലായി..

അതിനു ശേഷം പല സ്ഥലങ്ങളില്‍... റഫര്‍ ചെയ്യാന്‍ ആളില്ലാത്തത് കൊണ്ട്, കൊച്ചു കുഞ്ഞിന്റെ അമ്മ ആയതിനാല്‍, ആകാരവടിവ് ഇല്ലാത്തതിനാല്‍, പ്രായം 30 നു മുകളില്‍ ആയതു കൊണ്ട്, മാതൃഭാഷ ഇംഗ്ലീഷ് അല്ലാത്തത് കൊണ്ട്..അറബി് അറിയാത്തത് കൊണ്ട്, ജാതി പേരില്‍, ജോലിയില്‍ വലിയ ഇടവേള വന്നത് കൊണ്ട് അങ്ങിനെ നൂറു കാരണങ്ങള്‍ കൊണ്ട് എന്റെ പ്രിയപ്പെട്ട പ്രൊഫഷന്‍ മാറ്റാന്‍ നിര്‍ബന്ധിതയായി.

അതിനിടയിലും ആഗ്രഹം കൊണ്ട് മാത്രം ജേര്‍ണലിസം ജോലികള്‍ക്ക് അപേക്ഷിച്ചു കൊണ്ടിരുന്നു..ചില സ്ഥലങ്ങളില്‍ കുറച്ചു മാസങ്ങള്‍ ജോലിയും ചെയ്തു..പറഞ്ഞ ശമ്പളമോ ലേബര്‍കാര്‍ഡോ ഇല്ലാത്തതിനാല്‍ അത് തുടരാനും പറ്റിയില്ല.. ആഗ്രഹിച്ച ജോലി ലഭിക്കാത്തതെനേക്കാള്‍ എന്നെ വിഷമിപ്പിച്ച ഘടകങ്ങള്‍ യാതൊരു പ്രവൃത്തിപരിചയവും ഇല്ലാതെയും മതിയായ വിദ്യാഭാസയോഗ്യത (ഓണ്‍ലൈന്‍ ഡിഗ്രി പോലുള്ളവ) ഇല്ലാത്തവരും ഇവിടെ പല മാധ്യമങ്ങളിലും വലിയ സ്ഥാനങ്ങളില്‍ പോലും ജോലി ചെയുന്നുണ്ട് എന്നുള്ളതാണ്.ഞങ്ങളെ പോലെ ഒരു ബന്ധുബലവും രാഷ്ട്രീയ പിന്തുണയും ജാതി ലേബലും ഇല്ലാത്തവര്‍ വിദേശങ്ങളില്‍ ഉള്ള മാധ്യമരംഗത്തിനു ആവശ്യമേ ഇല്ല.. 

പെണ്ണാണോ നിനക്കു ഒരു പ്രായം കഴിഞ്ഞാല്‍, ഇടവേളയെടുത്താല്‍ പിന്നീട് ഒരു തിരിച്ചു  വരവുണ്ടാവില്ല.  അല്ലെങ്കില്‍ പിന്നില്‍ താങ്ങായി ആരെങ്കിലും വേണം..നാട്ടില്‍ പോലും പ്രായം പരിമിതി ആവുമ്പോള്‍, രണ്ട് തരം കൂലി ലഭിക്കുമ്പോള്‍ അസംഘടിതരായവര്‍ക്ക് എങ്ങിനെ നീതി ലഭിക്കാനാണ്.. മാധ്യമരംഗത്ത് ജോലി ചെയുന്ന ഏതെങ്കിലും പുരുഷന്മാര്‍ പണ്ട് തങ്ങളുടെ കൂടെ പഠിച്ച, ജോലി ചെയ്ത...എത്ര പെണ്‍കുട്ടികള്‍ ഇപ്പോളും ഇതേ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട് എന്ന് എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇന്ത്യക്ക് പുറത്ത് നമ്മുടെ കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബിരുദദാരികളെ പല മാധ്യമഭീമന്മാരും പരിഗണിക്കാറ് പോലുമില്ല.

ഏറ്റവും അധികം ചൂഷണം നടക്കുന്ന മേഖലകളില്‍ ഒന്നാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഓണ്‍ലൈന്‍, ഫാഷന്‍, ഇന്ത്യന്‍ ഭാഷകളിലെ പ്രിന്റ്, വിഷ്വല്‍  മാധ്യമങ്ങള്‍ എന്നിവ. പലപ്പോഴും ട്രെയിനിങ്, ഇന്റേണ്‍ഷിപ് എന്നിവയുടെ പേരില്‍ നല്‍കപ്പെടുന്ന ജോലികള്‍ക്ക് ശമ്പളം ലഭിക്കുകയില്ല. ഫ്രീലാന്‍സ് ആയി ചെയ്തു കൊടുക്കുന്ന ജോലികള്‍ക്ക് ആദ്യം കൃത്യമായി പ്രതിഫലം നല്‍കുമെങ്കിലും പിന്നീട് ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. 
 ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ഇവിടെ സുരക്ഷിതമായ നല്ല ശമ്പളം ഉള്ള ജോലി ലഭിക്കില്ല എന്നല്ല പറഞ്ഞതിനര്‍ത്ഥം. ജയിച്ചവരെ മാത്രം കാണുന്ന നമ്മുക്ക് പൊരുതി തോറ്റവന്റെ കണ്ണീര്‍ അറിയില്ലല്ലോ. നിങ്ങള്‍ കാണുന്ന ഗള്‍ഫ് മാധ്യമരംഗത്തെ മലയാളികളായ വെള്ളിനക്ഷത്രങ്ങള്‍ മാത്രമല്ല ഇവിടുത്തെ യാഥാര്‍ഥ്യം എന്നോര്‍മിപ്പിക്കാന്‍ മാത്രമാണീ കുറിപ്പ്.

content highlights: Malayalam media Journalist experience of losing job after getting married