'മാനസികാരോഗ്യ പരിമിതി കളുടെ ലോകത്തുനിന്ന് ജീവിതം തിരികെ പിടിച്ച രണ്ട് പേര്‍ തങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞ് ഒന്നിക്കുകയാണ് നാളെ. കോഴിക്കോട് സ്വദേശി സുധീഷും കോട്ടയും സ്വദേശിനി സിന്ധുവും. ഇരുവര്‍ക്കും പ്രായം 49. മനസ്സ് നേരെയായിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ വര്‍ഷങ്ങളോളം ഒറ്റപ്പെട്ടു കഴിഞ്ഞവര്‍ അവിടെനിന്ന് മോചിപ്പിക്കപ്പെട്ട് ജീവിതം തിരികെ പിടിച്ചപ്പോള്‍ പ്രണയവും സ്വപ്നങ്ങളുമെല്ലാം അവര്‍ക്കു തിരികെ കിട്ടി. അങ്ങനെ മൊട്ടിട്ടൊരു പ്രണയമാണ് നാളെ വിവാഹത്തിലേക്കെത്തുന്നത്.

ഈ കഥ സിന്ധുവിലും സുധീഷിലും മാത്രം ഒതുങ്ങില്ല. ഇവര്‍ക്ക് പിന്നില്‍ കരുതലായി, കരുത്തായി, കരുണയായി ബന്യന്‍ എന്നൊരു സംഘടന കൂടിയുണ്ട്. ബന്യന്‍ എന്നാല്‍ മലയാളത്തില്‍ ആല്‍മരം. ഒരിക്കല്‍ താളം തെറ്റിയ ജീവിതത്തെ നേരയാക്കിയവരെ ചേര്‍ത്ത് പിടിക്കുന്ന അവര്‍ക്ക് തണലൊരുക്കുന്ന ആല്‍മരത്തിന്റെ ലക്ഷ്യങ്ങള്‍ കൂടിയാണ് സിന്ധുവിന്റെ കഴുത്തില്‍ സുധീഷ് താലികെട്ടുമ്പോള്‍ പൂവണിയുന്നത്. അതുകൊണ്ട് തന്നെ സിന്ധുവിനെയും സുധീഷിനെയും കുറിച്ച് പറയുന്നതിന് മുന്നേ ബന്യനെക്കുറിച്ച് പറയണം. 

എന്താണ് ദ ബന്യന്‍

തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്കു ചികിത്സയും പുനരധിവാസവും നല്‍കുകയാണ് ബന്യന്റെ ലക്ഷ്യം. 2017-ല്‍ ലോകാരോഗ്യ സംഘടന മെന്റല്‍ ഹെല്‍ത്ത് ചാംപ്യനായി ബന്യനെ തിരഞ്ഞെടുത്തിരുന്നു. വന്ദന ഗോപികുമാര്‍, വൈഷ്ണവി ജയകുമാര്‍  എന്നിവര്‍ ചേര്‍ന്നാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇരുവര്‍ക്കും 23 വയസുള്ളപ്പോള്‍, 1993-ലാണ് സംഘടന തുടങ്ങുന്നത്. 

ബന്യന്‍ സാമൂഹത്തില്‍ പല പരീക്ഷണങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്. അതിലൊന്നാണ് ഹോം എഗെയ്ന്‍ അഥവാ വീണ്ടും വീടുകളിലേക്ക്. തമിഴ്നാട്ടിലായിരുന്നു പദ്ധതി ആദ്യം തുടങ്ങിയത്. ദീര്‍ഘകാലമായി മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്ന ആളുകളെ അസുഖം ഭേദമയാല്‍ പോലും വീട്ടുകാര്‍ ഏറ്റെടുക്കാന്‍ മടിക്കുന്നു. ഇതുമൂലം രോഗിയല്ലെങ്കില്‍ പോലും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയേണ്ടിവരുന്നു. ഇവരെ വീടിന്റെ അന്തരീക്ഷത്തിലേക്ക് പുനരധിവസിപ്പിക്കുകയാണ് ഹോം എഗെയ്ന്‍ ചെയ്യുന്നത്. 
 
'ആല്‍മരം' കേരളത്തിലേക്ക്

2017-ലാണ് ബന്യന്റ കേരള ചാപ്റ്റര്‍ തുടങ്ങുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മൂന്ന് വീടുകള്‍ തുടങ്ങി. അഞ്ച് പേരെ വീതം ഓരോ വീടുകളിലായി താമസിപ്പിച്ചു. കുടുംബത്തിന്റെ കരുതലും സാമൂഹികജീവിതവും രോഗം ഭേദമായവര്‍ക്കും ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. അന്തേവാസികള്‍ ജോലികള്‍ ചെയ്തും സ്വന്തമായി സാധനങ്ങള്‍ വാങ്ങി പാചകം ചെയ്തും സ്വാശ്രയത്വത്തിന്റെ പാതയിലേക്ക് പതുക്കെ ചുവട് വയ്ക്കുന്നു. തനിയെ സിനിമയ്ക്ക് പോയും ആരാധനാലയങ്ങളില്‍ പോയും ഏതൊരു വ്യക്തിയെ പോലെയും ജീവിക്കുന്നു. ഇതിനിടയില്‍ ആരോഗ്യകേന്ദ്രങ്ങളുമായി ചേര്‍ന്ന് ഇവര്‍ക്കുള്ള ചികിത്സയും ഉറപ്പുവരുത്തുന്നു. 

2017-ല്‍ ബന്യന്‍ കേരള സര്‍ക്കാരിന് ഹോം എഗെയ്ന്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. കേരളത്തിലെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലായി രോഗം മാറിയിട്ടും തുടരേണ്ടി വരുന്നവരെ ഹോം എഗെയ്നിലൂടെ തിരികെ കൊണ്ടുവരണമെന്നും ഗവണ്‍മെന്റ് തലത്തില്‍ ബന്യന്റെ സഹായത്തോടെ ഈ പദ്ധതി നടപ്പാക്കണമെന്നുമായിരുന്നു മുന്നോട്ടുവച്ച നിര്‍ദ്ദേശം. 2018 മാര്‍ച്ചില്‍ ഗവണ്‍മെന്റ് സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാന്‍ ധാരണയാകുകയും മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. പേരൂര്‍ക്കട ആശുപത്രിയില്‍ ഹോം എഗെയ്‌ന് ഔദ്യോഗികമായി തുടക്കമിട്ടു. 

ഹോം എഗെയ്ന് ഹെന്‍സ് ഫൗണ്ടേഷന്‍ സാമ്പത്തിക സഹായം നല്‍കുമ്പോള്‍ സര്‍ക്കാര്‍ നേതൃത്വപരവും നിയമപരവുമായ ചുമതലകള്‍ വഹിക്കുന്നു. ഇരുപതിലധികം വര്‍ഷത്തെ അനുഭവത്തിന്റെ കരുത്തുമായി ബന്യന്‍ പദ്ധതി നടപ്പിലാക്കുന്നു. 

രണ്ട് വര്‍ഷം, 211 പേര്‍ ജീവിതത്തിലേക്ക്

2018 മാര്‍ച്ച് മുതല്‍ ഇന്നുവരെ കേരളത്തിലെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍നിന്നായി 211 ആളുകളെ ആശുപത്രികളില്‍നിന്ന് പുറത്തെത്തിച്ചു. 24 വര്‍ഷമായി കുതിരട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ജമീലയും ഇവരില്‍ ഉള്‍പ്പെടും. രോഗം മാറിയിട്ടും കുറഞ്ഞത് ഒരു വര്‍ഷത്തിന് മുകളില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നവരെയാണ് ബന്യന്‍ പുറത്തെത്തിക്കുന്നത്. 

ബന്ധുക്കള്‍ക്ക് കൗണ്‍സിലിങ്ങ് ഉള്‍പ്പെടെയുള്ളവ നല്‍കി ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നവരെ വീടുകളിലേക്ക് തന്നെ വിടും. ഇത്തരത്തില്‍ 99 പേര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തി. വീട്ടുകാര്‍ക്ക് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുകളുള്ളവരോ ബന്ധുക്കളെ അറിയാത്തവരോ ആയ ആളുകളെ ഹോം എഗെയ്ന്‍ വീടുകളിലേക്ക് മാറ്റും. കേരളത്തില്‍ മൂന്നെണ്ണത്തില്‍ തുടങ്ങിയ ഇത്തരം വീടുകള്‍ ഇപ്പോള്‍ മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലായി 12 എണ്ണമുണ്ട്. അതില്‍ അറുപതോളം അന്തേവാസികളും

സിന്ധുവും സുധീഷും 

11 വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന കോട്ടയം സ്വദേശിയായ സിന്ധു പുളിക്കലില്‍ ഉള്ള ഹോം എഗെയ്ന്‍ വീടുകളില്‍ ഒന്നിലേക്ക് എത്തി. സിന്ധുവിന് ഒരു സഹോദരന്‍ മാത്രമെയുള്ളു. ഇദ്ദേഹം അരീക്കോടാണ് താമസിക്കുന്നത്. പക്ഷേ ഏറ്റെടുക്കാനുള്ള സാഹചര്യമില്ലായിരുന്നു. 

കോഴിക്കോട് പുത്തൂര്‍മഠം സ്വദേശിയാണ് സുധീഷ്. സുധീഷിന്റെ അമ്മയ്ക്കും മാനസികരോഗം ഉണ്ടായിരുന്നു. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചുപോയി. അസുഖബാധിതയായ അമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കുമ്പോഴെല്ലാം സുധീഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമായിരുന്നു. അങ്ങനെ ഒരിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ പിന്നീട് മടങ്ങിവന്നില്ല. അമ്മയുടെ മരണത്തോടെ സുധീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒറ്റപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ബന്യന്‍ സുധീഷിനെ ഏറ്റെടുത്തു. വീട്ടിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചു. പക്ഷേ അപ്പോഴേക്കും ആ വീട് പൊളിഞ്ഞു പോയിരുന്നു. പഞ്ചായത്തിന്റെയും സന്നദ്ധ സംഘടകളുടെയും സഹായത്തോടെ വീട് പുതുക്കിപ്പണിത് സുധീഷിനെ അവിടെ താമസിപ്പിച്ചു.

സിന്ധു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ചെറിയ ജോലികള്‍ ചെയ്ത് പണം സമ്പാധിക്കുന്നുണ്ട്. സുധീഷ് തന്റെ വീടിന്റെ പരിസരത്ത് ഒരു ചെറിയ കട നടത്തുന്നുമുണ്ട്.

ആല്‍മരത്തണലിലെ പ്രണയം

ബന്യന്റെ പുളിക്കലിലുള്ള ഡെ കെയറില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ക്കായി എത്തുമ്പോള്‍ സുധീഷും സിന്ധുവും കണ്ടുമുട്ടുക പതിവായിരുന്നു. ആ പരിചയം പതിയെ പ്രണയത്തിലേക്കെത്തി. ആ പ്രണയം ബന്യന്‍ ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഇരുവരുടെയും ബന്ധുക്കളോട് ആലോചിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണസമ്മതം. അങ്ങനെ നാളെ ഇരുവരും വിവാഹിതരാകുന്നു.

ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ കോവിഡ്  പ്രോട്ടോക്കോള്‍ അനുസരിച്ച് സുധീഷിന്റെ നാടായ പുത്തൂര്‍മഠത്തെ വയോലി ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ രാവിലെ നടക്കുന്ന ചെറിയ ചടങ്ങിന് ശേഷം ഇരുവരും മലപ്പുറത്തെ പുളിക്കലില്‍ ബന്യന്‍ ഇവര്‍ക്കായി സജ്ജീകരിച്ച ചെറിയ വീട്ടില്‍ താമസം തുടങ്ങും. മൂന്ന് മാസത്തിനകം സുധീഷിന്റെ സ്വന്തം വീട്ടിലേക്ക് ഇവര്‍ തിരിച്ചു പോകുമെന്ന് ബന്യന്‍ കേരള ചാപ്റ്റര്‍ പ്രോഗ്രാം കോഡിനേറ്റര്‍ സാലിഹ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlight: The Banyan & story of sudheesh and sindhu