2024ല്‍ അഞ്ചുലക്ഷം കോടി സമ്പത് വ്യവസ്ഥയിലേക്കു കുതിക്കുന്ന ഇന്ത്യയുടെ സമ്പാദ്യവും ബാധ്യതയും ഇവിടത്തെ ജനങ്ങളാണ്. ഇന്ത്യന്‍ ജനസംഖ്യ 2024ലില്‍ 142 കോടി ആവും. ഏറ്റവും വലിയ നിക്ഷേപം അവരിലാണ് വേണ്ടത്. നല്ല ബൗദ്ധിക-ശാരീരിക ആരോഗ്യവും വിജ്ഞാനവും നൈപുണ്യവും ഉള്ള ജനതക്കെ ഒരു ദേശത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികള്‍ ആവാനും ആ വളര്‍ച്ച സുസ്ഥിരമായി നിലനിര്‍ത്താനും കഴിയൂ. സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് സാമൂഹിക അടിസ്ഥാന സൗകര്യ നിര്‍മാണത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നാണ്.
ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ ഒപ്പം തന്നെയോ ചിലപ്പോള്‍ അതിനും മേലെയോ വേണ്ടതാണ് മാനവിക വികസനത്തിനാവശ്യമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും വികസനവും. വിദ്യാഭ്യാസത്തിനും-ആരോഗ്യത്തിനും വനിതകള്‍ക്കും, കുട്ടികള്‍ക്കും, പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ക്കും വേണ്ടി എന്താണ് മാറ്റി വച്ചിരിക്കുന്നത് എന്ന് പരിശോധിച്ചാല്‍ മനസിലാവുന്നത് മാനവിക വികസനമില്ലാതെ തന്നെ അഞ്ചുലക്ഷം കോടി സമ്പത് വ്യവസ്ഥ സാധ്യമാക്കാം എന്ന മൂഢ വിശ്വാസത്തിലാണ്് ധനമന്ത്രി എന്നാണ്.
സാമൂഹിക വികസനത്തെ രണ്ടാമൂഴ മോദി സര്‍ക്കാര്‍ എങ്ങനെ സമീപിച്ചു എന്ന നോക്കാം
ലോകോത്തര നിലവാരത്തിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉയര്‍ത്താന്‍ നീക്കിവെച്ചത് തുഛം തുക
വിദ്യാഭ്യാസം: അഞ്ചുലക്ഷം കോടി സമ്പദ് വ്യവസ്ഥ സാധ്യമാകണമെങ്കില്‍ ശാസ്ത്ര-സാങ്കേതിക സാമൂഹിക ശാസ്ത്ര നൈപുണ്യമുള്ള ഒരു ജനത കൂടിയേ തീരൂ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് 2019 ല്‍ അവകാശപ്പെടുന്ന തരത്തില്‍ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്കു എത്തിക്കുമെന്നാണ്. പക്ഷെ ഇതു സാധ്യമാകണമെങ്കില്‍ ഈ ബജറ്റില്‍ അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിന് വേണ്ടി നീക്കി വച്ച നൂറു ലക്ഷം കോടി രൂപയോ അതിലേറെയോ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപികേണ്ടതുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ 50 കോടിയോളം പ്രത്യക്ഷ ഉപഭോക്താക്കള്‍ ആണുള്ളത്. പക്ഷെ ഇവര്‍ക്കായി നീക്കിവച്ചിരിക്കുന്നത് 94854 കോടിയാണ്. അതായത് ഒരു കുട്ടിക്ക് വെറും 2000ത്തില്‍ താഴെ രൂപ ചിലവഴിച്ചാല്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കും എന്നാണ് സാമ്പത്തികശാസ്ത്രജ്ഞ കൂടിയായ നമ്മുടെ ധനമന്ത്രി പ്രതീക്ഷിക്കുന്നത്.
ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ മിഷന്റെ നീക്കിയിരുപ്പില്‍ നാമമാത്ര വര്‍ധനയെ ഉള്ളു. സര്‍വ്വ ശിക്ഷ അഭിയാന്റെ കീഴില്‍ ഈ വര്‍ഷം ഒരു രൂപപോലും സ്‌കൂള്‍ നിര്‍മാണത്തിനായി മാറ്റി വച്ചിട്ടും ഇല്ല. ഉന്നത വിദ്യാഭ്യാസ ഫണ്ടിങ് ഏജന്‍സി (HEFA) യുടെ നീക്കിയിരുപ്പ് കഴിഞ്ഞ വര്‍ഷത്തെ 2750 കോടിയില്‍ നിന്ന് 2100 കോടി രൂപയായി കുറച്ചിട്ടും ഉണ്ട്. ചുരുക്കത്തില്‍ വിദ്യാഭ്യാസ മേഖലയുടെ മൊത്തം നീക്കിയിരിപ്പില്‍ വെറും 13 ശതമാനം വര്‍ധനയാണ് ഉള്ളത്. ഇതു തീരെ കുറവാണെന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. മൂന്ന് വര്‍ഷ പ്രീ-നഴ്‌സറി വിദ്യഭ്യാസം സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയാണ്. പക്ഷെ ഈ ബജറ്റില്‍ അതിനുള്ള തുകയെവിടെ. അതിനെ കുറിച്ച് ഈ ബജറ്റില്‍ ഒരു പരാമര്‍ശം പോലും ഇല്ലാ. അതിനര്‍ഥം വിദ്യാഭ്യാസം 1976നു മുന്‍പത്തെ പോലെ സംസ്ഥാന ലിസ്റ്റിലേക്ക് തിരിച്ചു വിടും എന്നായിരിക്കാം. അങ്ങനെയാണെങ്കില്‍ പോലും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും നവോദയ വിദ്യാലയങ്ങള്‍ക്കും വേണ്ടി നീക്കി വച്ച തുകയില്‍ കാര്യമായ കുറവുണ്ട്. ചെലവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നീക്കിയിരുപ്പ് കുറയ്ക്കുന്നത് ഈ സ്ഥാപനങ്ങളുടെ മികവിനെ ബാധിക്കും എന്നതില്‍ സംശയം വേണ്ട.
ലോകോത്തര നിലവാരത്തിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉയര്‍ത്താന്‍ 400 കോടി രൂപ മാറ്റി വെച്ചു എന്ന് വീമ്പിളക്കുന്ന ധനമന്ത്രീ എന്തൊരു പ്രഹസനമാണിത്?
രോഗങ്ങൾ കുഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോൾ പരിഹാരം കാണാതെ ബജറ്റ്
ആരോഗ്യം: ആരോഗ്യമുള്ള ജനതയ്ക്കെ ഉത്പ്പാദനശേഷി ഉള്ളൂ. നൂതന സാങ്കേതിക വിദ്യക്കൊപ്പം ധാരണശേഷി ഇല്ലെങ്കില്‍ 150 കോടി ജനങ്ങള്‍ക്ക് വികസനവും വളര്‍ച്ചയും പ്രയോജന രഹിതമാകും.
പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളും ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ WHO മാനദണ്ഡ പ്രകാരം പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരോ, നഴ്‌സുമാരോ, പാരാമെഡിക്കല്‍ ജീവനക്കാരോ ഇവിടെയില്ല. 2018 ല്‍ WHO കണക്കു പ്രകാരം ഇന്ത്യയില്‍ ഏകദേശം അഞ്ചുലക്ഷം ഡോക്ടര്‍മാരുടേയും 20 ലക്ഷത്തിലേറെ നഴ്‌സിങ് ജീവനക്കാരുടെയും കുറവുണ്ട്. സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് തീര്‍ത്തും സൗജന്യമായി നല്‍കിയാല്‍ പോലും അത് പ്രയോജനപ്പെടുത്താന്‍ മെഡിക്കല്‍ സ്റ്റാഫോ അടിസ്ഥാനസൗകര്യമുള്ള ആശുപത്രികളോ നിരവധി പ്രദേശങ്ങളില്‍ ഇല്ല.
പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും ആവശ്യം പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി ആരോഗ്യ പ്രവര്‍ത്തകര്‍ ആണ്. ജപ്പാന്‍ ജ്വരം പോലെയുള്ള രോഗങ്ങള്‍ വര്‍ഷാവര്‍ഷം നമ്മുടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ്. പക്ഷേ, ഈ രോഗങ്ങള്‍ ചെറുക്കാനോ കുഞ്ഞുങ്ങളെ രക്ഷിക്കാനോ ബജറ്റില്‍ ഒരു രൂപ പോലും ധനമന്ത്രി നീക്കിവച്ചിട്ടില്ല.
ഇനി ദേശീയ ഗ്രാമീണ ആരോഗ്യ മിഷനു വേണ്ടി മാറ്റി വച്ച തുകയോ? ഇതിലും നാമമാത്ര വര്‍ധനയേ ഉള്ളൂ. അതായത്, പ്രതിശീര്‍ഷ ഗ്രാമീണ ആരോഗ്യ വ്യയം വര്‍ധിപ്പിക്കുകയല്ല, കുറയ്ക്കുകയാണ് ചെയ്യുന്നത്. ആരോഗ്യരംഗത്തെ ചെലവിന്റെ ഇരുപതു ശതമാനം മാത്രമേ ഇപ്പോഴും സര്‍ക്കാരിന്റേതായുള്ളൂ. ഈ ബജറ്റില്‍ അതു വീണ്ടും കുറച്ചിരിക്കുകയാണ്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണ്. ധനശാസ്ത്രജ്ഞയായ ധനമന്ത്രിക്ക് ഇതു പ്രധാനമായി തോന്നാത്തത് എന്തുകൊണ്ടാണ്?
വനിതാ തൊഴില്‍ പങ്കാളിത്തം പത്തുവർഷത്തിനിടെ 49ൽ നിന്ന് 25 ശതമാനം ആയി കുറഞ്ഞു
വനിതാ വികസനം: നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള ദൂരത്തെ കുറിച്ചു കുറച്ചൊന്നുമല്ല, ധനമന്ത്രി വാചാലയായത്. പക്ഷേ, കേവലം വാചാടോപത്തിലൂടെ യാഥാര്‍ഥ്യം എങ്ങനെ തമസ്‌കരിക്കപ്പെടുന്നു എന്നതിന് ഏറ്റവും നല്ല തെളിവാണ് സ്ത്രീകള്‍ക്കായുള്ള ഈ ബ്ജറ്റിലെ നീക്കിയിരുപ്പ്.
ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിച്ചു എന്ന് ധനമന്ത്രി പറയുന്നുണ്ട്, മുദ്ര ലോണ്‍ വഴി ഒരുപാടുപേര്‍ ജീവിതമേ മാറ്റി മറിച്ചു എന്നും ധനമന്ത്രി അവകാശപ്പെടുന്നു. പക്ഷേ, 2017-18 മുതല്‍ 500 കോടി മാത്രമാണ് ഈ പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്. മുദ്ര പദ്ധതിയുടെ ഒരു അവലോകനം പോലും നടന്നിട്ടില്ല. 2017-18ല്‍ ഗ്രാമീണ വനിതാ തൊഴില്‍ പങ്കാളിത്തം, 2007-08 ലെ 49 ശതമാനത്തില്‍ നിന്നും 25 ശതമാനം ആയി കുറഞ്ഞു എന്നതാണു യാഥാര്‍ഥ്യം. പക്ഷേ, ഈ ബജറ്റില്‍ അതെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല.
മൊത്തത്തില്‍, സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ തൊഴില്‍ പങ്കാളിത്തം ഉറപ്പു വരുത്താനുമുള്ള പദ്ധതികളുടെ നീക്കിയിരുപ്പില്‍ കാര്യമായ വര്‍ധനയില്ല. അതിന് ഒരു കാരണം കഴിഞ്ഞ വര്‍ഷം നീക്കിവച്ച തുകയുടെ 50 മുതല്‍ 80ശതമാനം വരെ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതാണ്.
പക്ഷേ, പെണ്‍കുട്ടിയെ പഠിപ്പിക്കു പെണ്‍കുട്ടിയെ രക്ഷിക്കൂ എന്ന പ്രധാന മന്ത്രിയുടെ സ്വപ്‌ന പദ്ധതിയുടെ കാര്യമോ? അതിന്റെ നീക്കിയിരുപ്പ് 255 കോടിയില്‍ നിന്നു 100 കോടിയായി കുറച്ചിരിക്കുകയാണ്. അതുപോലെ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ക്കായുള്ള നീക്കിയിരുപ്പും കാര്യമായി കുറച്ചിട്ടുണ്ട്.
സാമൂഹിക നീതിയും ക്ഷേമവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായുള്ള നീക്കിയിരുപ്പില്‍ 10 ശതമാനം മാത്രമാണു വര്‍ധന. മുന്‍ സര്‍ക്കാരുകള്‍ വരുത്തിയ കുറവുകള്‍ നികത്താന്‍ പോലും മോദി സര്‍ക്കാരിന്റെ ആറാമത്തെ കേന്ദ്ര ബജറ്റ് ശ്രമിക്കുന്നില്ലെന്നതു നിരാശാജനകമാണ്. തുച്ഛമായ നീക്കിയിരുപ്പിലൂടെ മനുഷ്യശേഷി സാമൂഹിക മേഖല വികസനം വീണ്ടും പ്രഹസനമാകുന്നു.
എന്താണ് ഇതു നല്‍കുന്ന സന്ദേശം? സാമൂഹിക അടിസ്ഥാന സൗകര്യ നിര്‍മാണത്തിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തയില്ലാത്ത ഒരു സര്‍ക്കാരാണ് ഇതെന്നോ? അതോ, സാമൂഹികമായ അടിസ്ഥാനസൗകര്യങ്ങള്‍ സ്വയമേവ ഉണ്ടായിക്കൊള്ളും എന്നു വിശ്വസിക്കുന്നയാളാണോ സാമ്പത്തിക ശാസ്ത്രജ്ഞയായ ധനമന്ത്രി എന്നോ? പരിഷ്‌കൃത രാഷ്ട്രങ്ങള്‍ ഭൗതിക അടിസ്ഥാന നിര്‍മാണത്തിനായി തുക കണ്ടെത്തേണ്ടത് മനുഷ്യശേഷി വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ നിര്‍മാണം അവഗണിച്ചിട്ടല്ല.
(വികസനോന്മുഖ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)
content highlights: Union Budget 2019 and social development, a critical analysis