ഓരോ താള്‍ മറിക്കുമ്പോഴുംചില ചരിത്ര പുസ്തകങ്ങള്‍ പുതിയ കഥകള്‍ വിളിച്ചോതും. വരിയും നിരയും തെറ്റാതെ എഴുതപ്പെട്ട, അവയില്‍ ആരാലും കാണാത്ത, അന്വേഷിച്ചിറങ്ങിയാല്‍ മാത്രം കണ്ടെത്താന്‍ സാധിക്കുന്ന ചില ഏടുകളുമുണ്ടാകും. അത്തരത്തില്‍ താന്‍ കേട്ടതും വായിച്ചറിഞ്ഞതുമായ ചരിത്രത്തിന്റെ വിട്ടുപോയ ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനുള്ള ഒരധ്യാപകന്റെ ശ്രമമാണ് 'ദോസ് ഫോര്‍ ഇയേഴ്‌സ് ' എന്ന ഡോക്യുമെന്ററി ചിത്രം. ദക്ഷിണേന്ത്യയും ചൈനയുമായുള്ള അഭേദ്യമായ ബന്ധത്തിന്റെ ചുരുളഴിക്കുകയാണ് മദ്രാസ് ഐ.ഐ.ടി. അസിസ്റ്റന്റ് പ്രൊഫസറായ ജോ തോമസ് കാരക്കാട്ട് ഈ ഡോക്യുമെന്റിയിലൂടെ.
ദക്ഷിണേന്ത്യയും ചൈനയും
ഇന്ത്യയില്‍ തേയിലത്തോട്ടങ്ങള്‍ വ്യാപകമാകുന്നതിന് മുന്‍പ്, 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ചൈനാക്കാരെ തേയിലത്തോട്ടങ്ങളിലെ പണികള്‍ക്കായി വടക്കേ ഇന്ത്യയിലേക്കെത്തിച്ചിരുന്നു. നാട്ടുകാരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന ഇവരില്‍പ്പലരും മൂന്നു വര്‍ഷത്തെ കരാര്‍ കഴിഞ്ഞിട്ടും ഇന്ത്യയില്‍ തുടര്‍ന്നു. പിന്നീട് തെക്കേ ഇന്ത്യയിലെ സ്വകാര്യ പ്ലാന്റേഷനുകളിലേക്കെത്തി അവിടെ താമസമുറപ്പിച്ച ഇവരുടെ പിന്‍ഗാമികളെക്കുറിച്ചാണ് ചിത്രത്തിന്റെ ഒരു ഭാഗത്തിലുള്ളത്.
തെക്കു കിഴക്കനേഷ്യയിലെ ബ്രിട്ടീഷ് കോളനികളായിരുന്ന സിംഗപ്പൂര്‍, പെനാങ്, മലാക്ക തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് (സ്‌ട്രെയിറ്റ് സെറ്റില്‍മെന്റ്‌സ്) നീലഗിരിയിലെ തേയിലത്തോട്ടങ്ങളിലും സിഞ്ചോണ പ്ലാന്റേഷനുകളില്‍ ജോലിക്കാരായെത്തിയ ചൈനക്കാരെ ക്കുറിച്ചാണ് രണ്ടാം ഭാഗം ചര്‍ച്ച ചെയ്യുന്നത്. ഇന്ന് തേയിലയുടെ പര്യായമായ നീലഗിരിയില്‍ എത്തിയ ഇവരില്‍പ്പലരും ബ്രിട്ടീഷ് തടവുകാരായിരുന്നു. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിന്റെ നിര്‍മാണകാലത്തും ഒട്ടേറെ ചൈനക്കാര്‍ അവിടെ ജോലി ചെയ്തിരുന്നുവെന്നും പോക്കറ്റ് മണിയായി ചൈനീസ് നാണയങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു പൂര്‍വ വിദ്യാര്‍ഥി പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത്തരം അനുഭവകഥകളിലെ സത്യമറിയാനായി ജോ നടത്തിയ യാത്രയാണ് ഈ ഡോക്യുമെന്ററി ചിത്രത്തിന്റെ കാതല്‍.
ചരിത്രരേഖകളിലൂടെയും സാധാരണക്കാരുടേയും വിദഗ്ധരുടേയും അഭിപ്രായങ്ങളിലൂടെയുമാണ് ഡോക്യുമെന്ററി പുരോഗമിക്കുന്നത്. ഇന്ത്യ, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത്, അവിടങ്ങളിലെ രേഖകളെല്ലാം പരിശോധിച്ച് മൂന്നു വര്‍ഷത്തോളം സമയമെടുത്താണ് തടവുകാരെപ്പറ്റിയും അവരുടെ നീലഗിരിയിലേക്കുള്ള യാത്രയെപ്പറ്റിയുമെല്ലാം ജോ കണ്ടെത്തിയത്.
ചിത്രം സാധാരണക്കാര്‍ക്ക് കൂടി വേണ്ടി
പല രാജ്യങ്ങളിലൂടെ സഞ്ചരിച്ച് കണ്ടെത്തിയ വിവരങ്ങള്‍ അക്കാദമിക് തലത്തില്‍ മാത്രമല്ല, സാധാരണക്കാരിലേക്കും എത്തണമെന്ന ആഗ്രഹം കൊണ്ടാണ് ഡോക്യുമെന്ററിയെന്ന മാധ്യമം തിരഞ്ഞെടുത്തതെന്ന് ജോ പറയുന്നു. 'അറിഞ്ഞ കാര്യങ്ങള്‍ ഒരു പുസ്തകമായോ ലേഖനമായോ പ്രസിദ്ധീകരിച്ചാല്‍ ഒരു പക്ഷേ, വളരെക്കുറച്ച് ആളുകളിലേക്ക് മാത്രമേ എത്തുകയുള്ളൂ. ഡോക്യുമെന്ററിയാകുമ്പോള്‍ ചരിത്രത്തില്‍ താല്‍പര്യമുള്ള, വലിയൊരു വിഭാഗത്തിന് അത് കാണാന്‍ സാധിക്കും.' ജോയുടെ വാക്കുകള്‍.
ചിത്രത്തിനായി ഗവേഷണം നടത്തിയതിന് പുറമേ അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചതും ഇദ്ദേഹം തന്നെയാണ്. ക്യാമറ, എഡിറ്റിങ്, സൗണ്ട് മിക്‌സിങ് തുടങ്ങി പുതിയ പല കാര്യങ്ങളും തന്റെ ചിത്രത്തിനായി ജോ പഠിച്ചു.

ആദ്യ ചിത്രത്തില്‍ കേരളവും ചൈനയും
നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളവും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 'ഗുലീസ് ചില്‍ഡ്രന്‍' എന്നൊരു ഡോക്യുമെന്ററി ചിത്രവും ജോ ചെയ്തിരുന്നു. 700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടുനിന്ന് ചൈനയിലേക്ക് പോയ മലയാളി കുടുംബത്തിന്റെ 14-ാം തലമുറയെ കണ്ടെത്തിയതിനെക്കുറിച്ചും കേരളവും ചൈനയും തമ്മിലുള്ള ബന്ധവുമായിരുന്നു ആ ഡോക്യുമെന്ററിയുടെ ഇതിവൃത്തം. അമേരിക്ക, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് തുടങ്ങി നിരവധിയിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.
ഈ മേഖലയില്‍ ഗവേഷണത്തിനായി ഇനിയും വലിയ സാധ്യതകള്‍ തുറന്നു കിടക്കുകയാണെന്ന് ചൈന സ്റ്റഡീസില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ഈ അധ്യാപകന്‍ പറയുന്നു. അല്‍പം സമയം ചെലവഴിക്കാന്‍ തയ്യാറാണെങ്കില്‍ സംസ്‌കാരവും ചരിത്രവുമെല്ലാം ഏറെ കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുമെന്നാണ് ഈ അധ്യാപകന്റെ പക്ഷം. അതുകൊണ്ട് തന്നെ ചരിത്രത്തിന്റെ ആരും അറിയാത്ത ഏടുകളെപ്പറ്റി ഇനിയും ഗവേഷണങ്ങള്‍ നടത്താന്‍ തന്നെയാണ് ജോയുടെ നീക്കം. 2021-ല്‍ ഹോങ്കോങ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. സെന്‍സര്‍ കഴിഞ്ഞ ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാനായി ഒരു പ്ലാറ്റ്‌ഫോം തയ്യാറായലുടന്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
Content Highlights: Those 4 years, a documentary film by IIT Madras Assistant Professor Joe Thomas Karackattu