
കുഴിയില്‍, തഴച്ച് വളര്‍ന്ന മുടി. മണ്ണ് കലര്‍ന്ന കറുത്ത മുടിയിഴകള്‍ക്ക് രണ്ട് വശത്തുമായി ഉയര്‍ന്നു നില്‍ക്കുന്ന പിഞ്ച് കൈകള്‍. എന്റെ മനസ്സില്‍ സുജിത്തിന്റെ ചിത്രം ഇത് മാത്രമാണ്. ആ രണ്ടു വയസ്സുകാരന്റെ ലോകം കുഴല്‍ക്കിണറില്‍ അവസാനിച്ചു. ആ പ്രാണനെ രക്ഷിക്കാന്‍ കിണറിന് പുറത്ത് അനേകായിരങ്ങള്‍ തടിച്ച് കൂടിയതും അമ്മ പ്രാണവേദന കടിച്ചമര്‍ത്തി സഞ്ചി തുന്നിയതും നാടൊന്നാകെ പ്രതീക്ഷയോടെ കാത്തിരുന്നതും അവനറിഞ്ഞിട്ടുണ്ടാവില്ലെന്നുറപ്പാണ്. ആ സമയമത്രയും ജീവശ്വാസത്തിനായി കിണഞ്ഞതാവുമവന്‍.
വെള്ളിയാഴ്ച വൈകീട്ടാണ് തിരുച്ചിറപ്പള്ളിയില്‍ രണ്ട് വയസ്സുള്ള ഒരു കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണതായി വിവരമറിഞ്ഞത്. കിണറില്‍ 26 അടി താഴെയാണ് കുട്ടിയുള്ളതെന്നും ഉടന്‍ രക്ഷിച്ചേക്കുമെന്നും ആദ്യ റിപ്പോര്‍ട്ട്. ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നതിന്റെ വിവരങ്ങള്‍ മാത്രമാണ് ഓരോ മണിക്കൂറിലും പുറത്തുവന്നത്. കുഴല്‍ക്കിണറിനുള്ളിലൂടെത്തന്നെ പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ ആറ് തവണ പരാജയപ്പെട്ടു. ആ സമയത്തിനുള്ളില്‍ കുഞ്ഞ് 26 അടിയില്‍ നിന്ന് 36 അടിയിലേക്കും പിന്നീട് അന്‍പതിലേക്കും അറുപതിലേക്കും, ഒടുവില്‍ 88 അടി താഴ്ച്ചയിലേക്കും പതിച്ചു. അപ്പോഴേക്ക് രണ്ട് പകലുകള്‍ അസ്തമിച്ച് കഴിഞ്ഞിരുന്നു. ഞായറാഴ്ച പുലര്‍ന്നതോടെ സമാന്തരമായി ഒരു കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തി. ഈ ഘട്ടത്തിലാണ് ഞങ്ങള്‍ തിരുച്ചിറപ്പള്ളിയിലേക്ക് തിരിച്ചത്. കുഞ്ഞിനെ ഉടനെ രക്ഷപ്പെടുത്തിയേക്കാം എന്ന പ്രതീക്ഷകളാണ് അത്രയും സമയം ആ യാത്ര മാറ്റിവെച്ചത്. രണ്ട് ദിവസം പിന്നിട്ടതോടെ പ്രതീക്ഷകള്‍ക്കുമേല്‍ കാര്‍മേഘങ്ങള്‍ മൂടി.
കുറച്ച് ദിവസമായി കനത്തമഴയാണ് തമിഴ്‌നാട്ടിലാകെ. മുന്നിലെ വാഹനം പോലും ശരിയായി കാണാന്‍ കഴിയാത്തത്ര ശക്തമായ മഴയില്‍ തിരുച്ചിറപ്പള്ളിയിലെത്തി. മണപ്പാറയിലേക്ക് ഇനിയും നാല്‍പത് കിലോമീറ്റര്‍ ദൂരം. മഴ മാറി നില്‍ക്കുന്നു. പക്ഷേ ഇരുട്ട് പടര്‍ന്നിട്ടുണ്ട്. മണപ്പാറയില്‍ നിന്ന് നടുക്കാട്ട് പെട്ടിയിലേക്ക് ചെറിയ റോഡാണ്. ആദ്യം കാണുന്ന കുറച്ചു വീടുകള്‍ കഴിഞ്ഞാല്‍ റോഡിന്റെ രണ്ട് ഭാഗത്തും കൃഷിയിടങ്ങള്‍. ചോളമാണ് പ്രധാന കൃഷി. പയറും കാണുന്നുണ്ട്. കുറച്ചിടത്ത് നെല്ലും. മൂന്ന് കിലോമീറ്റര്‍ മുന്നോട്ട് പോയി. ഇടത് ഭാഗത്ത് വലിയ വെളിച്ചം, നാട്ടിലൊക്കെ കാണാവുന്ന ക്രെയിനിന്റെ നാലോ അഞ്ചോ ഇരട്ടി വലുപ്പമുള്ള മൂന്ന് യന്ത്രങ്ങള്‍ ആ വെളിച്ചത്തില്‍ ഉയര്‍ന്നു കാണുന്നുണ്ട്. വണ്ടി നിര്‍ത്തി സുജിത്തിന്റെ വീടിന് മുന്നില്‍ എത്തുമ്പഴേക്ക് അവിടെ മാധ്യമ പ്രവര്‍ത്തകരെല്ലാം ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വത്തിന്റെ പ്രതികരണത്തിനായി കാത്ത് നില്‍ക്കുകയാണ്.
'88 അടി താഴ്ച്ചയിലാണ് കുഞ്ഞുള്ളത്. കുഴല്‍ക്കിണറിന് ഉള്ളിലൂടെ തന്നെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നിര്‍ത്തി. സമാന്തരമായി 95 അടി ആഴത്തില്‍ കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.'
പനീര്‍സെല്‍വം പറഞ്ഞു നിര്‍ത്തി.
ഇപ്പോള്‍ എത്രയടി കുഴിച്ചു?
'36 അടിയെത്തി'
പുതിയ യന്ത്രത്തിന് കുഴിക്കാനുള്ള കപ്പാസിറ്റി എത്രയാണ്?
'പെട്രോളിയം ഖനനത്തിന് ഉപയോഗിക്കുന്ന യന്ത്രമാണിത്. മണിക്കൂറില്‍ 10 അടി താഴ്ച്ചയില്‍ കുഴിക്കാനുള്ള ശേഷിയുണ്ട്'
ഇപ്പോഴത്തെ നിലയില്‍ പോയാല്‍ പുലര്‍ച്ചയാകുമ്പഴേക്ക് കുഞ്ഞിനെ പുറത്തെടുക്കാന്‍ കഴിയുമല്ലേ?
'അങ്ങനെയാണ് നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നത്.'
തമിഴ്‌നാട്ടിലാകെ ഇങ്ങനെ മൂടാതെ കിടക്കുന്ന ആയിരക്കണക്കിന് കിണറുകളുണ്ടല്ലൊ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇനിയെന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക?
'ശക്തമായ ഇടപെടലാണ് ആലോചിക്കുന്നത്. ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറുകള്‍ മൂടാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കും'
എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ് പനീര്‍സെല്‍വം എണീറ്റു. അദ്ദേഹം തിരിച്ച് പോകാതെ സുജിത്തിന്റെ വീട്ടുവരാന്തയിലേക്ക് നടന്നു. അവിടെ തളര്‍ന്നിരിക്കുകയായിരുന്ന സുജിത്തിന്റെ അച്ഛന്‍ വില്‍സണെ സമാധാനിപ്പിച്ചു. പിന്നെ ചേര്‍ത്ത് പിടിച്ച് അവിടെ ഇരുന്നു. ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ ഉള്‍പ്പെടെ അഞ്ചോളം മന്ത്രിമാര്‍, എംപിമാരായ രവീന്ദ്രനാഥ് കുമാര്‍, ജ്യോതിമണി, ജില്ലാ കലക്ടര്‍, റവന്യു സെക്രട്ടറി എല്ലാവരുമുണ്ട് വീട്ടുമുറ്റത്ത്. അപ്പുറത്ത് സമാന്തര കുഴിയെടുക്കല്‍ തുടരുന്നു.
ഓറഞ്ച് യൂണിഫോമിട്ട ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങള്‍. സംസ്ഥാനത്തെ ദുരന്ത നിവാരണ സേനാ പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ്, എല്‍ ആന്‍ഡി ടി ജീവനക്കാര്‍, നാട്ടുകാര്‍, ജനപ്രതിനിധികള്‍, മെഡിക്കല്‍ സംഘം, മാധ്യമ പ്രവര്‍ത്തകര്‍. മുറ്റത്താകെ ആളുകളാണ്. ആ ചെറിയ വീടിന്റെ ഇത്തിരിയുള്ള അകത്ത് ആകെത്തളര്‍ന്ന പെറ്റമ്മ, നിര്‍വ്വികാരതയോടെ അച്ഛന്‍.
മണി പുലര്‍ച്ചെ മൂന്ന് കഴിഞ്ഞു. എല്‍ ആന്‍ഡ് ടിയുടെ കുഴിയെടുക്കുന്ന യന്ത്രത്തിലെ ജീവനക്കാരന്‍ ഒരു നിമിഷം പോലും പാഴാക്കാതെ അത് തുടരുകയാണ്. രണ്ട് മീറ്റര്‍ അപ്പുറത്താണ് സുജിത്ത് വീണ കുഴല്‍ക്കിണര്‍. നീല പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മുകളിലും, നാലുപാടും മറച്ചിട്ടുണ്ട്. നടന്ന് അവിടെയെത്തി. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതൊഴിവാക്കാന്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കാവലുണ്ട്. വലിയൊരോക്‌സിജന്‍ സിലിണ്ടറില്‍ നിന്ന് ഒരു ട്യൂബ് കിണറ്റിനുള്ളിലേക്ക് നീളുന്നു.
ഈ ശ്വാസം പിടിച്ചെടുക്കാന്‍ അവനവിടെ ജീവനോടെ ബാക്കി നില്‍ക്കുന്നുണ്ടാകുമോ?
ഒരു മാസം മുന്‍പ് രണ്ട് മിനിറ്റ് നേരം ലിഫ്റ്റില്‍ കുടുങ്ങിയ അനുഭവം എനിക്കുണ്ട്. സത്യത്തില്‍ അന്ന് പരിഭ്രമിച്ച് പോയിരുന്നു. സാങ്കേതിക വിദഗ്ധരോ രക്ഷാപ്രവര്‍ത്തകരോ ഒരുറപ്പും പറയാത്ത ഈ പരീക്ഷണങ്ങള്‍ പുറത്ത് നില്‍ക്കുന്നവര്‍ക്ക് പോലും ഒരുറപ്പും നല്‍കുന്നില്ല. അപ്പോള്‍ അകത്തുള്ള രണ്ട് വയസ്സുകാരന്‍ പ്രതീക്ഷയോടെയിരിക്കുന്നുണ്ടാകും എന്ന് കരുതാന്‍ വയ്യ.
58 മണിക്കൂര്‍ പിന്നിട്ടു. അത്രയധികം സമയം അവന് അതിജീവിക്കാന്‍ കഴിയുമോ? അതിനെന്തെങ്കിലും സാധ്യതയുണ്ടോ? സമാന്തരമായി എടുക്കുന്ന കുഴിയുടെ പണി രാവിലത്തേക്കെങ്കിലും തീരാന്‍ സാധ്യതയുണ്ടോ?
ചോദ്യങ്ങളെല്ലാം ഉയര്‍ന്നുവന്നത് ആ കുഴല്‍ക്കിണര്‍ നോക്കി നിന്നപ്പോഴാണ്.
ആ സമയമത്രയും രക്ഷാപ്രവര്‍ത്തനം വിലയിരുത്തി ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വം വീട്ടുവരാന്തയില്‍ ഇരിക്കുന്നുണ്ട്. കൂടെ സുജിത്തിന്റെ അച്ഛന്‍ വില്‍സണും. ആകെ തളര്‍ന്ന ആ അച്ഛനേയും ഉപമുഖ്യമന്ത്രിയേയും ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു മധ്യവയസ്‌കയെ അപ്പോഴാണ് ശ്രദ്ധിച്ചത്. ഇരുപത് തവണയെങ്കിലും അവര്‍ സെല്‍ഫിയെടുത്ത് കാണും. അത് കഴിഞ്ഞ് ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറി, മുഖത്ത് കുറച്ച് ദു:ഖമൊക്കെ വരുത്തിച്ച് പടത്തിന് പോസ് ചെയ്തു. എന്തൊക്കെത്തരം മനുഷ്യരാണ് നാട്ടില്‍. അവരുടെ പ്രായമുള്ള ഒരമ്മ കൈയകലത്തില്‍ ഇടനെഞ്ച് പൊട്ടി, നിമിഷങ്ങള്‍ കരഞ്ഞ് നീക്കുകയാണ്. ഇവരോ? ഒരിക്കല്‍ കൂടി ചിന്തിച്ചു, എന്തൊക്കെത്തരം മനുഷ്യരാണ് നാട്ടില്‍?
നേരത്തേ സൈഡാക്കി നിര്‍ത്തിയ കാറില്‍ത്തന്നെ ഇരുന്ന് ഒരു മണിക്കൂര്‍ ഉറങ്ങി. നേരം വെളുത്ത് തുടങ്ങി. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഡ്രൈവര്‍ ഇപ്പോഴും അതേ സീറ്റിലുണ്ട്. ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പോയിട്ടുണ്ട്. ഇപ്പോള്‍ സ്ഥലം തഹസില്‍ദാരാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലക്കാരി. സമാന്തരമായി എടുക്കുന്ന കുഴിയുടെ പുരോഗതിയെക്കുറിച്ച് അവര്‍ക്ക് വലിയ ധാരണയൊന്നുമില്ല. ആ പണിക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ മലയാളിയാണ്.
'പാറ തുരന്ന് മുന്നോട്ട് പോകാന്‍ പറ്റുന്നില്ല' - അദ്ദേഹം പറഞ്ഞു.
എത്രയടി കുഴിഞ്ഞു കാണും?
'ഇരുപത്തി ഏഴ്'
ഹോ, അത്രയേ ആയിട്ടുള്ളു?
'അതെ'
95 അടിയെത്താന്‍ ഇനിയെത്ര സമയം വേണ്ടിവരും?
'24 മണിക്കൂറെങ്കിലും'
അയ്യോ, അപ്പൊ........
'പാറയ്ക്ക് ഭയങ്കര കട്ടിയാണ്'
മനസ്സില്‍ ബാക്കിയുണ്ടായിരുന്ന പ്രതീക്ഷയുടെ അവസാന കണികയും കൈവിട്ട് പോയത് ഈ സംഭാഷണത്തിന്നിടയിലാണ്. ഇതിനിടയില്‍ ഒരു അനൗദ്യോഗിക വിവരവും ലഭിച്ചു. കുഞ്ഞ് ജീവനോടെയില്ലെന്ന്. അത് പക്ഷേ ബന്ധപ്പെട്ടവര്‍ ഔദ്യോഗികമായി പറയാത്തതിനാല്‍ റിപ്പോര്‍ട്ട് ചെയ്തില്ല. എല്‍ ആന്‍ഡ് ടി ഉദ്യോഗസ്ഥന്‍ പറഞ്ഞത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.
ഈ സമയത്തെല്ലാം വാര്‍ത്ത വായിക്കാന്‍ പോകുന്നവരും വാര്‍ത്ത കണ്ട ചിലയാളുകളുമെല്ലാം വിളിക്കുന്നുണ്ടായിരുന്നു. എന്താണവസ്ഥ എന്ന ചോദ്യങ്ങള്‍ക്ക് പാറ പൊട്ടിക്കാന്‍ പറ്റുന്നില്ല. കുഞ്ഞ് രക്ഷപ്പെടും എന്ന് തോന്നുന്നില്ല എന്ന് മറുപടി.
അയ്യോ, എന്നായിരുന്നു അവരില്‍ പലരും ആദ്യം പ്രതികരിച്ചത്.
കുഴല്‍ക്കിണറിനടുത്തുള്ള മറ്റൊരു കിണറിലൂടെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അവിടെയും തടസ്സം പാറയാണ്.
ഈ സമയത്താണ് അച്ഛനേയും അമ്മയേയും കാണാന്‍ അകത്തേക്ക് കയറിയത്. കുഞ്ഞിന്റെ ചെറിയൊരു ബനിയനും ട്രൗസറും നെഞ്ചോട് ചേര്‍ത്ത് പിടിച്ച അമ്മ കണ്ണീര്‍ പൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.
'എതാവത് സാപ്പിട്'
'എതാവത് സാപ്പിട്''
അച്ഛന്‍ അമ്മയോട് പറഞ്ഞ് കൊണ്ടിരുന്നു.
ഒന്നും കഴിച്ചിട്ടില്ലേ?
' ഇല്ല, മൂന്ന് ദിവസമായി'
അവരുടെ മുഖത്ത് നോക്കാനല്ലാതെ ഒരക്ഷരം മിണ്ടാന്‍ എനിക്ക് കഴിഞ്ഞില്ല. വില്‍സണ്‍ നിര്‍വികാരമായ ഒരവസ്ഥയിലായിരുന്നു. ഒരു പക്ഷേ കരഞ്ഞ് തീര്‍ന്നതാവും.
കര്‍ഷകനാണ് വില്‍സണ്‍, വില്‍സന്റെ അച്ഛനും അമ്മയും കര്‍ഷകത്തൊഴിലാളികള്‍. ചോളമാണ് കൃഷിയെന്ന് അദ്ദേഹം പറഞ്ഞു. കൃഷിക്കായാണ് കിണറ് കുത്തിയത്. വെള്ളം കിട്ടാതായപ്പൊ മണ്ണിട്ട് മൂടി. പക്ഷേ മഴയില്‍ വീണ്ടും കുഴിയായി.
മടിയിലൊരു കുഞ്ഞുണ്ടായിരുന്നു.
ഇതാരാണ്?
'സുജിത്തിന്റെ ചേട്ടന്‍.'
അവന്റെ പേര് അദ്ദേഹം പറഞ്ഞു തന്നിരുന്നു, ഓര്‍മയിലില്ല. എന്താണ് സംഭവിക്കുന്നത് എന്നവനറിയില്ല. പക്ഷേ ഇത്രയും ദിവസം ഒരുമിച്ച് കളിച്ചു നടന്ന അനിയന്‍ ഇപ്പോഴില്ല എന്ന് അവനും അറിയുന്നു.
സമാന്തരമായി എടുക്കുന്ന കുഴിയിലെ പണി ഇടയ്ക്കിടെ നിര്‍ത്തിവെച്ച് കൊണ്ടിരുന്നു. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ അഗ്രഭാഗം തഴഞ്ഞ് തീരുന്നതാണ് കാരണം. മണിക്കൂറില്‍ പത്തടി പോയിട്ട് രണ്ടടി പോലും കുഴിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. ശ്രമം തുടര്‍ന്നു. ഇതു വരെ എടുത്ത കുഴിയില്‍ അഞ്ച് കുഴല്‍ക്കിണറുകള്‍ കുഴിച്ചു. വൈകീട്ടാകുമ്പഴേക്ക് സമാന്തര കുഴിയിലെ കുഴല്‍ക്കിണറുകള്‍ 67 അടിയെത്തിയെന്ന വാര്‍ത്ത ലഭിച്ചു. പക്ഷേ 37 ഭാഗം 1.20 മീറ്ററില്‍ തുരക്കാന്‍ ബാക്കിയുണ്ട് അത് കഴിഞ്ഞ് വേണം വീണ്ടും കുഴല്‍ക്കിണര്‍ കുഴിക്കാന്‍. സാധ്യത മങ്ങി മങ്ങി വന്നു.
അപ്പോഴും ആയിരക്കണക്കിന് ജനങ്ങള്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. ചോളപ്പാടങ്ങള്‍ക്ക് നടുവില്‍ അവര്‍ക്കായി പോലീസ് ബാരിക്കേട് തീര്‍ത്തു. കരഞ്ഞും സങ്കടപ്പെട്ടും, സ്വയം പഴിച്ചും അവര്‍ വന്നും പോയുമിരുന്നു. ഈ ഗ്രാമത്തിലുള്ളവര്‍, തമിഴ്‌നാടിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ളവര്‍.
വൈകീട്ടാണ് നടുക്കാട്ട്‌പെട്ടിയിലെ കാറ്റില്‍ മരണത്തിന്റെ ഗന്ധമുയര്‍ന്നത്. ഡോക്ടര്‍മാര്‍ കുഴി പരിശോധിച്ചു. മരണം സ്ഥിരീകരിച്ചു. പക്ഷേ പുറത്തുവിട്ടില്ല. തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വമായ ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ വീട്ടുകാരുമായി സംസാരിച്ചു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ശേഷം ഉദ്യോഗസ്ഥരെ വിളിച്ച് യോഗം ചേര്‍ന്നു. സമാന്തര കുഴി നിര്‍മ്മാണം അര്‍ദ്ധരാത്രിയോടെ നിര്‍ത്തി. കുഴല്‍ക്കിണര്‍ നില്‍ക്കുന്ന ഭാഗം നന്നായി മറച്ചു. മൃതദേഹം കുഴല്‍ക്കിണറിന് ഉള്ളിലൂടെത്തന്നെ പുറത്തെടുക്കാന്‍ തീരുമാനിച്ചു. ദേശീയ ദുരന്തനിവാരണ സേനയിലെ മലയാളി ഉദ്യോഗസ്ഥന്‍ ജിതേഷ് ആണ് ഇതിന് നേതൃത്വം നല്‍കിയത്. പുലര്‍ച്ചെ ഒന്നരയോടെ ആദ്യ ശരീരഭാഗം ലഭിച്ചു. മൂന്നരയോടെ റവന്യു സെക്രട്ടറി മരണം സ്ഥിരീകരിച്ചു. 4.30ന് പ്രധാന ശരീര ഭാഗങ്ങളെല്ലാം കിട്ടി. അഴുകിയ മൃതദേഹത്തില്‍ നിന്ന് കുറേ ഭാഗങ്ങള്‍, കിണറിന്റെ 600 അടി താഴ്ചയില്‍ പതിച്ചു.
പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഫാത്തിമ പുത്തൂരിലെ പള്ളി സെമിത്തേരിയിലേക്ക്. അവിടെ അനേകം കല്ലറകള്‍ക്കിടയില്‍ സുജിത്തിനായി പനിനീര്‍പ്പൂക്കള്‍ വിരിച്ച ഒരിടം. ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മെഴുകുതിരിയും പനിനീര്‍പ്പുകളുമായി പിന്നെയും മനുഷ്യര്‍ എത്തിക്കൊണ്ടിരുന്നു.
ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ സുജിത്തിനെ മണ്ണിട്ട് മൂടിയ അതേ സമയത്ത് വീട്ടുമുറ്റത്തെ കുഴല്‍ക്കിണറില്‍ കോണ്‍ക്രീറ്റ് നിറച്ചു. അവനുണ്ടായിരുന്നെങ്കില്‍ രണ്ട് ദിവസം മുന്‍പ് ദീപാവലിപ്പടക്കം പൊട്ടിക്കേണ്ടിയിരുന്നു മുറ്റത്ത് ചെറിയൊരു പന്തലുയര്‍ന്നു. നാലുപാടുമുള്ള ചോളപ്പാടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരും യന്ത്രങ്ങളും മടക്കയാത്രയ്‌ക്കൊരുങ്ങി.
രണ്ട് ചോദ്യം മാത്രം ചോദ്യം മാത്രം അലട്ടിക്കൊണ്ടിരുന്നു. നൂറടി താഴ്ചയിലുള്ള ഒരു കുഞ്ഞിനെ രക്ഷിച്ചെടുക്കാന്‍ മാത്രം ഉയരത്തിലേക്ക് നമ്മുടെ സാങ്കേതിക വിദ്യ ഇനി എപ്പോഴാണ് വളരുക?
നമ്മളെല്ലാം എന്നാണ് ജാഗ്രതകാട്ടിത്തുടങ്ങുക?
ഒരു ചിത്രം മാത്രം മനസ്സില്‍ പതിഞ്ഞു. തഴച്ച് വളര്‍ന്ന മുടി. മണ്ണ് കലര്‍ന്ന കറുന്ന മുടിയിഴകള്‍ക്ക് രണ്ട് വശത്തുമായി ഉയര്‍ന്നു നില്‍ക്കുന്ന പിഞ്ച് കൈകള്‍.
മാപ്പ് എന്ന് മാത്രം പറയാം ആ പൈതലിനോട്.
മാപ്പ്.
content highlights: Sujith Borewell accident, Mathrubhumi reporter's experience, from Tiruchirappalli