1971 ഡിസംബര്‍ ഒമ്പത്. ഗുജറാത്തിനടുത്ത് ദിയു തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ഖുക്രിക്കുനേരെ ടോര്‍പിഡോ ആക്രമണം. കീഴടങ്ങാനവസരമുണ്ടായിട്ടും ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുള്ളയുടെ കീഴിലുള്ള സൈനികര്‍ ദേശക്കൂറിന്റെ വാഹകരായി മരണം വരിക്കാന്‍ തീരുമാനിച്ചു. 18 നാവിക ഉദ്യോഗസ്ഥരും 176 സൈനികരും ധീര രക്തസാക്ഷികളായി. പാകിസ്താന്‍ മുങ്ങിക്കപ്പല്‍ പി.എന്‍.എസ്. ഹംഗറില്‍നിന്നുള്ള ആക്രമണമാണ് നാശം വിതച്ചത്.

ReadMore : ഇന്ത്യൻ യുദ്ധക്കപ്പലിനെ പാക് അന്തർവാഹിനി തകർത്ത ഡിസംബർ 9; മഹേന്ദ്രനാഥ് മുള്ളയെ ഓർക്കാതിരിക്കാനാവുമോ......

stamp
ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുള്ളയുടെ ഓര്‍മയ്ക്കായി പുറത്തിറക്കിയ സ്റ്റാമ്പ്

13 ദിവസം മാത്രം നീണ്ടുനിന്ന 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യന്‍ നേവിക്ക് നഷ്ടപ്പെട്ട ഒരേയൊരു യുദ്ധക്കപ്പലായി ഖുക്രി മാറിയതും സൈനികരുടെ ജീവത്യാഗവും യുദ്ധചരിത്രത്തിലെ മായാത്ത മുദ്രയാണ്. ദേശാഭിമാനം വാനോളമുയര്‍ത്തി വീരമൃത്യു വരിച്ചവരില്‍ പതിനെട്ടോളം മലയാളികളുമുണ്ടായിരുന്നു. അവരില്‍ ചിലരുടെ പിന്‍തലമുറയിലെ കണ്ണികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മകളിലൂടെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

John thomas
ജോണ്‍ തോമസ്‌

ജോണ്‍ തോമസ്

ചെങ്ങന്നൂര്‍ ആലയിലെ വീട്ടില്‍ ജോണ്‍ തോമസിന്റെ ധീരകൃത്യം അഭിമാനമാക്കി, തെല്ലും പതറാത്ത വാക്കുകളുമായി സാറാമ്മ തോമസ് എന്ന 75 കാരിയുണ്ട്. ഖുക്രി ദുരന്തത്തില്‍പ്പെടുമ്പോള്‍ 30 വയസ്സ് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ ഭര്‍ത്താവ് ജോണ്‍ തോമസിന്. എല്ലാവര്‍ഷവും ഡിസംബറില്‍ കൊച്ചി നേവല്‍ ബേസിലെ ഉദ്യോഗസ്ഥര്‍ സാറാമ്മ തോമസിനരികിലെത്തും. ഡല്‍ഹിയില്‍ പുതുതായി കഴിപ്പിച്ച യുദ്ധസ്മാരകത്തില്‍ 2020 മാര്‍ച്ച് ഒന്നിന് പ്രിയതമന് റീത്ത് സമര്‍പ്പിക്കാനുള്ള ഭാഗ്യവും അവര്‍ക്കുണ്ടായി. കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി തുടക്കംകുറിച്ച ദീപശിഖാ പ്രയാണം വീട്ടിലെത്തിയതും ജ്വലിക്കുന്ന ഓര്‍മയായി സാറാമ്മ തോമസിന്റെ ഉള്ളിലുണ്ട്.

ഈശോ ജോണ്‍ 

Eesho John
ഈശോ ജോണ്‍

കുഞ്ഞ് എന്ന് വിളിപ്പേരുള്ള ഈശോ ജോണെന്ന 21-കാരന്‍ മരണത്തെ പുല്‍കി രാജ്യത്തിനുവേണ്ടി വീരനായകനായി. മാവേലിക്കര പൈനുംമൂടില്‍ സഹോദരന്‍ വര്‍ഗീസ് ജോണിന്റെ വാക്കുകളില്‍ നോവോര്‍മകള്‍ക്കു മീതെ ദേശസ്‌നേഹത്തിന്റെ തിരകളടിക്കുന്നു. റോയല്‍ ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്ന പിതാവ് പി.ഇ. ജോണിന്റെ വഴി തന്നെ കുഞ്ഞും തിരഞ്ഞെടുത്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ നേവിയിലെത്തി. മൂന്ന് വര്‍ഷത്തെ പരിശീലനത്തിനു ശേഷമായിരുന്നു ഖുക്രിയിലെ സേവനം. മരണത്തിന് തൊട്ടുമുമ്പ് ഈശോ ജോണ്‍ വീട്ടിലേക്കയച്ച കത്ത് ഇന്നും നെഞ്ചോടു ചേര്‍ത്തുവെച്ചിട്ടുണ്ട് വര്‍ഗീസ് ജോണ്‍.

K. P Moideen
കെ.പി മൊയ്ദീന്‍

കെ.പി. മൊയ്തീന്‍

കൊയിലാണ്ടി മുചുകുന്ന് കിഴക്കേപാലയുള്ള കണ്ടി മൊയ്തീന്‍ 18-ാം വയസ്സിലാണ് നേവിയില്‍ ചേരുന്നത്. ഖുക്രി കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നപ്പോള്‍ രാജ്യയശസ്സുയര്‍ത്തിയ ആ പോരാളി 22-ന്റെ ഊര്‍ജസ്വലതയിലായിരുന്നു. അന്ന് 13 വയസ്സുണ്ടായിരുന്ന സഹോദരന്‍ കെ.പി. ആസാദിന്റെ ഓര്‍മകള്‍ക്ക് മൊയ്തീന്റെ രക്തസാക്ഷിത്വം തെളിച്ചമേറ്റുന്നു. നേവി ഉദ്യോഗസ്ഥനായ പിതാവ് പരീക്കുട്ടിയില്‍നിന്ന് പ്രചോദനംകൊണ്ടാണ് മൊയ്തീനും സേനയിലെത്തിയത്.

ഖുക്രി അപകടത്തില്‍ തകര്‍ന്ന് മൊയ്തീന്റെ പ്രാണന്‍ പോയപ്പോള്‍ കറാച്ചി തുറമുഖം കീഴടക്കി തിരിച്ചടിച്ച ഇന്ത്യയുടെ ഐ.എന്‍.എസ്. മൈസൂര്‍ കപ്പലില്‍ പിതാവുമുണ്ടായിരുന്നുവെന്നത് ചരിത്രനിയോഗം. ദേശത്തിനുവേണ്ടി ബലിയര്‍പ്പണം ചെയ്ത സഹോദരന്റെ പിന്‍ഗാമിയാകാന്‍ കഴിഞ്ഞത് സുകൃതമായാണ് ആസാദ് കണക്കാക്കുന്നത്.

വി.കെ. രാമദേവന്‍ പിള്ള 

v.k ramadevan pillai
വി.കെ രാമദേവന്‍ പിള്ള

പന്തളം വെട്ടിയാര്‍ സ്വദേശി രാമദേവന്‍ പിള്ളയുടെ വീരചരമത്തിന്റെ നാള്‍വഴികള്‍ പിന്‍തലമുറയ്ക്കും നാട്ടുകാര്‍ക്കും ആവേശമേറ്റുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ശശിധരന്‍ പിള്ള രണ്ടുമാസം മുമ്പാണ് മരിച്ചത്. ശശിധരന്‍ പിള്ളയുടെ മകന്‍ രമേഷ് കുമാര്‍ അച്ഛനിലൂടെ കേട്ടറിഞ്ഞ ചരിത്ര സത്യങ്ങളുടെ മൂല്യങ്ങള്‍ ചേര്‍ത്തുവെച്ച് പുതുതലമുറയിലുണ്ട്. 22-ാം വയസ്സിലാണ് രാമനാഥന്‍പിള്ളയുടെയും വിയോഗം.

M. K Vijayan
എം.കെ വിജയന്‍

എം.കെ. വിജയന്‍

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അരുണയെ ബന്ധുക്കളെത്തി സ്‌കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വീട്ടിലെ ആള്‍ക്കൂട്ടവും ചര്‍ച്ചകളും പതിയെ ആ സത്യം കാതുകളിലെത്തിച്ചു. അച്ഛന്‍ എം.കെ. വിജയന്‍ ഖുക്രി ദുരന്തത്തില്‍പ്പെട്ടിരിക്കുന്നു. ബാല്യത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട വേദന കൂടെയുണ്ടെങ്കിലും ജീവത്യാഗത്തിന്റെ ഓര്‍മകള്‍ അരുണയെ പുളകംകൊള്ളിക്കുന്നു. ഇരിങ്ങാലക്കുട എടമുട്ടം ചെന്ത്രാപ്പിന്നിയിലെ കുടുംബജീവിതത്തില്‍നിന്ന് വിജയന്‍ നടന്നുകയറിയത് ദേശാഭിമാനികളുടെ ഉന്നത നിരയിലേക്കാണ്. 2014-ലാണ് ഭാര്യ പദ്മിനി മരിച്ചത്.

കെ.രാധാകൃഷ്ണന്‍ 

K.Radhakrishnan
കെ.രാധാകൃഷ്ണന്‍

പാലക്കാട് ചുണ്ടമ്പറ്റ ഗ്രാമത്തിന് അഭിമാനമേറ്റി വീരചരമം പ്രാപിച്ച കെ. രാധാകൃഷ്ണനും ഖുക്രിയുടെ ചരിത്രപഥങ്ങളില്‍ തെളിച്ചത്തോടെ നില്‍ക്കുന്നു. തന്റെ അമ്മയുടെ സഹോദരന്റെ ദീപ്തസ്മരണകള്‍ക്കു മുമ്പില്‍ കൈകൂപ്പി കാലിക്കറ്റ് സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം മേധാവി ഡോ. രവീന്ദ്രനുണ്ട്. പ്രീഡിഗ്രിക്ക് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് രാധാകൃഷ്ണന്‍ നേവിയുടെ റിക്രൂട്ട്മെന്റ് പരീക്ഷ എഴുതി ഒന്നാമനായി തിരഞ്ഞെടുക്കപ്പെട്ടത്. 23-വയസ്സു മാത്രമുണ്ടായിരുന്ന അമ്മാമയുടെ ജീവന്‍ നഷ്ടപ്പെട്ട വിവരമടങ്ങിയ ടെലിഗ്രാം രവീന്ദ്രന്റെ അച്ഛന്റെ അടുക്കലാണെത്തിയത്.

sainudheen
സൈനുദ്ദീന്‍

സൈനുദ്ദീന്‍

പാലക്കാട്-മലപ്പുറം അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറങ്ങാടി ഒതളൂരിനും ദേശസ്‌നേഹത്തിന്റെ വീറുറ്റ അധ്യായത്തില്‍ ഒരിടമുണ്ട്. കക്കാട്ടില്‍ കുടുംബത്തിലെ 20-കാരന്‍ സൈനുദ്ദീനും വീരമൃത്യു വരിച്ചത് ഖുക്രിയോടൊപ്പം ആഴങ്ങളിലാണ്. പത്താം ക്ലാസ് പഠനംകഴിഞ്ഞ് പുണെയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഖുക്രിയില്‍ സേവനത്തിനെത്തിയത്.

ദുരന്തത്തില്‍പ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍, റിട്ട. തഹസില്‍ദാര്‍ മൂസക്കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. സൈനുദ്ദീന്റെ ധീരതയെക്കുറിച്ച് വാചാലമായ ഓര്‍മകള്‍ പങ്കുെവക്കുമ്പോഴും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അയച്ച കത്തടക്കമുള്ള ചില രേഖകള്‍ നഷ്ടപ്പെട്ടതിന്റെ വിഷമവുമുണ്ട്.

 

Content Highlights: story of I.N.S Khukri; the divine loss of indian armed forces