അഹിംസാധര്‍മത്തിന് ബുദ്ധന്‍ മുഖ്യത കല്പിച്ചു. ക്രിസ്തു സ്‌നേഹത്തിന് മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബ്യയില്‍ സാഹോദര്യത്തിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാല്‍ അദ്ദേഹം സാഹോദര്യത്തിന് മുഖ്യത കല്പിച്ചതായി കാണുന്നു. 

പരബ്രഹ്‌മസ്വരൂപനും സര്‍വധര്‍മ സമഭാവനയുടെ പ്രതിപുരുഷനുമായിരുന്ന ശ്രീനാരായണഗുരുദേവന്റെ 94-ാമത് മഹാസമാധിദിനമാണ് ഇന്ന്. സര്‍വസംഗ പരിത്യാഗികളായ ജീവന്മുക്തന്മാരുടെ ദേഹവിയോഗത്തിനാണ് മഹാസമാധി എന്നു പറയുന്നത്. അതൊരു വിയോഗമല്ല, മറിച്ച് ഒരു ലയനമാണ്. ഒരു നദി അതിന്റെ വഴികളിലൂടെയെല്ലാം ഒഴുകിയൊഴുകി ഒടുവില്‍ ലക്ഷ്യസ്ഥാനമായ സമുദ്രത്തില്‍ ലയിച്ച് സമുദ്രമായിത്തീരുന്നതുപോലെത്തന്നെ. അങ്ങനെ പ്രപഞ്ചതത്ത്വമായിരിക്കുന്ന പരംപൊരുളില്‍ വിലയം ചെയ്യാനുള്ളതാണ് സര്‍വജന്മങ്ങളും. ഈ പരമസത്യത്തിന്റെ ഉദ്ഘോഷമാണ് 'മരണവുമില്ല പുറപ്പുമില്ല വാഴ്വും നരസുരരാദിയുമില്ല നാമരൂപം' എന്ന ആത്മോപദേശശതകത്തിലെ തൃപ്പാദവചനം.

എന്നാല്‍, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മരണവും ജനനവുമെന്നത് അവരുടെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവുമാണ് എന്ന ധാരണയാണുള്ളത്. ഇത് അറിവിന്റെ നിജസ്ഥിതിയില്‍ നിന്നുണ്ടായിട്ടുള്ളതല്ല, മറിച്ച് അറിവിന്റെ വ്യാജസ്ഥിതിയില്‍നിന്നുമുണ്ടായിട്ടുള്ള ഒരു സങ്കല്പം മാത്രമാണ്. അതിനാല്‍ത്തന്നെ അവരുടെ ജീവിതമാകെ ആ സങ്കല്പത്താല്‍ പൊതിയപ്പെട്ടതാണ്. അതുകൊണ്ട്, കാലദേശങ്ങളുടെയും രാഗദ്വേഷങ്ങളുടെയും പരിമിതികളെ മറികടക്കാന്‍ അവര്‍ക്കാവുന്നതല്ല. ഈ അസ്വതന്ത്രപരതയിലാണ് മനുഷ്യന്‍ വിശ്വാസിയായും അവിശ്വാസിയായുമൊക്കെ ഈ ലോകജീവിതത്തില്‍ വ്യവഹരിക്കുന്നത്. ഇങ്ങനെ ഏതെങ്കിലും ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ഒക്കെ അനുയായിയും വക്താവുമായിത്തീരുന്ന മനുഷ്യന് അതിനപ്പുറമുള്ള പരമമായ ഏകതയുടെ, അല്ലെങ്കില്‍ വിശ്വമാനവികതയുടെ സ്വതന്ത്രതലം ഒട്ടും പരിചിതമായിരിക്കുകയില്ല.

കയറിനെക്കണ്ടിട്ട് അത് കയറാണെന്നറിയാതെ പാമ്പാണെന്നു ധരിച്ചും ഭയപ്പെട്ടും സത്യത്തില്‍ ഉള്ളതായിരിക്കുന്ന കയറിനെ തല്ലാനൊരുങ്ങുന്നത് എപ്രകാരമോ, അപ്രകാരമാണ് അവനവന്റെ സ്വത്വത്തെ അറിയാതെയുള്ള ഈ ജീവിതം. ഈ അറിവില്ലായ്മയെ തിരിച്ചറിയാനും നാം എന്താണോ ആ പൊരുളിലേക്ക് നമ്മെ ഉണര്‍ത്താനും ഉയര്‍ത്താനുമാണ് കാലാകാലങ്ങളില്‍ ഗുരുക്കന്മാര്‍ ഈ ഭൂമിയില്‍ അവതാരം ചെയ്തിട്ടുള്ളത്. ഗുരുദേവന്‍ അക്കാര്യം ഒരു അര്‍ഥശങ്കയ്ക്കുമിടയില്ലാത്തവിധം വ്യക്തമായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ''സനാതനധര്‍മങ്ങള്‍ തുല്യപ്രധാനങ്ങളാണ്. ദേശകാലാവസ്ഥകളാല്‍ നേരിടുന്ന ആവശ്യങ്ങളനുസരിച്ച് അവയില്‍ ഏതെങ്കിലുമൊന്നിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായി വരും. ഹിംസകലശലായിരുന്ന ദേശകാലങ്ങളില്‍ അഹിംസാധര്‍മത്തിന് ജഗദ്ഗുരുക്കന്മാര്‍ മറ്റു ധര്‍മങ്ങളെക്കാള്‍ മുഖ്യത കല്പിക്കും. ബുദ്ധന്റെ കാലത്ത് ഹിംസകലശലായിരുന്നു. അതിനാല്‍ അഹിംസാധര്‍മത്തിന് ബുദ്ധന്‍ മുഖ്യത കല്പിച്ചു. ക്രിസ്തു സ്‌നേഹത്തിന് മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബ്യയില്‍ സാഹോദര്യത്തിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാല്‍ അദ്ദേഹം സാഹോദര്യത്തിന് മുഖ്യത കല്പിച്ചതായി കാണുന്നു. സാഹോദര്യം സ്‌നേഹത്തെയും സ്‌നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ സാഹോദര്യമാണ് ശ്രേഷ്ഠം, അതല്ല സ്‌നേഹമാണ് ശ്രേഷ്ഠം എന്നു വിവാദമുണ്ടാകുന്നുവെങ്കില്‍ അതിന് വൃഥാ വിവാദമെന്നല്ലാതെ പറയാന്‍ തരമുണ്ടോ?''

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കാറല്‍ മാര്‍ക്‌സ് പറഞ്ഞു. എന്നാല്‍, ഭൗതികതയുടെ ധൃതിപ്പെടലില്‍ അത് വേണ്ടത്ര ആഴത്തില്‍ കാലത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയില്‍പ്പതിയാതെ പോയി 

നോക്കുക, ഗുരുദേവന്റെ ഈ വെളിവാക്കലിന്റെ വെളിച്ചം അറിയാതെ പോയതുകൊണ്ടോ അറിഞ്ഞിട്ടും അതുള്‍ക്കൊള്ളാതെ പോയതുകൊണ്ടോ ആണ് ഈ ആധുനികലോകത്ത് മതങ്ങളും ജാതികളും ഇത്രമേല്‍ മനുഷ്യന് ആപത്തു വരുത്തുന്നതായി തീര്‍ന്നത്. അതിന്റെ ഭീകരമായ ദൃഷ്ടാന്തങ്ങളാണ് പശ്ചിമ-മധ്യേഷ്യന്‍ രാജ്യങ്ങളിലും ഇപ്പോഴിതാ അഫ്ഗാനിസ്താനിലും തീമേഘങ്ങളായി പടരുന്ന മതതീവ്രവാദങ്ങളും മതപ്പോരുകളും. ഏതാണ്ട് ഒന്നരനൂറ്റാണ്ടിനുമുമ്പ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കാറല്‍ മാര്‍ക്‌സ് പറഞ്ഞു. എന്നാല്‍, ഭൗതികതയുടെ ധൃതിപ്പെടലില്‍ അത് വേണ്ടത്ര ആഴത്തില്‍ കാലത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയില്‍പ്പതിയാതെ പോയി എന്നതാണ് വാസ്തവം. ഒരു നൂറ്റാണ്ടിനുമുമ്പ് സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല, മതത്തിന് അവന്‍ പ്രമാണമാണെന്ന് ഗുരുദേവന്‍ ഉപദേശിച്ചു. ശുദ്ധ ആത്മീയതയുടെ ദൃക്കിലൂടെ നോക്കിക്കണ്ടുകൊണ്ടുള്ള ആ ഉപദേശവും മതത്തിന് പ്രമാണമായി സ്വയം ചമയുന്നവര്‍ ചെവിക്കൊണ്ടില്ല. കാരണം, മതത്തെ മദമാക്കിനിര്‍ത്തുകയായിരുന്നു അവരുടെ ലക്ഷ്യം. മനുഷ്യന്റെ ഊര്‍ധ്വഗതിക്കായി പിറവികൊണ്ട മതങ്ങളായിരുന്നില്ല അവര്‍ക്കുവേണ്ടത്, മറിച്ച് അവര്‍ വിഭാവനംചെയ്യുന്ന മതത്തിന്റെ ഊര്‍ധ്വഗതിക്കായി മനുഷ്യനെ ഉപയോഗപ്പെടുത്തുന്നതിലായിരുന്നു അവരുടെ താത്പര്യം മുഴുവനും. ഇതു കണ്ടിട്ടും കേട്ടിട്ടുമാണ് തൃപ്പാദങ്ങള്‍ ഈവിധം പറഞ്ഞത്: ''ഇന്ന് ഇന്ത്യയുടെ ആവശ്യമെന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മത്സരത്തില്‍നിന്ന് മോചനം. സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാമതങ്ങളെയും എല്ലാവരും പഠിച്ചറിയാനും ലഭിച്ച അറിവിനെ പരസ്പരം സ്‌നേഹപൂര്‍വം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാവും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസ്തമിക്കും.''

മനുഷ്യന്‍ ഒരു ജാതിയായി ജീവിക്കണം

ഗുരുദേവന്റെ കാലത്ത് ജാതിമതങ്ങളുടെ ഭേദദ്വേഷങ്ങള്‍ അത്രമാത്രം കലശലായിരുന്നു. അതിനാല്‍ അവയുടെ അധാര്‍മിക ഇടപെടലുകളില്‍ നിന്ന് മനുഷ്യനെ സ്വതന്ത്രമാക്കുന്നതിനാണ് അദ്ദേഹം മുഖ്യത കല്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ തന്റെ ജീവിതകാലത്ത് തൃപ്പാദങ്ങള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നതും ഇടപെട്ടിരുന്നതും ജാതിഭേദത്തില്‍നിന്നും മതദ്വേഷത്തില്‍നിന്നും മനുഷ്യനെ മോചിപ്പിക്കുന്നതിനായിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ട്, ജാതിക്കെതിരായി ഗുരുദേവന്‍ സന്ധിയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, ഒരു മതത്തിനും എതിരായിരുന്നുമില്ല. മറിച്ച് മതവിദ്വേഷത്തെയാണ് ശക്തമായി എതിര്‍ത്തിരുന്നത്. 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നും 'ആധ്യാത്മികമോക്ഷത്തിന് എല്ലാ മതങ്ങളും പര്യാപ്തം തന്നെ' എന്നുമുള്ള ഗുരുദേവന്റെ വീക്ഷണത്തില്‍ മതങ്ങളെക്കാള്‍ മനുഷ്യനാണ് മുന്‍തൂക്കമെന്ന് കാണണം.

എല്ലാ മതങ്ങളും മനുഷ്യന്റെ മോചനത്തിനായിട്ടാണ്, സര്‍വസാഹോദര്യത്തിനായിട്ടാണ്, സനാതനമായ ധര്‍മത്തിന്റെ പരിപാലനത്തിനായിട്ടാണ് പിറവിയെടുത്തതെന്നും എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്നും സൂക്ഷ്മമറിഞ്ഞ ഗുരുക്കന്മാര്‍ വെളിപ്പെടുത്തുമ്പോള്‍ എന്തിനാണ് മതത്തിന്റെ പേരില്‍ അനുയായികള്‍ തമ്മില്‍ വെറുതേ കലഹിക്കുന്നത്. മുഹമ്മദീയരും ക്രിസ്ത്യാനികളും ജൈനരും ബൗദ്ധരും അതുപോലെത്തന്നെ മറ്റുമതക്കാരും ഒന്നിനെ പ്രാപിക്കാന്‍വേണ്ടിയാണ് അശ്രാന്തം പരിശ്രമിക്കുന്നതെന്ന് ഗുരുദേവന്‍ ശ്രീനാരായണധര്‍മത്തില്‍ പറഞ്ഞുവെച്ചിട്ട് ഒരു നൂറ്റാണ്ടായി. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമായി ഈലോകവും ലോകരും വിളങ്ങുവാനുള്ള സന്ദേശം അരുവിപ്പുറത്ത് ആലേഖനം ചെയ്തിട്ട് 133 കൊല്ലമായി. മനുഷ്യന്‍ ഒരു ജാതിയായി ജീവിക്കണം. ഈ അഭിപ്രായം എല്ലായിടവും പരക്കണം. മനുഷ്യന്‍ ഒരു ജാതി അതാണ് നമ്മുടെ മതം എന്ന് ഗുരുദേവന്‍ കല്പിച്ചിട്ടും നൂറ്റാണ്ട് ഒന്നായി. ഇതെല്ലാംശരിതന്നെ. പക്ഷേ, സൂക്ഷ്മമറിയാതെ മതങ്ങള്‍ക്കുപിന്നാലെ പായുന്നവര്‍ക്ക് ഇതൊന്നും കേള്‍ക്കാനുള്ള കാതുണ്ടാവില്ല. എന്നാല്‍, അവരെ നയിക്കുന്ന മതാചാര്യന്മാരുടെ കണ്ണും കാതും തുറന്നിരിക്കുകതന്നെ വേണം.

(ശ്രീനാരായണഗുരു ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റാണ് ലേഖകൻ)