എന്താണ് ശബരിമലയുടെ പ്രസക്തി? എന്തുകൊണ്ടാണ് അയ്യപ്പന്‍ മലയാളികളെയും അന്യസംസ്ഥാനക്കാരെയും ഒരുപോലെ ആകര്‍ഷിച്ചടുപ്പിക്കുന്നത്? ദശാബ്ദങ്ങള്‍ കഴിയും തോറും ശാസ്ത്രീയപുരോഗതിയുടെ അസാമാന്യമായ പ്രതിരോധം നിലനില്‍ക്കുമ്പോഴും അയ്യപ്പഭക്തരുടെ എണ്ണം ഓരോ വര്‍ഷവും ഏറിയേറി വരുന്നത് എന്തുകൊണ്ട്? കാരണം ഒന്നേയുള്ളൂ. ഈ ഭൂമിയില്‍ ഒരിടത്തും ഇതിനു തുല്യമായി വേറൊരു ദേവാലയമില്ല. എല്ലാ മതങ്ങളും പറയുന്നത് ദൈവം സ്വര്‍ഗത്തിലും മനുഷ്യന്‍ ഭൂമിയിലുമാണെന്നത്രേ. എന്നാല്‍, ശബരിമലയില്‍ ദൈവവും ഭക്തനും ഭൂമിയില്‍ തന്നെയാണ്.

'ഞാന്‍ തന്നെയാണ് നീ, നീ തന്നെയാണ് ഞാന്‍' എന്നാണ് അയ്യപ്പന്‍ തന്റെ ഭക്തരോട് പറയുന്നത്. സനാതന ധര്‍മത്തിന്റെ മര്‍മമായ അദ്വൈതസിദ്ധാന്തത്തെ സാധാരണക്കാരന്റെ ഭാഷയില്‍ ലളിതവത്കരിച്ച മഹാത്മാവാണ് പന്തളം കൊട്ടാരത്തില്‍ വളര്‍ന്ന മണികണ്ഠന്‍ എന്ന അയ്യപ്പന്‍. പതിനെട്ടാംപടി കയറിച്ചെല്ലുന്ന ഭക്തന്‍ ആദ്യം വായിക്കുന്ന വാക്യം 'തത്ത്വമസി' എന്നതാണ്. തത് എന്നാല്‍ അത് + ത്വം എന്നാല്‍ നീ അസി എന്നാല്‍ ആകുന്നു. തത്ത്വമസി 'എന്നാല്‍' അത് നീയാകുന്നു. അകത്തിരിക്കുന്ന ശക്തിയും നീയും ഒന്നുതന്നെ എന്നു സാരം. ഈ ആശയം സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം വളരെ ലളിതമായി ഞാന്‍ ഒരു ഗാനത്തില്‍ എഴുതിയിട്ടുണ്ട്.

'അകത്തുമയ്യപ്പന്‍ 
പുറത്തുമയ്യപ്പന്‍ 
അദ്വൈത ദീപപ്രഭാവമയ്യപ്പന്‍
തൊഴുന്നതയ്യപ്പന്‍ ഉള്ളില്‍ 
ഇരിപ്പതയ്യപ്പന്‍ 
ഞാനും നീയും അവനും ബ്രഹ്മം 
സര്‍വ്വമയ്യപ്പന്‍...!'

ആലോചിച്ചു നോക്കൂ, അകത്തിരിക്കുന്നത് അയ്യപ്പന്റെ വിഗ്രഹം. 'അയ്യപ്പാ.. എന്നു വിളിച്ചു തൊഴുന്ന ഭക്തനും അയ്യപ്പന്‍. ഒരു ഭക്തന്‍ മറ്റൊരു ഭക്തനെ വിളിക്കുന്നതും 'അയ്യപ്പാ...' എന്നു തന്നെ. അങ്ങനെ ശബരിമലയില്‍ ഭക്തനും ദൈവവും ഒന്നായിത്തീരുന്നു. ലോകത്ത് മറ്റൊരു ദേവാലയത്തിലും ഇങ്ങനെയൊരു ദര്‍ശനസൗഭാഗ്യം ഇല്ല. അയ്യപ്പന്‍ കഴിഞ്ഞാല്‍ പിന്നെ ശബരിമലയിലുള്ള പ്രധാന പ്രതിഷ്ഠ മാളികപ്പുറത്തമ്മയുടേതാണ്. ദര്‍ശനത്തിനു വരുന്ന സ്ത്രീയെ വിളിക്കുന്നതും 'മാളികപ്പുറം' എന്ന പേര് ചൊല്ലിയാണ്. മാളികപ്പുറത്തിനെ തൊഴുന്നയാളും മാളികപ്പുറം തന്നെ. തത്ത്വമസി എന്ന വാക്യം ഇവിടെയും പ്രസക്തമാകുന്നു. 'അഹം ബ്രഹ്മാസ്മി' (ഞാന്‍ ബ്രഹ്മം ആകുന്നു), 'തത്ത്വമസി' (അത് നീയാകുന്നു). 'അയം ആത്മാ ബ്രഹ്മ' (ഈ ആത്മാവ് ബ്രഹ്മമാകുന്നു) എന്നീ മഹാവാക്യങ്ങളാണ് സനാതനധര്‍മത്തിന്റെ അടിത്തറ. 

ഭാരതത്തില്‍ അനേകായിരം ഹിന്ദു ദേവാലയങ്ങളുണ്ടെങ്കിലും ശബരിമലയില്‍ മാത്രമാണ് ഈ വാക്യങ്ങള്‍ക്കു പ്രകടമായ സ്ഥാനം ലഭിച്ചിട്ടുള്ളത്. മനുഷ്യശരീരവും ആത്മാവും (ബ്രഹ്മവും) തമ്മിലുള്ള ബന്ധമാണ് ഓരോ ക്ഷേത്രവും പറയുന്നത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലം മനുഷ്യശരീരത്തിന്റെ പ്രതീകമാണ്. വിഗ്രഹം ആത്മാവിന്റെയും (ബ്രഹ്മത്തിന്റെ). വിഗ്രഹം നിര്‍മിക്കപ്പെട്ടിരിക്കുന്നത് കല്ലു കൊണ്ടായാലും പഞ്ചലോഹം കൊണ്ടായാലും മരം കൊണ്ടായാലും അത് ഒരു പ്രതീകം മാത്രമാണ്. ബ്രഹ്മത്തിനു രൂപം ഇല്ലാത്തതുകൊണ്ട് ഭക്തന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നതിനായി ഒരു പ്രതീകം ഉപയോഗിക്കപ്പെടുന്നു. ആ വിഗ്രഹത്തെ തൊഴുമ്പോള്‍ ഭക്തന്‍ തൊഴുന്നതു കല്ലിനെയോ പഞ്ചലോഹത്തിനെയോ മരത്തെയോ അല്ല. ബ്രഹ്മത്തെയാണ്. അമ്പലത്തിനുള്ളില്‍ വിഗ്രഹം ഇരിക്കുന്നതുപോലെ ശരീരത്തിനുള്ളില്‍ ബ്രഹ്മം ഇരിക്കുന്നു. അതുകൊണ്ടാണ് വിഗ്രഹത്തെ തൊഴുമ്പോള്‍ ഭക്തന്‍ കണ്ണടച്ചു മനസ്സിലേക്ക് നോക്കുന്നത്. ഈ സത്യം അറിയാത്തവരാണ് ഹിന്ദുക്കള്‍ കല്ലിനെ ആരാധിക്കുന്നു എന്നു പറയുന്നത്. ഭൗതികശാസ്ത്രത്തില്‍ ബ്രഹ്മത്തെ എനര്‍ജി എന്നു വിളിക്കുന്നു. 

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. അതേസമയം, ചില നിബന്ധനകള്‍ പണ്ടു മുതല്‍ക്കേ പരിപാലിക്കപ്പെട്ടു പോരുന്നു. അതിനു മതിയായ കാരണങ്ങളുണ്ട്. അവിടെ അയ്യപ്പനെ ബ്രഹ്മചാരിയായ യോഗീശ്വരനാണ് എന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മാളികപ്പുറത്തമ്മ യോഗിനിയുമാണ്. മനുഷ്യനും ഈശ്വരനും ഒന്നാകണമെങ്കില്‍ മനുഷ്യന്‍ അല്പമൊന്നുയരണം, അവന്‍ കടുത്ത വ്രതാനുഷ്ഠാനം പാലിക്കണം എന്നു പറയുന്നത് അതുകൊണ്ടാണ്. വ്രതമെടുക്കുന്ന സമയത്ത് ബ്രഹ്മചര്യം അനുഷ്ഠിക്കണം യുവതികളായ സ്ത്രീകള്‍ സന്ദര്‍ശനം ഒഴിവാക്കണം എന്നു പറയുന്നതും അതുകൊണ്ടു തന്നെയാണ്. കാലം മാറിയില്ലേ മാറ്റങ്ങള്‍ ആവശ്യമല്ലേ... എന്ന ചോദ്യം ഞാനും എന്നോടുതന്നെ ചോദിക്കാറുണ്ട്. 

ഒരുകാലത്ത് താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരത്തിരുനാള്‍ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ അത് മാറ്റുകയുണ്ടായി. അത് ദുരാചാരമായിരുന്നു. അത് മാറ്റപ്പെടേണ്ടതായിരുന്നു. എന്നാല്‍, നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ചില ക്ഷേത്രാചാരങ്ങളുണ്ട്, അവ ചിലരുടെ കണ്ണില്‍ സദാചാരവും ചിലരുടെ കണ്ണില്‍ ദുരാചാരവുമാണ്. ഈ ആശയസംഘട്ടനം നൂറ്റാണ്ടുകളായി നടന്നുവരുന്നുണ്ട്.

കേദാര്‍നാഥ് മുതല്‍ കന്യാകുമാരിവരെയുള്ള മിക്കവാറും എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരരീതിയാണുള്ളത്. കേദാര്‍നാഥിലും കാശിയിലും ചില പ്രത്യേകസമയങ്ങളില്‍ ഭക്തന് ശ്രീകോവിലിനുള്ളില്‍ കയറി ശിവലിംഗത്തില്‍ തൊടാം, പാല് വാങ്ങിക്കൊണ്ടുപോയാല്‍ ഭക്തന് നേരിട്ട് അഭിഷേകം ചെയ്യാം. അതുകൊണ്ട് ഗുരുവായൂരിലും ശബരിമലയിലും ഭക്തരെ ശ്രീകോവിലിനുള്ളില്‍ കയറ്റണം എന്നു ശഠിക്കാന്‍ കഴിയുമോ..? കേരളത്തിലെ ക്ഷേത്രങ്ങളില്‍ തന്ത്രിക്കും പ്രധാന ശാന്തിക്കാര്‍ക്കും മാത്രമേ വിഗ്രഹത്തില്‍ തൊടാന്‍ അവകാശമുള്ളൂ. എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തുന്ന ഒരു വസ്തുത കൂടി ചൂണ്ടിക്കാണിക്കട്ടെ. കമ്യൂണിസ്റ്റുകാര്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ക്ഷേത്രങ്ങളിലാണ് ഏറ്റവും അധികം പരിശുദ്ധി നിലനില്‍ക്കുന്നത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ തൊഴാന്‍ നില്‍ക്കുന്ന ഭക്തരുടെ മുമ്പില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് അനേകം പുരോഹിതന്മാരുടെ പൃഷ്ഠങ്ങള്‍ ആയിരിക്കും അവര്‍ അങ്ങോട്ടും ഇങ്ങോട്ടും മാറുമ്പോള്‍ മാത്രമേ വിഗ്രഹം കണ്ണില്‍ പെടുകയുള്ളൂ. എന്നാല്‍, കേരളത്തില്‍ രണ്ടിലധികം പൂജാരിമാര്‍ ഒരിക്കലും ശ്രീകോവിലിനുള്ളില്‍ ഉണ്ടായിരിക്കുകയില്ല. 

കേരളത്തിലെ ക്ഷേത്രങ്ങളില്‍ പുരോഹിതന്മാരും ഭക്തരും വിശ്വാസപൂര്‍വം തികഞ്ഞ അച്ചടക്കംപാലിക്കുന്നു. ശബരിമലയില്‍ സവര്‍ണഹിന്ദു മേധാവിത്വം കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്ന് ആള്‍ക്കൂട്ടത്തില്‍നിന്ന് ആരൊക്കെയോ വിളിച്ചുപറയുന്നതു കേട്ടു. ദയവായി കാര്യമറിയാതെ ഇത്തരം അസത്യങ്ങള്‍ വിളിച്ചുപറയരുത്. എല്ലാ കാലത്തും അഹിന്ദുക്കള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുള്ള ക്ഷേത്രമാണ് ശബരിമല, ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും അവിടെ ഒരുപോലെ സ്ഥാനമുണ്ട്. അയ്യപ്പന്റെ പ്രിയസുഹൃത്തും സേനാധിപനും മുസല്‍മാനായ വാവര്‍ ആയിരുന്നു. വാവര്‍ക്കും ശബരിമല സന്നിധാനത്തില്‍ ഒരിടമുണ്ട്. അയ്യപ്പനെയും മാളികപ്പുറത്തിനെയും തൊഴുതിട്ടു ഭക്തന്മാര്‍ വാവരുടെ സന്നിധിയിലും വരുന്നു. വാവരുടെ വംശപരമ്പരയില്‍പ്പെട്ടവരാണ് അവിടെയിരുന്ന് അയ്യപ്പന്മാര്‍ക്ക് പ്രസാദം കൊടുക്കുന്നത്. ആ പ്രസാദവും ഭസ്മമാണ് എന്ന കാര്യം ഓര്‍മിക്കുക. ശബരിമലയില്‍ മൂന്ന് ഉപദേവതാ പ്രതിഷ്ഠകളുണ്ട് വലിയകടുത്ത സ്വാമികള്‍, കൊച്ചുകടുത്തസ്വാമികള്‍, കറുപ്പായിയമ്മ എന്നിവരാണ് അവര്‍. മണികണ്ഠന്‍ കാട്ടില്‍ കഴിഞ്ഞകാലത്ത് അദ്ദേഹത്തെ സഹായിക്കാന്‍ കൂട്ടു നിന്ന ആദിവാസികളാണ് ഈ മൂന്നുപേരും. അവരെയും പൂജനീയരാക്കി ഉയര്‍ത്തിയ ക്ഷേത്രത്തെക്കുറിച്ചു മാന്യതയില്ലാതെ സംസാരിക്കരുത്. 

(കവിയും ഗാനരചയിതാവും സംവിധായകനുമാണ് ലേഖകന്‍)