ച്ചവെയിലിലും തേക്കിന്‍ കാട് മൈതാനത്ത് തണലുണ്ട്. കൈ നോട്ടക്കാരും, ചീട്ടുകളിക്കാരും, പ്രണയികളും, സൊറ പറഞ്ഞിരിക്കുന്നവരുമെല്ലാം കൂടി പരസ്പരം പങ്കുവെക്കുന്നൊരു സ്നേഹത്തണല്‍. വെയിലില്‍ പൊള്ളിപ്പഴുത്ത അരയാല്‍ത്തറയുടെ തണുപ്പിലേക്ക് തോള്‍സഞ്ചിയുമായി ഒരു മനുഷ്യന്‍ നടന്നുവന്നു. പേര് 'മനു മനുഷ്യജാതി'. കേട്ടത് ശരിയാണ്. തൃശ്ശൂര്‍ വേലൂര്‍ സ്വദേശിയായ മനു സ്വയം എടുത്തണിഞ്ഞ പേര് ഒരു നിലപാടിനപ്പുറം ഒരുവലിയ ദൗത്യത്തെക്കൂടി സൂചിപ്പിക്കുന്നതാണ്. മതവും ജാതിയുമടക്കം മനുഷ്യരെ വേര്‍തിരിക്കുന്ന നൂറായിരം കാര്യങ്ങള്‍ നോക്കി ആളുകള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാലത്ത്, തികച്ചും ജാതി/മത ഭേദമില്ലാതെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന 'സെക്കുലര്‍ മാട്രിമോണി' എന്ന ആശയത്തിന്റെ അമരക്കാരനാണ് മനു. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

40,000ലേറെപ്പേര്‍ പിന്തുടരുന്ന സെക്കുലര്‍ മാട്രിമോണിയെന്ന ഫെയ്സ്ബുക്ക് പേജിന്റെ തുടക്കം പക്ഷേ കുറച്ച് വ്യത്യസ്തമായിരുന്നു.' ജാതിയും മതവുമൊന്നും നോക്കാതെ ഒരാളെ പ്രണയിച്ച് വിവാഹംകഴിക്കുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അങ്ങനെ പ്രണയിച്ച് ഒരുമിക്കുന്ന ധാരാളംപേരുണ്ട്. അവര്‍ വളരെ ചെറിയൊരു ന്യൂനപക്ഷമൊന്നുമല്ല. അങ്ങനെയുള്ളവരുടെ ഒരു കൂട്ടായ്മ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് 'മതമില്ലാത്ത ജീവിതങ്ങള്‍' എന്ന പേജ് പിറക്കുന്നത്', മനു പറഞ്ഞു. 2014-ല്‍ തുടങ്ങിയ 'മതമില്ലാത്ത ജീവിതങ്ങള്‍' പേജിലൂടെ സെക്കുലറായി വിവാഹം കഴിച്ചവരുടെ കഥകള്‍ എല്ലാവരിലേക്കും ഒഴുകിപ്പരന്നു. അവരെപ്പോലെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്ന് പലരും പറഞ്ഞ് തുടങ്ങിയപ്പോഴാണ് മനു സെക്കുലര്‍ മാര്യേജ് മാട്രിമോണിയെക്കുറിച്ച് ആലോചിക്കുന്നത്.

'2014-ല്‍ത്തന്നെ ഫെയ്സ്ബുക്ക് പേജ് മാത്രമായി സെക്കുലര്‍ മാര്യേജ് മാട്രിമോണിയും തുടങ്ങി. എനിക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ സെക്കുലര്‍ മാട്രിമോണിയെന്നൊരു വെബ്സൈറ്റൊക്കെ തുടങ്ങിയിരുന്നു. പക്ഷേ അത് പിന്നീട് ഹാക്ക് ചെയ്യപ്പെട്ടതോടെ അതങ്ങനെ നിന്നുപോയി'

പരസ്യം നല്‍കുന്നയാള്‍ സ്വയമെഴുതിയ വിവരങ്ങളും ഫോട്ടോയുമൊക്കെ ചേര്‍ത്താണ് പോസ്റ്റ് ചെയ്യുക. പേജില്‍ പോസ്റ്റിടാന്‍ ഒരു നിബന്ധനയേ ഉള്ളൂ. സമീപിക്കുന്നയാള്‍ സെക്കുലര്‍ ആയിരിക്കണം. 'ഫോണ്‍ സംസാരത്തിലൂടെയും സന്ദേശങ്ങളിലൂടെയുമൊക്കെ ഒരാള്‍ സെക്കുലറാണോ എന്ന് ഏറെക്കുറെ മനസ്സിലാകും. ഹിന്ദു മതത്തിലുള്ള പെണ്‍കുട്ടിവേണം, ഇന്ന ജാതിയില്‍പ്പെട്ട ആളാവണം എന്നൊക്കെ പറഞ്ഞ് തുടങ്ങുമ്പൊഴേ മനസ്സിലാകുമല്ലോ സെക്കുലറല്ലെന്ന്. പിന്നെ, മനപ്പൂര്‍വം പറ്റിക്കാനൊക്കെ ശ്രമിച്ചാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും' ചിരിച്ചുകൊണ്ട് മനു പങ്കുവെച്ചു.

ലോക്ക്ഡൗണ്‍ കാലത്ത് മാത്രം 15 ഓളം വിവാഹങ്ങളാണ് സെക്കുലര്‍ മാട്രിമോണി വഴി നടന്നത്. പലരും വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം വിളിച്ച് പറയും. പേജില്‍ നമ്പറൊക്കെ നേരിട്ട് നല്‍കുന്നതിനാല്‍ ഇടനിലക്കാരാരുമില്ല. അതുകൊണ്ടുതന്നെ അവരായിട്ട് വിളിച്ച് പറഞ്ഞാല്‍ മാത്രമേ സെക്കുലര്‍ മാട്രിമോണി പേജില്‍ പരിചയപ്പെട്ട് കല്യാണം കവിച്ചവരാണെന്ന് മനു അറിയൂ. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് മനു അതിര്‍വരമ്പുകള്‍ ഭേദിക്കാനാഗ്രഹിക്കുന്ന ഈ മനുഷ്യരെ ഒരുമിപ്പിക്കുന്നത്. വെബ്സൈറ്റൊന്നുമായി തുടങ്ങാത്തതിനാല്‍ കാര്യമായ പണച്ചെലവൊന്നും നിലവില്‍ ഇല്ല. കുറച്ചധികം സമയം ഇതിനുവേണ്ടി ചെലവഴിക്കണമെന്നുമാത്രം. മാത്തമാറ്റിക്സ അധ്യാപകനായ മനു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ മത്സരപ്പരീക്ഷകളെഴുതുന്നവര്‍ക്കുവരെ ട്യൂഷനെടുക്കുന്നുണ്ട്. ഇടവേളകള്‍ മുഴുവന്‍ ഫോണ്‍ വിളികളാവും. വാട്സാപ്പ് ഗ്രൂപ്പും ഇന്‍സ്റ്റഗ്രാം പേജുമൊക്കെ സെക്കുലര്‍ മാട്രിമോണിക്കുണ്ട്.

സെക്കുലര്‍ മാട്രിമോണിയില്‍ എല്ലാവര്‍ക്കും ഇടം

മറ്റ് മാട്രിമോണി സൈറ്റുകളും പേജുകളുമൊക്കെ ആണും പെണ്ണുമെന്ന ജെന്‍ഡര്‍ ബൈനറിക്കും ചുറ്റും കറങ്ങുമ്പോള്‍, സെക്കുലര്‍ മാട്രിമോണിയില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. പങ്കാളികളെ തേടുന്ന ട്രാന്‍സ്, ബൈ സെക്ഷ്വല്‍ വ്യക്തികളെയൊക്കെ സെക്കുലര്‍ മാട്രിമോണിയുടെ പേജില്‍ കാണാം. വിവാഹം തന്നെ മതവും സദാചാരവുമൊക്കെ കെട്ടിപ്പടുത്തൊരു നിര്‍മിതിയാവുമ്പോള്‍ സെക്കുലര്‍ മാര്യേജ് മാട്രിമോണിയെന്ന പേര് എന്തിനെന്ന ചോദ്യം മനു സ്ഥിരം കേള്‍ക്കാറുണ്ട്. വിവാഹം കഴിക്കുക എന്ന ഒറ്റ ലക്ഷ്യമല്ല സെക്കുലര്‍ മാട്രിമോണി ആവശ്യപ്പെടുന്നതെന്നാണ് മനുവിന്റെ പക്ഷം. സെക്കുലര്‍ താത്പര്യങ്ങളും നിലപാടുകളുമുള്ളവര്‍ക്ക് പരിചയപ്പെടാനും പ്രണയിക്കാനും ലിവിങ് ടുഗെദര്‍ നടത്താനും വേണമെങ്കില്‍ മാത്രം വിവാഹം കഴിക്കാനുമുള്ള ഇടമാണ് തന്റേതെന്ന് മനു പറയും.

അടുത്തിടെ മനു ഒരു മാനദണ്ഡംകൂടി സെക്കുലര്‍ മാട്രിമോണി പേജില്‍ ചേര്‍ത്തിരുന്നു. 'എല്ലാ വ്യക്തികളുടെയും വ്യക്തിപരതയെ ബഹുമാനിക്കുന്നവര്‍ മാത്രം പങ്കെടുത്താല്‍ മതി' എന്നാണ് ആ നിബന്ധന.

സെക്കുലര്‍ മാട്രിമോണി പേജില്‍ പരിചയപ്പെട്ട ഒരാള്‍ തന്റെ ജീവിതത്തില്‍ വല്ലാതെ അധികാരം പ്രയോഗിക്കാന്‍ ശ്രമിക്കുന്നെന്ന് ഒരു പെണ്‍കുട്ടി പരാതി പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്. ' എത്ര സെക്കുലറാണെന്ന് പറഞ്ഞാലും പല പുരുഷന്മാരും പങ്കാളിയില്‍ അധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരാകും. അത് പ്രോത്സാഹിപ്പിക്കില്ലെന്ന് നേരത്തേ തീരുമാനമെടുത്തതാണ്' മനു തുടര്‍ന്നു.

' വെബ്സൈറ്റ് തുടങ്ങാത്തതെന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ട്. അത് നടത്തിക്കൊണ്ടുപോകാനുള്ള പണച്ചെലവ് മാത്രമല്ല പ്രശ്നം, മുഴുവന്‍ സമയവും അതിനുവേണ്ടി നീക്കിവെക്കേണ്ടിയും വരും. പലരും സാമ്പത്തിക, സാങ്കേതിക സഹായമെക്കെ തരാമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാമൊത്തുവന്നാല്‍ വെബ്സൈറ്റായി തുടങ്ങണമെന്നും ആഗ്രഹമുണ്ട്' മനു പ്രതീക്ഷകള്‍ പങ്കുവെച്ചു.

യാത്രപറഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ മനുവിന്റെ കൈവെളളയില്‍ ഭാവിയും ഭൂതവും വരച്ചുകാട്ടാമെന്ന് പറഞ്ഞ് ചോറ്റാനിക്കരക്കാരിയായ കൈനോട്ടക്കാരിയെത്തി. 'ഇതിനൊക്കെ എതിരേ ഞാനിപ്പോള്‍ പറഞ്ഞവസാനിപ്പിച്ചതേയുള്ളല്ലോ ചേച്ചീ' എന്ന് മനു ചിരിച്ചു. ചെന്നൊരു ചായകുടിക്കെന്ന് പറഞ്ഞ് പത്തുരൂപയെടുത്ത് നീട്ടിയിട്ട് തേക്കിന്‍കാടിന്റെ അതിരുകളില്ലാത്ത സ്നേഹത്തണലിലേക്ക് നടന്നകന്നു.

content highlights: Secular matrimony of kerala