സ്വാമി അഗ്‌നിവേശിനെപ്പറ്റി  ആദ്യം കേള്‍ക്കുന്നത് ജനീവയിലെ യുനൈറ്റഡ് നേഷന്‍സ് ഹൈക്കമ്മിഷണര്‍ ഫോര്‍ റഫ്യൂജീസ് ഓഫീസില്‍ ജോലിചെയ്യുമ്പോഴാണ്. അദ്ദേഹം അവിടെ വന്നിരുന്നു. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മിഷനില്‍ അടിമത്തത്തിന്റെ സമകാലിക അവസ്ഥകളെപ്പറ്റി പഠിക്കുന്ന ഒരു പ്രവര്‍ത്തകസംഘത്തിനുമുന്നില്‍ തെളിവുകൊടുക്കാന്‍ വന്നതായിരുന്നു അദ്ദേഹം. ഹൈക്കമ്മിഷനും ആ സംഘവും ഇന്നില്ല. പക്ഷേ, അന്ന് അദ്ദേഹത്തെ അവിടെവെച്ചു കണ്ടവരും ആ സംസാരം കേട്ടവരും അദ്ദേഹത്തെ ഒരിക്കലും മറക്കില്ല. കാഷായവസ്ത്രവും തലക്കെട്ടും ധരിച്ച ഗംഭീരനായ മനുഷ്യന്‍. അഗ്‌നിവര്‍ഷിക്കുന്ന ആ വാക്കുകള്‍ക്ക് ഫ്രയിമില്ലാത്ത കണ്ണടയ്ക്കുപിന്നിലെ ജ്വലിക്കുന്ന കണ്ണുകളുടെ അതേ തീക്ഷണതയുണ്ടായിരുന്നു.

സ്വാമി അഗ്‌നിവേശ് പലര്‍ക്കും ഒരു പ്രഹേളികയായിരുന്നു.  പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും മര്‍ദിതര്‍ക്കും വേണ്ടി നിലകൊണ്ട, നാട്ടുരാജ്യത്തെ ദിവാനായിരുന്ന മുത്തശ്ശന്‍ വളര്‍ത്തിയ  ബ്രാഹ്മണ യുവാവ്. ഹിന്ദുത്വവാദികളെന്നു വിളിക്കുന്നവരുടെ ആക്രമണം ഏറ്റുവാങ്ങേണ്ടി വന്ന, മുപ്പതില്‍ കാഷായം ധരിച്ചസന്ന്യാസി. രാഷ്ട്രീയക്കാരന്‍, നിയമസഭാസാമാജികന്‍, യുവാവായിരിക്കുമ്പോള്‍ കാബിനറ്റ് മന്ത്രി, രാഷ്ട്രീയസ്ഥാനമാനങ്ങള്‍ ദശകങ്ങളോളം സ്വീകരിക്കാത്ത കര്‍മമാര്‍ഗി.  ഒരു സമയത്ത് ആര്യസമാജത്തിന്റെ സമുന്നത ആചാര്യനും പിന്നീട് തന്റേതായ മാര്‍ഗം  കൈക്കൊള്ളുകയും ചെയ്ത ആത്മീയാന്വേഷകന്‍. ഭാരതത്തിന്റെ സത്തയ്ക്കും സ്വത്വത്തിനുമായി ഹൃദയം നല്‍കിയ ഉജ്ജ്വല വ്യക്തിത്വം. ഛത്തീസ്ഗഢില്‍ വളര്‍ന്ന ആന്ധ്രക്കാരന്‍. ഹരിയാണയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജ്യമൊട്ടാകെ പരിചിതനായ പ്രതിഭ. അടിമവേലക്കെതിരേ പടപൊരുതിയ, മന്ത്രിയായിരിക്കുമ്പോള്‍ സ്ഥാപിച്ച 'ബോണ്‍ഡഡ് ലേബര്‍ ലിബറേഷന്‍ ഫ്രണ്ടി'ന്റെ അമരക്കാരന്‍.

എല്ലാ വൈരുധ്യങ്ങളുടെയും ആകെത്തുകയായ 'വേപ ശ്യാം റാവു' എന്ന സ്വാമി അഗ്‌നിവേശ് ഇന്ത്യന്‍ പൊതു സാമൂഹികജീവിതത്തെ ചലനാത്മകമാക്കിമാറ്റിയ ഉജ്ജ്വല വ്യക്തിത്വങ്ങളില്‍ ഒരാളാണ്. എന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ അദ്ദേഹവുമായി ഇടപെടാന്‍ എനിക്ക് ഭാഗ്യമുണ്ടായി. 1980 മുതല്‍ തന്നെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നീന്തിത്തുടിക്കാനും അതു നീട്ടുന്ന സ്ഥാനമാനങ്ങള്‍ വഹിക്കാനും പൊള്ളയായ വോട്ടുബാങ്കു ജനപ്രിയതയില്‍ അഭിരമിക്കാനും അദ്ദേഹം തയ്യാറായില്ല. പക്ഷേ, തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കായി അക്ഷീണം പൊരുതി. നിയമത്തിലും വാണിജ്യത്തിലും ബിരുദമുണ്ടായിരുന്ന അദ്ദേഹം നീതിരഹിതമായ നിയമങ്ങള്‍ക്കെതിരേ നിരങ്കുശമായി യുദ്ധം ചെയ്യുകയും അവയെ മാറ്റാന്‍ പരിശ്രമിക്കുകയും ചെയ്തു. ചിലത്, 'േബാണ്‍ഡഡ് ലേബര്‍ അബോളിഷന്‍ ആക്ടി'ല്‍ മാറ്റംവരുത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. 1987-ലെ സതി നിരോധനനിയമത്തിന്റെ പിന്നിലും അദ്ദേഹമായിരുന്നു.

ആത്മീയചിന്തകനായിരുന്നു അദ്ദേഹം. വൈദിക സംവാദമെന്ന വൈദിക സോഷ്യലിസത്തില്‍ വിശ്വസിച്ച ഹിന്ദു സന്ന്യാസി. അദ്ദേഹത്തിന്റെ കര്‍മപഥം അദ്ദേഹത്തെ തെരുവുകളിലേക്കു നയിച്ചു. രാജ്യമെമ്പാടും വിശ്രമമില്ലാതെ സഞ്ചരിച്ചു, പ്രവര്‍ത്തിച്ചു. പെണ്‍ഭ്രൂണഹത്യമുതല്‍ ബാലവേലവരെ നീളുന്ന സാമൂഹിക അത്യാചാരങ്ങളെ  നഖശിഖാന്തം എതിര്‍ത്തു. പലതവണ ആക്രമിക്കപ്പെട്ടു. അഖിലഭാരതീയ ഹിന്ദു മഹാസഭ എന്ന സംഘടന അദ്ദേഹത്തിന്റെ തലയ്ക്ക് 20 ലക്ഷം രൂപ വിലയിട്ടു. ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തെ അതിജീവിച്ചു.  പലതവണ അറസ്റ്റുചെയ്യപ്പെട്ടു.  പ്രവൃത്തിമാര്‍ഗം അദ്ദേഹത്തെ ജയിലില്‍ പോലുമെത്തിച്ചു.  വിധ്വംസകപ്രവര്‍ത്തനവും കൊലപാതകവും വ്യാജമായി ആരോപിച്ച് അദ്ദേഹത്തെ 14 മാസം തുറുങ്കിലടച്ചു. തീപോലെ ആളിയെങ്കിലും ശാന്തിയുടെ പ്രഘോഷകന്‍കൂടിയായിരുന്നു അദ്ദേഹം. 2011-ല്‍ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ  അഞ്ച് പോലീസുകാരെ മോചിപ്പിച്ചത് അദ്ദേഹത്തിന്റെ ദൗത്യഫലമായിരുന്നു.

മതസഹിഷ്ണുതയുടെയും മൈത്രിയുടെയും പാരസ്പര്യത്തിന്റെയും സംവാദത്തിന്റെയും തലത്തില്‍  അടുത്തകാലത്ത് അദ്ദേഹം നടത്തിയ  ഇടപെടലുകള്‍  പൊതുസമൂഹം ബഹുമാനത്തോടെ കണ്ടുനിന്നു. ഇസ്ലാമിനെയും മുസ്ലിംസമൂഹത്തെയും അനുകമ്പയോടെ അദ്ദേഹം കണ്ടു, മനസ്സിലാക്കി. ചിലപ്പോഴൊക്കെ   എന്നെപ്പോലുള്ള മിതവാദികള്‍ പോലും വിയോജിക്കുന്ന വിധത്തില്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ചിന്തകള്‍ക്ക് കടിഞ്ഞാണില്ലാത്ത ഭാഷ നല്‍കി. മിതവാദം അദ്ദേഹത്തിനിഷ്ടമായിരുന്നില്ല എന്നതാണ് സത്യം. ഒരു തരിമ്പും വഴങ്ങാന്‍ അദ്ദേഹം തയ്യാറായുമില്ല.

അന്ധവിശ്വാസത്തിനും മതഭ്രാന്തിനും എതിരായി നിന്നതിനാല്‍ ചില ഹിന്ദു സംഘടനകളുടെ രോഷം അദ്ദേഹം ഏറ്റുവാങ്ങി. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ അഹിന്ദുക്കളെയും പ്രവേശിപ്പിക്കണമെന്ന് പറഞ്ഞു. അമര്‍നാഥിലെ ജ്യോതിര്‍ലിംഗത്തെപ്പറ്റി പരാമര്‍ശം വലിയ വിവാദം ക്ഷണിച്ചുവരുത്തി. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് സുപ്രീം കോടതി അദ്ദേഹത്തെ അതില്‍ താക്കീതും ചെയ്തു.

എല്ലാ ആദര്‍ശവാദികളെയുംപോലെ തന്റെ ആശയങ്ങള്‍ക്ക് പ്രായോഗികതയുണ്ടോ എന്നൊന്നും ചിലപ്പോള്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. പാസ്‌പോര്‍ട്ടും ഇമിഗ്രേഷനുമൊക്കെ എടുത്തുകളയണമെന്ന് അദ്ദേഹം വാദിച്ചു. അതിരുകളില്ലാതെ ആളുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അതു നല്‍കുമെന്ന് സാധൂകരിച്ചു.  പക്ഷേ, അതായിരുന്നു സ്വാമി അഗ്‌നിവേശ്. തന്റെ ആശയങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കുമായി ജീവിതവും ഊര്‍ജവും നല്‍കാന്‍ തയ്യാറായ സ്വപ്നജീവി. തന്റെ  ദൃഢവിശ്വാസത്തിനായി തരിമ്പും കുലുങ്ങാതെ തിരിച്ചടികള്‍ ഏറ്റുവാങ്ങിയ വ്യക്തി. സൈ്വരജീവികളുടെ മനസ്സാക്ഷിയെ അദ്ദേഹം കാലങ്ങളായി അലങ്കോലപ്പെടുത്തി. എനിക്കദ്ദേഹത്തെ നഷ്ടമാവുമെന്നുതീര്‍ച്ച. 
ഓം ശാന്തിഃ.

content highlights: Sashi tharoor speaks about Swami Agnivesh