തിരുവനന്തപുരം : സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ അക്രമത്തിനിരയായ സംഭവത്തിൽ പോലീസ് ശുഷ്കാന്തി കാട്ടുന്നില്ലെന്ന പരാതിയുമായി സോളോ ട്രാവലറും സാമൂഹിക പ്രവർത്തകയുമായ സജ്ന അലി. ഓഗസ്റ്റ് 19-ന് മേനംകുളം കിന്‍ഫ്രയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ.യില്‍നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയുള്ള വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് സജ്ന കയ്യേറ്റത്തിനിരയായത്. കേസില്‍ പോലീസ് അലംഭാവം കാണിക്കുയാണെന്ന് സജ്ന പറയുന്നു. മാത്രവുമല്ല, കേസ് തള്ളിപ്പോകുമെന്ന രീതിയിലാണ് പോലീസുകാർ പ്രതികരിക്കുന്നതെന്നും അവർ മാതൃഭൂമി ഡോട്ട്‌ കോമിനോട് പറഞ്ഞു. കേസിനാസ്പദമായ സംഭവവും പോലിസിന്റെ ഇടപെടലും വിശദീകരിക്കുകയാണ് സജ്ന.

മറക്കാനാവാത്ത ആ വൈകുന്നേരം

"ജോലി ചെയ്യുന്ന എച്ച്2ഒ എന്ന എന്‍.ജി.ഒയില്‍നിന്ന് തിരിച്ചിറങ്ങുമ്പോഴാണ് ഈ ദുരനുഭവം നേരിട്ടത്. ആഗസ്റ്റ് 19-നു വൈകുന്നേരം ഞാനും സുഹൃത്ത് അജീഷും ഒരുമിച്ചാണ് ഇറങ്ങിയത്. ഗേറ്റ് അജീഷ് ലോക്ക് ചെയ്‌തോളാമെന്നു പറഞ്ഞപ്പോ ഞാന്‍ യാത്ര പറഞ്ഞു സൈക്കിള്‍ ചവിട്ടി റോഡിലേക്ക് കയറിയതും എനിക്കൊപ്പം ഒരുത്തന്‍ ബൈക്ക് സ്ലോ ആക്കി 'മര്യാദക്ക് ചവിട്ടിയില്ലേല്‍ ഇടിച്ചു തെറിപ്പിക്കും' എന്ന് പറഞ്ഞു കേറി വന്നു. ഒരു പ്രകോപനവും ഇല്ലാതെ ഒരാള്‍ അങ്ങനെ പറഞ്ഞു കേട്ടപ്പോള്‍ കരുതിയത് എനിക്ക് കേട്ടത് തെറ്റിയതാവാം എന്നാണ്. അത് കൊണ്ട് തന്നെ  ഞാന്‍ ചോദിച്ചപ്പോ അയാള്‍ വീണ്ടും അതേ മറുപടി ആണ് തന്നത്. താന്‍ പോടോ എന്ന് പറഞ്ഞു ഞാന്‍ സൈക്കിള്‍ ചവിട്ടി . അപ്പോഴേക്കും  'നീ പറഞ്ഞത് ഒന്നുടെ പറയെടി' എന്ന് പറഞ്ഞു സൈക്കിള്‍ വട്ടം വെച്ച് ബൈക്ക് കൊണ്ട് വന്നു നിര്‍ത്തി. കാര്യം ചോദിച്ചപ്പോ ഞാന്‍ റോങ്ങ് സൈഡ് കേറി, റോഡിനു നടുവില്‍ ബ്രേക്ക് ഇട്ടു നിന്നു എന്നൊക്കെ പറഞ്ഞു ഹെല്‍മറ്റ് ഊരി. എന്നെല്ലാമായിരുന്നു അയാളുടെ ന്യായീകരണം. പിന്നാലെ അജീഷ് സ്‌കൂട്ടറിലെത്തി. കാര്യം ചോദിച്ച അജീഷിനടുത്തും അയാള്‍ ബൈക്ക് നിര്‍ത്തി ഇറങ്ങി ചെന്ന് തട്ടിക്കേറാന്‍ തുടങ്ങിയപ്പോള്‍ പ്രശ്‌നം ഗുരുതരമായെന്ന് മനസിലായി.

സുഹൃത്ത് അജീഷിന്റെ നിര്‍ദേശ പ്രകാരം ഉടന്‍ തന്നെ 100-ലേക്ക് വിളിച്ചു. കാള്‍ കണക്ടാവുന്നില്ലെന്ന് കണ്ടപ്പോള്‍ ഉടനെ ഭര്‍ത്താവ് രാം കുമാറിനെ വിളിച്ചു ഒറ്റ ശ്വാസത്തില്‍ കാര്യങ്ങള്‍ പറഞ്ഞു .പോലീസിനെ വിളിക്കാന്‍ ഭർത്താവാണ് നിർദേശിച്ചത്. 

അയാള്‍ എന്റെ കൈയ്യില്‍ കേറി പിടിച്ചു. പിടി വലിയായി.  പിന്നെ താടിയും കഴുത്തും ചേര്‍ത്തെന്നെ പിടിച്ചു ചുഴറ്റി റോഡിലേക്ക് എറിഞ്ഞു. ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കം കൂറേ പേര്‍ ചുറ്റും കൂടി. എഴുന്നേറ്റു നിന്ന എന്റെ നെഞ്ചില്‍ ആണ് പിന്നെ അവന്റെ കൈ വീണത്. അവന്റെ നെഞ്ചിലും വയറ്റിലും ഇടിക്കുക എന്നത് മാത്രമായിരുന്നു എനിക്കാകെ ചെയ്യാൻ കഴിഞ്ഞത്. ആരോ തള്ളിമാറ്റിയതിൽ പിന്നെ ആണ് അവന്‍ പിടി വിട്ടത്. ദേഷ്യമാണോ സങ്കടമാണോ എന്നറിയാത്ത അവസ്ഥ. 1515-ല്‍ വിളിക്കാന്‍ ആരോ പറഞ്ഞു. അങ്ങനെ കഴക്കൂട്ടം സ്റ്റേഷനുമായി കണക്ട് ആയി അവര്‍ ഇപ്പൊ വരാമെന്നു പറഞ്ഞു. ഈ സമയം കൊണ്ട് ഭര്‍ത്താവും സ്ഥലത്തെത്തി.

പോലീസ് അത്ര നേരമായിട്ടും എത്താതിനാല്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന കഴക്കൂട്ടം എസ്.ഐയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോ അവര്‍ വന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. 15 -20 മിനിറ്റില്‍ അവര്‍ സ്ഥലത്തെത്തി. അയാളെ ജീപ്പിലിട്ട് ഞങ്ങളോട് സ്റ്റേഷനിലേക്ക് വരാനായി പറഞ്ഞു. ആ സമയം കൊണ്ട് സ്ഥലം വാര്‍ഡ്അംഗം ഡോറിന്‍ മാഡവും മകനും അവിടെ എത്തി കഴിഞ്ഞിരുന്നു.

പോലീസ് സ്റ്റേഷനില്‍ അന്ന് നേരിട്ടത്

സ്റ്റേഷനില്‍ എത്തിയ അവനെ അകത്തിട്ടു. എന്റടുത്തു ഡീറ്റെയില്‍സ് എടുക്കാന്‍ വന്ന എ.എസ്.ഐ. ആദ്യം തന്നെ എനിക്ക് ഒരു ക്ലാസ് തന്നു, 100-ല്‍ അല്ല വിളിക്കേണ്ടത് 112 ആണ് വിളിക്കേണ്ടത്. എസ്.ഐയെ നേരിട്ട് വിളിക്കേണ്ട കാര്യം എന്തായിരുന്നു. വീണ്ടും വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചത് എന്തിനായിരുന്നു. ഇതൊക്കെ ആയിരുന്നു ക്ലാസ്സിന്റെ സംഗ്രഹം.  സത്യത്തില്‍ ഇതെല്ലാം എന്നെ മാനസികമായി തളര്‍ത്തി കളഞ്ഞു

മെഡിക്കല്‍ കഴിഞ്ഞ് എത്തിയപ്പോഴേക്കും 'വാദി പ്രതിയായി'

മെഡിക്കലിന് പോയി താടിയിലും നെഞ്ചിലും വേദനക്ക് മരുന്നു തന്നു, ഇഞ്ചക്ഷനും എടുത്തു. എക്‌സ്‌റേ എടുത്തു ക്ഷതം ഒന്നുമില്ലെന്ന് ഉറപ്പു വരുത്തി. ലൈംഗിക അതിക്രമത്തിന്  പരാതി കൊടുക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വാദി പ്രതി ആയ അവസ്ഥ ആയിരുന്നു. പ്രതി മീഡിയയെ വിളിച്ചു കൂട്ടി അയാളെ ഞാന്‍ ഉപദ്രവിച്ചു എന്ന് പറയും. അത് കൊണ്ട് ഒത്തുതീര്‍പ്പല്ലേ നല്ലതു എന്ന രീതിയിലായി പോലിസിന്റെ പ്രതികരണം

എന്നെ മാനസികമായി തകര്‍ക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള സംഭവവികാസങ്ങള്‍. തളരാതെ കേസുമായി മുന്നോട്ട് പോവാന്‍ തന്നെ തീരുമാനിച്ചു .

പ്രതിക്ക് ജാമ്യം

ഇതിനെല്ലാം പുറമെ സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഈ വ്യക്തി നാട്ടില്‍ ഒക്കെ കറങ്ങി നടക്കുകയാണ്. നാളെ ഇത് പോലെ ഇയാള്‍ വേറെ ഒരാളെ ഉപദ്രവിച്ചാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് പോലീസില്‍നിന്നുള്ള മറുപടി 'അപ്പൊ ഞങ്ങള്‍ അറസ്റ്റ് ചെയ്യും' എന്നതായിരുന്നു. 

പരാതിപ്പെടേണ്ട ഇടങ്ങളില്‍ എല്ലാം ബന്ധപ്പെട്ടു

മുഖ്യമന്ത്രിയടകം ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും പരാതി ഇ മെയില്‍ ആയി അയച്ചു. അവിടെ നിന്നെല്ലാം മറുപടിയും വന്നു. 

സാക്ഷിയെ തേടി റോഡില്‍

ദൃക്‌സാക്ഷി ആയി അജീഷ് എന്ന കൂട്ടുകാരന്‍ മാത്രം പോരാ എന്ന് പറഞ്ഞു. മൂന്ന് തവണയാണ് സ്റ്റേഷനില്‍നിന്ന് വിളിച്ചത്. കഴക്കൂട്ടം പോലീസിന് സാക്ഷികളെ കൊടുക്കാന്‍ ഞാന്‍ ഇന്ന് റോഡില്‍ ഇറങ്ങേണ്ട സ്ഥിതിയാണ്. അന്ന് സംഭവസ്ഥലത്തു ഉണ്ടായിരുന്ന ഒരാളും സാക്ഷി പറയാനും തയ്യാറല്ല. 

പോലീസ് സ്‌റ്റേഷനില്‍നിന്നുള്ള സമീപനം മനസ്സ് തകര്‍ത്തപ്പോഴാണ് 181 എന്ന മിത്ര ലൈനില്‍ വിളിക്കുന്നത്. ഈ ദിവസമത്രയും എനിക്ക് എല്ലാ വിധ സഹകരണവും സഹായവും വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ സംവിധാനം. അവരുടെ കൃത്യമായ ഇടപെടലില്‍ ആണ് കഴക്കൂട്ടം പോലീസ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നത്. 

അയാള്‍ സാധാരണ ജീവിതവുമായി മുന്നോട്ട് കഷ്ടപ്പാടുകള്‍ എനിക്ക് മാത്രം

എന്നും ഫോണ്‍ വിളികളും സ്റ്റേഷനില്‍ കയറി ഇറങ്ങലും നെഞ്ച് വേദനയും കൊണ്ട് നടക്കുകയാണ് ഞാന്‍. ഞാന്‍ ജോലി ചെയുന്ന എന്‍.ജി.ഒ. ഈ പറഞ്ഞ വ്യക്തിയുടെ വീടിനടുത്താണ്. അത് കൊണ്ട് തന്നെ ആ പരിസരങ്ങളില്‍ ഒറ്റയ്ക്ക് പോവാന്‍ പേടിയാണ്. 

ഇര മരിച്ചാലേ നീതി കീട്ടു  എന്ന അവസ്ഥയുണ്ടോ?

ഫോട്ടോയും ഇത്രയും തെളിവും സാക്ഷികളും അടക്കം ഉണ്ടായിട്ടും ഇനി ഇര മരിച്ചു പോയാല്‍ മാത്രമേ ഈ നാട്ടില്‍ നീതി കിട്ടുകയുള്ളൂ എന്നുണ്ടോ? അജീഷ് സമയത്തിന് അവിടെ എത്തിയില്ലെങ്കില്‍ എന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ആലോചിക്കാന്‍ പറ്റുന്നില്ല. ഈ പ്രതിയെക്കാളും ഏറ്റവും മാനസികമായി വിഷമിപ്പിക്കുന്നത് പോലീസ് ആണ്. ആദ്യം മുതല്‍ ഒത്തുതീര്‍പ്പിനാണ് അവര്‍ ശ്രമിക്കുന്നത്.

സ്ത്രീ സുരക്ഷാ പാടി നടന്നാല്‍ പോരാ നടപ്പാക്കാനും ശ്രമിക്കണം

ഞാന്‍ അടക്കം ഒരുപാട് പെണ്‍കുട്ടികള്‍ ഇത് പോലുള്ള പ്രശ്‌നങ്ങളിലൂടെയും പീഡനങ്ങളിലൂടെയും ആണ് കടന്നു പോകുന്നത്. ആ സമയത്തൊക്കെ ഞങ്ങള്‍ക്കു തുണയാകേണ്ട നിയമം ഞങ്ങളെ എതിര്‍ത്ത് നിന്നാല്‍ ഞങ്ങളുടെ എല്ലാ പ്രതീക്ഷയും ഇല്ലാതാവും. എന്റെ പ്രശ്‌നം അറിഞ്ഞു സമാന അനുഭവങ്ങള്‍ പോലീസില്‍ നിന്നുണ്ടായ ഒരുപാട് പേര് എന്നെ സമീപിച്ചിരുന്നു. നിസ്സഹായയായി കേട്ട് നില്‍ക്കുമ്പോള്‍ എന്റെയും അവസ്ഥ മറ്റൊന്നല്ല എന്ന തിരിച്ചറിവാണ് ഉണ്ടാവുന്നത്. 

പോലീസ് എഫ്.ഐ.ആര്‍. എടുത്തു പോലീസ് സ്റ്റേഷനില്‍നിന്ന് വിളിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന കൂട്ടുകാരനല്ലാതെ വേറെ ഒരു സാക്ഷി ഇല്ലെങ്കില്‍ കേസ് തള്ളി പോവും എന്ന് പറഞ്ഞു നല്ല പ്രഷര്‍ ആണ് തരുന്നത്. അതിനു ശേഷം ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. അതിനു ശേഷം, രണ്ടാഴ്ചയില്‍ കൂടുതലായി സ്റ്റേഷനില്‍നിന്ന് കാള്‍ ഒന്നും വന്നിട്ടില്ല 

ഇവിടത്തെ നിയമത്തില്‍ തന്നെ വിശ്വാസം ഇല്ല

181 മിത്ര ലൈന്‍ വഴിയാണ് കേസ് ഫോളോ അപ്പ് ചെയ്തത്. ഇന്നലെ അവര്‍ വിളിച്ചപ്പോ സ്റ്റേഷനില്‍നിന്ന് വളരെ ധാര്‍ഷ്ട്യത്തോടെയാണ് മറുപടി തന്നത്.  നമ്മുടെ നാട്ടിലെ നിയമം വളരെ മന്ദഗതിയില്‍ ആണ് നടപ്പിലാവുക എന്നാണ് എല്ലാരും പറയുന്നത്. അത് വരെ എനിക്ക് ഇയാളെ പേടിച്ചു പുറത്തിറങ്ങാൻ ബുദ്ധിമുട്ടായിരിക്കും. പോലീസ് ഇത് കോടതിയിലെത്തിക്കും എന്നൊന്നും പ്രതീക്ഷയില്ല. കേസ് നടക്കുയാണെങ്കില്‍ നടക്കട്ടെ. നീതി കിട്ടുകയാണെങ്കില്‍ കിട്ടട്ടെ. വളരെ അധികം മാനസിക സമ്മര്‍ദ്ദം ഉണ്ട്.

Content Highlights: Sexual assault against solo traveller sajna ali