വിങ് കമാൻഡർ അഭിനന്ദന്‍ വര്‍ത്തമാനെ വളരെപെട്ടന്ന് തന്നെ കൈമാറാനുള്ള പാക് തീരുമാനത്തിന് പിന്നിൽ ഇന്ത്യയുടെ ശക്തമായ നയതന്ത്ര നീക്കങ്ങളെന്ന് റിപ്പോർട്ട്.
യുദ്ധതടവുകാരെ എത്രയും പെട്ടെന്ന് അതാത് രാജ്യങ്ങള്‍ക്ക് കൈമാറണമെന്ന ജനീവ ഉടമ്പടി പ്രകാരം ആണ് തീരുമാനമെന്ന് പാകിസ്താൻ പറയുന്നുണ്ടെങ്കിലും ഇതിനായി പല രീതിയിലുള്ള നയതന്ത്ര നീക്കങ്ങളാണ് ഇന്ത്യ നടത്തിയത്. ബാലാക്കോട്ട് ആക്രമണം തീവ്രവാദ വിരുദ്ധ നടപടിയാണെന്നും എന്നാല്‍ ഇന്ത്യന്‍ സേനാ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് പാകിസ്താന്‍ ആക്രമണം നടത്താന്‍ തുനിഞ്ഞതെന്നുമുള്ള ഇന്ത്യന്‍ വാദമായിരുന്നു ആ നയതന്ത്ര നീക്കങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയത്. തീവ്രവാദം മിക്ക രാഷ്ട്രങ്ങളും നേരിടുന്ന വലിയ പ്രശ്‌നമായതിനാലും പാകിസ്താൻ തീവ്രവാദികളെ ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ആരോപണം നേരിടുന്നതിനാലും ലോക രാഷ്ട്രങ്ങൾ ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. സൗദി അറേബ്യ, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ സമ്മർദ്ദമാണ് അഭിനന്ദനെ മോചിപ്പിക്കാനുള്ള പാക് തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. പാകിസ്താൻ മോചനം പ്രഖ്യാപിക്കുന്നതിന് മുന്നേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോചനത്തെക്കുറിച്ച് സൂചിപ്പിച്ചത് ഇതിനുള്ള തെളിവാണ്.
അതിർത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തിന് ശേഷം ഇസ്ലാമബാദ് വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ചൈന, റഷ്യ, അമേരിക്ക, ഫ്രാന്‍സ്, യുകെ എന്നീ യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ രാജ്യങ്ങളോട് ഇന്ത്യ സൈനിക മുന്നേറ്റത്തിനൊരുങ്ങുന്നുവെന്നാണ് പാകിസ്താന്‍ ആദ്യം പറഞ്ഞത്. കറാച്ചി ലക്ഷ്യം വെച്ച് നാവിക കപ്പലുകള്‍ നീങ്ങുന്നു, ബാലിസ്റ്റിക് മിസ്സൈലുകള്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു, ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ സേനയെ വിന്യസിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു തുടങ്ങീ മൂന്ന് തരത്തിലുള്ള നടപടിക്ക് ഇന്ത്യ ഒരുങ്ങുന്നുവെന്നായിരുന്നു പാകിസ്താന്‍ ലോക രാഷ്ട്രങ്ങളെ അറിയിച്ചത്. എന്നാല്‍ പാകിസ്താന്‍ പറഞ്ഞത് കെട്ടിച്ചമച്ച കഥകളാണെന്നും നാവിക സേന കറാച്ചിക്കെതിര്‍ വശത്തേക്കാണ് നീങ്ങുന്നതെന്ന് ഉടന്‍ തന്നെ ഇന്ത്യ അറിയിച്ചു. അവരുടെ സംവിധാനങ്ങള്‍ വെച്ച് നിരീക്ഷിച്ചാല്‍ തന്നെ പാകിസ്താന്‍ പറഞ്ഞ കള്ളം പൊളിയുമെന്നും ഇന്ത്യ ഈ രാജ്യങ്ങളെ അറിയിച്ചു.
ഇന്ത്യ സൈനികേതര തീവ്രവാദ വിരുദ്ധ നടപടിയാണെടുത്തതെന്നും എന്നാല്‍ പാകിസ്താനാണ് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ആക്രമണം നടത്താന്നാണ് തുനിഞ്ഞതെന്നും ഇന്ത്യ ആവര്‍ത്തിച്ചു. മാത്രമല്ല 20 പാക് യുദ്ധവിമാനങ്ങൾ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി വന്നുവെന്നും ഇന്ത്യ ലോക രാഷ്ട്രങ്ങളെ ധരിപ്പിച്ചു.പാകിസ്താൻ ലേസര്‍ ഗൈഡഡ് ബോംബുകള്‍ വിക്ഷേപിച്ചെന്നും അത് പാറക്കെട്ടിലും കാടുകളിലും അല്ല പതിച്ചതെന്നും പകരം തലനാരിഴയ്ക്ക് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ പതിക്കാതെ കടന്നു പോവുകയായിരുന്നുവെന്നും ഇന്ത്യയ്ക്ക് ലോക രാഷ്ട്രങ്ങളെ ബോധിപ്പിക്കാൻ സാധിച്ചു. ഇവയെല്ലാം തന്നെ അമേരിക്കയും യുഎഇയുമടക്കമുള്ള രാഷ്ട്രങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തു.
അതേസമയം പാകിസ്താന്റേത് പ്രകോപന നടപടിയായിരുന്നുവെന്ന് ഇന്ത്യ പാകിസ്താനെ ബുധനാഴ്ച ശക്തമായ ഭാഷയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അവാകശപ്പെട്ടത് രണ്ട് ഇന്ത്യൻ പൈലറ്റുമാര്‍ പാകിസ്താന്‍ കസ്റ്റഡിയിലാണെന്നും രണ്ട് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ച് വീഴ്ത്തിയെന്നുമായിരുന്നു. പിന്നീട് ഒരു സൈനികന്‍ മാത്രമേ കസ്റ്റഡിയിലുള്ളൂവെന്ന് പറഞ്ഞത് പാകിസ്താന്‍ സൈനിക മേധാവിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതായിരുന്നു.
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പ്രതിരോധിക്കുന്ന നീക്കം മാത്രമായിരുന്നു ഇന്ത്യയുടേതെന്ന് ഇന്ത്യയെ പിന്തുണച്ച് കൊണ്ട് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഇന്ത്യക്ക് പിന്തുണ നല്‍കി സംസാരിച്ചിരുന്നു.
മാത്രമല്ല ഇന്ത്യയ്ക്ക് തീവ്രവാദ ക്യാമ്പുകള്‍ ഇല്ലാതാക്കുക എന്ന ല്കഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ആ ദൗത്യം പൂര്‍ത്തീകരിച്ചെന്നും മാത്രമായിരുന്നു ഇന്ത്യ ലോക രാജ്യങ്ങളെ അറിയിച്ചത്. ന്യായമായ വാദമായതിനാല്‍ ഈ വാദത്തെ അംഗകരിച്ചു കൊണ്ടാണ് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ സംസാരിച്ചതും.
ഇസ്ലാമിക രാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയെ ക്ഷണിക്കരുതെന്ന പാകിസ്താന്‍ ആവശ്യം യുഎഇ തള്ളിയതും പാകിസ്താന് കൂടുതല്‍ ക്ഷീണമായി. ഭീകരവാദത്തെ ചെറുക്കണമെന്നും ഇന്ത്യയുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നും യുഎഇ, സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ പാക്‌സ്താനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഒരു വിമാനം വെടിവെച്ചു വീഴ്ത്തി എന്ന് സ്വയം ആശ്വസിക്കാനുള്ള വകയൊരുക്കി എത്രയും പെട്ടെന്ന് അഭിനന്ദനെ വിട്ടു കൊടുക്കാനുള്ള തീരുമാനത്തിലേക്ക് പാകിസ്താനെ നയിച്ചത് ഈ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും ഒറ്റപ്പെടലുമായിരുന്നു.
'സമാധാനത്തിന്റെ സന്ദേശ'മെന്ന നിലയില്‍ വര്‍ത്തമനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച വൈകീട്ടാണ് പാക് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ ഇമ്രാൻഖാന്‍ പ്രഖ്യാപിക്കുന്നത്.
ഇമ്രാന്റെ പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്‌തെങ്കിലും 'സമാധാന സന്ദേശ'മാണ് നടപടിയെന്ന അദ്ദേഹത്തിന്റെ നിലപാട് ഇന്ത്യ തള്ളുകയായിരുന്നു. അഭിനന്ദനെവെച്ച് വിലപേശലിന് തയ്യാറല്ലെന്നും അദ്ദേഹത്തെ സുരക്ഷിതനായി നിരുപാധികം തിരിച്ചുതരണമെന്നും വെള്ളിയാഴ്ച രാവിലെ ഇന്ത്യ പാകിസ്താനോട് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.
content highlights: reasons behind the release of Abhinandan from pakistan and India's diplomatic victory