1ഗാന്ധിയനാവുക എന്നാല്‍ അത് കേവലം വേഷംകെട്ടോ തത്തയെപ്പോലെ ഗാന്ധിസൂക്തങ്ങള്‍ യാന്ത്രികമായി ഉരുവിടലോ അല്ല. അത് കര്‍മത്തിലധിഷ്ഠിതമായ ജീവിതചര്യയാണ്. പലപ്പോഴും അത് നിശ്ശബ്ദമാണ്. കാലങ്ങള്‍ക്കുശേഷമാവാം ഇവി?െ?ട കര്‍മങ്ങള്‍ സംസാരിക്കുക. അത്തരം ഒരു ഗാന്ധിയന്‍, നിശ്ശബ്ദമായി നമുക്കിടയിലുണ്ട് നീലകണ്ഠം രാധാകൃഷ്ണന്‍ എന്ന ഡോ. എന്‍. രാധാകൃഷ്ണന്‍. ഗാന്ധിജിയില്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച രാധാകൃഷ്ണന്‍ ഗാന്ധിജിയെയും ഗാന്ധിസത്തെയും അതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെയും ലോകത്തെയുംകുറിച്ച് സംസാരിക്കുന്നു..

മഹാത്മാഗാന്ധി മരിക്കുന്നത് ഡോ. എന്‍. രാധാകൃഷ്ണന് നാലുവയസ്സുള്ളപ്പോഴാണ്. ഗാന്ധിജിയെ അദ്ദേഹം ചിത്രങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്നിട്ടും ഉള്ളില്‍ ഗാന്ധിജിയുണ്ട്. ഉള്ളിന്റെയുള്ളില്‍ ഗാന്ധിജിയേ ഉള്ളുതാനും. കുട്ടിക്കാലം മുതല്‍ ഈ മനുഷ്യന്റെ ഉള്ളില്‍ എപ്പോഴും വിളങ്ങുന്ന ചിത്രരൂപമാണ് ഗാന്ധിജി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ 50-ാം രക്തസാക്ഷിത്വവാര്‍ഷികവേളയില്‍ ഏപ്രില്‍ അഞ്ചിന് വിശ്വപ്രസിദ്ധ ലോകനേതാക്കളുടെ പെയിന്റിങ് ഗാലറിയില്‍ (ഹാള്‍ ഓഫ് ഫെയിം)  രാധാകൃഷ്ണന്റെ എണ്ണച്ചായാചിത്രം അനാച്ഛാദനം ചെയ്യപ്പെട്ടു. ഗാന്ധിമാര്‍ഗത്തിന് മലയാളനാട് നല്‍കിയ മങ്ങാത്ത ഛായാചിത്രം.

രാധാകൃഷ്ണന്റെ അച്ഛന്‍ വൈക്കം സത്യാഗ്രഹത്തില്‍  എട്ടാംഗ്രൂപ്പിന്റെ ലീഡറായിരുന്നു: പി.കെ. നീലകണ്ഠപ്പിള്ള. ഗാന്ധി ആശ്രമത്തില്‍പ്പോയി ഗാന്ധിജിയെക്കണ്ട ഗാന്ധിഭക്തന്‍. ഗാന്ധിമാര്‍ഗം പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാന്‍ കര്‍മനിലയം കൊണ്ടുവന്നയാള്‍. അമ്മ: നാരായണിഅമ്മ. സര്‍വോദയത്തിന്റെ ഈ അന്തരീക്ഷത്തില്‍ തുടങ്ങി സര്‍വോദയമണ്ഡലം അഖിലേന്ത്യാ അധ്യക്ഷന്‍വരെയായി ഡോ. എന്‍. രാധാകൃഷ്ണന്‍.
33 വര്‍ഷം കേരളത്തിനുപുറത്ത് ജീവിച്ചതിനാല്‍ വിശ്വത്തോളം വളര്‍ന്നിട്ടും ഈ മഹാഗാന്ധിയനെ മലയാളി വേണ്ടത്ര അറിഞ്ഞിട്ടില്ല. അറിയിക്കണമെന്ന് നീലകണ്ഠം രാധാകൃഷ്ണനെന്ന ഡോ. എന്‍. രാധാകൃഷ്ണന് നിര്‍ബന്ധവുമില്ല. സംസ്ഥാനത്തും രാജ്യത്തും അതിര്‍ത്തിയിലുമൊക്കെ അശാന്തിയുടെ ചോരമണക്കുന്ന ഈ ദിനങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത അഹിംസാവാദിയുടെ ശബ്ദത്തിന് പ്രാധാന്യമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സംഘര്‍ഷമേഖലകളായിരിക്കുമ്പോള്‍ പലസ്തീനിലും കൊളംബിയയിലും പാകിസ്താനിലും സൈപ്രസിലും ശ്രീലങ്കയിലും രാധാകൃഷ്ണന്‍ എത്തിയിട്ടുണ്ട്. ഈ സമാധാനപ്രവര്‍ത്തകനെ ചമ്പല്‍ കൊള്ളക്കാരും അമേരിക്കയിലെ ഒളിപ്പോരുകാരുമൊക്കെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. പ്രാണന്‍ മുള്‍മുനയിലായ നിമിഷങ്ങളില്‍നിന്ന് ഏതോ അജ്ഞാതശക്തിയുടെ കരങ്ങളാലെന്നവണ്ണം ഈ മനുഷ്യന്‍ രക്ഷപ്പെട്ടിട്ടുണ്ട്.

ആറുപ്രധാനമന്ത്രിമാര്‍ക്കൊപ്പം തോളുരുമ്മിനിന്ന്  ഗാന്ധിസ്മാരക നിധിയിലും ഗാന്ധി പീസ് മിഷനിലും ഗാന്ധി മീഡിയ ഫൗണ്ടേഷനിലും പ്രവര്‍ത്തിച്ച, എണ്‍പതിലേറെ ഗാന്ധിമാര്‍ഗപുസ്തകങ്ങളെഴുതിയ, ലോകത്തെ 45 പ്രമുഖ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്ന, ബാബാ ആംതേക്കും ഡോ. സുബ്ബറാവുവിനും നിര്‍മലാ ദേശ്പാണ്ഡേക്കും  ഡോ. ജി. രാമചന്ദ്രനുമൊപ്പം രാജ്യത്ത് എഴുന്നൂറ്റമ്പതിലേറെ ശാന്തിസേനാ കളരികള്‍ സംഘടിപ്പിച്ച, ഗാന്ധിജിയുടെയും നെല്‍സണ്‍ മണ്ഡേലയുടെയും പേരിലുള്ള സമാധാനപുരസ്‌കാരം നേടിയ, ഗാന്ധിമാര്‍ഗപ്രവര്‍ത്തകനെന്ന നിലയില്‍ ശമ്പളമോ പ്രതിഫലമോ വാങ്ങില്ലെന്ന് രണ്ടുപതിറ്റാണ്ടുമുമ്പ് മനസ്സില്‍ക്കുറിച്ച, ആ പ്രതിജ്ഞ ഇന്നോളം പാലിക്കുന്ന രാധാകൃഷ്ണന്‍ സംസാരിക്കട്ടെ, ഗാന്ധിജിയുടെയും കസ്തൂര്‍ബയുടെയും ജനനത്തിന്റെ 150-ാം വര്‍ഷികം ആചരിക്കുന്ന വേളയില്‍...

ഗാന്ധിമാര്‍ഗത്തിലെത്താന്‍ താങ്കള്‍ പിന്നിട്ട വഴികള്‍ എന്തൊക്കെയാണ്... 

  1944-ല്‍ കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ഞാന്‍ ജനിച്ചത്. സ്‌കൂള്‍, കോളേജ് പഠനം കേരളത്തില്‍. തിരുവനന്തപുരം എം.ജി. കോളേജില്‍ പഠിക്കുമ്പോള്‍ മന്മഥന്‍ സാറിന്റെ സ്വാധീനത്താല്‍ സര്‍വോദയപ്രവര്‍ത്തനം തുടങ്ങി. അച്ഛന്‍ ചടയമംഗലത്ത് സ്ഥാപിച്ച ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയിരുന്നു. അവിടെ കൃഷിയും നൂല്‍നൂല്പും മരച്ചീനി നൂറെടുത്ത് മക്രോണിയുണ്ടാക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്. ഗാന്ധിയന്‍ നിര്‍മാണം കണ്ട് വളര്‍ന്നതുകൊണ്ടാവാം ജീവിതത്തിലെന്നും അതിനോടൊരു താത്പര്യം തോന്നി. മൂന്നുവര്‍ഷം സര്‍വോദയമണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു. കുറച്ചുകാലം കോട്ടയത്ത് ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി പത്രാധിപരായ മലയാളി പത്രത്തില്‍  സബ് എഡിറ്ററായിരുന്നു. പിന്നെ നിലമേല്‍ എന്‍.എസ്.എസ്. കോളേജില്‍ അധ്യാപകനായി. അണ്ണാമലൈ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. ഗാന്ധിയന്‍ ജി. രാമചന്ദ്രന്റെ സ്വാധീനത്താല്‍ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുപോയി. 21 വര്‍ഷം അവിടെ ഇംഗ്ലീഷ് അധ്യാപകനായി. ഉച്ചവരെ ക്ലാസെടുക്കും. അതിനുശേഷം ഗാന്ധിയന്‍ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍. അടൂര്‍ ഗോപാലകൃഷ്ണനും ജി. ശങ്കരപ്പിള്ളയുമൊക്കെ അന്നവിടെയുണ്ട്. പില്‍ക്കാലത്ത് കല്പിതസര്‍വകലാശാലയായ ആ സ്ഥാപനം ചെലുത്തിയ സ്വാധീനം ചെറുതല്ല.

ശാന്തിസേനയിലെത്തിയത് എങ്ങനെയാണ്

  ഗാന്ധിജിയുടെ അവസാനത്തെ മോഹമായിരുന്നു ശാന്തിസേന. പോലീസിനും പട്ടാളത്തിനുംപകരം ഒരു സേന. 1957 ഓഗസ്റ്റ് 27-ന് മഞ്ചേശ്വരത്തുെവച്ച് വിനോബാജി അതിന് രൂപംകൊടുത്തു. എട്ടംഗങ്ങളാണ് അന്ന് വൊളന്റിയര്‍മാരായി പ്രതിജ്ഞയെടുത്തത്. അന്നത്തെ അംഗങ്ങളില്‍ ഒരാള്‍മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. തിരുവനന്തപുരത്ത് വെള്ളനാട് വിനോബ നികേതനില്‍ പരിവ്രാജിക രാജമ്മ. രാമേശ്വരത്ത് പാമ്പന്‍പാലം ഒഴുകിപ്പോയപ്പോഴും മറ്റും ശാന്തിസേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതായിരുന്നു. സമ്പൂര്‍ണവിപ്ലവം സാധ്യമാക്കുന്നതിനുള്ള ഗാന്ധിഗ്രാമിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതിനാല്‍ ഇക്കണ്ടവാര്യരും കെ. ജനാര്‍ദനന്‍ പിള്ളയുമൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള സേനയില്‍ ഞാനെത്തുന്നത് വൈകിയാണ്.  അഞ്ചുവര്‍ഷംമുമ്പ് മഞ്ചേശ്വരത്ത് ശാന്തിസേന പുനരാരംഭിച്ചു. 

ദേശീയതലത്തിലെ പ്രവര്‍ത്തനങ്ങളിലേക്ക് വളരുന്നത് എപ്പോഴാണ് 
  ഡല്‍ഹി ബിര്‍ള ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതിയില്‍ 1990-ല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി. ആറ് പ്രധാനമന്ത്രിമാര്‍ക്കൊപ്പം അവിടെ പ്രവര്‍ത്തിച്ചു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഇടപെടലുകള്‍ ദുസ്സഹമായി. പിന്നെ അവിടെ നിന്നില്ല. 2001-ല്‍ ഒരു തീരുമാനമെടുത്തു, ഗാന്ധിമാര്‍ഗ പ്രവര്‍ത്തനത്തിന് ഇനിയൊരിക്കലും ശമ്പളമോ പ്രതിഫലമോ വാങ്ങില്ലെന്ന്. സ്വാതന്ത്ര്യസമരത്തിന് പെന്‍ഷന്‍ വാങ്ങേണ്ടെന്ന് തീരുമാനിച്ച, ആ ചെക്ക് തിരിച്ചയച്ച അച്ഛന്റെ മകന്‍ അത്രയെങ്കിലും ചെയ്യേണ്ടേ?
  അന്തര്‍ദേശീയതലത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതെപ്പോഴാണ്.. 
  ഗാന്ധിസ്മാരകനിധി ചെയര്‍മാനായി പ്രവര്‍ത്തിക്കുമ്പോഴാണ് അത്തരം അവസരങ്ങള്‍ കൂടുതലായി ലഭിക്കുന്നത്. ലോകവ്യാപകമായി സമാധാന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. യുനെസ്‌കോയില്‍ കള്‍ച്ചറല്‍ ലീഡറായി പ്രവര്‍ത്തിച്ചു. ഇ.എഫ്. ഷുമാക്കറും നെല്‍സണ്‍ മണ്ടേലയുമായുള്ള കൂടിക്കാഴ്ചകള്‍ പല പാഠങ്ങളും പകര്‍ന്നുനല്‍കി.
  ഗാന്ധിനിന്ദയുടെയും ഗാന്ധിവിമര്‍ശനത്തിന്റെയും കാലമാണിത്...

ഇതുരണ്ടും രണ്ടായി കാണണം. ഗാന്ധിജിയെ ഏതുവിധത്തില്‍ വിമര്‍ശിക്കുന്നതിലും തെറ്റില്ല. ഗാന്ധിജിയുടെ കാലത്തുതന്നെ ഇതുണ്ടായിട്ടുണ്ട്. വിമര്‍ശനം ശക്തവുമായിരുന്നു. ടാഗോര്‍, ഗാന്ധിജിയെ അതിശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. വിമര്‍ശനം ആരോഗ്യപരമായിരുന്നു. നിസ്സഹകരണപ്രസ്ഥാനത്തിന്റെ കാലത്ത് ആ ലേഖനം യങ് ഇന്ത്യയില്‍ ഒന്നാംപേജില്‍ വന്‍പ്രാധാന്യത്തോടുകൂടിയാണ് ഗാന്ധിജി പ്രസിദ്ധീകരിച്ചത്. ഗാന്ധിജി, വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല. ആ വാക്കുകള്‍ക്ക് അപ്രമാദിത്വമില്ല. വിമര്‍ശന?െത്തക്കാള്‍ അതിനുപിന്നിലെ അസഹിഷ്ണുതയാണ് അപകടകരം. എന്നാല്‍, ഗാന്ധിനിന്ദ വെറുപ്പിന്റെ രാഷ്ട്രീയത്തില്‍നിന്ന് ഉണ്ടാവുന്നതാണ്. ഒരു വലിയ മനുഷ്യനെ കൊന്നാല്‍ ആ ആദര്‍ശം ഇല്ലാതാവുമെന്ന് കരുതുന്നത് മൂഢാത്മാക്കളാണ്. ഇന്ത്യയില്‍ ഗാന്ധിജിയെ വധിച്ചവര്‍ക്ക് അനുയായികളും ആരാധകരും ഉണ്ടായി. അവര്‍ ശക്തമായ രാഷ്ട്രീയരൂപം  കൈവരിച്ചു. ഇത് മറ്റൊരിടത്തും കാണാത്ത പ്രത്യേകതയാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ വധിച്ച  ജെയിംസ് ഏള്‍റേയ്ക്ക്, പിന്നെ അന്നാട്ടില്‍ അനുയായികളുണ്ടായില്ല. മക്കളോ പിന്മുറക്കാരോപോലും അതിനെ വാഴ്ത്തിയില്ല. ഇവിടെ അതല്ല സ്ഥിതി. പുണെയില്‍ പ്രതീകാത്മകവധം എന്നുപറയുന്നത് കാഴ്ചക്കാരെ മണ്ടന്‍മാരാക്കാനാണ്. മാര്‍ക്‌സിന്റെ ശവകുടീരം മാന്താന്‍ ശ്രമിക്കുന്നതും അംബേദ്കറുടെ പ്രതിമയില്‍ മലംകൊണ്ട് അഭിഷേകംചെയ്യുന്നതുംപോലെ കരുതിക്കൂട്ടി ചെയ്യുന്നതാണിത്.         

ഈ സമാധാനയാത്രയില്‍ ഏറ്റവും വിഷമമുണ്ടാക്കിയ അനുഭവം 

  കൊളംബിയയിലെ ആന്റിയോഖിയയില്‍ െവച്ചുണ്ടായത്. 1996-ല്‍ സമാധാന പ്രവര്‍ത്തനങ്ങളില്‍ തനിക്കും നേരിട്ട് പങ്കാളിയാവണമെന്നുപറഞ്ഞ് അവിടത്തെ റോഡ് ലാന്‍ഡ് ഗവര്‍ണര്‍ ഡോ. ജൂലിയോ ഗില്ലാര്‍മോ ഞങ്ങളുടെ സമാധാനസംഘത്തിനൊപ്പമെത്തി. ഭീകരരും ഒളിപ്പോരുകാരും കൊള്ളയും കൊലയും കൊള്ളിവെപ്പുമൊക്കെ വിനോദമാക്കിയ നാടാണത്. ഞങ്ങളെ തട്ടിക്കൊണ്ടുപോയി, ഏപ്രില്‍ 21-ന്. അതിര്‍ത്തിയില്‍ ഏറെ തണുപ്പുള്ള വനപ്രദേശത്തേക്കാണ് കൊണ്ടുപോയത്. ഫാര്‍ക്ക് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു യാത്ര. സമാധാനത്തിന്റെ ക്രിയാത്മകസാധ്യത നേരിട്ടുകാണാന്‍ ഒപ്പംപോന്ന ഗവര്‍ണറെയും വിദ്യാഭ്യാസമന്ത്രിയെയും ബിഷപ്പിനെയും അവര്‍ വധിച്ചു, ഒരു വര്‍ഷംകഴിഞ്ഞ്. വിദേശികളായതിനാലാവാം ഞങ്ങളെ കണ്ണുകള്‍ മൂടിക്കെട്ടി വേറെ വേറെ സ്ഥലത്ത് മോചിപ്പിച്ചു.

ഗാന്ധിമാര്‍ഗ ഗവേഷണത്തെക്കുറിച്ച്, ചരിത്രരചനയെക്കുറിച്ച് എന്താണ് പറയാനുള്ളത്...

  ഇന്ത്യയില്‍ ആയിരത്തിലേറെ സര്‍വകലാശാലകളുണ്ട്. അതില്‍ 75 ഇടത്ത് ഗാന്ധിമാര്‍ഗ ഗവേഷണം നടക്കുന്നു. ആവര്‍ത്തനവിരസവും നിഷ്പ്രയോജനകരവുമായ ഗവേഷണമാണ് പലയിടത്തുമെന്ന് ഞാന്‍ ഖേദത്തോടെ പറയട്ടെ. പുതിയ അറിവുകള്‍ കിട്ടണം. അനേകം തെറ്റുകളിലൂടെ മഹാത്മാവായ മനുഷ്യനില്‍നിന്ന് പഠിക്കാനുള്ള പാഠങ്ങള്‍ ഏറെയുണ്ട്. തുടരേണ്ട പാഠങ്ങളുമുണ്ട്. ഗൗരവബുദ്ധ്യാ, അക്കാദമികമായി അത് നടക്കുന്നില്ലെന്നുമാത്രം. ചരിത്രരചനയിലും വ്യാഖ്യാനത്തിലും ബ്രിട്ടീഷ് രീതി പിന്തുടരുന്നതിന്റെ പരിമിതികളുണ്ട്. സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ചരിത്രം വ്യാഖ്യാനിക്കുന്നത് താരതമ്യേന ഭേദപ്പെട്ട രീതിയിലാണ്.

 ഇന്ത്യയിലെ ഗാന്ധി ആശ്രമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് 
  വേദനയോടെ പറയട്ടെ, എല്ലാം മോശമാണ്. സാമൂഹികമായും ഭൗതികമായും അതിന്റെ സംരക്ഷണം മോശമാണ്. ഗാന്ധിജി ജനിച്ച പോര്‍ബന്തര്‍ ഇന്ന് മയക്കുമരുന്നുകാരുടെ താവളമാണ്. ആ തീരനഗരത്തില്‍ ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ല. ഗുജറാത്ത് അഹമ്മദാബാദില്‍ കോച്ച്റബില്‍ ആദ്യം ആരംഭിച്ച് പിന്നീട് സാബര്‍മതിനദിയുടെ തീരത്തേക്കുമാറ്റിയ ആശ്രമം കുറേക്കൂടി ഭേദമാണ്. മ്യൂസിയവും ലൈബ്രറിയുമുണ്ട്. ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന വിധം കാലാനുസൃതമായ മാറ്റം അവിടെ കാണുന്നില്ല. വര്‍ധയിലെ സേവാഗ്രാം ട്രസ്റ്റായി രൂപവത്കരിക്കപ്പെട്ടതാണ്. അത് നന്നാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു കൈയയച്ച് പണം കൊടുത്തതാണ്. ട്രസ്റ്റ് അംഗങ്ങള്‍ സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ പണമില്ലാതെ നടത്താനാവുമെന്ന് പറഞ്ഞു. ഒന്നും നടത്തിയുമില്ല.

പുതിയ പുസ്തകങ്ങളിലെ ഗാന്ധിജിയെ വായിക്കാറുണ്ടോ 
  അത്ര മെച്ചമല്ല. ആഴമേറിയ പഠനങ്ങള്‍ കുറവ്. ഗോപാലകൃഷ്ണഗാന്ധിയുടെയും രാജ്മോഹന്‍ ഗാന്ധിയുടെയും പുസ്തകങ്ങള്‍ കൊള്ളാം. രാമചന്ദ്രഗുഹയുടെ പുസ്തകങ്ങളില്‍ ചരിത്രത്തെ അപഗ്രഥിക്കുന്നതിലുള്ള പരിമിതി കാണാം. ചരിത്രം അതില്‍ സൂചികയിലെന്നപോലെ വിവരിക്കപ്പെടുന്നു. വെറും കാലാനുസൃത വിവരണവുംകൂടിയാണത്. പ്രസാധകരുടെ മാര്‍ക്കറ്റിങ് താത്പര്യങ്ങളും അതില്‍ തെളിയുന്നുണ്ട്.

കള്ളഗാന്ധിയന്മാരുമുണ്ടല്ലോ
  ഉണ്ട് സുഹൃത്തേ ഉണ്ട്. അത് ഗാന്ധിയന്മാരുടെ കൂട്ടത്തില്‍ മാത്രമല്ലല്ലോ. എല്ലാ വിഭാഗങ്ങളിലുമില്ലേ? ഗാന്ധിമാര്‍ഗ പ്രവര്‍ത്തകന്മാര്‍ എന്തല്ല എന്ന് കൈനിക്കര കുമാരപിള്ളസാര്‍ പറഞ്ഞിട്ടുണ്ട്. ഗാന്ധിയന്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചതുകൊണ്ടോ ഗാന്ധിജിയെക്കുറിച്ച് വായിച്ചതുകൊണ്ടോ നൂല്‍നൂറ്റതുകൊണ്ടോ ഹിന്ദി പഠിച്ചതുകൊണ്ടോ മദ്യം കഴിക്കാത്തതുകൊണ്ടോ ഖദര്‍ ധരിച്ചതുകൊണ്ടോമാത്രം ഒരാള്‍ ഗാന്ധിയനാവില്ല. സ്വഭാവനൈര്‍മല്യവും പരസ്പരവിശ്വാസവും സഹകരണപ്രേരണയും സത്യസന്ധമായ സേവനവുമൊക്കെയാണ് ഗാന്ധിമാര്‍ഗപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ മൂല്യങ്ങള്‍. മറ്റുരംഗങ്ങളിലുണ്ടായ മൂല്യച്യുതി ഈ രംഗത്തും വന്നു.

 സ്വാമി വിവേകാനന്ദനുശേഷം അദ്ദേഹം സ്ഥാപിച്ച രാമകൃഷ്ണമിഷന്‍ ലോകമെങ്ങും വളര്‍ന്നു. മോഹന്‍ദാസ് ഗാന്ധിക്ക് അങ്ങനെയും ഒരു ഭാഗ്യമുണ്ടായില്ലല്ലോ
  ഒരേസമയം വളരെ രസകരവും ബുദ്ധിപരവുമായ നിരീക്ഷണമാണത്. '47-നുശേഷം ആര്‍ക്കും വേണ്ടാത്ത വ്യക്തിയായിമാറി അര്‍ധനഗ്‌നനായ ഫക്കീര്‍. രാജ്ഘട്ടിനടുത്ത് ചരണ്‍സിങ്ങിനും ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും ലാല്‍ബഹാദുര്‍ ശാസ്ത്രിക്കും നെഹ്റുവിനും ജഗ്ജീവന്‍ റാമിനുമൊക്കെ അന്ത്യവിശ്രമസ്ഥലമുണ്ട്. ചരണ്‍സിങ്ങിനെ അനുസ്മരിക്കാന്‍ 2000 പേരെങ്കിലും വര്‍ഷംതോറും എത്തും. ക്ഷണക്കത്തൊന്നുമില്ലാതെ. ഗാന്ധിജിയെ അനുസ്മരിക്കാന്‍ 1000 പേര്‍ക്ക് ക്ഷണക്കത്തയയ്ക്കും. എല്ലാ എം.പി.മാര്‍ക്കും ഉള്‍പ്പെടെ. വേദനയോടെ പറയട്ടെ, ഓക്ടോബര്‍ രണ്ടിനും ജനുവരി 30-നും ഇവിടെയെത്തുന്നത് പരമാവധി 150 പേരാണ്. ''അവര്‍ എന്നെ കൊല്ലും, എന്നാലും ഞാന്‍ എന്റെ ശവക്കുഴിയില്‍ നിന്ന് സംസാരിച്ചുകൊണ്ടേയിരിക്കും'' എന്ന് 1946 ഏപ്രില്‍ 12-ന് പറഞ്ഞ മഹാത്മാവിനെ അത്രയെങ്കിലും പേര്‍ ഓര്‍ക്കുന്നുണ്ടല്ലോ. ഗാന്ധിമാര്‍ഗം ഒരു മതമല്ല. 'ഞാനാണ് എന്റെ അനുയായി' എന്ന് ഗാന്ധിജിതന്നെ പറഞ്ഞിട്ടുമുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട ഗാന്ധിസൂക്തം 
  എന്റെ ജീവിതമാണ് എന്റെ സന്ദേശം. അതില്‍ മാതൃകയുണ്ട്. സത്യസന്ധതയുണ്ട്. എളിമയും ആര്‍ജവത്വവുമുണ്ട്.
  രാഷ്ട്രീയത്തിലെ ഹിംസ കേരളത്തിലും കൂടിവരുകയാണല്ലോ 
  മനുഷ്യന്‍ മൃഗമായി അധഃപതിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ദൈവത്തിന്റെ സ്വന്തം നാടാണെന്നുപറഞ്ഞ് നാം വിദേശികളെ തെറ്റിദ്ധരിപ്പിക്കാമെന്ന് വ്യാമോഹിക്കുന്നു. എല്ലാ കക്ഷികളിലും അഹിംസയില്‍ വിശ്വാസമുള്ളവരുണ്ട്. അവര്‍ തിരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാന്‍മുതല്‍ അക്കാദമി അവാര്‍ഡ് കിട്ടാന്‍വരെ ഇരട്ടക്കൊലയായാലും കൂട്ടക്കൊലയായാലും കണ്ടില്ലെന്ന് നടിക്കുന്നു. കൊലകഴിഞ്ഞ് നടത്തുന്ന പ്രഹസന സമാധാനപരിപാടികളില്‍ പങ്കെടുക്കുന്നു. കേരളത്തില്‍ ഉദാരീകരണം തകര്‍ത്തത് നന്മയെയും മൂല്യങ്ങളെയുമാണ് (സൗമ്യമധുരമായ സ്വരത്തില്‍ സംസാരിച്ചിരുന്ന ഡോ. രാധാകൃഷ്ണന്‍ സ്വരം കടുപ്പിച്ച് മറുപടി പറഞ്ഞത് ഈ ചോദ്യത്തിനുമാത്രം). അനിയാ, ക്ഷമിക്കണം വൈകാരികമായി സംസാരിച്ചുപോയതിന്. കൊല്ലലിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം നമ്മെ എവിടെക്കൊണ്ടെത്തിക്കുമെന്ന് അറിയാവുന്നതിനാല്‍ പറഞ്ഞതാണ്.

അമേരിക്കന്‍ ചാനലില്‍ അരുന്ധതി റോയ് ഗാന്ധിജിയെ ആക്ഷേപിച്ചത് കേട്ടിരുന്നോ...  
  ഗാന്ധിജി ജീവിച്ചിരുന്ന കാലത്ത്് പലരും അദ്ദേഹത്തെ കളിയാക്കിയിട്ടുണ്ട്. എന്നാല്‍, അദ്ദേഹം ആരെയും ആക്ഷേപിച്ചിട്ടില്ല. ഗാന്ധിജിയെ അനുകൂലിച്ച്് സംസാരിച്ചാല്‍ കിട്ടുന്നതിനെക്കാള്‍ വാര്‍ത്താപ്രാധാന്യം എതിര്‍ത്തുപറഞ്ഞാല്‍ കിട്ടും. ഈ വിമര്‍ശനങ്ങള്‍ പലതും പൊള്ളയാണെന്നതാണ് കഷ്ടം. വിമര്‍ശകര്‍ അദ്ദേഹത്തെ ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്നത് നന്ന്. സ്വന്തം വികാരങ്ങളെ സാധനയിലൂടെ നിയന്ത്രിച്ച്്് ആത്മീയാന്വേഷണം നടത്തിയ ഒരാളെയാണ് നിരന്തരമായി അവഹേളിക്കുന്നത്. െബംഗളൂരുവിലെ ഒരു പ്രസിദ്ധീകരണശാല ഗാന്ധിജിയെ നിരന്തരം വിമര്‍ശിച്ച്്് പുസ്തകമെഴുതിച്ച് പുറത്തിറക്കുന്നുണ്ട്. അത് അധികം പേര്‍ വായിക്കാറില്ലെന്നുമാത്രം. 

തിരഞ്ഞെടുപ്പിനോടുള്ള ഗാന്ധിയന്‍ സമീപനം എന്താണ് 
  ബോധവത്കരണത്തിന് ഞങ്ങള്‍ ശ്രമിക്കും. ഈ അവസരം ജനങ്ങള്‍ക്ക് കിട്ടുന്ന വരദാനമാണ്. ജാതി-മത-രാഷ്ട്രീയ കൂട്ടായ്മകള്‍ക്കപ്പുറം ചിന്തിക്കേണ്ടിയിരിക്കുന്നു.
  കുടുംബം 
  തിരുവനന്തപുരത്ത് പട്ടത്ത് താമസിക്കുന്നു. ഭാര്യ വിമലാദേവി ജില്ലാ സഹകരണബാങ്കില്‍ മാനേജരായിരുന്നു. പിന്നീട് ഐ.സി.ഡി.സി. പ്രോജക്ട് അസി. മാനേജരായും പ്രവര്‍ത്തിച്ചു. രണ്ടുമക്കള്‍: ആര്‍. അഭിലാഷ് (കംപ്യൂട്ടര്‍ എന്‍ജിനീയര്‍, ടോക്യോ), ആര്‍. അജിത് (എയര്‍ ഫോഴ്സ് വിങ് കമാന്‍ഡര്‍).
  താങ്കളുടെ ഏറ്റവും പുതിയ കര്‍മപരിപാടി എന്താണ് 
  'യുവാക്കള്‍ ഗാന്ധിവഴികളിലൂടെ' എന്ന പേരില്‍ ഗാന്ധിപീസ് മിഷന്‍ 14 ജില്ലയിലും ഗാന്ധിസദസ്സുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മാനവസാഹോദര്യത്തിനും നരഹത്യയ്ക്കുമെതിരേ നവഖാലിയില്‍ ഗാന്ധിജി നടത്തിയ സമാധാനയജ്ഞങ്ങളുടെ 70-ാം വാര്‍ഷികം പ്രമാണിച്ചാണ് ഇത് നടത്തുന്നത്.

7 4 19ലെ വാരാന്തപ്പതിപ്പിൽ ‘ആർക്കും വേണ്ടാത്ത വ്യക്തിയായി മാറി അർധനഗ്നനായ ഫക്കീർ’ എന്നപേരിൽ പ്രസിദ്ധീകരിച്ചത്.

content highlights: radhakrishnan gandhi and gandhism