സ്വര്‍ണക്കള്ളക്കടത്തും ലൈഫ്മിഷന്‍ വിവാദവും സ്പ്രിംഗ്‌ളറുമൊക്കെ ഉയര്‍ത്തിയ ആരോപണങ്ങളുടെ പൊടിപടലങ്ങള്‍ പൊതുബോധത്തില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. അത് ഭരണവിരുദ്ധവികാരമായി മാറുമെന്ന ധാരണകളാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പുഫലം തകര്‍ത്തത്. ഇതുപോലെയുള്ള ആരോപണങ്ങളുയരുമ്പോള്‍ ഭരണകക്ഷിക്കെതിരേ തിരിയുന്ന കേരളീയമനസ്സ് എന്തുകൊണ്ടാണ് ഇപ്പോള്‍ അങ്ങനെ പ്രതികരിക്കാതിരുന്നത്? രാഷ്ട്രീയവ്യാഖ്യാനങ്ങളില്‍മാത്രം ഉത്തരംതേടേണ്ട വിഷയമല്ല ഇത്. ജനമനസ്സിനെ സ്വാധീനിക്കുന്ന മറ്റുപലതും ഇതിലുണ്ട്.

നേരിട്ടുള്ള അനുഭവങ്ങളുടെ......

നാടിന് പൊതുവായി ഗുണംചെയ്യുന്ന വലിയ വികസനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി വോട്ടുചോദിക്കുന്നതാണ് പരമ്പരാഗതശൈലി. ഇതൊക്കെ ജനങ്ങള്‍ക്ക് പരോക്ഷമായ ഗുണമുണ്ടാക്കുന്നുവെന്നത് സത്യമാണ്. എന്നാല്‍, ഇതൊന്നും ജനമനസ്സില്‍ ഉറച്ചുനില്‍ക്കണമെന്നില്ല. കുടുംബങ്ങളില്‍ പൊതുചര്‍ച്ചയാകണമെന്നുമില്ല. എല്ലാവര്‍ക്കും നേരിട്ട് അനുഭവപ്പെടുന്ന ഇടപെടലുകള്‍ ഉണ്ടാകുമ്പോഴാണ് ജനങ്ങള്‍ക്ക് ഭരണത്തോട് ചായ്വുണ്ടാകുന്നത്. തമിഴ്നാട്ടില്‍ വീടുകളിലേക്കും വ്യക്തികളിലേക്കുമൊക്കെ എത്തുന്ന കാര്യങ്ങള്‍ ജയലളിത പ്രയോഗിച്ചിട്ടുണ്ട്. ഇതൊക്കെ വിലകുറഞ്ഞ സമീപനമായിട്ടാണ് കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ കരുതിയിട്ടുള്ളത്. ജനങ്ങള്‍ക്ക് ഗുണഫലങ്ങള്‍ നേരിട്ട് അനുഭവിക്കാന്‍പോന്നവിധത്തില്‍, അവര്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുവിദ്യാഭ്യാസസംവിധാനവും പൊതുജനാരോഗ്യ സംവിധാനവും പൊതുവിതരണശൃംഖലയും ഉണര്‍ന്നുവെന്നത് വലിയ സ്വാധീനഘടകങ്ങളായി മാറി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തികവ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യകിറ്റുകള്‍ പൊതുവിതരണ സംവിധാനങ്ങളിലൂടെ ലഭ്യമാക്കിയപ്പോള്‍ ഭരണത്തിന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു. റേഷന്‍കടയില്‍ പോകാത്തവര്‍പോലും ഇത് വാങ്ങാന്‍പോയി. പൊതുവിതരണ സമ്പ്രദായത്തില്‍വന്ന ഗുണപരമായ മാറ്റങ്ങളുമായി പരിചയപ്പെട്ടു. ഈ സൗജന്യകിറ്റുകള്‍ കുടുംബങ്ങളില്‍ ചര്‍ച്ചാവിഷയമായി. അഴിമതിയാരോപണങ്ങള്‍ക്കുംമീതെ ഈ നല്ല അനുഭവങ്ങളെ ജനങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്.

രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്ക് മുകളിലാണോ ഈ സൗജന്യ കിറ്റ് എന്ന് രാഷ്ട്രീയപണ്ഡിതന്മാര്‍ ചോദിക്കും. ഭക്ഷണവും വസ്ത്രവും വീടുമെന്നത് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളല്ലേ? ഇത് നല്‍കുന്നവരെ ഇഷ്ടപ്പെടുന്നത് മനശ്ശാസ്ത്രപരമായി ശരിയാണെന്ന വിചാരം എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും വേണ്ടതല്ലേ? ഒരുപക്ഷേ, ഇതിനെ സമര്‍ഥമായി, രാഷ്ട്രീയമായി വിനിയോഗിച്ചതിന്റെ ഫലവുമാകാം ഈ ജനവിധി. ഇതില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ട രാഷ്ട്രീയമുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

നിപ കൈകാര്യംചെയ്ത രീതിയും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പൊതുജനാരോഗ്യസംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പൊതുസമൂഹത്തിന് നല്‍കി. മഹാമാരി നേരിടുന്ന കാലത്ത് ഒട്ടേറെപേര്‍ ഇതിന്റെ ഗുണഭോക്താക്കളായി. ആശയക്കുഴപ്പ കാലഘട്ടത്തില്‍ ക്വാറന്റീനിലിരിക്കുന്നവരെ തേടിയെത്തിയ ആശ്വാസഫോണ്‍വിളികളും സഹായംനല്‍കലുമൊക്കെ കരുതലിന്റെ പ്രതീകമായി. ക്ഷേമപെന്‍ഷനുകള്‍ എത്തേണ്ട കൈകളില്‍ എത്തിയതും കരുതലിന്റെ സാക്ഷ്യമായി.

പ്രതിസന്ധിവേളകളില്‍ ഒപ്പമുണ്ടെന്ന തോന്നലുണ്ടാകുമ്പോള്‍ ചിലരുടെയെല്ലാം മനസ്സില്‍ അഴിമതിയാരോപണങ്ങളുടെ പ്രസക്തി നഷ്ടമാകാനിടയുണ്ട്. അഴിമതിയാരോപണങ്ങള്‍ നിസ്സാരമാണെന്നല്ല പറയുന്നത്. ജനം നേരിട്ടനുഭവിക്കുന്ന ഗുണഫലങ്ങളുടെ സ്വാധീനം കൂടുതലുണ്ടെന്നുമാത്രമാണ് സൂചിപ്പിക്കുന്നത്. ജനവിധിയുടെ മനശ്ശാസ്ത്രം നിര്‍ണയിക്കുന്ന ഒരു ഘടകം ഇതാകാനിടയുണ്ട്. പൗരന്മാരുടെ അടിസ്ഥാനസൗകര്യങ്ങളില്‍ ഊന്നല്‍ നല്‍കിയുള്ള കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ ഭരണപരീക്ഷണത്തിന്റെ വിജയം ഓര്‍ക്കുക. ഒരു വ്യവസായസ്ഥാപനത്തിന്റെ മേധാവി നടത്തുന്ന പ്രസ്ഥാനമെന്നതുപോലും വിസ്മരിച്ചാണ് ജനം അതിന് പിന്തുണനല്‍കുന്നത്. ഓരോ പൗരനും നേരിട്ടനുഭവിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കാമെന്ന പുതിയ രാഷ്ട്രീയപാഠമാണത് നല്‍കുന്നത്.

പ്രവര്‍ത്തിക്കാനിടയുള്ള നേതാവുണ്ടെന്ന വിചാരം

ഏതൊരു കക്ഷിയെ സ്വീകരിക്കുമ്പോഴും ജനമനസ്സ് ഉറ്റുനോക്കുന്നത് ആ പ്രസ്ഥാനത്തെ നയിക്കുന്ന ശക്തമായ നേതൃസാന്നിധ്യങ്ങളെയാണ്. ഇത്തരം ബിംബങ്ങളിലൂന്നിയ വോട്ടിങ് ഇന്ത്യന്‍ സാഹചര്യത്തില്‍ പതിവുള്ളതാണ്. ഏകാധിപതിയാണെങ്കിലും ഭരണംനടന്നാല്‍മതിയെന്ന വിചാരമുള്ളവരുടെ നാടാണിത്. പറയുന്നത് നടപ്പാക്കുന്നതില്‍ കരുത്തുകാട്ടുന്നവരെ മോഹിക്കുന്ന മനസ്സുള്ളവര്‍ ധാരാളം. പ്രളയം, നിപ, കോവിഡ് തുടങ്ങിയ വലിയ പ്രതിസന്ധികളില്‍ അചഞ്ചലനായി നില്‍ക്കുകയും കാര്യങ്ങള്‍ പറയുകയും വിമര്‍ശനങ്ങളുടെ മുനയൊടിക്കുകയുംചെയ്ത മുഖ്യമന്ത്രിയെ വെറുക്കാത്തവര്‍ ധാരാളം. കേരളീയമനസ്സ് ആഗ്രഹിക്കുന്ന നേതൃബിംബത്തിന്റെ ആള്‍രൂപമായി കണക്കാക്കിയവര്‍ അതിനെക്കാള്‍ കൂടുതലുണ്ടാകണം; പ്രത്യേകിച്ചും, മറുവശത്ത് അത്തരം ബിംബങ്ങളുടെയും നേതൃസാന്നിധ്യത്തിന്റെയും ശൂന്യതയുണ്ടാകുമ്പോള്‍. ഇത് ജനമനസ്സിനെയും ജനവിധിയെയും സ്വാധീനിച്ച ഒരു ഘടകമാകാം. ഭരണവുമായി ബന്ധപ്പെട്ടുള്ള പൊതുവായ ഈ കാര്യങ്ങള്‍ക്കൊപ്പംതന്നെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കാണിച്ച യുക്തികളും വിജയഘടകങ്ങളില്‍പ്പെടുന്നു. ഭരണത്തിലിരിക്കുന്ന കക്ഷിക്കെതിരേ വോട്ടുവീഴുന്ന പതിവുരീതിയില്‍നിന്നുള്ള ഈ മാറ്റത്തില്‍നിന്ന് എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും പഠിക്കാന്‍ ഏറെ പാഠങ്ങളുണ്ട്. ഇത് ഉള്‍ക്കൊണ്ടാല്‍ ഗുണം ജനങ്ങള്‍ക്കാവും.

മാനസികാരോഗ്യവിദഗ്ധനും സാമൂഹിക ചിന്തകനുമാണ് ലേഖകന്‍

പ്രതിസന്ധിവേളകളില്‍ ഒപ്പമുണ്ടെന്ന തോന്നലുണ്ടാകുമ്പോള്‍ ചിലരുടെയെല്ലാം മനസ്സില്‍ അഴിമതിയാരോപണങ്ങളുടെ പ്രസക്തി നഷ്ടമാകാനിടയുണ്ട്. അഴിമതിയാരോപണങ്ങള്‍ നിസ്സാരമാണെന്നല്ല പറയുന്നത്. ജനം നേരിട്ടനുഭവിക്കുന്ന ഗുണഫലങ്ങളുടെ സ്വാധീനം കൂടുതലുണ്ടെന്നുമാത്രമാണ് സൂചിപ്പിക്കുന്നത്. ജനവിധിയുടെ മനശ്ശാസ്ത്രം നിര്‍ണയിക്കുന്ന ഒരു ഘടകം ഇതാകാനിടയുണ്ട്

ഏതൊരു കക്ഷിയെ സ്വീകരിക്കുമ്പോഴും ജനമനസ്സ് ഉറ്റുനോക്കുന്നത് അതിനെ നയിക്കുന്ന ശക്തമായ നേതൃസാന്നിധ്യങ്ങളെയാണ്.

20-12-2020 ല്‍ മാതൃഭൂമി പത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചത്   

Content Highlight: Psychology of Kerala Local body Election result