കോവിഡ് വ്യാപനത്തിനെതിരേ കേരളം കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ന്യൂസിലന്‍ഡ് മന്ത്രിസഭയിലെ മലയാളി അംഗമായ പ്രിയങ്ക രാധാകൃഷ്ണന്‍. മാതൃഭൂമി ന്യൂസിന്റെ വേക്കപ്പ് കേരള പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

പല രാജ്യങ്ങളിലും കോവിഡ് തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. അതുപോലെ തന്നെയാണ് കേരളത്തിലും സംഭവിച്ചത്. പക്ഷെ അത് വരെ കോവിഡിനെതിരേ കേരളം നടത്തിയ പോരാട്ടം പ്രശംസാവഹമാണെന്നും പ്രിയങ്ക പറഞ്ഞു.  

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ,

സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വിശേഷപ്പെട്ട ഭാഗ്യമായി കാണുന്നു

ആത്മാര്‍ഥമായി പരിശ്രമിക്കുക, കഠിനാധ്വാനം ചെയ്യുക, അവനവന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുക. ചിലപ്പോള്‍ നിങ്ങള്‍ക്ക് പദവികള്‍ ലഭിക്കും ചിലപ്പോള്‍ ലഭിക്കില്ല. അവസരങ്ങള്‍ ലഭിക്കാതെ പോയ കഠിനാധ്വാനികളായ എത്രയോ പേരുണ്ട്. ജനസേവനം എന്ന ഒറ്റ ഉദ്ദേശം വെച്ചാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതു തന്നെ. സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിച്ചാണ് എന്റെ തുടക്കം. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഗുണം ചെയ്യാനാകും എന്നതാണ് മന്ത്രിസഭയിലേക്ക് വരുമ്പോഴുള്ള ഗുണം. അത് നന്നായി ചെയ്യുക. അത് ഞാന്‍ ഇത്രപ്പെട്ടെന്ന് പ്രതീക്ഷിച്ചില്ല.

വൈവിധ്യമുള്ള മന്ത്രിസഭയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യം

ട്രാന്‍സ്‌ജെന്‍ഡര്‍, ഗോത്രവര്‍ഗ്ഗത്തില്‍ നിന്നടക്കമുള്ളയാളുകള്‍ ഉള്‍പ്പെട്ട മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ കഴിവുള്ളവരെയാണ് തിരഞ്ഞെടുത്തത്. അത് വൈവിധ്യമുള്ള ഒരു സംഘമായെന്ന് മാത്രം. അത്തരമാളുകളെ തിരഞ്ഞെടുക്കുന്നതിലൂടെ ശരിയായ ജനപ്രാതിനിധ്യമാണ് സര്‍ക്കാരിന് ഉണ്ടാകുന്നത്. മാത്രമല്ല അവര്‍ കൂടി പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കുകയും വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും കഴിവും അനുഭവങ്ങളും സര്‍ക്കാരിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും.

കഴിഞ്ഞ ഭരണത്തില്‍ ഗോത്രവിഭാഗവകുപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി പദവി എനിക്കുണ്ടായിരുന്നു. മന്ത്രിസഭയുമായി ആ തരത്തില്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

മാതാപിതാക്കള്‍ മലയാളിവേരുകള്‍

മാതാപിതാക്കള്‍ ലിബറലാണ്. അവര്‍ ഒരിക്കലും ഇന്നത് ചെയ്യണമെന്ന് ഡിക്‌റ്റേറ്റ് ചെയ്തിട്ടില്ല. എന്‍ജിഒ സെക്ടറിലേക്ക് സ്വന്തം മകൾ കടക്കുമ്പോൾ നന്നായി കാശുണ്ടാക്കാന്‍ പറ്റില്ലെന്ന് കരുതി സാധാരണഗതിയിൽ രക്ഷിതാക്കള്‍ പിന്തുണക്കാന്‍ സാധ്യത കുറവാണ്. പ്രത്യേകിച്ച് എന്റെ കുടുംബത്തിൽ കൂടുതൽ പേരും ഡോക്ടർമാരായിരുന്നു. പക്ഷെ എന്റെ വീട്ടുകാര്‍ അങ്ങനെയായിരുന്നില്ല.അവർ എന്റെ തിരഞ്ഞെടുപ്പുകളെ അംഗീകരിച്ചു. രാഷ്ട്രീയത്തിലോ പാര്‍ലമെന്റിലോ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. 

ഞാന്‍ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ് എന്റെ അമ്മയായിരുന്നു. മുത്തശ്ശിയും ശക്തയായ കഥാപാത്രമായിരുന്നു. പൊതുകാഴ്ചപ്പാടുകളല്ല എന്നറിയാമെങ്കിലും തനിക്ക് ശരിയാണെന്ന് തോന്നുന്നത് ചെയ്യുമായിരുന്നു അമ്മ.

ആറാം വയസ്സില്‍ പാചകം ചെയ്യാനാഗ്രഹിച്ച് കല്യാണം കഴിക്കണമെന്ന് ഞാന്‍ അമ്മയോട് പറയുമായിരുന്നു.എന്നാൽ മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ പിന്തുടരണമെന്നില്ല എന്നാണ് അമ്മ പറഞ്ഞത്. 

മനസ്സിലെ കേരളം

കേരളം എന്നും പ്രൊഗ്രസ്സീവ് സ്റ്റേറ്റാണ് ഇന്ത്യയില്‍. കോവിഡ് സമയത്ത് ചെയ്ത പ്രവൃത്തികളും ആരോഗ്യരംഗത്തായാലും സര്‍ക്കാരായും വലിയ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കോവിഡിന്റെ പിന്നീടുള്ള വരവുണ്ടായിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലും അതുണ്ടായിട്ടുണ്ട്. ആ രീതിയില്‍ കോവിഡിനെ കേരളം അഡ്രസ്സ് ചെയ്ത രീതിയില്‍ ഞാന്‍ അഭിമാനിക്കുന്നു. 

  content highlights: Priyanca Radhakrishnan speak about Kerala, Interview