ലോസ് ആഞ്ചലിസ്: അതിപ്രാചീനകാലത്ത് പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും വേട്ടയാടിയതിന് തെളിവുമായി ശാസ്ത്രജ്ഞര്‍. തെക്കേഅമേരിക്കയിലെ ആന്‍ഡ്സ് പര്‍വതങ്ങളില്‍ കണ്ടെത്തിയ ശവക്കുഴിയിലാണ് വേട്ടയാടിയിരുന്ന സ്ത്രീകളുടെ 9000 വര്‍ഷം പഴക്കമുള്ള ജൈവാവശിഷ്ടങ്ങള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയത്.

പ്രാചീനകാലത്ത് പുരുഷന്‍മാര്‍ വേട്ടയാടുകയും സ്ത്രീകള്‍ വിഭവങ്ങള്‍ ശേഖരിക്കുകയുമായിരുന്നു എന്ന സങ്കല്പത്തെ മാറ്റിമറിക്കുന്നതാണ് ഡാവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പുരുഷനായിരുന്നു ഒരേയൊരു വേട്ടക്കാരന്‍ എന്ന ദീര്‍ഘകാല സിദ്ധാന്തമാണ് ഇതോടെ മാറുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റാന്‍ഡി ഹാസ് പറഞ്ഞു.

2018-ല്‍ പെറുവിലെ വിലാമയ പട്ജക്‌സ എന്ന പര്‍വതശിഖരത്തില്‍നടന്ന പുരാവസ്തു ഉത്ഖനനത്തിലാണ് മൃഗങ്ങളെ മെരുക്കുന്നതിനുള്ള ഉപകരണങ്ങളും വേട്ടയാടുന്നതിനുള്ള കൂര്‍ത്ത കുന്തമുനകളുള്ള ആയുധങ്ങളും ശവക്കുഴിയില്‍നിന്ന് കണ്ടെത്തിയത്.

തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലുമായുള്ള 107 സ്ഥലങ്ങളില്‍നിന്നായി 429 ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും പഠനം വ്യക്തമാക്കുന്നു. ഇവയില്‍ 27 അവശിഷ്ടങ്ങളില്‍നിന്ന് വലിയ വേട്ടയാടലിനുള്ള ആയുധങ്ങള്‍ കണ്ടെത്തി. ഇതില്‍ 11 എണ്ണം സ്ത്രീകളുടേതും 15 എണ്ണം പുരുഷന്‍മാരുടേതുമാണ്. പ്രാചീനകാലത്ത് വേട്ടയാടിയിരുന്ന ജനസമൂഹങ്ങളില്‍ 30-50 ശതമാനം സ്ത്രീകളായിരുന്നെന്നും പഠനം സൂചിപ്പിക്കുന്നു. ജൈവാവശിഷ്ടങ്ങളുടെ പല്ലും എല്ലും പരിശോധിച്ചതില്‍നിന്നാണ് സ്ത്രീയാണെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്.

content highlights: Prehistoric hunters weren't all male, women also hunted