മലപ്പുറം: ജോലിക്കുപോകുന്ന സ്ത്രീകള്‍ രാവിലെ അടുക്കളയില്‍ കിടന്നുപിടയുന്നത് പൊന്നാനിയില്‍ ഇനി പഴങ്കഥയാകും. ഇടശ്ശേരിക്കും എം. ഗോവിന്ദനും ഉറൂബിനുമെല്ലാം ജന്മം നല്‍കിയ ഈ നാട്ടില്‍നിന്ന് ഒരു പുത്തന്‍ മുദ്രാവാക്യം ഉയരുകയാണ്. 'അടുക്കള ഒഴിവാക്കൂ, അടുക്കള തൊഴിലാക്കൂ'. ജോലിക്കുപോകുന്ന വീട്ടമ്മമാര്‍ അടുക്കളയോട് വിടപറയുക. അതേസമയം അടുക്കള മറ്റുചിലര്‍ക്ക് തൊഴിലാക്കി മാറ്റുക. ഇതാണ് ഈ ആശയം.

പ്രഭാതഭക്ഷണവും ഉച്ചയ്ക്കും രാത്രിയും ചോറിനുള്ള കറികളും മറ്റു വിഭവങ്ങളും രാവിലെ ഏഴ്, ഏഴരയോടെ വീട്ടിലെത്തും. ചോറുമാത്രം സ്വന്തമായി തയ്യാറാക്കിയാല്‍ മതി. നാലുപേരുള്ള ഒരു കുടുംബത്തിന് ദിവസം വരുന്ന ചെലവ് 160 രൂപ മാത്രം. സ്വന്തമായി തയ്യാറാക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ തുക വരുമെന്ന് ബാങ്കുദ്യോഗസ്ഥയായ വീട്ടമ്മ രാഖി പറയുന്നു.

ആഴ്ചയില്‍ രണ്ടുദിവസം മീന്‍ കറി, ഒരു ദിവസം കോഴിക്കറി ഉള്‍പ്പെടെ വിഭവങ്ങള്‍. സി.പി.എം. പൊന്നാനി ഏരിയാ സെക്രട്ടറി കെ.പി. ഖലീമുദ്ദീന്‍, സുഹൃത്തും ബാങ്ക് ജീവനക്കാരനുമായ വി. രമേശന്‍ തുടങ്ങി ഏതാനും ചിലരാണ് ആശയത്തിന്റെ ഉടമസ്ഥര്‍. പരിചയക്കാരനായ തണ്ടിലത്ത് സുന്ദരനും ഭാര്യ പ്രിയയും ഭക്ഷണം തയ്യാറാക്കാന്‍ മുന്നോട്ടുവന്നു. അവര്‍ നൂറു രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രമേശനും ഖലീമും സമ്മതിച്ചില്ല. 150 രൂപ ഭക്ഷണത്തിനും പത്തു രൂപ എത്തിക്കാനുള്ള ചെലവുമടക്കം 160 രൂപ. അതായിരുന്നു അവരുടെ ഓഫര്‍. 22 കുടുംബങ്ങള്‍ വന്നുകഴിഞ്ഞു. 25 തികഞ്ഞാല്‍ പുതിയ വെപ്പുകാരെ കണ്ടെത്തും.

പൊന്നാനി മുനിസിപ്പാലിറ്റിയില്‍ മുഴുവന്‍ പദ്ധതി നടപ്പാക്കണമെന്നാണ് ഇരുവരും ആഗ്രഹിക്കുന്നത്. പ്രഭാതഭക്ഷണം ഇഡ്ഢലി, പുട്ട്, ദോശ തുടങ്ങി ഓരോദിവസം ഓരോ വിഭവം.

ആറേഴ് തട്ടുള്ള രണ്ടുജോഡി ചോറ്റുപാത്രം, പിന്നെ ദോശയ്ക്കു വീതിയുള്ള മറ്റൊരു പാത്രവും പദ്ധതിയില്‍ ചേര്‍ന്ന വീട്ടുകാര്‍ക്ക് എത്തിച്ചു. എട്ടു ദിവസത്തിലൊരിക്കല്‍ മാത്രമാണ് പ്രാതല്‍ ആവര്‍ത്തിക്കുക.

മാസം ഇരുപത്, ഇരുപത്തയ്യായിരം രൂപ തയ്യാറാക്കുന്നവര്‍ക്ക് ലഭിക്കുമെന്നാണ് ഏകദേശ കണക്ക്. മാസം 4500 രൂപയ്ക്ക് വീട്ടിലെ നാലംഗങ്ങള്‍ക്ക് ഭക്ഷണം കിട്ടുന്നത് കുടുംബബജറ്റിനും ഗുണം തന്നെയെന്ന് വീട്ടമ്മമാരും സാക്ഷ്യപ്പെടുത്തുന്നു. അടുത്ത ഇരുപത്തിയഞ്ചിന്റെ ഗ്രൂപ്പില്‍പ്പെടാനായി ആളുകള്‍ കാത്തിരിക്കുകയാണ്.

content highlights: ponnani kitchen story