തൊരു തിരഞ്ഞെടുപ്പിലെയും മുഖ്യകക്ഷികള്‍ ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു പൗരവ്യക്തിയെന്നനിലയില്‍ എനിക്കനുഭവപ്പെട്ടത് രണ്ടുകക്ഷികള്‍കൂടി അതില്‍ പങ്കുചേര്‍ന്നുവെന്നാണ്. അവ ജാതികളും മതങ്ങളുമല്ല-അവ എല്ലായ്പ്പോഴും അവിടെയുണ്ട്. എന്റെ അഭിപ്രായത്തില്‍ ഈ അപ്രതീക്ഷിതങ്ങളായ സാന്നിധ്യങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ യാദൃച്ഛികമോ അല്ലാതെയോ ഉള്ള രംഗപ്രവേശവും മാധ്യമങ്ങളുടെ അസാധാരണമാംവിധം ശക്തിയേറിയ കരുനീക്കങ്ങളുമാണ്. എന്നാല്‍, ഇവയ്ക്കുരണ്ടിനും ബഹുഭൂരിപക്ഷം മലയാളികളുടെയും മനസ്സില്‍ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയായെപോയെന്ന് ചിന്തിക്കേണ്ടിവരുന്നു. പലപ്പോഴും ഈ രണ്ട് സാന്നിധ്യങ്ങളും അറിഞ്ഞോ അറിയാതെയോ ഒന്നിച്ചെന്നപോലെയാണ് പ്രവര്‍ത്തിച്ചത്. അതുതന്നെയല്ലേ ഇരുവരുടെയും വിശ്വാസ്യതയ്ക്ക് അല്ലെങ്കില്‍ സ്വാധീനശക്തിക്ക് എതിര്‍പാഞ്ഞത് എന്ന് സംശയിക്കണം (കാലത്തിന്റെ കയ്പ്പുനിറഞ്ഞ ഒരു ഓര്‍മപ്പെടുത്തല്‍പോലെ ഇപ്പോള്‍ ചാരവൃത്തിക്കേസിന്റെ പുനഃപരിശോധന നടന്നുകൊണ്ടിരിക്കയാണ് എന്ന് സ്മരിക്കുക). കാരണം, ജനങ്ങള്‍ ചാരവൃത്തിക്കേസിന്റെ കാലഘട്ടത്തിലെ മാധ്യമപരമായ അജ്ഞതകളില്‍നിന്ന് വളരെ മുന്നോട്ടുപോയിരിക്കുന്നു.

അച്ചടിമാധ്യമങ്ങള്‍ സത്യം കണ്ടെത്താന്‍ വരികള്‍ക്കിടയില്‍ വായിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയിരുന്ന കാലം കഴിഞ്ഞു. ചാനലുകളുടെ വരവോടെ രാജാവ് പൂര്‍ണമായും നഗ്‌നനാണ്. ശരീരഭാഷമുതല്‍ മുഖഭാവവും ശബ്ദവ്യതിയാനങ്ങളുംവരെ, നോട്ടങ്ങളും അനക്കങ്ങളുംവരെ, കാകദൃഷ്ടികളും വഞ്ചിക്കപ്പെടാന്‍ ഇഷ്ടമില്ലാത്തവരുമായ ഒരു വലിയ പൗരസഞ്ചത്തിന്റെ സൂക്ഷ്മദൃഷ്ടിക്കുകീഴിലാണ്. മാധ്യമങ്ങള്‍ വരച്ചിടുന്ന ചിത്രങ്ങളും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ യാഥാര്‍ഥ്യവും തമ്മില്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ സമര്‍ഥരായിക്കൊണ്ടിരിക്കയാണ്. ഒരുപക്ഷേ, വിദേശമലയാളികള്‍മാത്രമാണ് ഇതിനൊരപവാദം. എന്നിരിക്കെ കേന്ദ്ര ഏജന്‍സികളുടെ സ്ഥായിയായ രഹസ്യസ്വഭാവമുള്ള-അവരുടെ വിശ്വാസ്യതയുടെ ഒരു ഭാഗമാണത്-പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളുടെ സെന്‍സേഷന്‍വത്കരണത്തിനും അതിലൂടെ സംഭവിക്കുന്ന നിസ്സാരവത്കരണത്തിനും ഇരയാക്കപ്പെട്ടുവെന്നത് അവര്‍ പുനരന്വേഷിക്കുന്ന കേസുകളിലെ സത്യവും അസത്യവും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞുപോകാനിടയാക്കി എന്ന് സംശയിക്കണം.

ഏതാണ്ട് എല്ലാവരും എല്ലാവരെയും അറിയുന്ന ഒരു കൊച്ചുസമൂഹമാണ് കേരളം. ജാതി-മത-വര്‍ഗ സൗഹൃദങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നിടവുമാണ്. ഇവിടെ മനുഷ്യരുടെ യഥാര്‍ഥപ്രശ്‌നങ്ങള്‍ അവരുടെ കണ്‍മുമ്പിലുണ്ട്. അവയാണ് അവരുടെ നിത്യജീവിതങ്ങളെ നേരിട്ട് ബാധിക്കുന്നത്. അവയുടെ സ്ഥാനത്ത്, രഹസ്യാന്വേഷണ ഏജന്‍സികള്‍ അവരുടേതായ രീതികളില്‍ അന്വേഷിക്കുന്ന-അങ്ങനെത്തന്നെ വേണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്ന-കേസുകളെ രഹസ്യമെന്ന് തോന്നിപ്പിക്കുന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ജനങ്ങളുടെമുമ്പാകെ മറ്റെല്ലാ വാര്‍ത്തകളെയും വിഴുങ്ങുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ചുകൊണ്ടേയിരിക്കുമ്പോള്‍ മലയാളികള്‍ക്ക് വിരക്തിയുണ്ടായതില്‍ അദ്ഭുതപ്പെടാനില്ല. ഒരു പക്ഷേ, ഈ പ്രക്രിയയില്‍ ഏറ്റവും നഷ്ടംവന്നത് രഹസ്യ ഏജന്‍സികള്‍ക്കുതന്നെയാണ്: അവരുടെ ശക്തികളിലൊന്നായ വിശ്വാസ്യതയ്ക്ക് ഭംഗംവന്നു. അത് ജനങ്ങളുടെയും നഷ്ടമാണ്. കാരണം, നാമൊരു പ്രതിസന്ധിയില്‍ അവരിലേക്കാണ് ഉറ്റുനോക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ എല്‍.ഡി.എഫ്. ഭരണകൂടത്തിനെതിരേ പ്രധാനമാധ്യമങ്ങള്‍ നടത്തിയ നീക്കങ്ങള്‍ (അവര്‍ക്കതിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടുതാനും. ട്രംപിനെതിരേ അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത് കാണുക) തിരിച്ചടിക്കുകയാണ് ചെയ്തത്. കാരണം, കേരളം മാറി; മലയാളികള്‍ മാറി.

ജനമനസ്സിനെ തൊടാതെ പ്രതിപക്ഷം

കേരളത്തിലെ പ്രതിപക്ഷം യു.ഡി.എഫ്. ആണ്; അതിലെ മുഖ്യകക്ഷിയാവട്ടെ കോണ്‍ഗ്രസും. ഈ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനും കഴിഞ്ഞ നാലഞ്ചുവര്‍ഷത്തെ രാഷ്ട്രീയവും സാമൂഹികവുമായ സംഭവവികാസങ്ങളെ കൈകാര്യംചെയ്യാനും കോണ്‍ഗ്രസ് അഥവാ യു.ഡി.എഫ്. സ്വീകരിച്ച നയങ്ങള്‍ക്ക് ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന നവീനതകളോ അവരുടെ യഥാര്‍ഥജീവിതങ്ങള്‍ക്ക് ഒരു ഗാഢമായ വ്യത്യാസംവരുത്തുന്ന വഴിത്തിരിവുകളോ മുന്നോട്ടുവെക്കാന്‍ കഴിഞ്ഞില്ല. വിമര്‍ശനത്തിനായുള്ള വിമര്‍ശനം അഥവാ വഴിപാടുപോലെയുള്ള കുറ്റാരോപണങ്ങള്‍ എന്ന തലത്തിനപ്പുറത്തേക്ക് ജനമനസ്സിനെ ഇളക്കാന്‍ അവയ്ക്ക് കഴിഞ്ഞില്ല. മറിച്ച് ശബരിമലപോലുള്ള തര്‍ക്കവിഷയങ്ങളില്‍ ഹ്രസ്വവീക്ഷണത്തിലധിഷ്ഠിതവും പ്രതിലോമപരങ്ങളുമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. ഒരുപക്ഷേ, ശബരിമല കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ മനസ്സറിയും യന്ത്രമാണെന്ന് യു.ഡി.എഫ്. ചിന്തിച്ചതുപോലെ തോന്നുന്നു. യു.ഡി.എഫിന്റെ ലോക്സഭാവിജയത്തിന്റെ ഉത്തരവാദിത്വം ധര്‍മശാസ്താവിനോ അതോ വയനാട്ടില്‍വന്നെത്തിയ നെഹ്രുകുടുംബാംഗത്തിനോ എന്ന് ഇനിയും തീരുമാനിക്കേണ്ടതുണ്ട്. പലപ്പോഴും കോണ്‍ഗ്രസ് അഥവാ യു.ഡി.എഫ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ബി ടീമാണെന്ന തോന്നലുളവായി. കോണ്‍ഗ്രസിന് മൗലികവും വിഭിന്നവുമായ ഒരു മുഖം പ്രത്യക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്കുള്ളിലെ കടിഞ്ഞാണില്ലാത്ത വിഭാഗീയതകള്‍ ജനങ്ങളുടെ മുമ്പില്‍ തെളിഞ്ഞുനിന്നു. യു.ഡി.എഫിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഇത് സംഭവിച്ചെന്ന് പറയാനാവില്ല. മുസ്ലിംലീഗിന് അതിന്റേതായ അതിജീവനമാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ജനങ്ങളുടെ മുമ്പില്‍ കോണ്‍ഗ്രസാണ് യു.ഡി.എഫിന്റെ മുഖം. അതിന്റെ വിശ്വാസ്യതയാണ് നിരന്തരം ചോര്‍ന്നുപോയ്ക്കൊണ്ടിരുന്നത്.

ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം ശക്തമായുള്ള കേരളത്തില്‍ ഇന്നത്തെ സാഹര്യങ്ങളില്‍ അവര്‍ക്ക് വിശ്വാസമര്‍പ്പിക്കാനാവാത്ത ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന തോന്നലുളവായിരിക്കാം. അത്, ആ പാര്‍ട്ടിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍നിന്നുമാത്രമല്ല, അതിന്റെ അഖിലേന്ത്യാ തലത്തിലുള്ള ആത്മതമസ്‌കരണത്തില്‍നിന്നുകൂടി ജനിച്ച ഒരു അഭിപ്രായമായിരിക്കാം. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, യു.ഡി.എഫിന്, മലയാളികള്‍ക്ക് സുപരിചിതവും പ്രതിപക്ഷസഹജവുമായ സ്ഥിരം പ്രകടനങ്ങള്‍ക്കപ്പുറത്ത് ഈ നിമിഷത്തില്‍ എല്‍.ഡി.എഫിന് പകരംവെക്കാന്‍ ഒരു ശക്തിയാണ് തങ്ങള്‍ എന്ന വിശ്വാസ്യത നിര്‍മിക്കാന്‍ കഴിഞ്ഞില്ല. ലൈഫ് മിഷന്‍ പോലെ സാധുജനങ്ങള്‍ക്ക് തൊട്ടനുഭവിക്കാന്‍ കഴിഞ്ഞ ഒരു പ്രസ്ഥാനത്തെ നിര്‍ത്തലാക്കുമെന്നുള്ള പ്രസ്താവന ജനമനസ്സില്‍നിന്നുള്ള ഈ നിര്‍ഭാഗ്യകരമായ അകല്‍ച്ചയുടെ ഉദാഹരണമായിരുന്നു. ഒരുപക്ഷേ, ജനങ്ങള്‍ കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത് കേന്ദ്രത്തിലെ ഭരണകൂടത്തോടും അതിന്റെ നയങ്ങളോടുമുള്ള പ്രതിരോധമാണ്. കേരളത്തിലെ ഭരണകൂടത്തോടുമാത്രമായ ഒരു പോരാട്ടമല്ല എന്ന് സംശയിക്കണം. ജനങ്ങള്‍ക്ക് നന്മചെയ്യുന്ന നടപടികള്‍ക്ക് നിശ്ശബ്ദമായെങ്കിലുമുള്ള പിന്തുണയായിരിക്കാം അവര്‍ കോണ്‍ഗ്രസില്‍നിന്ന് പ്രതീക്ഷിച്ചത്. യു.ഡി.എഫിന് ഇക്കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ അവര്‍ ഭരണത്തിലല്ലെങ്കില്‍പ്പോലും മലയാളികള്‍ക്കുവേണ്ടി സൃഷ്ടിപരമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നതായിരിക്കാം വോട്ടുചെയ്യുമ്പോള്‍ മനസ്സില്‍ തങ്ങിനിന്ന മറ്റൊരു വാസ്തവം.

ബി.ജെ.പി.ക്കാവട്ടെ അത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായ മലയാളികളുടെ താത്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നൊരു പൂര്‍ണ മലയാളിപ്രസ്ഥാനമാണ് എന്ന വിശ്വാസംസൃഷ്ടിക്കാന്‍ കഴിയുന്നില്ല. മറിച്ച് അത് ഉത്തരേന്ത്യന്‍ താത്പര്യങ്ങള്‍ ചരടുവലിക്കുന്ന ഒരു യന്ത്രപ്പാവമാത്രമാണെന്ന തോന്നല്‍ സൃഷ്ടിച്ചു. മാത്രമല്ല, മാധ്യമങ്ങള്‍ അതിനുചുറ്റും സൃഷ്ടിച്ച അതിനെക്കാന്‍ പതിന്മടങ്ങ് വലുതായ മായാപരിവേഷത്തില്‍ അതുതന്നെ വിശ്വസിച്ചുവശായി എന്നുസംശയിക്കണം.

മലയാളിയുടെ ബോധ്യങ്ങള്‍

ഇക്കഴിഞ്ഞ ആറോളം മാസങ്ങളില്‍ കേരളത്തിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുഫലങ്ങളെ കാണുമ്പോള്‍ മനസ്സിലാകുന്നത് സ്വര്‍ണക്കടത്തുകേസിനെ ചുറ്റിപ്പറ്റിയുണ്ടായിവരികയും വമ്പിച്ച മാധ്യമപ്രചാരം നേടുകയുംചെയ്ത 'വെളിപ്പെടുത്തലു'കള്‍ക്കും ഈ തിരഞ്ഞെടുപ്പിനെയും അടുത്ത തിരഞ്ഞെടുപ്പിനെയും മുന്‍നിര്‍ത്തി സൃഷ്ടിക്കപ്പെട്ട മറ്റുവിവാദങ്ങള്‍ക്കുമപ്പുറത്ത് ലക്ഷക്കണക്കിന് മലയാളികള്‍ എല്‍.ഡി.എഫ്. ഭരണകൂടത്തില്‍നിന്ന് അവര്‍ക്ക് ലഭിച്ചു എന്നവര്‍ വിശ്വസിക്കുന്ന യഥാര്‍ഥമായ സേവനങ്ങളുടെ വെളിച്ചത്തിലാണ് വോട്ടുചെയ്തത് എന്നാണ്. ജാതി-മത സ്പര്‍ധ ഇളക്കിവിടാനുമുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍തന്നെ ഭൂരിപക്ഷം മലയാളികള്‍ അവരുടെ സ്ഥായിയായ സാമുദായികസ്ഥിതപ്രജ്ഞതയില്‍ ഉറച്ചുനിന്നു. അവയെ വെച്ചുപുലര്‍ത്തുന്നതിലും പ്രധാനം തങ്ങളുടെയും കുഞ്ഞുങ്ങളുടെയും ജീവിതസൗഖ്യവും ഐശ്വര്യവും പുരോഗമനവുമാണെന്ന് അവര്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാക്കിയെന്ന് കരുതണം.

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു പട്ടിക അവതരിപ്പിക്കുക എന്റെ കര്‍ത്തവ്യമല്ല. എന്നാല്‍, ഒരു സാധാരണപൗരന്‍ എന്ന നിലയിലും നിഷ്പക്ഷമായി താന്‍ ജീവിക്കുന്ന സമൂഹത്തെ നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്നനിലയിലും ഞാന്‍ മനസ്സിലാക്കുന്നത് മലയാളിവോട്ടര്‍മാര്‍ തങ്ങളുടെ അടിസ്ഥാനതാത്പര്യങ്ങള്‍ കൃത്യമായി സംരക്ഷിക്കാന്‍ വേണ്ടിയും തങ്ങള്‍ നേരിട്ടനുഭവിക്കുന്ന ജനസേവനങ്ങളെ കൃത്യമായി വിലയിരുത്തിക്കൊണ്ടും വോട്ടുചെയ്യുന്നവരായി പരിണമിച്ചുകൊണ്ടിരിക്കയാണ് എന്നാണ്. പാഴ്വാക്കുകളും ഭംഗിവാക്കുകളും പ്രലോഭനങ്ങളുംകൊണ്ട് അവരെ ഇനിയും വരുതിയിലാക്കുക എളുപ്പമല്ല എന്നുതോന്നുന്നു. ജാതി-മത സ്പര്‍ധ അവര്‍ ചര്‍ച്ചകളിലും പ്രസ്താവനകളിലും കണ്ടും കേട്ടും ആസ്വദിക്കുന്നുണ്ടാവാം. എന്നാല്‍, സ്വന്തം ജീവിതസമാധാനത്തിനോ കുഞ്ഞുങ്ങളുടെ ഭാവിക്കോ അത് വിലങ്ങുതടിയാവാന്‍ അവരില്‍ ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നുണ്ട് എന്നുതോന്നുന്നില്ല. വിവിധ പ്രചാരണതന്ത്രങ്ങളെ അതിജീവിച്ചുകൊണ്ട് മലയാളികള്‍ സാമൂഹികവും രാഷ്ട്രീയവുമായ യാഥാര്‍ഥ്യബോധ്യത്തോടെ വോട്ടുചെയ്യുന്ന ഒരു ആധുനികസമൂഹമായിത്തീരുകയാണ് എന്നുതോന്നുന്നു. എത്ര സാവധാനമാണെങ്കിലും ഇവിടേക്കാണ് നവോത്ഥാനവും സാക്ഷരതയും നമ്മെ നയിച്ചത് എന്നുവിശ്വസിക്കാന്‍ സന്തോഷം തോന്നുന്നു.

ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് സാധാരണ ലഭിക്കാത്ത ഒരു ഭാഗ്യമാണ് മലയാളികള്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെമേല്‍ വര്‍ഷിച്ചത്. അവരുടെ അസംതൃപ്തികളായിരുന്നു, തിരഞ്ഞെടുപ്പുകളുടെ ചരിത്രങ്ങള്‍വെച്ചുനോക്കിയാല്‍ മുന്നോട്ടുവരേണ്ടത്. എന്നാല്‍, ജനങ്ങള്‍ എല്‍.ഡി.എഫ്. ഭരണത്തിന് പച്ചവെളിച്ചം കാട്ടുകയാണ് ചെയ്തത്. അസംതൃപ്തികളെക്കാളേറെ മറ്റെന്തൊക്കെയോ പരിഗണനകള്‍ അവരുടെ മനസ്സില്‍ പ്രവര്‍ത്തിച്ചുവെന്ന് വ്യക്തം. അവയെന്തായിരിക്കുമെന്ന് കൃത്യമായി കണ്ടെത്തുക അസാധ്യം. കാരണം, കോടിക്കണക്കിന് പൗരവ്യക്തികളുടെ ബഹുമുഖങ്ങളായ പരിഗണനകള്‍ ഒന്നുചേര്‍ന്നാണ് ഈ തിരഞ്ഞെടുപ്പുഫലം സൃഷ്ടിച്ചത്. അവയില്‍നിന്ന് ഉരുത്തിരിഞ്ഞ മേല്‍ക്കൈ ഭരണകൂടത്തിന് അനുകൂലമായി എന്നുമാത്രം.

(മാതൃഭൂമി ദിനപത്രം 18 12 2020 എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്)

content highlights: Panchayath Result 2020 writer Paul Zacharia analysis