ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മേയ് 31 പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉത്പന്നങ്ങളുടെ വിപത്തുകളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക, പുകയില ഉത്പാദനവും ഉപയോഗവും നിയന്ത്രണവിധേയമാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം ''പുകയിലയുടെ ഉപയോഗത്തില്‍ നിന്നും, പുകയില വ്യവസായ ശൃംഖലയുടെ ചൂഷണങ്ങളില്‍ നിന്നും യുവജനങ്ങളെ സംരക്ഷിക്കുക' എന്നതാണ്. 

പുകവലി മൂലം ഓരോ വര്‍ഷവും ലോകത്തില്‍ 80 ലക്ഷം ആളുകള്‍ മരണപ്പെടുന്നു. ശ്വാസകോശം, ഹൃദയം, രക്തധമനി എന്നിവയെല്ലാം പുകവലിയുടെ ദൂഷ്യവശങ്ങള്‍ നേരിട്ട് ഏറ്റുവാങ്ങുന്നുണ്ട്. ശ്വാസകോശകാന്‍സറിന്റെ 80 ശതമാനവും പുകവലി മൂലം ഉണ്ടാകുന്നതാണ്. ഓരോ സിഗരറ്റിലും കാന്‍സറിന് കാരണമാകാവുന്ന 70-ഓളം രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. സ്ഥിരമായി പുകവലിക്കുന്നവരില്‍ കാണപ്പെടുന്ന വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, കിതപ്പ് എന്നിവ സി.ഒ.പി.ഡി.(ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ്) യുടെ ലക്ഷണങ്ങളാകാം. പുകവലി തുടരുകയും ശരിയായ ചികിത്സ തേടുകയും ചെയ്യാതിരുന്നാല്‍ ദൈനംദിന കാര്യങ്ങളില്‍ പോലും കിതപ്പ് അനുഭവപ്പെടുകയും ക്രമേണ ഓക്സിജന്‍ കൃത്രിമമായി ആവശ്യമായി വരികയും ചെയ്യാവുന്ന അസുഖമാണിത്.

പുകവലിക്കുന്നവരില്‍ ആസ്തമ തുടങ്ങിയ അസുഖങ്ങളും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടേറെയാണ്. കൂടാതെ ഹൃദ്രോഗസാധ്യതയും കൂടുതലായി കാണപ്പെടുന്നു. സിഗരറ്റ് എരിയുന്നതില്‍ നിന്നും വരുന്ന പുകയും പുകവലിക്കുന്നയാള്‍ പുറത്തേക്ക് തള്ളുന്ന പുകയും ഉള്‍പ്പെടുന്ന 'സെക്കന്റ് ഹാന്റ് സ്മോക്ക്, പുകവലിക്കുന്ന ആളുടെ സമീപത്ത് നില്‍ക്കുന്ന ആളുകളില്‍ പ്രത്യേകിച്ച് കുട്ടികളിലും ഗര്‍ഭിണികളിലും പുകവലിയുടെ എല്ലാ ദോഷങ്ങളും ഉണ്ടാക്കാന്‍ കെല്‍പ്പുള്ളതാണ്. ഈ പുക ശ്വസിച്ച് ഒരു വര്‍ഷം 10 ലക്ഷം ആളുകള്‍ മരണപ്പെടുന്നു. വീട്ടിലിരുന്ന് പുകവലിക്കുമ്പോള്‍ പുകയും അതിലടങ്ങിയിരിക്കുന്ന കെമിക്കലുകളും കാര്‍പറ്റ്, ഭിത്തി, കളിപ്പാട്ടങ്ങള്‍, തുണി, ഗൃഹോപകരണങ്ങള്‍ എന്നിവയില്‍ വന്നടിയുന്നു. ഇതാണ് 'തേര്‍ഡ് ഹാന്റ് സ്മോക്ക്'. ഒരു സിഗരറ്റ് അണഞ്ഞ് കഴിഞ്ഞാലും അതിന്റെ ദോഷങ്ങള്‍ കാലങ്ങളോളം നിലനില്‍ക്കും എന്ന് ചുരുക്കം. അതുപോലെ ഇലക്ട്രോണിക് സിഗരറ്റിന്് (ഇ-സിഗരറ്റ്) പുകയില്ലെങ്കിലും അതില്‍ നിന്നും വരുന്ന സൂക്ഷ്മകണങ്ങള്‍ ശ്വസിക്കുന്നതിലൂടെ വിനാശകരമായ രാസവസ്തുക്കള്‍ മനുഷ്യ ശരീരത്തില്‍ എത്തുന്നുണ്ട്.

ഇന്ന് ലോക ജനതയെ മുഴുവനും ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് പുകവലിക്കാരില്‍ കൂടുതല്‍ തീവ്രമായ രോഗലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് ന്യൂമോണിയ ആയി മാറാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഉപേക്ഷിക്കാം പുകവലി

പുകവലി ഉപേക്ഷിക്കുക എന്നത് ഈ ശീലത്തിന് അടിമപ്പെട്ട ഏതൊരാള്‍ക്കും സ്വീകരിക്കാവുന്ന ആരോഗ്യപരമായ തീരുമാനമാണ്. നിങ്ങളുടെ പ്രായമോ, ഈ ശീലത്തിന്റെ കാലപ്പഴക്കമോ ഒന്നും അതിന് വിലങ്ങുതടിയല്ല. പുകവലിയുടെ ദോഷവശങ്ങള്‍ തിരിച്ചറിഞ്ഞ് ഈ ശീലം ഉപേക്ഷിക്കാനുള്ള ആഗ്രഹവും, നിശ്ചയവും അവനവനില്‍ തന്നെ ഉണ്ടാവുന്നതാണ് ഇതില്‍ നിന്നും രക്ഷ നേടാനുള്ള ആദ്യപടി. അതിന് സഹായിക്കുന്ന ക്ലാസ്സുകളും, കൗണ്‍സിലിങ് സെഷനുകളും ഹോസ്പിറ്റലുകളില്‍ ലഭ്യമാണ്.

സ്ഥിരമായി പുകവലിക്കുന്നവര്‍ പെട്ടെന്ന് പുകവലി നിര്‍ത്തുമ്പോള്‍ ചെറിയ തോതിലുള്ള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുക സ്വാഭാവികമാണ്. ഇത് എല്ലാവരിലും ഒരുപോലെ ഉണ്ടായിക്കൊള്ളണമെന്നില്ല. തലവേദന, വിയര്‍പ്പ്, ഉറക്കക്കുറവ്, ദേഷ്യം, വിശപ്പ് കൂടുതല്‍ അനുഭവപ്പെടുക എന്നിവയാണ് അവയില്‍ ചിലത്. അതുകൊണ്ട് സിഗരറ്റ് വലിയുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കുന്നതാണ് അഭികാമ്യം. മാത്രമല്ല, മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ക്രമേണ കുറയുകയും ഇല്ലാതാവുകയും ചെയ്യുന്നതാണ്.

പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍, ചൂയിങ്ഗം, ദേഹത്ത് ഒട്ടിക്കുന്ന പാച്ചുകള്‍ തുടങ്ങിയവയിലൂടെ ശരീരത്തില്‍ എത്തിക്കുന്ന ചികിത്സാരീതിയാണ് നിക്കോട്ടിന്‍ റീപ്ലേസ്മെന്റ്. പുകവലി നിര്‍ത്തുമ്പോള്‍, മേല്‍പ്പറഞ്ഞ അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാനും വീണ്ടും വീണ്ടും പുകവലിക്കണം എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനും ഈ ചികിത്സാരീതി സഹായകമാണ്. എന്നാല്‍ ഇത് വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ അവലംബിക്കാന്‍ പാടുള്ളൂ. അതും നിശ്ചിതകാലയളവിലേക്ക്. ഈ ചികിത്സാരീതി 75 ശതമാനത്തോളം വിജയകരമാണ്. 

പുകവലി എന്ന ദുശ്ശീലത്തില്‍ നിന്നും സ്വയം രക്ഷ നേടാനും അതിലുപരി സെക്കന്റ് ഹാന്‍ഡ് സ്മോക്കിന്റെ ദൂരവ്യാപകമായ വിപത്തുകളില്‍ നിന്നും ചുറ്റുമുള്ളവരെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളെയും സംരക്ഷിക്കുവാനും നമുക്ക് ഈ ദിനം പ്രതിജ്ഞാബദ്ധരാകാം. പുകവലി നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്, പക്ഷേ പുനരാരംഭിക്കുവാന്‍ വളരെ എളുപ്പവും. അതുകൊണ്ട് ദൃഢനിശ്ചയങ്ങള്‍ ഓരോരുത്തരുടെയും ഉള്ളില്‍ നിന്ന് തന്നെ വരട്ടെ. 
ഓര്‍മ്മിക്കുക, പുകവലി തുടരുന്നത്, ശ്വാസകോശകാന്‍സറിന് എതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ ആയുധം വെച്ച് കീഴടങ്ങുന്നതിന് തുല്യമാണ്.  

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ പള്‍മണോളജി വിഭാഗം ഡോക്ടര്‍മാരാണ് ലേഖകര്‍)

Content Highlights: You can quit smoking habits; Just keep in mind know tips, World No Tobacco Day 2020, Health, Oral Health, Dental Health