ഗ്ലോബല്‍ അഡല്‍ട്ട് ടുബാക്കോ 2016-17 സര്‍വെയില്‍ പറയുന്നത് ഇന്ത്യയിലെ 99.5 മില്ല്യണ്‍ ആളുകള്‍ പുകവലിക്കുന്നുണ്ടെന്നും 199.4 മില്ല്യണ്‍ ആളുകള്‍ പുകയില ചവയ്ക്കുന്നുണ്ടെന്നുമാണ്. പുകവലിയും പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവും വായുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. ദന്തപ്രശ്‌നങ്ങളും മോണയുടെ ആരോഗ്യപ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകാം. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഒരു വഴിയേ ഉള്ളൂ. പുകവലിയും പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കണം. പുകവലിക്കുന്നവരിലും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്. 

 • സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പ്പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് വായില്‍ കടുത്ത ദുര്‍ഗന്ധം ഉണ്ടാവുന്നത് പതിവാണ്. 
 • സ്ഥിരമായി സിഗരറ്റ് വലിക്കുന്നവരില്‍ വായ വരള്‍ച്ചയ്ക്കും ഇത് ഇടയാക്കുന്നു. 
 • വായ വരള്‍ച്ചയുണ്ടാകുന്നത് മോണരോഗത്തിനും ശ്വാസത്തിന് ദുര്‍ഗന്ധമുണ്ടാകാനും ഇടയാക്കുന്നു. 
 • പുകവലിക്കുന്നവരില്‍ പല്ലുകളില്‍ കറപിടിച്ച് മഞ്ഞനിറമോ കടുത്ത തവിട്ടു നിറമോ ചിലപ്പോള്‍ കറുത്ത നിറമോ ഉണ്ടാകാം. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന ടാര്‍ പല്ലിന്റെ പുറംഭാഗത്ത് പറ്റിപ്പിടിക്കുന്നതാണ് ഇതിന് കാരണം. 
 • കടുത്ത പുകവലിക്കാരില്‍ ഉമ്മിനീരിന് കട്ടികൂടുതലായിരിക്കും. ഇതുമൂലം പല്ലുകളില്‍ ഉമ്മിനീര്‍ ഒഴുകിയിറങ്ങില്ല. ഇത് പല്ലുകളില്‍ ബാക്ടീരിയ ഇടംപിടിക്കാനും അത് പല്ലുകളില്‍ അടിഞ്ഞ് കാവിറ്റിയുണ്ടാകാനും ഇടയാക്കുന്നു. 
 • പല്ലുവേദന മാറാന്‍ പുകയില വെക്കുന്നവരുണ്ട്. ഇത് അപകടമാണ്. ഒഴിവാക്കണം. 

dental

 • സ്ഥിരം പുകവലിക്കാരില്‍ പല്ലുപറിച്ച ശേഷവും പുകവലിക്കുന്നത് മുറിവുണങ്ങാതിരിക്കാനും വേദനയുണ്ടാകാനും ഇടയാക്കും. 
 • മോണയില്‍ അണുബാധയാണ് (പെരിയോഡോണ്ടിറ്റിസ്) പുകവലിക്കാരിലെ മറ്റൊരു പ്രശ്‌നം. ഇവരുടെ പല്ലുകളില്‍ പ്ലേക്കുകളും കാല്‍ക്കുലസ് എന്ന കട്ടിയേറിയ വസ്തുവും അടിഞ്ഞുകൂടും. ഇവയാണ് മോണയിലെ അണുബാധയ്ക്ക് കാരണമാകുന്നത്. ഇത് ശ്വാസത്തിന് ദുര്‍ഗന്ധവും പല്ലുകള്‍ക്ക് ബലക്ഷയവും ഉണ്ടാകാന്‍ കാരണമാകുന്നു. 
 • സ്ഥിരം പുകവലിക്കാരുടെ നാവിന് രുചിയറിയാനുള്ള കഴിവ് നഷ്ടപ്പെടും. പാപ്പില്ലകള്‍ എന്നറിയപ്പെടുന്ന നാവിന്റെ ഉപരിതലത്തില്‍ സൂക്ഷ്മമായി കാണുന്ന വിരലുകള്‍ പോലെയുള്ള ഭാഗത്തിന് കേടുപാടുകള്‍ ഉണ്ടാകുന്നതാണ് ഇതിന് കാരണം.
 • സ്ഥിരം പുകവലിക്കാരില്‍ വായിലും മോണയിലും രക്തയോട്ടം കുറവായിരിക്കും. അതുകൊണ്ടു തന്നെ പല്ലുകളിലും മോണയിലും മറ്റും ഉണ്ടാകുന്ന വേദനയും മറ്റു പ്രശ്‌നങ്ങളും പെട്ടെന്ന് അറിയില്ല. അതിനാല്‍ ദന്ത-മോണ രോഗങ്ങള്‍ ഗുരുതരമാകുമ്പോഴേ ചികിത്സയ്ക്ക് എത്തിച്ചേരൂ. ഇത് നേരത്തെ രോഗം കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുന്നു. 
 • നാവിന്റെ ഉപരിതലത്തിലും വശങ്ങളിലും ഫംഗസ് അണുബാധയുണ്ടാക്കുന്ന ഓറല്‍ കാന്‍ഡിഡിയാസിസ് പുകവലിക്കാരില്‍ കണ്ടുവരുന്നതാണ്. വെള്ളനിറത്തിലുള്ള ഒരു പാളി പോലെയാണ് ഇവ നാവില്‍ കാണുന്നത്. ഇത് അണുബാധയ്ക്ക് ഇടയാക്കും. 
 • സ്ഥിരം പുകവലിക്കാരില്‍ കവിളിന്റെ ഉള്‍ഭാഗത്ത് വെളുത്ത നിറത്തിലുള്ള പാടുകള്‍ ഉണ്ടാകും. ല്യൂക്കോപ്ലാക്കിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഭാവിയില്‍ കാന്‍സറാകാന്‍ സാധ്യതയുള്ളതാണ്. 
 • ഇന്ത്യയില്‍ പൊതുവേ കണ്ടുവരുന്ന കാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ കാന്‍സര്‍. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ കാന്‍സറിലേക്ക് നയിക്കാം. ചുണ്ടുകള്‍, സ്വനപേടകം, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും കാന്‍സര്‍ ബാധിക്കാം. 

dental

ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വേണ്ടത് ചികിത്സയല്ല. പ്രതിരോധമാണ്. ഇനി നിങ്ങള്‍ ചിന്തിക്കൂ,,, പുകവലിക്കണോ എന്ന്. പുകവലി നിങ്ങളെ മാറാരോഗിയാക്കും എന്ന് പറയുന്നത് സത്യമാണ്. പുകവലി ഒഴിവാക്കൂ...പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കൂ...

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ജിജിന്‍ ജെ. പനയ്ക്കല്‍
ഡെന്റിസ്റ്റ്
ഡെന്റ്‌ജോയ്‌സ് ഡെന്റല്‍ ക്ലിനിക്ക്
കൂറ്റനാട് 
dentjoysdc@gmail.com

Content Highlights: World No Tobacco Day 2020 How Smoking affects Oral Health, Dental Health, Oral hygiene, Health