ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ മേയ് 31 ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുകയാണ്. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 

1987 മുതലാണ് ലോക പുകയില വിരുദ്ധ ദിനാചരണം ലോകാരോഗ്യ സംഘടന ആരംഭിച്ചത്. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം മൂലം ആഗോളതലത്തിലുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം നല്‍കുക എന്നതാണ് ഇതുവഴി ലക്ഷ്യമിട്ടത്. 

എല്ലാ വര്‍ഷവും ദിനാചരണത്തോട് അനുബന്ധിച്ച് ഒരു സന്ദേശം നല്‍കാറുണ്ട്. ''പുകയില കമ്പനികള്‍ യുവാക്കളെ ലക്ഷ്യം വെച്ച് നടത്തുന്ന മാര്‍ക്കറ്റിങ് തന്ത്രങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുകയും പുകയില-നിക്കോട്ടിന്‍ ഉപയോഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുക'' (Protecting youth from industry manipulation and preventing them from tobacco and nicotine use) എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിന സന്ദേശം. പുകയില ഉത്പ്പന്നങ്ങള്‍ വര്‍ഷത്തില്‍ എട്ടു മില്ല്യണ്‍ ആളുകളുടെ മരണത്തിന് കാരണമാകുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍. 

ദോഷകരമല്ലാത്തതെന്നും ദോഷങ്ങള്‍ കുറഞ്ഞതെന്നുമുള്ള പേരില്‍ പുതിയ നിറവും മണവും രുചിയും രൂപവും നല്‍കി പുകയില കമ്പനികള്‍ യുവജനങ്ങളെ തേടിപ്പിടിക്കുകയാണ്. വില്‍പന കൂട്ടാന്‍ പ്രമുഖ ബ്രാന്‍ഡുകളുടെയും സെലിബ്രിറ്റികളുടെയും സഹായം തേടുന്നു. പുകയില കമ്പനികളുടെ പേരുള്ള വസ്ത്രങ്ങളും പുകയില ഇതര ഉത്പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കല്‍ തുടങ്ങി ഉപഭോക്താക്കളില്‍ സ്വന്തം ബ്രാന്‍ഡിന്റെ പേര് എപ്പോഴും ഇതുവഴി ഓര്‍മിപ്പിക്കുന്നു. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പത്തില്‍ ലഭ്യമാക്കുന്നു.

വിവിധ സ്‌പോര്‍ട്‌സ് ഈവന്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യല്‍, യു.എസ്.ബി. സ്റ്റിക്ക്, മിഠായികള്‍ എന്നിവയുടെ രൂപത്തില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കല്‍, ടി.വി. ഷോകളിലൂടെയും മറ്റും പുകയില ഉത്പ്പന്നങ്ങള്‍ക്ക് പരോക്ഷമായി മാര്‍ക്കറ്റിങ് ചെയ്യല്‍, യുവജനങ്ങളെ ആകര്‍ഷിക്കാനായി പുകയില വെന്‍ഡിങ് മെഷീനുകള്‍ ഒരുക്കല്‍ തുടങ്ങിയ പുകയില കമ്പനികളുടെ ശ്രമങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളാണ് ഈ വര്‍ഷം നടത്തുന്നത്.

Content Highlights: World No Tobacco Day 2020 by World Health Organisation, Health, Lung Health, Respiratory Disease