പാരിസ്: പുകവലിക്കുന്നവര്‍ക്കും അടുത്തുനില്‍ക്കുന്നവര്‍ക്കും അത് ഹാനികരമാണെന്നതിന് തെളിവുകള്‍പലതുണ്ട്. എന്നാല്‍, പുകവലിക്കുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങളും അത്രതന്നെ ദോഷകരമാണെന്നാണ് പുതിയപഠനം പറയുന്നത്. കുഞ്ഞുങ്ങളുെട ആരോഗ്യത്തെ ഇത് ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

ഭിത്തിയിലും വീട്ടുപകരണങ്ങളിലും ചവിട്ടിയിലുമെല്ലാം കറയായും ചാരമായും പറ്റിപ്പിടിക്കുന്ന അവശിഷ്ടങ്ങള്‍ ഇവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കും. ഇതിനെ തേര്‍ഡ് ഹാന്‍ഡ് സ്‌മോക്കിങ് (ടി.എച്ച്.എസ്.) എന്നാണ് വിളിക്കുന്നത്.
അമേരിക്കയിലെയും ചൈനയിലെയും ഒരുസംഘം ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് പഠിച്ചത്. എലികളിലായിരുന്നു പരീക്ഷണം.
 
ടി.എച്ച്.എസിന് വിധേയരായ എലിക്കുഞ്ഞുങ്ങളില്‍ ഭാരക്കുറവും രോഗപ്രതിരോധവ്യവസ്ഥയ്ക്ക് തകരാറും കണ്ടെത്തി. പരോക്ഷപുകവലിയുണ്ടാക്കുന്ന അതേ ദോഷംതന്നെയാണ് ടി.എച്ച്.എസും ഉണ്ടാക്കുന്നതെന്ന് പഠനത്തില്‍ പങ്കാളിയായ ലോറന്‍സ് ബെര്‍ക്ലി നാഷണല്‍ ലബോറട്ടറി അധികൃതര്‍ പറഞ്ഞു. ശാസ്ത്രപ്രസിദ്ധീകരണമായ 'നേച്ചറി'ലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Content Highlight: smoking waste- unhealthy for child| World No-Tobacco Day 2020