'' ഓരോ പുതുവര്‍ഷം തുടങ്ങുമ്പോഴും ഓരോ പിറന്നാള്‍ വരുമ്പോഴും ഞാന്‍ കരുതും ഈ വര്‍ഷം മുതല്‍ ഈ ദുഷിച്ച ശീലത്തെ അകറ്റി നിര്‍ത്തണമെന്ന്. ഒരാഴ്ചയോളം നിര്‍ത്തിയിട്ടുമുണ്ട്. ഒടുവില്‍ സ്വയമങ്ങ് തീരുമാനിക്കും. ഇനി ദിവസം ഒരു സിഗരറ്റ് മാത്രം വലിക്കാമെന്ന്. പിന്നെ വീണ്ടും പഴയപടിയാകും. ഇങ്ങനെ  പുകവലി നിര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി''. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പുകവലിക്കടിമപ്പെട്ടവരെ ചികിത്സിക്കാനായി തുടങ്ങിയ വിമുക്തി കേന്ദ്രത്തില്‍ എത്തുന്ന ഭൂരിഭാഗം പേര്‍ക്കും ഇങ്ങനെയൊരു കഥപറയാനുണ്ടാവുമെന്ന് ഇവിടെയുള്ള ഡോക്ടര്‍മാര്‍ പറയുന്നു.

പലരുമെത്തുന്നത് പുകവലി നിര്‍ത്തണമെന്ന് ഏറെ ആഗ്രഹിച്ച് കൊണ്ട് തന്നെയാണ്. വര്‍ഷങ്ങളായി പുകവലിക്ക് അടിമപ്പെട്ടവര്‍. ഇതിന്റെ അടിമയായി മറ്റ് രോഗങ്ങളിലേക്ക് തള്ളപ്പെട്ടവര്‍. അവര്‍ക്ക് പോലും പുകയിലയെന്ന ദുരിതത്തില്‍ നിന്ന് അത്ര പെട്ടെന്ന് മോചിതരാവാനാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതോടെയാണ് കുതിരവട്ടത്തെ ഒരു കൂട്ടം സേവന തല്‍പ്പരരായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ വിമുക്തി കേന്ദ്രം തുടങ്ങിയത്.  മറ്റ് സ്വകാര്യ ആശുപത്രിയിലെല്ലാം നല്‍കുന്ന ഒരു പക്ഷെ അതിലും മികച്ച രീതിയില്‍ ഇവിടെ നിന്നും സൗജന്യമായി ചികിത്സ നല്‍കുന്നു. പക്ഷെ മാനസികാരോഗ്യ കേന്ദ്രം എന്നൊരു ലേബലുള്ളതിനാല്‍ ആരും ഇവിടെക്ക് എത്താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. 

മറ്റെന്ത് ദുശീലത്തെക്കാളും നിര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് പുകവലി ശീലം. അടിമപ്പെട്ടാല്‍ മറ്റെന്ത് രോഗത്തെയുംപോലെ ചികിത്സിച്ച് ഭേദപ്പെടുത്തേണ്ട അസുഖം. പക്ഷെ ഇതൊരു രോഗമായി കാണാന്‍ പലരും തയ്യാറാവുന്നില്ലെന്നതാണ് യഥാര്‍ഥ്യം. തലച്ചോറിനുള്ളിലെ ഡോപമിന്‍ എന്ന രാസവസ്തുവാണ് പുകയില വീണ്ടും വീണ്ടും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന ശരീരത്തിലെ വസ്തു. പുകവലി കൂടുന്തോറും ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഡോപമിന്റെ അളവും കൂടും. ചികിത്സിച്ചില്ലെങ്കില്‍ വലിയ രോഗിയാക്കുമെന്നതില്‍ സംശയവുമില്ല. പുകവലിക്കാരില്‍ കാന്‍സര്‍ രോഗമുണ്ടാകുന്നത് മറ്റുള്ളവരെക്കാളും ഇരുപത്തിയഞ്ച് മുപ്പത് മടങ്ങ് അധികമാണെന്നും കുതിരവട്ടത്ത വിമുക്തിക്ക് നേതൃത്വം നല്‍കുന്ന ഡോ.മുഥുന്‍ പറയുന്നു. 

പുകവലിക്കാര്‍ക്ക് ഒരു കൈത്താങ്ങ്
പുകവലി നിര്‍ത്തണമെന്ന് തീവ്രമായി ആഗ്രഹമുള്ളവര്‍ക്ക് ആദ്യം വേണ്ടത് അവര്‍ക്കൊരു കൈത്താങ്ങ് നല്‍കുക എന്നതാണ്. മരുന്നിലൂടെ മാത്രമേ അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ഡോ.മിഥുന്‍ ചൂണ്ടിക്കാട്ടുന്നു. പുകവലിക്ക് അടിമപ്പെട്ടവരെ മെഡിക്കല്‍ റെക്കോര്‍ഡില്‍ നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം രോഗികള്‍ എന്നാണ് അറിയപ്പെടുന്നത്. മരുന്നിലൂടെയും കൗണ്‍സിലിങ്ങിലൂടെയും സാധാരണ ജീവിതത്തിലേക്ക് എത്തിക്കാന്‍ കഴിയുന്ന രോഗം. അതുകൊണ്ട് തന്നെ സ്ഥിരമായി പുകവലിക്കുന്നവര്‍ക്കായി നമുക്ക്  ചെയ്യാന്‍ കഴിയുന്നത് അവരെ ചികിത്സയിലേക്ക് എത്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ്. സ്വകാര്യ ആശുപത്രികളടക്കം ഇത്തരം ചികിത്സ നടത്തുന്നുണ്ടെങ്കിലും അവിടങ്ങളില്‍ വലിയ ചികിത്സാ ചെലവ് നല്‍കേണ്ടി വരുന്ന സാഹചര്യത്തിലാണ്  കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിമുക്തി സൗജന്യമായി ചികിത്സ നടത്തുന്നത്.

വിമുക്തിയിലെ ചികിത്സ
വിമുക്തിയുടെ ആദ്യ ഘട്ടത്തില്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ഇവിടെ ഒ.പി നടത്തിയിരുന്നതെങ്കിലും ഇപ്പോള്‍ സാധാരണ ഒ.പിയില്‍ എത്തുന്നവര്‍ക്ക് പോലും വിമുക്തിയില്‍ ചികിത്സ ആവശ്യമാണെന്ന് തോന്നിയാല്‍ പരിഗണിക്കാറുണ്ട്. കുതിരവട്ടം ആശുപത്രി മാനസികാരോഗമുള്ളവരെ ചികിത്സിക്കാന്‍ മാത്രമുള്ളതാണെന്ന മുന്‍ ധാരണ മാറ്റി ഇവിടെ എത്തണമെന്ന് മാത്രം. ചികിത്സ തുടങ്ങിയാല്‍ ആഴ്ചയിലൊരിക്കലെങ്കിലും തുടര്‍ന്ന് ഡോക്ടറെ കാണാന്‍ എത്തുകയും വേണം . പുകവലിക്ക് വലിയ തോതില്‍ അടിമപ്പെട്ടവരാണെങ്കില്‍ സ്ഥിരമായി രണ്ട് വര്‍ഷമെങ്കിലും ചികിത്സിക്കേണ്ടി വരും. സൗജന്യമാണ് ചികിത്സ എന്നത് കൊണ്ട് തന്നെ മറ്റേത് സര്‍ക്കാര്‍ ആശുപത്രിയെയും പോലെ ഇവിടെ ചികിത്സയ്‌ക്കെത്താമെന്ന് ഡോ.മിഥുന്‍ പറയുന്നു. നിക്കോട്ടിന്‍ റിപ്ലെയിസ്‌മെന്റ്‌ തെറാപ്പി, ചെവിയുടെ പുറകില്‍ ഒട്ടിച്ച് കൊണ്ടുള്ള പാച്ചസ് തെറാപ്പി, കൗണ്‍സിലിംഗ് എന്നിവയാണ് ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. ഒപ്പം ചില മരുന്നുകളും നല്‍കും. ഡോക്ടര്‍മാരുടെ നിര്‍ദേശം പാലിക്കാനും, പുകവലി തനിക്ക് എന്നന്നേക്കുമായി നിര്‍ത്തണമെന്നുമുള്ള ഉറച്ച മാനസികാവാസ്ഥ ഉണ്ടാവണമെന്ന് മാത്രം. 

ആര്‍ക്കൊക്കെ ചികിത്സ വേണം
പല മാനദണ്ഡങ്ങളിലൂടെയാണ് പുകയില ഉപയോഗിക്കുന്നവര്‍ ചികിത്സ നല്‍കേണ്ടവരാണോയെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നത്. ഇതില്‍ ഏറ്റവും ആദ്യ ഘട്ടത്തില്‍ വരുന്നത് സിഗരറ്റിനോട് അല്ലെങ്കില്‍ പുകയിലയോട് അമിതമായ ആസക്തിയുള്ളവരെയാണ്. ദിവസങ്ങള്‍ കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കണമെന്ന് തോന്നുന്നവര്‍ക്കും മരുന്ന് നല്‍കേണ്ടവരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദ്രോഗം പോലുള്ള അല്ലെങ്കില്‍ മറ്റെന്തിലും രോഗാവസ്ഥയിലുള്ള ആളായിട്ട് പോലും പുകവലിയെ മാറ്റി നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇത്തരക്കാരും പുകവലി ഒഴിവാക്കാനുള്ള ചികിത്സ തേടേണ്ടവരില്‍ പ്രധാനികളാണ്. പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാവാമെങ്കിലും ചികിത്സയിലൂടെ ഒരു എണ്‍പത് ശതമാനത്തോളം ആളുകളെയെങ്കിലും രോഗാവസ്ഥയില്‍ നിന്ന് തിരിച്ച് കൊണ്ടുവരാനാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നു. ചികിത്സയിലും ഡോക്ടറിലുമുള്ള വിശ്വാസ്യതയുണ്ടാവണമെന്ന് മാത്രം.

Content Highlight: Government mental hospital Kuthiravattam| world no tobacco day 2020