ര്‍ഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകള്‍ മാസംതികയുന്നതിനുമുമ്പ് പ്രസവിക്കാന്‍ സാധ്യതയേറെയെന്ന് യു.എസിലെ ഒരുസംഘം ഗവേഷകര്‍. ഗര്‍ഭധാരണത്തിന്റെ തുടക്കത്തില്‍ത്തന്നെ പുകവലി നിര്‍ത്തിയ സ്ത്രീകളില്‍ നേരത്തേ പ്രസവിക്കാനുള്ള സാധ്യത 20 ശതമാനം കുറവാണെന്നും ജമാ നെറ്റ്വര്‍ക്ക് ഓപണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയവരും പുകവലിശീലം അവസാനിപ്പിച്ചവരുമായ ഒരുകൂട്ടം സ്ത്രീകളിലാണ് പഠനം നടത്തിയത്. യു.എസിലെ 'ദ ഡാര്‍ട്ട്മൗത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പോളിസി ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ്' ആണ് പഠനത്തിനു പിന്നില്‍.

2011 മുതല്‍ ആറുവര്‍ഷം രണ്ടരക്കോടി ഗര്‍ഭിണികളെ നിരീക്ഷിച്ചു. ഓരോരുത്തരുടെയും പുകവലിശീലവും ഓരോ മൂന്നുമാസം കൂടുമ്പോള്‍ പുകവലിയില്‍ വന്ന ഏറ്റക്കുറച്ചിലുമെല്ലാം വിലയിരുത്തിയതായി പഠനത്തിന് നേതൃത്വം നല്‍കിയ സാമിര്‍ സൊനെജി പറഞ്ഞു.

ജനിക്കുന്ന കുഞ്ഞിന് ഭാരക്കുറവ്, ഗര്‍ഭപാത്രമുഖം വികസിച്ചുകിട്ടാതിരിക്കല്‍, മാസംതികയുംമുമ്പുള്ള പ്രസവം, ശിശുമരണം തുടങ്ങിയവയാണ് ഗര്‍ഭിണികളില്‍ പുകവലിമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍. നേരത്തേയുള്ള പ്രസവം കുഞ്ഞ് മരിക്കാന്‍പോലും കാരണമാകും.

അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളിലായി ഗര്‍ഭകാലത്തെ പുകവലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടെന്ന വാര്‍ത്ത പ്രതീക്ഷയേകുന്നതായും സംഘം പറയുന്നു.

പുകവലി ശീലമാക്കിയ 25 ശതമാനം സ്ത്രീകള്‍ക്കുമാത്രമേ ഗര്‍ഭകാലത്ത് പുകവലി നിര്‍ത്താന്‍ സാധിക്കുന്നുള്ളൂ. അതേസമയം, ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയവരില്‍ 50 ശതമാനം പേരും ഉയര്‍ന്നതോതിലാണ് പുകവലിച്ചത്. ദിനംപ്രതി പത്തു സിഗരറ്റുകള്‍വരെ ഇത്തരക്കാര്‍ വലിക്കാറുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

 Content Highlight: For the attention of women who smoke | World No-Tobacco Day 2020