''കണ്ണിന് അറപ്പും മൂക്കിന് വെറുപ്പും 
തലച്ചോറിന് കഠിനക്ഷതവും
ശ്വാസകോശത്തിന് ഗുരുതരമായ അപകടവും
വരുത്തുന്ന ഒരു ഉപചാരമാണ് പുകവലി'' 

1603-ല്‍ ഇംഗ്ലണ്ടില്‍ അധികാരത്തിലേറിയ ജെയിംസ് ഒന്നാമന്റെ വാക്കുകളാണ് ഇവ. ശതവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തേയ്മാനം ഇല്ലാതെ നില്ക്കുന്ന വാക്യമാണിത്. വീട്ടിലും പൊതുസ്ഥലത്തും സമൂഹമധ്യത്തിലും പുകവലിക്കുന്നവര്‍ ഓര്‍മയില്‍ വെക്കേണ്ട വിശുദ്ധവാക്യം. ഹിറ്റ്ലര്‍ ഒരു പുകവലി വിരോധിയായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ജര്‍മന്‍ യൂണിവേഴ്സിറ്റികളിലും സര്‍ക്കാര്‍ ഓഫീസുകളിലും നാസികളുടെ പാര്‍ട്ടി ഓഫീസുകളിലും പുകവലിക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തില്‍ ആദ്യമായി പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയത് ജര്‍മന്‍ ശാസ്ത്രജ്ഞരായിരുന്നു. ലോകമെമ്പാടും പുകവലിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. സ്വന്തം ജീവിതം പുകവലിയില്‍ ഹോമിച്ച് അവസാനിക്കുന്നവര്‍, ഒരുനിമിഷം 'ജീവിതം ഒരിക്കല്‍ മാത്രം' എന്ന് ചിന്തിച്ചിരുന്നെങ്കില്‍!  

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലക്ഷക്കണക്കിന് ടണ്‍ പുകയിലയാണ് മനുഷ്യന്‍ ധൂമമായി പുറത്തേക്ക് തള്ളുന്നത്. ഒരു ഭാഗത്ത് പുകയില മനുഷ്യരാശിക്ക് വിപത്തെന്ന മുദ്രാവാക്യവുമായി സംഘടനകള്‍ നില്ക്കുമ്പോള്‍, മറു ഭാഗത്ത് പുകവലി ശീലത്തെ പ്രേത്സാഹിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുണ്ട്. 'ഉണര്‍വിനും ഉന്മേഷത്തിനും ഒരു കവിള്‍ പുക' എന്ന കൊതിപ്പിക്കുന്ന വാക്കുമായി അവര്‍ ജനലക്ഷങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുന്നു. വികസ്വര രാജ്യങ്ങളിലാണ് പുകവലി വ്യാപകമായി കണ്ടു വരുന്നത്. ഇന്ത്യയില്‍ 40 ശതമാനം മുതല്‍ 70 ശതമാനം വരെ പുരുഷന്മാര്‍ പുകവലിക്കാരാണ്. സ്ത്രീകളും പുകവലിക്ക് അടിമകളായിരിക്കുന്നുവെന്ന സത്യം നാം ഖേദത്തോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്ത്രീകളില്‍, പ്രത്യേകിച്ച് ഗര്‍ഭിണികളില്‍ പുകവലി ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കുറവിനും ഗര്‍ഭം അലസുന്നതിനും പ്രധാന കാരണമാണ്. ഗര്‍ഭാവസ്ഥയില്‍ ശിശുവിന്റെ ശരീരത്തില്‍ എത്തിയ നിക്കോട്ടിനും കാര്‍ബണ്‍ മോണോക്‌സൈഡും നവജാത ശിശുവിന്റെ മരണത്തിനു വരെ കാരണമായേക്കാം. 

പുകവലിയുടെ ഉപയോഗം ഇന്ത്യയില്‍ 40 ശതമാനത്തോളം കാന്‍സറിന് കാരണമാകുന്നു. ഇന്ത്യയില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് വായിലെ കാന്‍സറാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയ കാന്‍സറും കഴിഞ്ഞ് മൂന്നാം സ്ഥാനമാണ് വായിലെ കാന്‍സറിനുള്ളത്. പാന്‍മസാലയുടെ ഉപയോഗം, പുകവലി, മദ്യപാനം എന്നിവയാണ് കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍. പുകവലിക്കാരായ മദ്യപരില്‍ കാന്‍സര്‍ സാധ്യത മറ്റുള്ളവരെക്കാള്‍ 40 ശതമാനം വരെ കൂടുതലാണ്. ഈ ദുശ്ശീലങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ വായിലെ കാന്‍സര്‍ 90 ശതമാനം വരെ നിയന്ത്രിക്കാന്‍ സാധിക്കും. പുകയിലയുടെ ഉപയോഗംമൂലം ലോകത്താകമാനം 5.4 ദശലക്ഷം ജനങ്ങള്‍ ഓരോ വര്‍ഷവും മരണത്തിന് കീഴടങ്ങുന്നു എന്നാണ് കണക്ക്. 

പാന്‍മസാല വില്ലന്‍?

പുകയിലയേക്കാള്‍ മാരകമായ കാന്‍സര്‍ ഭീഷണിയാണ് പാന്‍മസാല, ഗുഡ്ക ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളിലൂടെയാണ് കേരളത്തില്‍ ഇവ പ്രചരിക്കുന്നത്. കേരളത്തില്‍ സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികളുടെ ഇടയില്‍ പാന്‍മസാലയുടെ ഉപയോഗം വ്യാപകമായി കണ്ടു വരുന്നുണ്ട്. തലമുറകളെ അര്‍ബുദ രോഗികളാക്കുന്ന ലഹരിപദാര്‍ഥങ്ങളുടെ ലഭ്യത തടയാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായിരിക്കുന്നു. നിരന്തരമായ പുകവലി ശ്വാസകോശ കാന്‍സറിന് കാരണമായേക്കാം. എന്നാല്‍, പുകവലിയേക്കാള്‍ എത്രയോ മടങ്ങ് അപകടകാരിയാണ് പുകയില. അടക്ക, ചുണ്ണാമ്പ്, പാരഫിന്‍ കൂടാതെ വിഷാംശമുള്ള ലോഹങ്ങളായ ലെഡ്, കാഡ്മിയം എന്നിവയടങ്ങിയ പാന്‍മസാലകള്‍, ലെഡ്, കാഡ്മിയം, ഇരുമ്പുപൊടി എന്നിവ വായില്‍ ചെറിയ തരത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കുകയും ഇതുവഴി രാസവസ്തുക്കള്‍ പെട്ടെന്നു തന്നെ രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ചവയ്ക്കുന്ന ലഹരിപദാര്‍ഥങ്ങളിലെ മാരകമായ രാസവസ്തുക്കള്‍ മോണയിലും വായയിലും അടിഞ്ഞു കൂടുന്നു. ഇവ വായില്‍ മാത്രമല്ല, കണ്ഠനാളം, ശ്വാസകോശം, ആമാശയം എന്നിവിടങ്ങളിലെ കാന്‍സറിനും വഴിയൊരുക്കുന്നു. ചുരുങ്ങിയത് ആറു മാസത്തെ പാന്‍മസാലയുടെ ഉപയോഗം പോലും ഒരാളെ കാന്‍സര്‍ രോഗിയാക്കിയേക്കാം. 

 പുകവലി ശീലം എങ്ങനെ നിര്‍ത്താം

* വ്യായാമത്തിന് പുകവലി നിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. വെറുതെയിരിക്കുമ്പോള്‍ പുകവലിക്കാനുള്ള താത്പര്യം കൂടുതലുണ്ടാവും. എല്ലാ ദിവസവും ഒരു ഹെല്‍ത്ത് ക്ലബ്, ജിംനേഷ്യം എന്നിവ സന്ദര്‍ശിക്കുന്നത് ഒരു ശീലമാക്കുക. മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള വ്യായാമമുറകള്‍ പരിശീലിക്കുക. 
* യോഗ പരിശീലിക്കുന്നത് ഒരു പരിധിവരെ നമ്മുടെ മനസ്സിനെ ഏകാഗ്രമാക്കാനും മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനും സഹായിക്കും. 
* ധാരാളം വെള്ളം കുടിക്കുക. ശരീരത്തില്‍ അടിയുന്ന നിക്കോട്ടിനെ പുറന്തള്ളാന്‍ ഇതു സഹായിക്കും.  പുകവലിക്കാനുള്ള തോന്നല്‍ ഇതു മൂലം ഇല്ലാതാകും. 
* പുകവലിക്ക് പ്രേരണ നല്കുന്ന സാധനങ്ങളുമായി പരമാവധി അകന്നു നില്ക്കാന്‍ ശ്രമിക്കുക. സിഗരറ്റ് പാക്കറ്റ്, ലൈറ്റര്‍, തീപ്പെട്ടി, ആഷ്ട്രേ എന്നിവ മുറിയില്‍ നിന്ന് മാറ്റിവെക്കുക. 
* നിക്കോട്ടിന്‍ റീ പ്ലേസ്മെന്റ് തെറാപ്പി, നിക്കോട്ടിന്‍ പാച്ച് എന്നിവയാണ് ഇന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മറ്റൊരു ചികിത്സാരീതി. സിഗരറ്റ് വലിയിലൂടെ ശരീരത്തില്‍ അടിയുന്ന നിക്കോട്ടിന്റെ അംശം വളരെയധികം കുറയ്ക്കാനും ഇത് സഹായിക്കുന്നു. 
* ടൊബാക്കൊ ഇന്റര്‍വെന്‍ഷന്‍ ഇനീഷിയേറ്റീവ്-ഇന്ത്യന്‍ െഡന്റല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി 500-ഓളം ടൊബാക്കോ ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്ന് പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളും കൗണ്‍സലിങ്ങും മരുന്നുകളും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ലഭ്യമാണ്. 
* കൃത്യമായ പദ്ധതികളിലൂടെ ആര്‍ക്കും പുകവലി നിയന്ത്രിക്കാം. ഇതിന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയും സഹകരണവും വളരെയധികം സഹായകരമാണ്. സ്വയം നിയന്ത്രണവും ആത്മവിശ്വാസവുമാണ് ഏറ്റവും പ്രധാനം. എന്തു പ്രലോഭനമുണ്ടായാലും വലിക്കില്ല എന്ന തീരുമാനവും അതില്‍ ഉറച്ചു നില്ക്കാനുള്ള മനസ്സും ഉണ്ടായാല്‍ ആര്‍ക്കും ഈ ഉദ്യമത്തില്‍ വിജയിക്കാം 

വായിലെ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാം

ഇന്ത്യയില്‍ പുരുഷന്മാരില്‍ കണ്ടു വരുന്ന വായിലെ കാന്‍സര്‍ മറ്റു കാന്‍സറുകളെ അപേക്ഷിച്ച് ഭീകരവും സ്ഥിരമായ അംഗവൈകല്യത്തിന് വഴിയൊരുക്കുന്നതുമാണ്. വായ്ക്കുള്ളില്‍ കവിള്‍, നാവ് എന്നിവിടങ്ങളിലാണ് ഇത് കണ്ടുവരുന്നത്. പുകയിലയുടെ നിരന്തര ഉപയോഗം മൂലം വായ്ക്കുള്ളിലെ കോശങ്ങള്‍ക്ക് പലതരം മാറ്റങ്ങളും സംഭവിക്കുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളെ തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ കാന്‍സര്‍ ഒരു പരിധി വരെ തടയാന്‍ കഴിയും. വായിലെ  വെളുത്ത പാടുകള്‍, വളരെക്കാലം നീണ്ടു നില്ക്കുന്ന ഉണങ്ങാത്ത വ്രണങ്ങള്‍, മുഴകള്‍, വായിലെ കോശങ്ങള്‍ ചുരുങ്ങുന്നതുമൂലം വായ തുറക്കാനുള്ള ബുദ്ധിമുട്ട്, അടയ്ക്കയുടെ നിരന്തര ഉപയോഗം മൂലമുണ്ടാകുന്ന സബ്മ്യൂകസ് ഫൈബ്രോസിസ് എന്നിവ കാന്‍സറായി മാറാനുള്ള സാധ്യത ഏകദേശം 20 ശതമാനത്തോളമാണ്. തുടക്കത്തില്‍തന്നെ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ ആരംഭിച്ചാല്‍ ഇത്തരം രോഗങ്ങളെ പൂര്‍ണമായും സുഖപ്പെടുത്താം.

Content Highlights:  effects of smoking and using tobacco products, world no tobacco day 2020