സമൂഹത്തിലെ സ്ത്രീ പദവിയോടും സ്ത്രീ പ്രശ്‌നങ്ങളോടും കൂടുതല്‍ സംവേദനക്ഷമത പുലര്‍ത്തുന്ന ഒരു സമൂഹം. പാര്‍ലമെന്റ്/നിയമസഭകളില്‍ വനിതാ സംവരണം. ദളിത്, ആദിവാസി സമൂഹങ്ങളുടെ ശാക്തീകരണം, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിലെ ശക്തമായ ദളിത് സാന്നിധ്യം. വയോജനങ്ങളോടും ഭിന്നശേഷിക്കാരോടും സൗഹൃദം പുലര്‍ത്തുന്ന സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍.

സാമൂഹിക നയരൂപവത്കരണങ്ങളില്‍ ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ക്കും സ്വതന്ത്രചിന്തയ്ക്കും പ്രാമുഖ്യം. മത, ജാതി സംഘടനകളുടെ അനഭിലഷണീയമായ വിലപേശല്‍ ശക്തി ഇല്ലാതാവുന്ന രാഷ്ട്രീയാന്തരീക്ഷം.
പൊതുവിദ്യാലയങ്ങള്‍ രക്ഷിതാക്കളുടെ സ്വാഭാവിക ചോയ്സ് ആവുന്ന അന്തരീക്ഷം. എയ്ഡഡ് സ്‌കൂള്‍, കോളേജ് നിയമനങ്ങള്‍ പി.എസ്.സി. വഴി.

വിദേശ വിദ്യാര്‍ഥികളെയടക്കം ആകര്‍ഷിക്കുന്ന ഉന്നത, പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗം. കൂടുതല്‍ ഗവേഷണങ്ങളും പേറ്റന്റുകളും. മെച്ചപ്പെട്ട പൊതുജനാരോഗ്യ നെറ്റ് വര്‍ക്ക്. താങ്ങാവുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എട്ട് വരി എക്‌സ്പ്രസ് ഹൈവേ, റെയില്‍വേ, ജലപാത അടക്കമുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍.
മാലിന്യ സംസ്‌കരണത്തിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനുമുള്ള അടിയന്തര ഇടപെടലുകള്‍. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം, ഭൂവിനിയോഗത്തിന് ആധുനികവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങള്‍.
കാര്‍ഷികാനുബന്ധ വ്യവസായങ്ങളുടെ ഒരു ശൃംഖല കെട്ടിപ്പടുക്കുന്നതിലൂടെ കൃഷിക്കും വ്യവസായത്തിനും പുത്തനുണര്‍വ്. കൂടുതല്‍ തൊഴിലവസരങ്ങള്‍.