കേരളം  അറുപത്തിരണ്ടാം ജന്മദിനമാഘോഷിക്കുന്ന വേളയില്‍ മലയാളഭാഷയുടെ വളര്‍ച്ചയ്ക്കുതകുന്ന നടപടികള്‍ കൈക്കൊള്ളുകയാണ് സര്‍ക്കാര്‍.  നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യമൊഴിച്ച് മറ്റുസാഹചര്യങ്ങളില്‍ പൂര്‍ണമായും മലയാളം ഉപയോഗിച്ചേ മതിയാവൂ എന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാളരൂപങ്ങളും ചേര്‍ത്ത് ഭരണമലയാളം എന്നപേരില്‍ ഒരു ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗികഭാഷാവകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷ, മലയാളം കംപ്യൂട്ടിങ് എന്നിവയില്‍ പരിശീലനം ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല, ഭരണഭാഷ സംബന്ധിച്ച നിയമങ്ങളും നിര്‍ദേശങ്ങളും ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിനായി  ഭരണഭാഷാവബോധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കേണ്ടതുണ്ട്.  കേരളത്തില്‍ ഹൈക്കോടതിക്കുകീഴിലുള്ള കോടതികളിലെ ഭാഷ മലയാളമാക്കിയേ തീരൂ. അതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ് സര്‍ക്കാര്‍.

ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട കേരളം ഇന്ന് പ്രളയക്കെടുതിയെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണത്തിന്റെ ഘട്ടത്തിലാണ്.  

ദേശീയ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരമേ കേരളത്തിന് „നഷ്ടപരിഹാരം ചോദിക്കാനാകൂ. അവര്‍ ഓരോന്നിനും ഇത്രയെന്ന് കണക്കാക്കിവെച്ചിട്ടുണ്ട്. അതാകട്ടെ യഥാര്‍ഥ നഷ്ടത്തിന്റെ വളരെ ചെറിയ ഒരു ഭാഗംമാത്രം. ആ മാനദണ്ഡപ്രകാരം നോക്കിയാല്‍ കേരളത്തിന്  4796 കോടി രൂപയുടെ നഷ്ടപരിഹാരംമാത്രമേ ചോദിക്കാന്‍ അവകാശമുള്ളൂ. എന്നാല്‍, യഥാര്‍ഥനഷ്ടം ഇതിന്റെ എത്രയോ മടങ്ങാണ്.  ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള 4796 കോടിക്കും ഈ 31,000 കോടിക്കുമിടയിലുള്ള വിടവ്  26,000-ത്തിലധികം കോടിയുടേതാണ്. അതായത്, നവകേരള നിര്‍മിതിക്ക് കേന്ദ്രമാനദണ്ഡത്തിന്റെ ആറിരട്ടിയിലധികം വേണ്ടിവരും. ഈ അധിക തുക നാം എങ്ങനെ കണ്ടെത്തും? ഇതാണ് ഈ ഘട്ടത്തില്‍ കേരളത്തിന്റെ മുമ്പിലുള്ള വലിയ ചോദ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമായി കാര്യമായതോതില്‍ത്തന്നെ സഹായമുണ്ടാകുന്നുണ്ട്. തുക രണ്ടായിരംകോടി കടന്നു. എന്നാല്‍, ഇതിനകമുള്ള കമ്മിറ്റ്‌മെന്റിനുതന്നെ ഇതിലേറെ വേണ്ടിവന്നു എന്നതാണ് സത്യം.  26,000 കോടി രൂപയുടെയെങ്കിലും അധികധനസമാഹരണം നടത്തിയാലേ കേരളത്തിന്റെ പുനര്‍നിര്‍മാണം യാഥാര്‍ഥ്യമാവൂ.   

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് അനുയോജ്യവും സുസ്ഥിരവുമാണെന്ന് ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രഗല്ഭരായവരെ നവകേരള നിര്‍മിതിയുടെ ഭാഗമാക്കുകയാണ്. അതിന്റെ ഭാഗമായി കാലവര്‍ഷക്കെടുതിയുടെ ഫലമായി കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടായ ആഘാതം സമഗ്രമായി പഠിക്കാന്‍ സമിതിയെ നിയമിച്ചിട്ടുണ്ട്.

നവകേരള നിര്‍മിതിക്കായി ജനങ്ങളുടെയാകെ ഒരുമയും സഹകരണവുംവേണ്ട ഘട്ടമാണിത്. അതിനായി എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചെടുത്തുകൊണ്ട് അവ പ്രായോഗികമാക്കുന്നതിനായി 'റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ്' എന്ന ബൃഹദ്പദ്ധതിക്കുതന്നെ രൂപം നല്‍കിക്കഴിഞ്ഞു. കേരളം നമ്മളെല്ലാവരുടേതുമാണെന്ന ഉത്തമബോധ്യത്തോടെ നമുക്കെല്ലാവര്‍ക്കും നവകേരള നിര്‍മിതിക്കായി കൈകോര്‍ക്കാം.