ravi ramanപുതിയ കേരളം 'നവകേരളസാക്ഷരത' തേടണം. നവോത്ഥാനമൂല്യങ്ങളും ആധുനികശാസ്ത്രബോധവും ഉള്‍ച്ചേരുന്ന ഒരു സാക്ഷരതയാവണം അത്.  

സുസ്ഥിരവികസനം സാധ്യമാകണം. ആസൂത്രണം ഒരേസമയം ഇക്കോ സ്‌പെഷ്യല്‍ ആകണം. പരിസ്ഥിതി, അറിവിന്റെ സംയോജനം സാമ്പത്തികമൂല്യങ്ങള്‍, നൈതികത, നൈപുണിവികസനം, ശുചിത്വം ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന ആസൂത്രണമാണാവശ്യം. റോഡപകടങ്ങളും മറ്റും ഏറ്റവും കുറഞ്ഞ സംസ്ഥാനമാകണം. പരമാവധി വൈദ്യുതിയാല്‍ ഓടുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങണം. കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അതാണ്.

ഉപജീവനത്തിനായി ഭൂമിയെ ആശ്രയിക്കുന്നവര്‍ക്ക് കൂടുതല്‍ ഉടമസ്ഥാവകാശം ലഭിക്കണം.

കുറഞ്ഞ സാമ്പത്തിക അസന്തുലിതാവസ്ഥയുള്ള സംസ്ഥാനമാകണം പുതിയ കേരളം.

പുതിയ കേരളത്തിന്റെ ഭരണനിര്‍വഹണ തലങ്ങള്‍ വികസിപ്പിക്കണം. എത്രയും പുനര്‍വിതരണ സാധ്യതയുണ്ടോ അത്രയും ആകണം; മറ്റൊരു തലം ഉയര്‍ന്ന പ്രതിബദ്ധതയാവണം; മൂന്ന്, വര്‍ധിച്ച ധാര്‍മികത പ്രദാനം ചെയ്യുന്നവയാവണം.

വികസനനയം  ഘടനാപരമായ മാറ്റംഉള്‍ക്കൊള്ളണം. സേവനമേഖലയുടെ വളര്‍ച്ചയെ ത്വരപ്പെടുത്തുന്ന ഉത്പാദനരീതിയാണ് വേണ്ടത്; തിരിച്ചും.
ഒരുവര്‍ഷത്തിനകം നമ്മുടെ ശരാശരി തൊഴില്‍പ്രായം 37 ആകും. ഇത് ചൈനയുടെയും അമേരിക്കയുടെയും ശരാശരി തൊഴില്‍പ്രായത്തിന് ഏതാണ്ട് തുല്യമായിരിക്കും. നൈപുണ്യവികസനത്തിന്റെ ഉയര്‍ന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയേ തീരൂ.

പൊതു ഇടങ്ങള്‍ ധാരാളമുള്ളതാകണം പുതിയ കേരളം. ഇത് ഒരു ആശയമെന്ന നിലയിലും ഒരു സ്ഥലമെന്നനിലയിലും രൂപപ്പെടേണ്ടതുണ്ട്. ആശയതലമെന്നരീതിയില്‍ ആചാരം, വിശ്വാസം തുടങ്ങിയവയെ പൊതുഇടത്തിലേക്ക് വലിച്ചുനീട്ടരുത്. ഒരു സ്ഥലമെന്നനിലയില്‍ കേരളത്തിലെ ആബാലവൃദ്ധജനങ്ങളും നിരന്തരം ഒന്നുചേരുന്ന ഇടങ്ങളാണുണ്ടാകേണ്ടത്. പൊതുവേദികളിലും പൊതുചാനലുകളിലും ഉപയോഗിക്കുന്ന പൊതുഭാഷ, പ്രത്യേകിച്ചും രാഷ്ട്രീയഭാഷ തീര്‍ത്തും സഭ്യവും സാംസ്‌കാരികമായി ഉയര്‍ന്നതുമാവണം.

കേരള പുനര്‍നിര്‍മാണം ഒരു സാംസ്‌കാരിക പുനര്‍നിര്‍മാണം കൂടിയാവണം.

(സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും ഓക്‌സ്ഫഡ്, മാഞ്ചസ്റ്റര്‍, കേംബ്രിജ് സര്‍വകലാശാലകളില്‍ മുന്‍ വിസിറ്റിങ് ഫെലോയുമാണ്)