Josy josephഗള്‍ഫ് മേഖലയിലെ എണ്ണയധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയാണു കേരളം ആദ്യം മറികടക്കേണ്ടത്. ലക്ഷക്കണക്കിനു മലയാളികളില്‍ പലരും അവിടെനിന്നു തിരികെവരികയാണ്. അതിന്റെ എണ്ണം കൂടുന്ന ദിവസം വിദൂരമല്ല. ഈ പ്രതിസന്ധി നേരിടാന്‍ നമ്മള്‍ തയ്യാറായിരിക്കണം.

രണ്ടു കാരണങ്ങളാല്‍ പുരോഗമനവാദം ആഗോളതലത്തില്‍ത്തന്നെ ഭീഷണി നേരിടുന്നു: പിന്തിരിപ്പനും വിഭജന മനോഭാവവുമുള്ളതും അശാസ്ത്രീയവുമായ രാഷ്ട്രീയ നേതൃത്വങ്ങളും പുരോഗമന വര്‍ഗത്തിന്റെ അസംതൃപ്തിയുമാണ് അതിനു കാരണം. സംസ്ഥാന നേതൃത്വം പുരോഗമന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ തയ്യാറാകണം. ഈ പിന്തിരിപ്പന്‍ രാഷ്ട്രീയനേതൃത്വത്തെ അംഗീകരിക്കുകയല്ല, മറിച്ച് അവരെ കേള്‍ക്കാനും അവരോടു വാദത്തിലേര്‍പ്പെട്ട് അവര്‍ തെറ്റാണെന്നു തെളിയിക്കാനും സാധിക്കുന്നതിലൂടെയേ ഈ പുരോഗമന മൂല്യങ്ങള്‍ വീണ്ടെടുക്കാനാകൂ.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അഴിച്ചുപണിയണം. പ്രത്യേകിച്ച്, സര്‍ക്കാര്‍ സ്‌കൂളുകളും ഉന്നതവിദ്യാഭ്യാസവും.  ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥയാകട്ടെ പരിതാപകരവും.
സാങ്കേതികഭീമന്മാരുടെ വളര്‍ച്ചയ്ക്കാണു നമ്മളിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഐ.ടി. പാര്‍ക്ക് അടക്കമുള്ളവയുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു കേരളം ചിന്തിക്കേണ്ടതുണ്ട്. മേഖലയില്‍ മികവുറ്റവരെ ഇങ്ങോട്ടേക്ക്

ആകര്‍ഷിക്കാന്‍ നമുക്കാവണം. കേരളത്തെ ഒരു ആഗോള ലക്ഷ്യസ്ഥാനമാക്കാന്‍ നമുക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. ഇതൊരു സിങ്കപ്പൂരോ സിലിക്കണ്‍ വാലിയോ ആക്കണമെങ്കില്‍ തന്ത്രം മാറ്റേണ്ടതിന്റെ ആവശ്യമേയുള്ളൂ.

പോലീസ് വകുപ്പിനെ  കൊളോണിയല്‍ രീതിയില്‍നിന്ന് മോചിപ്പിക്കണം.

പുതിയ ഹരിതവിപ്ലവത്തിനായി കേരളം പ്രവര്‍ത്തിക്കണം. അതിനായി കാര്‍ഷികമേഖലയെ നവീകരിക്കണം.

ലോകത്തിലെ ഡിജിറ്റൈസ് ചെയ്യപ്പെട്ട ഭാഷകളിലൊന്നാണു മലയാളം. ഈ വസ്തുത കേരളത്തിന്റെ സംസ്‌കാരം വളര്‍ത്താന്‍ നമ്മള്‍ ഉപയോഗിക്കണം.

നമ്മുടെ പാരമ്പര്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പൊള്ളയായ ഒരു ഭൗതികസംസ്‌കാരത്തിലേക്കു നമ്മള്‍ പോകേണ്ടതില്ല. ആഴത്തിലുള്ള നാഗരികതയാണു നമുക്കാവശ്യം. അതിനു നിരന്തരമായ ശ്രമമുണ്ടാവണം.

(അന്വേഷണാത്മക പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)