തൃശ്ശൂര്‍: പ്രളയ ദുരിതാശ്വാസത്തില്‍ തൃശ്ശൂര്‍ അതിരൂപതയുടേത് സമാനതകളില്ലാത്ത പ്രവൃത്തി. കിടപ്പാടം നഷ്ടപ്പെട്ട ആയിരങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വമുള്ള സര്‍ക്കാരിന് അതിരൂപത നല്‍കിയത് അഞ്ചേക്കര്‍ ഭൂമി. പാലക്കാട് കൊഴിഞ്ഞാന്പാറയിലുള്ള സ്ഥലമാണ് സര്‍ക്കാരിന് നല്‍കിയത്. വിവിധ സന്ന്യസ്തസമൂഹങ്ങളുമായി കൈകോര്‍ത്ത് വേലൂര്‍, ചിറ്റാട്ടുകര, മനക്കൊടി എന്നിവിടങ്ങളില്‍ മൂന്നേക്കര്‍ സ്ഥലംകൂടി നല്‍കും.

നാനാജാതി മതസ്ഥരുടെ നൂറുകണക്കിന് വീടുകള്‍ ഇവിടെ ഉയരും. സകലതും നഷ്ടപ്പെട്ടവര്‍ക്ക് ഈ എട്ടേക്കര്‍ സ്വര്‍ഗഭൂമിയാകും.
പ്രളയം തുടങ്ങിയ ആദ്യനാള്‍ മുതല്‍ അതിരൂപതയുടെ കെട്ടിടങ്ങളും സ്‌കൂളുകളും ക്യാമ്പുകളാക്കിയിരുന്നു. മരുന്നും ഭക്ഷണവും എത്തിച്ചുനല്‍കിയും വിലമതിക്കാനാകാത്ത സേവനം നടത്തി.

ഒരിക്കലും മറക്കാന്‍ കഴിയാത്ത ഇത്തരം പ്രളയാനുഭവങ്ങള്‍ പലര്‍ക്കുമുണ്ടാകും. ആ അനുഭവങ്ങളുടെ ഓര്‍മകളുമായി വീണ്ടും ഒത്തുകൂടാം. മാതൃഭൂമി ഒരുക്കുന്ന നവകേരളത്തിനായി ഹരിശ്രീ എന്ന പരിപാടി ലക്ഷ്യമിടുന്നത് ഇങ്ങനെയൊരു കൂട്ടായ്മയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒത്തുകൂടലിന് വേദിയാകുന്നത് പ്രളയകാലത്ത് ആയിരങ്ങള്‍ക്ക് അഭയകേന്ദ്രമായി മാറിയ എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. 

വിജയദശമി നാളായ 19-ന് 10 മുതല്‍ 12 വരെയാണ് പരിപാടി. പ്രളയം അനുഭവിച്ചറിഞ്ഞ ആര്‍ക്കും പങ്കെടുക്കാം. എല്ലാവരെയും പങ്കെടുപ്പിച്ച് വിദ്യാരംഭദിനമായ അന്ന് നവകേരളത്തിനായി ഹരിശ്രീ കുറിക്കാം. വിശിഷ്ട വ്യക്തികളും പങ്കെടുക്കും.