ഹോസ്ഖാസിലെ മേയ്ഫ്‌ളവര്‍ ഗാര്‍ഡനിലുള്ള വീട്ടില്‍, പുസ്തകങ്ങള്‍ അട്ടിയിട്ട് ഇരിപ്പുറപ്പിച്ച ചുവരുകള്‍ക്ക് താഴെ ആരിഫ് മുഹമ്മദ് ഖാന്‍ തിരക്കിലായിരുന്നു. പലയിടങ്ങളില്‍ നിന്നെത്തിയ പല തരക്കാരോട് ചിരിച്ചും കുശലം പറഞ്ഞും അറിവുകള്‍ പങ്കുവച്ചും ആരിഫ് മുഹമ്മദ് ഖാന്‍ എന്ന കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ പുലര്‍ച്ചെ തന്നെ സജീവം. തിരക്കുകള്‍ പെരുകും മുന്നെ മാതൃഭൂമിയുമായി നടത്തിയ സംസാരത്തില്‍ ദശകങ്ങള്‍ നീണ്ട തന്റെ നിലപാടുകള്‍, രാഷ്ട്രീയ ജീവിതം, കേരളത്തെക്കുറിച്ചുള്ള അനുഭവം തുടങ്ങിയവ അദ്ദേഹം പങ്കിട്ടു. മതമല്ല,മനുഷ്യനാണ് പ്രധാനം എന്ന് അദ്ദേഹം പലവട്ടം ആവര്‍ത്തിച്ചു.
- ഗവര്‍ണര്‍ പദവിയില്‍ കേരളത്തിലേക്കുള്ള യാത്രയിലാണ്. കേരളത്തെക്കുറിച്ച്, മലയാളികളെക്കുറിച്ച് എന്താണ് അഭിപ്രായം? എന്താണ് അനുഭവം ?
കേരളവുമായി എനിക്ക് ദീര്‍ഘകാല ബന്ധമാണുള്ളത്. അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ ആ ബന്ധമുണ്ട്. അലിഗഡ് സര്‍വകലാശാലയില്‍ ഞാന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്നു. അന്ന് ക്യാമ്പസ്സില്‍ കേരളത്തിലെയും കാശ്മീരിലെയും വിദ്യാര്‍ഥികളായിരുന്നു ഏറെയും പഠിച്ചിരുന്നത്. മാത്രമല്ല, ഈ രണ്ട് സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കായിരുന്നു സ്വന്തമായി അസോസിയേഷനുണ്ടായിരുന്നത്. വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ അസോസിയേഷന്‍ എന്നെ ഔദ്യോഗികമായി പിന്തുണച്ചു. ഈ കാലം മൂലം എനിക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും സുഹൃത്തുക്കളുണ്ട്. ഗവര്‍ണര്‍ നിയമനം അറിഞ്ഞപ്പോള്‍ മുതല്‍ പഴയ പരിചയക്കാര്‍ ഫോണ്‍ വിളിക്കുന്നുണ്ട്. പാര്‍ലമെന്റംഗമായപ്പോഴും മന്ത്രിയായിരുന്നപ്പോഴും പലവട്ടം ഞാന്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തില്‍ ചില വ്യവസായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഞാന്‍ വ്യോമയാന മന്ത്രിയായിരുന്നപ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്ന് കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി സമ്പത്ത് കഴിഞ്ഞ ദിവസം പറഞ്ഞപ്പോഴാണ് ഞാന്‍ ഓര്‍മിച്ചത്. ഷാബാനു കേസിനെത്തുടര്‍ന്ന് നിലപാട് എടുത്ത് രാജി വച്ച ശേഷം ഞാന്‍ കേരളത്തില്‍ എത്തുമ്പാള്‍, കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ലഭിച്ച സ്വാഗതം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. മുസ്ലിം വനിതകള്‍ ചടങ്ങുകളിലെത്തി പിന്തുണ പ്രഖ്യാപിച്ചത് അപൂര്‍വാനുഭവമായിരുന്നു. ഉത്തര്‍പ്രദേശില്‍ അത്തരത്തില്‍ ഒരനുഭവം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവില്ല. കേരളത്തില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടു കൊണ്ടാണോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വിലയിരുത്തുകയാണ് ചുമതല. ഭരണഘടനയുടെ വ്യവസ്ഥയില്‍ നിന്നു കൊണ്ട് ഞാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കും
- ദശകങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തന ചരിത്രമാണ് താങ്കള്‍ക്കുള്ളത്.പുതിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ എന്തൊക്കെയാണ് പ്രതീക്ഷകള്‍ ?
ഭരണഘടന എന്താണോ വ്യവസ്ഥ ചെയ്യുന്നത് അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്റെ ചുമതല. ഞാന്‍ അവിടെ രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടു കൊണ്ടാണോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വിലയിരുത്തുകയാണ് ചുമതല. ഭരണഘടനയുടെ വ്യവസ്ഥയില്‍ നിന്നു കൊണ്ട് ഞാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ അവരുടെ നയങ്ങളും പരിപാടികളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മഹാത്മാഗാന്ധിയുടെ സങ്കല്‍പം അനുസരിച്ച് , ഭരണത്തിന്റെ ഗുണങ്ങള്‍ അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്നയാള്‍ക്ക് വരെ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തിക്കാണ്ട് പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കുകയാണ് എന്റെ ദൗത്യം.
ഞാന്‍ ഒന്നും സര്‍ക്കാരിന് മേല്‍ അടിച്ചേല്‍പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് എന്റെ ചുമതല.
- കേരളത്തില്‍ ഇടത് സര്‍ക്കാരാണ് ഭരിക്കുന്നത്. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയും. സുഗമമായി മുന്നോട്ട് നീങ്ങാന്‍ കഴിയുമോ ?
കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടും എനിക്കുണ്ടാവില്ല. ഇടത് പാര്‍ട്ടികളുമായി ഞാന്‍ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ വി.പി.സിംഗ് സര്‍ക്കാരിന് ഇടതു പാര്‍ട്ടികള്‍ പിന്തുണ നല്‍കിയിട്ടുണ്ടല്ലോ ? ഞാന്‍ ഒന്നും സര്‍ക്കാരിന് മേല്‍ അടിച്ചേല്‍പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് എന്റെ ചുമതല.
- പണ്ഡിതന്‍,ബുദ്ധിജീവി,പരിഷ്‌കരണ വാദി എന്നീ നിലകളിലാണ് ആരിഫ് മുഹമ്മദ് ഖാനെ രാജ്യം വിലയിരുത്തുന്നത്.നിലപാടുകള്‍ ഉന്നയിച്ച് മന്ത്രിപദത്തില്‍ നിന്ന് രാജിവച്ചിറങ്ങിയ ചരിത്രമുണ്ട്.ആ കാലത്തെക്കുറിച്ച് എന്താണ് ഓര്‍മകള്‍ ?
1985 ലാണ് ഷാബാനുകേസും അതെത്തുടര്‍ന്ന് എന്റെ രാജിയും. ഷാബാനു കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം പേഴ്‌സണല്‍ ലാ ബോര്‍ഡ് പ്രതിഷേധവും പ്രക്ഷോഭവും ആരംഭിച്ചു. ഞാന്‍ അന്ന് ആഭ്യന്തര സഹമന്ത്രിയാണ്. സുപ്രീംകോടതി വിധിയെ ന്യായീകരിച്ചു കൊണ്ട് 55 മിനുട്ട് ഞാന്‍ പാര്‍ലമെന്റില്‍ സംസാരിച്ചു. നിയമവശങ്ങള്‍ മാത്രമല്ല, മതപരമായ വശങ്ങളും പരിശോധിച്ചാണ് സംസാരിച്ചത്. പ്രസംഗത്തില്‍ ഖുറാനില്‍ നിന്ന് ഞാന്‍ ഉദ്ധരിച്ചു. മുത്തലാഖ് നിരോധിക്കണമെന്നും മുസ്ലീം സ്ത്രീകള്‍ക്ക് യുക്തമായ ജീവനാംശം ലഭിക്കണമെന്നും കാര്യകാരണ സഹിതം വാദിച്ചു. തുച്ഛമായ നഷ്ടപരിഹാരം പോലും നല്‍കാനാവില്ലെന്ന നിലപാട് എനിക്ക് മനസ്സിലാക്കാനാകുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ഷാബാനു കേസിന്റെ വിധി മൂലം മതം അപകടത്തിലായെന്നായിരുന്നു പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രചരണം. ഇത് എങ്ങനെയെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഖുറാന്റെ വചനങ്ങളുള്ളപ്പോള്‍ അവര്‍ക്കെങ്ങനെ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്ന് എനിക്ക് ഇപ്പോഴും വ്യക്തതയില്ല. ദാനധര്‍മങ്ങളെക്കുറിച്ച് ഖുറാന്‍ വ്യക്തമായി പറയുന്നുണ്ട്. പാവങ്ങള്‍ക്കും അനാഥര്‍ക്കും ആലംബഹീനര്‍ക്കും നമ്മള്‍ ദാനം കൊടുക്കുന്നു. എന്നാല്‍ പത്തോ പതിനഞ്ചോ വര്‍ഷം ഒപ്പം ജീവിക്കുകയും കുട്ടികളെ പ്രസവിക്കുകയും കുടുംബം പരിപാലിക്കുകയും ചെയ്ത ഭാര്യക്ക് ഒന്നും കൊടുക്കില്ലെന്ന് ഇവര്‍ പറയുന്നതിന്റെ ന്യായം എനിക്ക് മനസ്സിലായില്ല.
ഷാബാനു കേസില്‍ സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രാലയത്തെയാണ് അഭിസംബോധന ചെയ്തത്. അതു കൊണ്ട് ആഭ്യന്തര സഹമന്ത്രിയെന്ന നിലയില്‍ ഞാന്‍ ചര്‍ച്ചയില്‍ സംസാരിച്ചു. പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് ഞാന്‍ സംസാരിച്ചത്. എന്നാല്‍ നാല് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തുടങ്ങി. ജനവരി 15 ന് സിരിഫോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഷബാനു കേസില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയെന്ന് പ്രഖ്യാപിച്ചു. ബില്‍ പരിഗണിക്കുന്ന ദിവസം സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുമെന്ന് അന്ന് ഞാന്‍ തീരുമാനിച്ചു. രാജി വെയ്ക്കാനുള്ള തീരൂമാനം ഭാര്യയോട് മാത്രമാണ് ഞാന്‍ ചര്‍ച്ച ചെയ്തത്.
ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍, ഞാന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പുറകിലേക്ക് പോയി. രാജിക്കത്ത് എഴുതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയിട്ട് ഞാന്‍ പാര്‍ലമന്റില്‍ നിന്നിറങ്ങി. വീട്ടിലേക്ക് പോയില്ല. പകരം ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. കാരണം, നേതാക്കള്‍ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ എവിടെയാണെന്ന് എന്റെ ഭാര്യക്ക് പോലും അറിയുമായിരുന്നില്ല.അന്ന് മൊബൈല്‍ ഫോണും ഇല്ലല്ലോ. അടുത്ത ദിവസമാണ് ഞാന്‍ നേതാക്കളെ കണ്ടത്.
രാജി പിന്‍വലിക്കണമെന്ന് റാവു ആവശ്യപ്പെട്ടു. സാമൂഹിക പരിഷ്‌കരണം നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണോ ? ഗട്ടറില്‍ കിടക്കാനാണ് അവര്‍ക്ക് താല്‍പര്യമെങ്കില്‍ അവിടെ കിടക്കട്ടെ എന്നൊക്കെ പറഞ്ഞു. എന്നെ പിന്തിരിപ്പിക്കാന്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
- രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നോ ?
ഉവ്വ്.ഒത്തിരിപ്പേര്‍.ആദ്യം വന്നത് അരുണ്‍ സിംഗായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍. പലരും കടുത്ത സമ്മര്‍ദ്ദം ചെലുത്തി. ഞാന്‍ രാജിയില്‍ ഉറച്ചു നിന്നു. ഒടുവില്‍ നരസിംഹ റാവു വന്നു. എന്നോട് എക്കാലത്തും വളരെ സ്‌നേഹം കാട്ടിയ നേതാവാണ് അദ്ദേഹം. രാജി പിന്‍വലിക്കണമെന്ന് റാവു ആവശ്യപ്പെട്ടു. സാമൂഹിക പരിഷ്‌കരണം നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണോ ? ഗട്ടറില്‍ കിടക്കാനാണ് അവര്‍ക്ക് താല്‍പര്യമെങ്കില്‍ അവിടെ കിടക്കട്ടെ എന്നൊക്കെ പറഞ്ഞു. എന്നെ പിന്തിരിപ്പിക്കാന്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. മറ്റ് രാഷ്ട്രീയമൊന്നും അന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണാന്‍ കഴിഞ്ഞില്ല.
- രാജിക്ക് ശേഷം രാജീവ് ഗാന്ധിയുടെ നിലപാട് എന്തായിരുന്നു ?
വളരെ നല്ല രീതിയിലായിരുന്നു രാജീവ് ഗാന്ധി എന്നോട് പെരുമാറിയിരുന്നത്. ഷാബാനു കേസില്‍ ഞാന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചതിനെ അഭിനന്ദിച്ച് രാജീവ് ഗാന്ധി എനിക്ക് കത്തെഴുതിയിരുന്നു. പര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ ഞാനായിരുന്നില്ല മുന്‍ കൈ എടുത്തത്. ഷാബാനു കേസില്‍ എന്റെ നിലപാട് എന്താണ് എന്ന് രാജീവ് ഒരു ദിവസം ചോദിച്ചു. ഞാന്‍ എന്റെ വീക്ഷണം വിശദമായി അദ്ദേഹത്തോട് വിവരിച്ചു. വിവരണം കേട്ട ശേഷം, എന്തു കൊണ്ട് താങ്കള്‍ക്ക് പാര്‍ലമെന്റില്‍ പ്രസംഗിച്ചു കൂടാ എന്ന് രാജിവ് ചോദിച്ചു. ഷാബാനു വിഷയത്തില്‍ ഒരു വിട്ടു വീഴ്ചക്കും സര്‍ക്കാരില്ലെന്നാണ് അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. ഈ ഉറപ്പിലാണ് ഞാന്‍ പ്രസംഗിച്ചത്. എന്നാല്‍ നാല് മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ നിലപാട് മാറ്റി. മുസ്ലീം ലോ ബോര്‍ഡ് അംഗങ്ങളും ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ ഭരണപരിചയക്കുറവ് അവര്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് വ്യക്തിപരമായി എന്റെ വിലയിരുത്തല്‍.
നിങ്ങളുടെ രാജ്യത്ത് ഇത്ര ശക്തമായി സംസാരിക്കാന്‍ കഴിയുമോ എന്ന് പാകിസ്താനില്‍ വച്ച് ഞാന്‍ ചോദിച്ചിട്ടുണ്ട്. രണ്ട് പ്രധാനമന്ത്രിമാരെ വിമര്‍ശിച്ച് ഞാന്‍ എന്റെ രാജ്യത്ത് സംസാരിച്ചിട്ടുണ്ട്.നിങ്ങളുടെ രാജ്യത്ത് ഒരു ജൂനിയര്‍ മന്ത്രിക്ക് ഇതിന് ധൈര്യമുണ്ടാകുമോ എന്ന് ഞാന്‍ അവരോട് ചോദിച്ചു.
- പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും മുത്തലാഖ് നിരോധന ബില്ലിനെ ന്യായീകരിക്കാന്‍ പലവട്ടം താങ്കളുടെ പാര്‍ലമെന്റ് പ്രസംഗം ഉദ്ധരിച്ചിരുന്നു.എന്ത് തോന്നി കേട്ടപ്പോള്‍ ?
രണ്ടു പേരും പണ്ട് ഞാന്‍ നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചു. അതെന്നെ സ്പര്‍ശിച്ചു. ഞാന്‍ കൂടി ഭാഗമായിരുന്ന ഒരു സര്‍ക്കാരിനെ ഈ വിഷയങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പണ്ട് എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഞാന്‍ ഭാഗമല്ലാത്ത ഒരു സര്‍ക്കാര്‍ ആ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ 6 ന് ഞാന്‍ ഈ വിഷയങ്ങളെക്കുറിച്ച് വിശദമായ കത്ത് പ്രധാനമന്ത്രി മോദിക്ക് അയച്ചു. പ്രധാനമന്ത്രി എന്നെ വിളിച്ചു. ആ മാസം എട്ടിന് ഒരു മണിക്കുറോളം പ്രധാനമന്ത്രിയുമായി എനിക്ക് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം, ആരിഫ് ജി പറയുന്നത് പൂര്‍ണമായും മനസ്സിലാക്കുന്നു,ഉള്‍ക്കൊള്ളുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി. ജീവിതകാലം മുഴുവന്‍ ഞാന്‍ ചെലവിട്ടത് ഈ വിഷയങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പ്രധാനമന്ത്രിയോടുള്ള നന്ദി വലുതാണ്.
- മുത്തലാഖ് നിരോധനം പ്രശ്‌നപരിഹാരമുണ്ടാക്കുമോ ? ശിക്ഷാ വ്യവസ്ഥകള്‍ക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ടല്ലോ ?
വെറും നിരോധനം കൊണ്ട് അര്‍ഥമില്ല. കാരണം മുത്തലാഖ് സൂപ്രീം കോടതി നേരത്തെ തന്നെ നിരോധിച്ചിരുന്നു. എന്നാല്‍ മുത്തലാഖ് ക്രിമനല്‍ കുറ്റമാക്കുകയും ശിക്ഷ ഉറപ്പിക്കുകയും ചെയ്തു എന്നതാണ് പ്രധാനം.ശിക്ഷയില്ലെങ്കില്‍ നിരോധനം കൊണ്ട് ഫലമില്ല.ഞാനിത് പറയാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി.നിങ്ങള്‍ വസ്തുസ്ഥിതി കണക്കുകള്‍ നോക്കു.പഠനം നടത്തു.മുത്തലാഖ് നിരോധനത്തിന് ശേഷം ശരീയത്ത് കോടതികളില്‍ ജോലി കുറഞ്ഞു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂനപക്ഷം,ഭൂരിപക്ഷം എന്നൊന്നും ഭരണഘടന ഒരിക്കലും നിര്‍വചിച്ചിട്ടില്ല. ഇന്ത്യ ഒരു ജനാധിപത്യ സംവിധാനമാണ്.നിങ്ങള്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നാണ് വരുന്നതെന്ന് എന്നോട് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അധിക്ഷേപിക്ക(insulted)പ്പെട്ടത് പോലെയാകും
- ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കൊപ്പം ന്യൂനപക്ഷങ്ങളും ശക്തമായ സംസ്ഥാനമാണ് കേരളം. മുത്തലാഖ് പോലെയുള്ള വിഷയങ്ങള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന സമൂഹമാണ് കേരളത്തിലുള്ളത്. കേരളത്തിലേക്കുള്ള താങ്കളുടെ നിയമനം ഈ സാഹചര്യത്തിലാണെന്ന വ്യാഖ്യാനവും ഉയര്‍ന്നിട്ടുണ്ട്. എന്താണ് പ്രതികരണം ?
എന്റെ നിയമനത്തിന് അതാണ് കാരണമെങ്കില്‍, ഉദ്ദേശമെങ്കില്‍ അത് തെറ്റായ കണക്ക് കൂട്ടലാണെന്ന് ഞാന്‍ പറയും. കാരണം, ജനങ്ങളെ മുസ്ലീം, ഹിന്ദു, ക്രിസ്ത്യന്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നതിനെ എക്കാലത്തും എതിര്‍ക്കുന്ന വ്യക്തിയാണ് ഞാന്‍ .ഇത് എന്റെ പുതിയ നിലപാടല്ല. കാലങ്ങളായി ഞാന്‍ സ്വീകരിച്ചിരിക്കുന്ന നിലപാടാണ്. ഭരണഘടന എല്ലാ മനുഷ്യര്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശം നല്‍കിയിട്ടുണ്ട്.പൗരന്‍മാര്‍ എന്ന നിലയിലാണ്, മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇത് നല്‍കുന്നത്. ന്യൂനപക്ഷം,ഭൂരിപക്ഷം എന്നൊന്നും ഭരണഘടന ഒരിക്കലും നിര്‍വചിച്ചിട്ടില്ല. ഇന്ത്യ ഒരു ജനാധിപത്യ സംവിധാനമാണ്.നിങ്ങള്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നാണ് വരുന്നതെന്ന് എന്നോട് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അധിക്ഷേപിക്ക(insulted)പ്പെട്ടത് പോലെയാകും.ഞാന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തില്‍ 11 ശതമാനം മാത്രമായിരുന്നു മുസ്ലീം വോട്ടര്‍മാരുണ്ടായിരുന്നത്.20 ശതമാനത്തോളം ബ്രാഹ്മണരും 18 ശതമാനം പഞ്ചാബികളുമാണ് ആ മണ്ഡലത്തിലുള്ളത്. എന്നാല്‍, ഈ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിലാണ് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പ്രത്യേക തിരഞ്ഞെടുപ്പ് സംവിധാനം അവസാനിപ്പിച്ചതോടെ ഹിന്ദു-മുസ്ലീം വിഭജനത്തിന് രാജ്യത്ത് പ്രസക്തിയില്ലാതായി. ഇക്കാര്യം ഇവിടെ മാത്രമല്ല, ഞാന്‍ പാകിസ്താനിലും പറഞ്ഞിട്ടുണ്ട്.നിങ്ങളുടെ രാജ്യത്ത് ഇത്ര ശക്തമായി സംസാരിക്കാന്‍ കഴിയുമോ എന്ന് പാകിസ്താനില്‍ വച്ച് ഞാന്‍ ചോദിച്ചിട്ടുണ്ട്. രണ്ട് പ്രധാനമന്ത്രിമാരെ വിമര്‍ശിച്ച് ഞാന്‍ എന്റെ രാജ്യത്ത് സംസാരിച്ചിട്ടുണ്ട്.നിങ്ങളുടെ രാജ്യത്ത് ഒരു ജൂനിയര്‍ മന്ത്രിക്ക് ഇതിന് ധൈര്യമുണ്ടാകുമോ എന്ന് ഞാന്‍ അവരോട് ചോദിച്ചു.
- ഇന്ത്യയില്‍ മോദി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ ഭയത്തിലല്ലേ ?അതില്‍ വാസ്തവമില്ലേ ?
നിങ്ങള്‍ ന്യൂനപക്ഷമാണെന്ന് കരുതിയാല്‍ നിങ്ങള്‍ എപ്പോഴും ഭയപ്പെട്ടു കൊണ്ടേയിരിക്കും. നിങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരാണെന്ന് കരുതിയാല്‍ ഭയമുണ്ടാവില്ല.
- ഗവര്‍ണര്‍ എന്ന നിലയില്‍ കേരളത്തില്‍ ആദ്യം മുന്‍ഗണന നല്‍കുന്ന വിഷയമേതായിരിക്കും ?
കേരളത്തെ ബാധിച്ച പ്രളയമാണ് എന്റെ മനസ്സില്‍ ആദ്യം എത്തുന്നത്.ആദ്യ ദിവസങ്ങളില്‍ തന്നെ ഞാന്‍ ദുരിത ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പ്രളയം നേരിടാന്‍ ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കണം. അടിയന്തരമായി ഇടപെടാന്‍ കഴിയുന്ന സംവിധാനം വേണം.
അഭിമുഖം അവസാനിപ്പിച്ച് തിരക്കുകളിലേക്ക് മടങ്ങുമ്പോള്‍, ആരിഫ് മുഹമ്മദ് ഖാന്‍ ചിരിയോടെ ഓര്‍മിച്ചു : മാതൃഭൂമിയില്‍ ഞാന്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.പണ്ട് മാതൃഭൂമി സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്.
(മാതൃഭൂമി എഡിറ്റോറിയൽ പേജിൽ 5 9 19 ന് പ്രസിദ്ധീകരിച്ചതിന്റെ പൂർണ്ണ രൂപം)