സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സംഭാവന നൽകിയ ഒരു നേതാവിനെപ്പോലും തങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തസ്ഥിതിക്ക്  ഗാന്ധിജിയെ  സ്വന്തമാക്കേണ്ടത് ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും അനിവാര്യതയാണ്. അത് അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികമായ ഒക്ടോബർ രണ്ടിനു മാത്രമല്ല, എല്ലായ്‍പ്പോഴും അങ്ങനെത്തന്നെ...

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പൈതൃകം തട്ടിയെടുക്കാൻ ഭാരതീയ ജനതാപാർട്ടിയുടെ ആദർശപിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘം കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്‌ എന്തിനായിരിക്കും? ഉത്തരം വളരെ ലളിതമാണ്. സംഘപരിവാറിലോ, ആർ.എസ്.എസുമായി ആഭിമുഖ്യം പുലർത്തുന്ന മറ്റു സംഘടനകളിലോ, ബി.ജെ.പി.യിലോ എൻ.ഡി.എ. സഖ്യാംഗങ്ങളായ പാർട്ടികളിലോ ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന വലതുപക്ഷക്കാരിലോ, ഹിന്ദുരാഷ്ട്രത്തിനായി അത്യാവേശപൂർവം വാദിക്കുന്നവർക്കിടയിലോ ഗാന്ധിജിയെപ്പോലെ തലയെടുപ്പുള്ള, അദ്ദേഹത്തോളം ഗംഭീരനായ, ജനപ്രീതിയുള്ള ഒരാളില്ല എന്നതുതന്നെ.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുൻനിരപ്പോരാളിയായിരുന്ന ആ ഗുജറാത്തി ‘ബനിയ’ ആർ.എസ്.എസ്. ആശയങ്ങളെ എന്നും എതിർത്തിരുന്നുവെന്ന സത്യം മറച്ചുപിടിക്കാനും രാജ്യത്തിന്റെ സമകാലിക ചരിത്രത്തെ വെള്ളപൂശാനും കഴിയാത്തതിൽ ഹിന്ദു വലതുപക്ഷത്തിനുള്ളിൽ വലിയ നിരാശ നിലനിൽക്കുന്നുണ്ട്. ‘ആർ.എസ്.എസ്. സ്ഥാപക സർസംഘചാലക് കേശവ് ബലിറാം ഹെഡ്‌ഗേവാർ, അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായ മാധവ് സദാശിവ് ഗോൾവാൾക്കർ എന്നിവരുൾപ്പെടെയുള്ള നേതാക്കളുമായി ഗാന്ധിജി കൂടിക്കാഴ്ച നടത്തിയിരുന്നു, അദ്ദേഹം ഒരു ആർ.എസ്.എസ്. ക്യാമ്പ് സന്ദർശിച്ചിരുന്നു, അവരുടെ 'നിസ്വാർഥമായ സേവന'ങ്ങളെക്കുറിച്ച് ചില നല്ലവാക്കുകൾ പറഞ്ഞിരുന്നു.

ആർ.എസ്.എസിനോടുള്ള ഗാന്ധിജിയുടെ നിലപാട് പരസ്‍പരവിരുദ്ധമായിരുന്നെങ്കിലും ഹിന്ദുവലതുപക്ഷ നേതാക്കൾ, പ്രത്യേകിച്ച് ആർ.എസ്.എസ്. പൊതുവിൽ അദ്ദേഹത്തെ തങ്ങളുടെ പ്രതിയോഗിയായാണ് കണ്ടതെന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്. ഗാന്ധിജിയോടുള്ള അവരുടെ വികാരം അനിഷ്ടത്തിൽനിന്ന് വെറുപ്പിലേക്ക് വളർന്നു. ‘രാജ്യദ്രോഹി’, ‘മുസ്‍ലിം സ്നേഹി’, ‘പാകിസ്താൻ അനുകൂലി’ എന്നിങ്ങനെ പലപേരുകളും അവർ ഗാന്ധിജിക്ക് ചാർത്തിനൽകി. അദ്ദേഹം ജീവിച്ചിരിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് ചില സംഘനേതാക്കൾ ആഗ്രഹിക്കുകപോലുമുണ്ടായി. 1948 ജനുവരി 30-ന് ഗാന്ധിജി കൊല്ലപ്പെടുന്നതുവരെ സംഘപരിവാറിലെ വലിയൊരുഭാഗം അദ്ദേഹത്തെ വെറുത്തിരുന്നുവെന്ന സത്യത്തെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോർക്ക് ടൈംസിലെ എഡിറ്റ്‌പേജിൽ ഗാന്ധിജിയെ പ്രകീർത്തിച്ചെഴുതിയ ലേഖനത്തിനോ ആർ.എസ്.എസ്. സർസംഘചാലക് മോഹൻ‍ ഭാഗവതിന്റെ മാതൃഭൂമിയിലെ ലേഖനത്തിനോ കഴിയില്ല.  

ആർ.എസ്.എസിനെയും ഗാന്ധിജിയെയും കുറിച്ച് സെപ്റ്റംബർ 29-ന് രാമചന്ദ്രഗുഹ ദി ടെലഗ്രാഫിലെഴുതിയ ലേഖനത്തിലെ ഏതാനും പരാമർശങ്ങൾ ഉദ്ധരിക്കുമ്പോൾതന്നെ അവർക്ക് ഗാന്ധിജിയോടുള്ള സ്പർധയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. 1947 സെപ്റ്റംബറിൽ ഹിന്ദു-മുസ്‍ലിം കലാപവും കൂട്ടക്കൊലയും അവസാനിപ്പിക്കാൻ ഗാന്ധിജി കൊൽക്കത്തയിൽ നിരാഹാരമനുഷ്ഠിച്ച വാർത്തയ്ക്ക് ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസർ നൽകിയ തലക്കെട്ട് ‘റോം നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണവായിക്കുന്നു’ എന്നാണ്.

എന്തൊരു നിർദയമായ ഉപമ!

‘കൊൽക്കത്തയിൽ മഹാത്മാഗാന്ധി ഇസ്‍ലാമിനെ പുകഴ്ത്തുകയും അള്ളാഹു അക്‌ബർ മുഴക്കുകയും അങ്ങനെചെയ്യാൻ ഹിന്ദുക്കളെ നിർബന്ധിക്കുകയും ചെയ്യുന്നു. അതേസമയം, പഞ്ചാബിലും മറ്റിടങ്ങളിലും ഇസ്‍ലാമിന്റെ പേരിൽ ഹീനവും നിർലജ്ജവുമായ കുറ്റകൃത്യങ്ങൾ അരങ്ങേറുകയാണ്’- അന്നത്തെ ഓർഗനൈസർ വാർത്ത ഇങ്ങനെ തുടരുന്നു.

1947 സെപ്റ്റംബർ ആദ്യം ഗാന്ധിജി ഗോൾവാൾക്കറെ സന്ദർശിച്ചിരുന്നു. ജർമനിയിലെ നാസികളെ പ്രകീർത്തിക്കുകയും അവരുടെ വംശീയ ശുദ്ധീകരണം എന്ന ആശയം ഹിന്ദുസ്ഥാന് മികച്ച മാതൃകയാക്കാനും പിന്തുടരാനും അതിൽനിന്ന് ലാഭമുണ്ടാക്കാനും കഴിയുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തയാളാണ് ഗോൾവാൾക്കർ. ഇതേ വ്യക്തിയെയാണ്, ആർ.എസ്.എസ്. മുൻ പ്രചാരകനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ‘ഗുരു’ എന്ന് വിശേഷിപ്പിച്ചത്. 1966-ൽ പ്രസിദ്ധീകരിച്ച ഗോൾവാൾക്കറിന്റെ ‘വിചാരധാര’യുടെ ശരിപ്പകർപ്പിൽ, ഇന്ത്യയിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ മൂന്ന് ശത്രുക്കൾ മുസ്‍ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് എന്ന്‌ കൃത്യമായി പറയുന്നുണ്ട്. പക്ഷേ, പിന്നീട് പുറത്തിറങ്ങിയ പകർപ്പുകളിൽനിന്ന് ഈ പ്രയോഗം അപ്രത്യക്ഷമായി. എന്നാൽ, ഗോൾവാൾക്കറിന്റെ ആ കുപ്രസിദ്ധ പരാമർശത്തെ ആർ.എസ്.എസിലെയും ബി.ജെ.പി.യിലെയും വലിയൊരുവിഭാഗം ഇന്നും വിശ്വസിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്നുണ്ട്. ആർ.എസ്.എസിന്‍റെ ഖുർആനും ബൈബിളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമാണ് വിചാരധാരയെന്നാണ് വിശേഷണം.

ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെ ഹിന്ദു മഹാസഭയിൽ ചേരുന്നതിനുമുന്പ് ആർ.എസ്.എസുകാരനായിരുന്നുവെന്നതാണ് ആർ.എസ്.എസും ഗാന്ധിയൻ പാരമ്പര്യവും തമ്മിലുള്ള വൈരുധ്യത്തിലെ ഏറ്റവും പ്രസക്തമായ അല്ലെങ്കിൽ പ്രശ്നമേറിയ ഭാഗം. ഇപ്പോൾ അവഗണിക്കപ്പെട്ട 92-ലെത്തിയ മുതിർന്ന ബി.ജെ.പി. നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനി ഇക്കാര്യം ഇടയ്ക്കിടെ ചൂണ്ടിക്കാട്ടുകയും ഗോ‍ഡ്സെയുടെ സഹോദരൻ ഗോപാൽ ഗോ‍ഡ്സെ ഇതിന്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തിരുന്നു.
ജവാഹർലാൽ നെഹ്രു സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭ്ഭായ് പട്ടേൽ, ഗാന്ധിവധത്തിനുശേഷം ആർ.എസ്.എസിനെ നിരോധിക്കുകയും ഗോൾവാൾക്കറുൾപ്പെടെയുള്ള അതിന്റെ നേതാക്കളെ ഒന്നരവർഷത്തോളം ജയിലിലിടുകയും ചെയ്തുവെന്നതാണ് ആർ.എസ്.എസിനെയും ബി.ജെ.പി.യെയും അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം. ഗാന്ധിജി വധിക്കപ്പെട്ടുവെന്നറിഞ്ഞ് ആർ.എസ്.എസ്. പ്രവർത്തകർ മധുരവിതരണം നടത്തി ആഘോഷിച്ചതിനെ അദ്ദേഹം ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. പട്ടേലിനെ മഹത്ത്വവത്കരിച്ചും അദ്ദേഹത്തെ നെഹ്രുവിന്റെ എതിരാളിയായി ചിത്രീകരിച്ചും ഈ വസ്തുതകളെ അട്ടിമറിക്കാൻ നിലവിലെ ഭരണകൂടത്തിന്റെ പിന്തുണക്കാർക്കും അനായാസം കഴിഞ്ഞുവെന്നതാണ് യാഥാർഥ്യം.

സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സംഭാവന നൽകിയിട്ടുള്ള ഒരു നേതാവിനെപ്പോലും തങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തസ്ഥിതിക്ക്  ഗാന്ധിജിയെ സ്വന്തമാക്കേണ്ടത് ആർ.എസ്.എസിന്‍റെയും ബി.ജെ.പി.യുടെയും അനിവാര്യതയാണ്. അത് അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികമായ ഒക്ടോബർ രണ്ടിനു മാത്രമല്ല, എല്ലായ്‍പ്പോഴും അങ്ങനെതന്നെ. അഹിംസയിലധിഷ്ഠിതമായ സമരമാർഗങ്ങളിലൂടെ രാജ്യത്തിനുപുറത്ത്‌ സുപരിചിതനായിട്ടുള്ള ഏക ഇന്ത്യക്കാരൻ ഗാന്ധിജി മാത്രമാണെന്നതും ഇതിനുപിന്നിലെ സുപ്രധാന കാരണങ്ങളിലൊന്നാണ്. ഗോഡ്സെയെ രാജ്യസ്നേഹിയായും ദേശീയവാദിയായും ചിലർ വിശേഷിപ്പിച്ചേക്കാം. ഗോൾവാൾക്കറെ വീരനായി പലരും വാഴ്‌ത്തിയേക്കാം. എന്നാൽ, ഗോഡ്സെയെയും ഗോൾവാൾക്കറെയും അറിയുന്ന വിദേശികൾ എത്രപേരുണ്ട്. ഗാന്ധിജിയുടെ പൈതൃകം തട്ടിയെടുക്കാനുള്ള ആർ.എസ്.എസിന്റെ ശ്രമങ്ങളുടെയും അവകാശവാദങ്ങളുടെയും അടിസ്ഥാനമെന്താണെന്ന് മനസ്സിലാക്കാൻ ഇവയൊക്കെത്തന്നെ ധാരാളം.

(സ്വതന്ത്ര മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ)