gandhijiമഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികദിനത്തിൽ, അദ്ദേഹത്തിന്റെ പാവനവും സുതാര്യവും ആത്മാർപ്പണത്തോടും കൂടിയുള്ള ജീവിതം  സ്വായത്തമാക്കാൻ, ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത്  സ്വയംസേവകരോട് ആഹ്വാനംചെയ്ത് എഴുതിയ ലേഖനം വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണല്ലോ. തങ്ങൾ അങ്ങേയറ്റം വെറുത്തിരുന്ന ഒരു മനുഷ്യനെ ഇതാ ഒടുവിലവർ മാറോടുചേർത്തിരിക്കുകയാണ് എന്ന് ചിലർ അതിനെ വ്യാഖ്യാനിക്കുകയും ചെയ്തു. എന്നാൽ, ഗാന്ധിയൻ മൂല്യങ്ങളെ ആലിംഗനം ചെയ്യുന്നതായി തോന്നിക്കുന്ന ഈ അഭിപ്രായത്തിന്റെ ആത്മാർഥത വിശ്വസനീയമല്ല.

ആർ.എസ്.എസ്. സങ്കുചിതമായ ചിന്ത വെച്ചുപുലർത്തുന്ന  സംഘടനയല്ലെന്നും പുതിയ ആശയങ്ങളോട് അതിന് തുറന്നസമീപനമാണുള്ളതെന്നും ‘ദ ആർ.എസ്.എസ്.: റോഡ് മാപ്‌സ് ഫൊർ ദ 21 സെഞ്ചുറി’ എന്ന  പുസ്തകത്തിന്റെ പ്രകാശനവേളയിൽ ഭാഗവത് പറഞ്ഞിരുന്നു.  സ്വവർഗലൈംഗികതയെപ്പറ്റിയുള്ള നിലപാട് അവർ മയപ്പെടുത്തിയത് ഈയിടെയാണ്. മുസ്‌ലിങ്ങളെപ്പറ്റിയും ഭരണഘടനയെപ്പറ്റിയും സർവോപരി ഗാന്ധിജിയെക്കുറിച്ചുമുള്ള പ്രകോപനകരമായ നിരീക്ഷണങ്ങൾ ഒഴിവാക്കി ശുദ്ധീകരിച്ചുള്ള  ഗോൾവാൾക്കറുടെ പരിഷ്‌കരിച്ച എഴുത്തുകൾ ആർ.എസ്.എസ്. പുറത്തിറക്കിയത് കഴിഞ്ഞവർഷമാണ്. ഇതെല്ലാം അവർ ദീർഘദർശനംചെയ്ത സ്വപ്നത്തിൽനിന്നുള്ള വ്യതിയാനമാണെന്നും അവർ വെച്ചുപുലർത്തുന്ന സങ്കുചിതവും ഏകശിലാത്മകവുമായ ചിന്തകളിൽനിന്നുള്ള പിൻവലിയലുമാണെന്നും സ്വാഭാവികമായും തോന്നിച്ചേക്കാം.

മറയ്ക്കാനാവാത്ത വൈരുധ്യം

സ്വയംസേവകസംഘത്തിന്റെ അച്ചടക്കത്തിലും സംഘത്തിന്റെ ഇടയിൽ ജാതിമതഭേദ ചിന്തയില്ലെന്ന വാദത്തിലും എല്ലാ പ്രഭാതങ്ങളിലും അവർ ഉരുവിടുന്ന ഏകതാമന്ത്ര സ്തോത്രത്തിലും ഭിന്നാഭിപ്രായക്കാരെപ്പോലും ആദരിക്കുന്ന നിലപാടിലും ഗാന്ധിജി സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് ഭാഗവത് പറയാൻ ശ്രമിക്കുന്നത്. ഈ പരിശ്രമമൊക്കെത്തന്നെ പക്ഷേ, ‘പൂജ്യമഹാത്മാഗാന്ധി’യുമായി അവർക്കുണ്ടായിരുന്ന അടിസ്ഥാന വൈരുധ്യങ്ങളെ മറയ്ക്കാൻ പ്രാപ്തമാവുന്നില്ലെന്നതാണ് സത്യം.

മതത്തിന്റെ കാര്യംതന്നെ എടുക്കാം. അതായിരുന്നല്ലോ ഇരുവർക്കുമിടയിൽ നിലനിന്നിരുന്ന അടിസ്ഥാനപരമായ പ്രശ്‌നപരിസരം. അദ്വൈത വേദാന്തത്തിന്റെ മുഖ്യ പന്ഥാവാണ്  ഗാന്ധിജി സ്വീകരിച്ചിരുന്നത്. അത് സാർവലൗകികമായ ഒരു ഉയർന്ന മതബോധത്തെ സ്വാംശീകരിക്കുന്നതായിരുന്നു. മറ്റെല്ലാ മതങ്ങളെയും അംഗീകരിക്കുന്ന, ആലിംഗനം ചെയ്യുന്ന ഒന്നായിട്ടാണ് ഹിന്ദുമതത്തെ ഗാന്ധിജി കണ്ടത്. അഹിംസയുടെയും സത്യത്തിന്റെയും ചിരന്തനമൂല്യങ്ങളിൽ അഗാധമായി ആകൃഷ്ടനായ മഹാത്മാ അവയെ ദേശീയതാത്‌പര്യങ്ങൾക്കായി പരിവർത്തനം നടത്തി  പുതിയമാനങ്ങൾ നൽകി. വ്യത്യസ്ത സാംസ്‌കാരികധാരകളെ ഒരുമിച്ചുകൊണ്ടുപോയ മഹാത്മാവായിരുന്നു ഗാന്ധിജി. അദ്ദേഹം പാടിപ്രചരിപ്പിച്ച  പ്രശസ്തമായ ‘രഘുപതിരാഘവ രാജാ റാം' എന്ന ഭജന്റെ തുടർന്നുവരുന്ന വരി ‘ഈശ്വര അല്ലാ തേരോ നാം’ അതു സൂചിപ്പിക്കുന്നു. എല്ലാ മനുഷ്യജാതിയും ആത്യന്തികമായി ഒന്നാണെന്നുള്ള വേദാന്തചിന്തയിൽ നിന്നദ്ദേഹം സ്വാംശീകരിച്ചതാണ് ഈ ഉൾക്കാഴ്ച.

അനഭിമിതനാവുന്നത്‌ എന്തുകൊണ്ട്‌?

ഇത്തരം നിലപാടുള്ളതുകൊണ്ടുതന്നെ ഹിന്ദുക്കളിൽ ഒരു വിഭാഗത്തിന് ഗാന്ധിജി അനഭിമതനായിത്തീർന്നു. ഗാന്ധിജിയുടെ ഹിന്ദുമതവും സവർക്കറുടെ ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇന്നും സംവാദം തുടരുകയാണ്. ഹിന്ദുവിശ്വാസധാരയ്ക്കുള്ളിലെതന്നെ നാനാത്വവും സ്വജനവാദവുമെന്ന  സംവാദത്തിൽ ഗാന്ധിജിയുടെ ഹിന്ദുമതവും സവർക്കറുടെ ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസവും ഇന്നും ചർച്ചാവിഷയമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതും ധാർമികവുമായ ഹിന്ദുദർശനമാണ്‌ ഗാന്ധിജി മുന്നോട്ടുവെച്ചത്. സവർക്കറാകട്ടെ, ഭൂരിപക്ഷത്തിന്റെ വിശ്വാസപ്രമാണങ്ങളെന്നപേരിൽ രാഷ്ട്രീയവത്കരിച്ച ഹിന്ദുത്വ സിദ്ധാന്തവും.

ആചാരാനുസരണങ്ങളിൽ വിശ്വസിച്ചിരുന്ന സവർക്കറുടേതിൽനിന്ന് വിരുദ്ധമായി, മറ്റു വിശ്വാസങ്ങൾ പിന്തുടരുന്നവരുൾ‌പ്പെടെ എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ വിശാലവും സമഗ്രമായതുമായിരുന്നു ഗാന്ധിജിയുടെ മതസങ്കല്പം. അദ്വൈത വേദാന്തത്തിൽനിന്നുമാത്രമല്ല ജൈനമത സങ്കല്പമായ ‘അനേകതാവാദ’ത്തിൽനിന്നും ഗാന്ധിജി പ്രചോദനമുൾക്കൊണ്ടിരുന്നു. സത്യവും യാഥാർഥ്യവുമെന്ത് എന്നത് തങ്ങളുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ പലരും പലരീതിയിലാണ് മനസ്സിലാക്കുന്നതെന്നും അതുകൊണ്ടുതന്നെ ഒരേയൊരു കാഴ്ചപ്പാടിനെമാത്രം ഉയർത്തിപ്പിടിച്ച് അത് പരിപൂർണസത്യമാണെന്ന് സ്ഥാപിക്കാനാവില്ലെന്നുമുള്ള സങ്കല്പമാണിത്. ‘ഞാനൊരു ഹിന്ദുവാണ്, മുസ്‌ലിമാണ്, ക്രിസ്ത്യനാണ്, പാഴ്‌സിയാണ്, ഒരു ജൂതനുമാണ്’ എന്ന് ഗാന്ധിജിയെക്കൊണ്ട് ഒരിക്കൽ പറയിച്ചതും ഇതേ അനേകതാവാദമാണ്.

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന്  ഉരുവിട്ടുകൊണ്ടിരിക്കുന്ന (ഇക്കഴിഞ്ഞ ദിവസംപോലും) ഭാഗവതിന് ഇതു സ്വീകാര്യമാവില്ല. എല്ലായ്‌പ്പോഴും ഗാന്ധിജിയെക്കുറിച്ച് പ്രസംഗിക്കുകയും അതേസമയംതന്നെ അദ്ദേഹത്തിന്റെ ആശയസംഹിതകളെ അവഹേളിക്കുകയും ചെയ്യുന്ന ബി.ജെ.പി. സർക്കാരിന്റെ അതേ ഇരട്ടത്താപ്പുതന്നെയാണ് മോഹൻ ഭാഗവതിന്റെ ഈ ഗാന്ധിസ്തുതിയിലും പ്രകടമാകുന്നത്. 

പുറത്തൊന്നും അകത്ത്‌ വേറൊന്നും

സ്വച്ഛ്ഭാരത് അഭിയാൻ, വെളിയിടവിസർജനമുക്ത ഗ്രാമങ്ങൾ തുടങ്ങി ഗ്രാമങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളിലൂടെ ‘ഗാന്ധിയൻ’ ആശയങ്ങളുടെ വലിയൊരുനിരതന്നെ നടപ്പാക്കാൻ നിലവിലെ സർക്കാർ ശ്രമിക്കുന്നുവെന്നത് വാസ്തവമാണ്. എന്നാൽ, ഇതിൽ രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഒന്നാമത്തേത്, സർക്കാരിന്റെ ഇത്തരം പദ്ധതികളെ ചിലർ വാഴ്ത്തിപ്പാടുമ്പോഴും മറുവശത്ത് അവ എത്രത്തോളം ഉപയോഗപ്രദമാണെന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിന് സ്വച്ഛ് ഭാരത് അഭിയാനുകീഴിൽ നിർമിക്കപ്പെട്ട ശൗചാലയങ്ങളിൽ 60 ശതമാനത്തിലും വെള്ളം ലഭ്യമല്ല. അതുകൊണ്ടുതന്നെ അവ ഉപയോഗിക്കാനുമാവില്ല. 

രണ്ടാമത്തെ കാര്യം കൂടുതൽ പ്രധാനപ്പെട്ടതാണ്. ഗാന്ധിജിയുടെ ധാർമികമൂല്യങ്ങളെ സർക്കാർ പാടേ അവഗണിക്കുന്നു എന്നതാണത്, പ്രത്യേകിച്ചും അഹിംസയിലും എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസത്തെ അംഗീകരിക്കുന്നതിലുള്ള ബി.ജെ.പി. സർക്കാരിന്റെ പരാജയം. ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിനു വേണ്ടിയാണ് അദ്ദേഹം തന്റെ ജീവൻ ബലിനൽകിയതെന്നത് ഒരിക്കലും  വിസ്മരിക്കാനാവില്ല.
ഈ വിഷയത്തിൽ ഒരുപാടു വൈരുധ്യങ്ങളുണ്ട്. ബി.ജെ.പി.യുടെ പല മുതിർന്നനേതാക്കന്മാരും  ഗാന്ധിക്കുപകരം അദ്ദേഹത്തിന്റെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ പ്രതിമകൾ രാജ്യത്തുടനീളം സ്ഥാപിക്കണമെന്ന ആവശ്യമുയർത്തുമ്പോൾ, രാഷ്ട്രീയപരമായ ലക്ഷ്യങ്ങൾക്കായി തന്റെ നാട്ടുകാരനായ ഗാന്ധിജിയുടെ പാരമ്പര്യത്തിൽ അവകാശമുന്നയിക്കുകയാണ് പ്രധാനമന്ത്രി.

സർക്കാർ ഔദ്യോഗികമായി ഗാന്ധിയൻ ആദർശങ്ങളെ ആശ്ലേഷിക്കുമ്പോൾത്തന്നെ ഭരണകക്ഷിയിലെ പല അംഗങ്ങളും അനുഭാവികളും (ചില ബി.ജെ.പി. എം.പി.മാരടക്കമുള്ളവർ) രഹസ്യമായും പരസ്യമായും ഗാന്ധിജിയോടുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നവരാണ്; ഗാന്ധിജിയുടെ കൊലപാതകത്തെ ദേശഭക്തിപരമായ പ്രവൃത്തിയായിക്കാണുന്നവരുമുണ്ട്. ഇതുകൊണ്ടാണ്, ബി.ജെ.പി.-ആർ.എസ്.എസ്. നേതാക്കൾ ഗാന്ധിജിക്ക് ആദരമർപ്പിക്കുമ്പോഴും അതിഹിന്ദുത്വവാദികൾ അദ്ദേഹത്തിന്റെ ചിതാഭസ്മം മോഷ്ടിച്ചും രേഖാചിത്രത്തിൽ ‘ഒറ്റുകാര’നെന്നെഴുതിയും മഹാത്മാവിനെ നിഷ്ഠുരമായി വെടിവെച്ചുകൊന്നയാളെ ആഘോഷിക്കുന്നത്.
ഗാന്ധിയെ സാമൂഹികനീതിയുടെയും സമത്വത്തിന്റെയും ആൾരൂപമെന്ന് പ്രകീർത്തിക്കുമ്പോൾത്തന്നെ, രാജ്യത്ത് വിദ്വേഷത്തിന്റെയും ഭയത്തിന്റെയും സംസ്‌കാരം സ്ഥാപനവത്കരിക്കപ്പെടുന്നതും ജനങ്ങളുടെ അവകാശങ്ങളും നീതിയും ഉറപ്പുവരുത്തേണ്ട സ്ഥാപനങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നതും നിശ്ശബ്ദരായി കണ്ടുനിൽക്കാൻ കഴിയില്ലെന്ന് ആർ.എസ്.എസും ബി.ജെ.പി.യും മനസ്സിലാക്കണം.

ആത്യന്തികമായി, ധാർമികതയില്ലാത്ത ഗാന്ധിസം തൊഴിലാളിവർഗമില്ലാത്ത മാർക്‌സിസത്തിന് സമമാണ്. നിർഭാഗ്യവശാൽ ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും ഗാന്ധിസ്‌നേഹം ഗാന്ധിജി പ്രതിനിധാനംചെയ്ത ധാർമികതയും മൂല്യബോധവുമില്ലാത്ത വെറും പ്രകടനം മാത്രമാണ്. ‘ഹിന്ദി ഹിന്ദുത്വ-ഹിന്ദുസ്ഥാൻ’ എന്ന മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തി പുതിയൊരു ഇന്ത്യ സൃഷ്ടിക്കാനാണ് ആർ.എസ്.എസ്. ശ്രമിക്കുന്നത്. അതൊരിക്കലും ഗാന്ധിജി സ്വാതന്ത്ര്യത്തിനായി പോരാടുകയും വിഭാവനം ചെയ്യുകയുംചെയ്ത ഇന്ത്യയാവില്ല. 

content highlights: mahatma gandhi 150th birth anniversary