ഇന്ത്യയിൽ വർഗസമരത്തിന് പ്രസക്തിയുണ്ടോ, അത്തരത്തിൽ തൊഴിലാളി-കർഷക മുന്നേറ്റം രാജ്യത്ത് ഉയർന്നുവന്നാൽ ആർക്കൊപ്പം നിൽക്കും, ഇന്ത്യയിൽ കുത്തകചൂഷണം അവസാനിപ്പിക്കാനുള്ള മാർഗമെന്ത്... ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി മാസികയായ ‘ദ ലേബർ മന്ത്ലി’യിൽ 1932 ഏപ്രിലിൽ  പ്രസിദ്ധീകരിച്ച  അഭിമുഖത്തിൽ ഗാന്ധിജി  നിലപാട് വ്യക്തമാക്കുന്നു. ഫ്രഞ്ച്‌ പത്രപ്രവർത്തകനായ ചാൾസ് പെട്രാർക്ക്‌ ആണ്‌ അഭിമുഖം നടത്തിയത്‌. സോവിയറ്റ് ഭരണകൂടത്തിന്റെ അന്ത്യം സംബന്ധിച്ച പ്രവചനാത്മക നിരീക്ഷണങ്ങൾകൊണ്ടും ഈ അഭിമുഖം പ്രസക്തമാവുന്നു

? അങ്ങയുടെ അഭിപ്രായത്തിൽ ഏതു മാർഗത്തിലൂടെയാണ് ഇന്ത്യയിലെ രാജാക്കൻമാരും ജൻമിമാരും വ്യവസായികളും ബാങ്കുടമകളും സമ്പന്നരായത്. 

-ജനങ്ങളെ ചൂഷണംചെയ്ത്.

? ഈ സമ്പന്നർക്ക്‌ അധ്വാനിക്കുന്ന തൊഴിലാളിയെക്കാളും കർഷകനെക്കാളും മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാമൂഹികപരമായ അവകാശമുണ്ടോ 

-(ഒരുനിമിഷം ഗാന്ധിജി നിശ്ശബ്ദനായി) ഒരവകാശവുമില്ല. നമ്മളെല്ലാം തുല്യരായി ജനിക്കുന്നു എന്നതിനാൽ തുല്യ ജീവിതാവസരത്തിനും അവകാശമുണ്ടെന്നാണ് എന്റെ അഭിപ്രായം; നമുക്കെല്ലാം ഒരേകഴിവുകൾ അല്ലെങ്കിൽകൂടി. എന്നാൽ, കാര്യങ്ങളുടെ കിടപ്പനുസരിച്ച് എല്ലാവർക്കും ഒരേ ഔന്നതി ഉണ്ടാവുക, ഒരേതൊലിനിറമുണ്ടാകുക, ഒരേ ബൗദ്ധികനിലവാരമുണ്ടാകുക എന്നതൊക്കെ അസാധ്യമാണ്. സ്വാഭാവികമായും ഭൗതികനേട്ടങ്ങൾ കൊയ്യാൻ നമ്മളിൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ മിടുക്കരായിരിക്കും. കൂടുതൽ നേട്ടങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർ അവരുടെ കഴിവ് ഈ വഴിക്കുതിരിച്ചുവിടും.  തങ്ങളുടെ  കഴിവുകളുടെ ശരിയായ സത്ത അവർ ഉൾക്കൊള്ളുകയാണെങ്കിൽ  ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും. അപ്പോളവർ സമ്പത്തിന്റെ ട്രസ്റ്റിമാർ എന്നതിൽ കവിഞ്ഞ് ഒന്നുമാവില്ല.

? ബൗദ്ധികമായി കൂടുതൽ അധ്വാനിക്കേണ്ടുന്ന ജോലികൾക്ക് കൂടുതൽ വേതനം എന്നത് അങ്ങ് അംഗീകരിക്കുന്നുണ്ടോ

ആദർശാധിഷ്ഠിതമായ ഒരു രാജ്യത്ത് ആർക്കും അങ്ങനെ അവകാശപ്പെടാനാവില്ല. 

? ഇന്ത്യയിലെ രാജാക്കൻമാർക്കും ജൻമികൾക്കും കുത്തകകൾക്കും സർവോപരി അവരുടെ സഖ്യകക്ഷിയായ ബ്രിട്ടീഷ് സർക്കാരിനുമെതിരേ തൊഴിലാളിവർഗം നടത്തുന്ന വിപ്ലവത്തോട് അങ്ങയുടെ സമീപനം എന്തായിരിക്കും.  

-സമ്പന്ന വർഗത്തെ അവർ കൈയടക്കിവെച്ചിരിക്കുന്ന സമ്പത്തിന്റെ ട്രസ്റ്റികളായി പരിവർത്തിപ്പിക്കുക എന്നതാണ്  എന്റെ ആശയം. അതായത്, അവർ സമ്പത്തിന്റെ സൂക്ഷിപ്പുകാരാവണം. പക്ഷേ,  അവർ പ്രവർത്തിക്കേണ്ടത് ജനക്ഷേമത്തിനായിരിക്കണം. ഇത് ചെയ്യുന്നതിനായി അവർക്ക് ഒരു നിശ്ചിത കമ്മിഷൻ കൈപ്പറ്റാവുന്നതാണ്.

? എങ്ങനെയീ ട്രസ്റ്റിഷിപ്പ് സാധ്യമാക്കാമെന്നാണ് അങ്ങ് കണക്കാക്കുന്നത്. പ്രേരണയിലൂടെയാണോ.  

-വാക്കുകൾ കൊണ്ടുമാത്രമുള്ള പ്രേരണയല്ല. ഇക്കാലത്തെ ഏറ്റവുംവലിയ വിപ്ലവകാരിയെന്നാണ് ഞാൻ വിളിക്കപ്പെടുന്നത്. അത് ഒരുപക്ഷേ ശരിയായിരിക്കണമെന്നില്ല. പക്ഷേ  ഞാനൊരു വിപ്ലവകാരിയാണെന്ന്  സ്വയം വിശ്വസിക്കുന്നുണ്ട്. അഹിംസാവാദിയായ വിപ്ലവകാരി. നിസ്സഹകരണമാണ് എന്റെ ആയുധം. ജനങ്ങളുടെ സഹകരണമോ സന്നദ്ധതയോ പിന്തുണയോ ഇല്ലാതെ ആർക്കും മുന്നോട്ടുപോവാനാവില്ല.

? ഒരു പൊതുപണിമുടക്കിനെ താങ്കൾ പിന്തുണയ്ക്കുമോ 

-പണിമുടക്ക് ഒരുതരത്തിലുള്ള നിസ്സഹകരണമാണ്. അത് തീർച്ചയായും ഹിംസാത്മകവുമല്ല. സമാധാനപരവും ദൈവീകമായി നീതീകരിക്കപ്പെട്ടതുമായ അത്തരമൊരു സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. നിരുത്സാഹപ്പെടുത്തുന്നതിനുപകരം ഞാനത് പ്രോത്സാഹിപ്പിക്കുകപോലും ചെയ്യും.

? ടാഗോറും ബർണാഡ് ഷായും ഉൾപ്പെടെയുള്ളവരുടെ അഭിപ്രായത്തിൽ സോവിയറ്റ് ഭരണസംവിധാനം വളരെ ചുരുങ്ങിയ കാലയളവിൽ അവിടത്തെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അവസ്ഥയിൽ കാതലായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. റഷ്യയിൽ വിപ്ലവത്തിനു മുമ്പുണ്ടായിരുന്ന അതേ സാമൂഹിക സാഹചര്യങ്ങളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇക്കാര്യത്തിൽ അങ്ങയുടെ നിരീക്ഷണങ്ങൾ അറിയാൻ താത്പര്യമുണ്ട്.

-ഒന്നാമതായി മറ്റുള്ളവരെ നോക്കി ഞാനെന്റെ അഭിപ്രായം പറയാറില്ല. അതുകൊണ്ട് റഷ്യയിലെ അവസ്ഥയെ അഭിനന്ദിക്കാൻ എനിക്ക് കഴിയില്ല. നിർബന്ധിത തൊഴിലിനെ അടിസ്ഥാനമാക്കിയാണ് സോവിയറ്റ് വ്യവസ്ഥയെന്നാണ് അതിന്റെ നേതാക്കൾതന്നെ പറയുന്നത്. ഇതിന്റെ അന്തിമമായ വിജയത്തിൽ എനിക്ക് വലിയ സംശയങ്ങളുണ്ട് .

content highlights: mahatma gandhi 150th birth anniversary