ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നൽകാൻ തീരുമാനമായി. വിഭജന പ്രകിയ പൂർത്തിയായി. ഏക ഭാരതത്തിനായി, ഹിന്ദു-മുസ്‌ലീം മൈത്രിക്കായി അഹോരാത്രം അധ്വാനിച്ച മഹാത്മജി പക്ഷേ, ദുഃഖിതനായിരുന്നു. പുതുതായി പിറവികൊള്ളുന്ന ഇന്ത്യയുടെ രാജനീതിയിൽ വ്യാപൃതനാവാതെ, ​െപാട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങൾ പരിഹരിക്കാനായി ബിഹാറിലേക്കും ബംഗാളിലേക്കും പ്രായം വകവെക്കാതെ ഓടുകയായിരുന്നു അദ്ദേഹം. രാജ്യം സ്വതന്ത്രമാകുമ്പോൾ മഹാത്മജി കൊൽക്കത്തയിൽ വിദ്വേഷത്തിന്റെ തീ അണയ്ക്കാനുള്ള പരിശ്രമത്തിലായിരുന്നു. ബാപ്പുജിയുടെ സാമീപ്യം മഹാനഗരത്തെ ശാന്തമാക്കി. ഗാന്ധിജിയുടെ ഉറ്റ അനുയായിയും സുഹൃത്തുമായ ഹോറസ് അലക്‌സാണ്ടർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.  അവിസ്മരണീയമായ ആ  നിമിഷങ്ങളെക്കുറിച്ച് പത്മഭൂഷൺ ജേതാവുകൂടിയായ ഹോറസ് അലക്‌സാണ്ടർ എഴുതിയ അനുഭവക്കുറിപ്പിൽനിന്ന് 

ഗാന്ധിജിയെ ഞാൻ ആദ്യമായി കാണുന്നത് സാബർമതി ആശ്രമത്തിൽവെച്ചാണ്. 1928 -ൽ. ഗാഢമായൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഇന്ത്യ സ്വതന്ത്രമാകുന്ന ദിവസം 1947 ഓഗസ്റ്റ് 15 ആയിരിക്കുമെന്ന് അറിയാമായിരുന്നു. അതിനും ഏതാനും ആഴ്ചകൾക്കുമുമ്പ്, ‘കുറച്ച് ആഴ്ചയായി താങ്കളെ കാണാനേ ഇല്ലല്ലോ’ എന്ന് ഗാന്ധിജി പരിഭവപ്പെട്ട്‌ എനിക്കെഴുതി. എപ്പോഴാണ് ഞാൻ വരുന്നതെന്ന് അദ്ദേഹം അന്വേഷിച്ചു. ഇന്ത്യ സ്വതന്ത്രമാവുന്ന ദിവസം അദ്ദേഹം എവിടെയായിരുന്നാലും കൂടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നുഎന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം അന്ന്‌ ഡൽഹിയിലുണ്ടാകില്ലെന്ന് എനിക്കറിയാമായിരുന്നു.  കൂടെ വരാൻ അദ്ദേഹം എനിക്ക് അനുമതി നൽകി. 

കലാപഭൂമിയിലേക്ക്‌
വിഭജനം സൃഷ്ടിച്ച വർഗീയാസ്വസ്ഥതകൾ  അപ്പോഴേക്കും തുടങ്ങിയിരുന്നു. ഓഗസ്റ്റ്‌ 15-ന് കുറച്ചുദിവസം മുമ്പ്‌ അദ്ദേഹം അക്രമം ഗ്രസിച്ചു തുടങ്ങിയ ബിഹാറിലുണ്ടാകും. തുടർന്ന് കലാപകലുഷിതമായ കിഴക്കൻ ബംഗാളിലേക്ക് പോകും. അതായിരുന്നു ബാപ്പുവിന്റെ പദ്ധതി. ഞാൻ അദ്ദേഹത്തോടൊപ്പം ബിഹാറിൽ ചേരണമെന്നും ഇരുവർക്കും പിന്നീട് കിഴക്കൻ ബംഗാളിലേക്ക് പോകാമെന്നും തീരുമാനമായി.ഞാൻ ബിഹാറിലെത്തി ഗാന്ധിജിക്കൊപ്പം ചേർന്നു. ഞങ്ങൾ ഒരുമിച്ച് കൊൽക്കത്തയിലേക്ക് യാത്രയായി. അവിടെ രണ്ടുരാത്രി ഗാന്ധിജി അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ഒരാളുടെ ആശ്രമത്തിലായിരുന്നു. കിഴക്കൻ ബംഗാളിലേക്ക് പോകുന്നതിനായി 14-ാം തീയതി ഗാന്ധിജിക്കൊപ്പം ചേരാമെന്ന് വാഗ്ദാനം  ചെയ്ത് ഫ്രണ്ട്‌സ് സർവീസ് യൂണിറ്റ് അംഗങ്ങളുമായി ഞാൻ  പോയി. 

എന്നാൽ കുറച്ച് മണിക്കൂറിനുശേഷം, പദ്ധതികളെല്ലാം മാറ്റിയതായി എനിക്ക് അറിയിപ്പുവന്നു. കൊൽക്കത്തയിൽനിന്നുള്ള പ്രമുഖ മുസ്‌ലിം നേതാക്കൾ സോദേപുർ ആശ്രമത്തിലെത്തി ഗാന്ധിജിയെ കണ്ടു. കിഴക്കൻ ബംഗാളിലേക്ക് പോകരുതെന്നും  പ്രശ്നബാധിതമായ കൊൽക്കത്തയിൽ താമസിക്കണമെന്നും  സമാധാനം സ്ഥാപിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹത്തോട് അവർ അഭ്യർഥിച്ചു. കൊൽക്കത്തയിൽ സമാധാനം പുലർന്നാൽ, ബംഗാളിലും സമാധാനം ഉണ്ടാകുമെന്ന് അവർ  ഗാന്ധിജിയോടപേക്ഷിച്ചു.  കിഴക്കൻ ബംഗാൾ തത്ത്വത്തിൽ പാകിസ്താന്റെ ഭാഗമായി കഴിഞ്ഞിരുന്നു. 
ഗാന്ധിജിയെ പക്ഷേ, അക്കാര്യം ബോധ്യപ്പെടുത്താൻ എളുപ്പമായിരുന്നില്ല.  രാജ്യം വിഭജിക്കപ്പെടുന്ന ദിവസം കിഴക്കൻ ബംഗാളിൽ നവഖാലിയിലെ ഹിന്ദുക്കൾക്കൊപ്പം ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. കിഴക്കൻ ബംഗാളിലെ മുസ്‌ലിം മേധാവികളിൽ നിന്ന് അവിടത്തെ ഹിന്ദുക്കളുടെ സുരക്ഷാ കാര്യത്തിൽ പൂർണമായ ഉറപ്പ് ലഭിക്കുന്നതു വരെ അദ്ദേഹത്തിന് ആ വാഗ്ദാനത്തിൽനിന്ന് പിന്നോട്ടുപോകാനാവില്ലായിരുന്നു.  സമയം പക്ഷേ വളരെ കുറവായിരുന്നു.

ഈ സമയത്താണ്,  ബംഗാളിലെ പ്രമുഖ മുസ്‌ലിം നേതാവായ ഹുസൈൻ ഷഹീദ് സുഹർവർദിയുടെ പേര് ഞങ്ങളുടെ ശ്രദ്ധയിലേക്ക് വന്നത്. അവിഭക്ത ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്ന സുഹർവർദി ദ്വിരാഷ്ട്രവാദത്തിന്റെ പ്രചാരകനും ഗാന്ധിജിയെ നിശിതമായി വിമർശിച്ചിരുന്ന വ്യക്തിയുമായിരുന്നു. പക്ഷേ അദ്ദേഹത്തിന്‌ കിഴക്കൻ ബംഗാളിൽ കാര്യമായ സ്വാധീനമുണ്ടായിരുന്നു. കൊൽക്കത്തയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തിൽ തന്നോടൊപ്പം ചേരാൻ ഗാന്ധിജി അദ്ദേഹത്തെ ക്ഷണിച്ചു. എല്ലാവരെയും അദ്‌ഭുത​െപ്പടുത്തിക്കൊണ്ട് സുഹർവർദി ഗാന്ധിജിയുടെ ക്ഷണം സ്വീകരിച്ചു. 
പദ്ധതി വളരെ ലളിതമായിരുന്നു. നഗരത്തിലെ തകർന്ന ഒരു മുസ്‌ലിം വീട്ടിലേക്ക് പ്രദേശത്തെ ഹിന്ദുക്കളെ ക്ഷണിക്കും. തുടർന്ന് പലായനം ചെയ്ത മുസ്‌ലിങ്ങളെ മടങ്ങാൻ അവർ പ്രേരിപ്പിക്കും. തുടർന്ന് കൊൽക്കത്ത നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ ഭാഗങ്ങളിലേക്കു പോകും. ഹിന്ദു അയൽവാസികളെ മടങ്ങിവരാൻ ക്ഷണിക്കാൻ അവർ മുസ്‌ലിങ്ങളെ പ്രേരിപ്പിക്കും. അങ്ങനെ  ഹിന്ദുക്കളും മുസ്‌ലിങ്ങളും നഗരത്തിൽ ഒരുമിച്ച് സമാധാനത്തോടെ ജീവിക്കുന്നതുവരെ ഇതുതുടരും.  കൂടെനിൽക്കാമെന്ന്  സുഹർവർദി സമ്മതിച്ചു.

ബലിയാഘട്ടിലെ ഒരുഭാഗത്ത് തകർക്കപ്പെട്ട മുസ്‌ലിംവീട് ഇതിനായി കണ്ടെത്തി. ഓഗസ്റ്റ് 13-ന് ഉച്ചതിരിഞ്ഞ്  ഗാന്ധിജിയും സുഹർവർദിയും ദൗത്യം തുടങ്ങി. ഒപ്പം ഞാനുമുണ്ടായിരുന്നു.   അവിടെ എത്തിയപ്പോൾ കോപാകുലരായി  ബഹളംവെക്കുന്ന യുവാക്കൾ എനിക്കു നേരെ മുന്നോട്ടു വന്നു. ഞാൻ ഗാന്ധിജിയുടെ അനുയായി ആണെന്ന് ഹിരാലാൽ ബോസ് എന്ന എന്റെ സുഹൃത്ത് അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ ‘ഗാന്ധിജി തിരിച്ചുപോകൂ’ എന്നവർ മുദ്രാവാക്യം വിളിച്ചു. ഗാന്ധിജിക്കെതിരായ  പ്രകടനം നടത്തി. ജനാലകൾക്കുനേരെ കല്ലെറിയുകയും ചെയ്തു.  തുടർന്ന്  ചില ചെറുപ്പക്കാർ വീട്ടിൽ വന്ന് ഗാന്ധിജിയുമായി കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. താൻ ഹിന്ദു വിരുദ്ധനല്ലെന്നും പുതിയ രാജ്യം സഹിഷ്ണുതയുടേതായിരിക്കണം എന്നൊക്കെ പറഞ്ഞ്‌ അദ്ദേഹം അവരെ തിരിച്ചയച്ചു.

എന്നാൽ പ്രശ്നങ്ങൾ അടുത്ത ദിവസവും ഉണ്ടായി. അന്ന് വൈകുന്നേരം പലരും ഗാന്ധിജിയുടെ പതിവ് സായാഹ്നപ്രാർഥനയ്ക്കായി ഒത്തുകൂടി. പ്രാർഥനാസമയത്തിന്റെ അവസാനത്തിൽ, സുഹർവർദി പ്രാർഥനയിൽ പങ്കെടുക്കുന്നില്ലെന്ന് ചില യുവാക്കൾ മനസ്സിലാക്കി. അദ്ദേഹം വീടിനകത്തുണ്ടെന്നും അവർ തിരിച്ചറിഞ്ഞു. അവർ അയാളുടെ രക്തത്തിനായി മുറവിളികൂട്ടി.
 പോലീസുകാരുമൊത്ത് ഞാനും അകത്തുണ്ടായിരുന്നു. ഞങ്ങൾ വീണ്ടും ഷട്ടറുകൾ അടച്ചു. കോപാകുലരായ ചെറുപ്പക്കാർ എത്രയും വേഗം അകത്തുകടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.
പ്രാർഥന അവസാനിച്ചു. ഗാന്ധിജി നേരെ മുറിയിൽപ്പോയി എഴുതിത്തുടങ്ങി. പുറത്ത്‌ ബഹളങ്ങൾ ഉയർന്നു.  അദ്ദേഹം ജനലിനരികിൽപോയി, ഷട്ടറുകൾ തുറന്ന് പുറത്തുള്ള ചെറുപ്പക്കാരോട് താഴ്ന്നശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.  പെ​െട്ടന്ന് എല്ലാവരും നിശ്ശബ്ദരായി. ബംഗാൾ വർഗീയ കലാപത്തിൽ ഉൾപ്പെട്ടതായി കരുതുന്ന സുഹർവർദിയുടെ ഭൂതകാലത്തെക്കുറിച്ച് നിങ്ങൾ എന്തുവിചാരിച്ചാലും സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തിൽ താനുമായി  ചേരാൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.എന്നെ അംഗീകരിക്കുന്നവർ  എന്റെ സഹപ്രവർത്തകനെയും അംഗീകരിക്കണം -ഗാന്ധിജി പറഞ്ഞു.

തുടർന്ന് അദ്ദേഹം സുഹർവർദിയെ മുന്നോട്ടുകൊണ്ടുവന്നു. ഒരു കൈ അദ്ദേഹത്തിന്റെ തോളിലും മറ്റേ കൈ ചെറുമകളുടെ തോളിലും വെച്ച് ഗാന്ധിജി നിന്നു. അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരിൽ ഒരാൾ വിളിച്ചുചോദിച്ചു, ‘കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന വലിയ കൊലപാതകത്തിന്റെ കുറ്റം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?’ ‘ഉണ്ട്’ എന്ന് സുഹർവർദി മറുപടി നൽകി. ഞാൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. അതിൽ ഞാൻ ലജ്ജിക്കുന്നു’.  എല്ലാവരും നിശ്ശബ്ദരായി ‘അതൊരു നിർണായക നിമിഷമായിരുന്നു. പരസ്യമായ കുറ്റസമ്മതത്തെക്കാൾ ഫലപ്രദമായി മറ്റൊന്നുമില്ല. ‘ആ നിമിഷം അദ്ദേഹം ആൾക്കൂട്ടത്തെ ജയിച്ചു’ - ഗാന്ധിജി പിന്നീട് പറഞ്ഞു. സുഹർവർദി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, നഗരത്തിന്റെ മറ്റൊരു ഭാഗത്ത്‌ നിന്ന്‌ വാർത്തയുമായി ഒരാളെത്തി. മുസ്‌ലിങ്ങളും ഹിന്ദുക്കളും ചേർന്ന് ഇന്ത്യൻ ദേശീയ പതാക ഉയർത്തി എന്നതായിരുന്നു അത്‌. ഗാന്ധിജിയുടെ വീടിന് പുറത്തു കൂടിയ ജനക്കൂട്ടത്തെ ഈ പ്രഖ്യാപനം ആഹ്ലാദിപ്പിച്ചു.  ചോരയ്ക്കായി ദാഹിച്ചു വന്നവർ കുഞ്ഞാടുകളെപ്പോലെ പിരിഞ്ഞു പോയി.

ആ നിർണായക ദിനത്തിൽ

സ്വാതന്ത്ര്യദിനം എങ്ങനെ ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അതിനിടയിൽ ഗാന്ധിജി എന്നോട് പറഞ്ഞിരുന്നു. ഇന്ത്യ-പാകിസ്താൻ വിഭജനത്തെക്കുറിച്ച് പക്ഷേ അദ്ദേഹം ഒന്നും പറഞ്ഞില്ല. സ്വാതന്ത്ര്യം യാഥാർഥ്യമല്ലെന്ന് അദ്ദേഹം ആ നിമിഷം സൂചിപ്പിച്ചില്ല. പക്ഷേ, ഇന്ത്യയിലെ ജനങ്ങൾക്ക്‌ ആ ദിവസം കേവലം തമാശയായി മാറരുതെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. 
ആ നിമിഷത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടാവുന്നവർ പ്രാർഥനയിലും ഉപവാസത്തിലും പങ്കുചേരും. ദൈവത്തോട് നന്ദിപറയുക, നീതിയുടെയും ശരിയായ പ്രവർത്തനത്തിന്റെയും പാതകളിൽ തുടരാൻ ധൈര്യത്തിനും ജ്ഞാനത്തിനുംവേണ്ടി പ്രാർഥിക്കുക -ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. 

 ‘നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ആദ്യദിവസം, ദരിദ്രരെയും വിശക്കുന്നവരെയും ഞങ്ങൾ മറക്കില്ല’.  അദ്ദേഹം പറഞ്ഞു. കുറച്ചുസമയത്തിനുശേഷം ഞങ്ങൾ കിടന്നു.  പുലർച്ചെ മൂന്നുമണിക്കുതന്നെ പ്രാർഥനകൾ ആരംഭിച്ചു. ഞങ്ങളുടെ പ്രാർഥനയ്ക്കൊപ്പം രബീന്ദ്രനാഥടാഗോർ എഴുതിയ ചില ഗാനങ്ങൾ ഗാന്ധിജിക്കായി അവിടെവന്ന ചില സ്കൂൾ വിദ്യാർഥിനികൾ ആലപിച്ചു. അവർ ഗാന്ധിജിയിൽനിന്ന് അനുഗ്രഹം വാങ്ങി. കുറച്ചുസമയത്തിനുശേഷം വീണ്ടും ഒരുകൂട്ടം വിദ്യാർഥിനികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചുതുടങ്ങി. തുടർന്ന് എല്ലാവരും അതേറ്റുപാടാൻ തുടങ്ങി. 
സർവീസ് യൂണിറ്റിലെ എന്റെ ചില സുഹൃത്തുക്കൾ (ഗ്ലാൻ ഡേവീസും ഭാര്യ സുജാതയും ആണെന്നാണ് ഓർമ) എന്നെ വിളിച്ചു. നിങ്ങൾ ദിവസം മുഴുവൻ ഇവിടെ ഇരിക്കാതെ പുറത്തുവന്നുനോക്കൂ’ എന്നുപറഞ്ഞ് എന്നെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുട്ടിനുശേഷം പെട്ടെന്ന് സൂര്യൻ അതിന്റെ മഹത്ത്വത്തിൽ വീണ്ടും പ്രകാശിക്കുന്നതുപോലെയുള്ള അദ്‌ഭുതമായിരുന്നു അത്.  കലാപമൊഴിഞ്ഞ കൊൽക്കത്ത നഗരം മുഴുവൻ പ്രകാശിക്കുകയാണ്. 1947 ഓഗസ്റ്റ് 15-ന് കൊൽക്കത്ത മുഴുവൻ ആഹ്ലാദത്തിലായിരുന്നു.

മുപ്പത്തഞ്ച് വർഷത്തിനുശേഷം, ആ ദിവസത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, സന്തോഷത്തിന്റെയും അദ്‌ഭുതത്തിന്റെയും കണ്ണീരൊഴുക്കാനേ എനിക്ക് സാധിക്കൂ. എല്ലാവരും കൊൽക്കത്തയിലെ അത്‌ഭുതത്തെക്കുറിച്ച് സംസാരിച്ചു. കിഴക്കൻ ബംഗാൾ മേധാവികളും അവരുടെ പങ്ക് കൃത്യമായി നിർവഹിച്ചു. ബംഗാൾ മുഴുവൻ സമാധാനത്തോടെ സ്വാതന്ത്ര്യം ആഘോഷിച്ചു.
 വൈകാരിക പ്രകോപനത്തിൽ അകപ്പെടുന്ന ഒരു മനുഷ്യനായിരുന്നില്ല ഗാന്ധിജി. ഒരു അത്‌ഭുതവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. മാറ്റം വളരെ പെട്ടെന്നായിരുന്നു. അക്രമസംഭവങ്ങളൊന്നും 15-നോ അടുത്ത ദിവസങ്ങളിലോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.  അതിനിടെ വന്ന ഈദ്‌ എല്ലാ മതവിഭാഗങ്ങളും ഒന്നായി ആഘോഷിച്ചു.

content highlights: mahatma gandhi 150 birth anniversary