ബ്രിട്ടീഷുകാർ 1932-ൽ ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്ക് പ്രത്യേക സീറ്റുകൾ സംവരണം ചെയ്യാൻ കമ്യൂണൽ അവാർഡ് കൊണ്ടുവന്നു. ഇന്ത്യയെ ഇത്തരത്തിൽ വിഭജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മഹാത്മാഗാന്ധി നിരാഹാരം കിടന്നു. ദളിത് വിഭാഗത്തിന് ലഭിക്കുന്ന പ്രാതിനിധ്യത്തിന് അനുകൂലമായി ബാബ സാഹേബ് അംബേദ്കറും നിലകൊണ്ടു. ദീർഘമായ ചർച്ചകൾക്കുശേഷം ഇരുവരും സെപ്‌റ്റംബർ 24-ന്  ‘പൂനാ കരാറി’ൽ ഒപ്പുവെച്ചു. 1932 ഒക്‌ടോബർ 17-ന് അംബേദ്കറും ഗാന്ധിജിയും ഇതുസംബന്ധിച്ച് നടത്തിയ സംഭാഷണത്തിൽനിന്ന്...

അംബേദ്‌കർ :  തൊട്ടുകൂടായ്മയെക്കുറിച്ചല്ല, രാഷ്ട്രീയം ചർച്ച ചെയ്യാനാണ്‌ ഞാൻ വന്നിരിക്കുന്നത്
ഗാന്ധിജി: അത് ശരിയാണ്. എനിക്കത് താങ്കളുമായി സംസാരിക്കാനാകില്ല. താങ്കൾ അങ്ങനെ ചെയ്താലും എനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ല. എന്റെ മനസ്സ് ആ വഴിക്ക് ചിന്തിക്കില്ല.
അംബേദ്‌കർ: താങ്കൾ സത്യാഗ്രഹം ഒഴിവാക്കി വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കണം. താങ്കൾ വന്നില്ലെങ്കിൽ ഇംഗ്ലണ്ടിൽ നമുക്ക് ഒന്നും ലഭിക്കില്ല. എല്ലാം തകിടംമറിയും. ഞാനൊരു ചെറിയ മനുഷ്യനാണെങ്കിലും വരണമെന്ന് താങ്കളോട് അപേക്ഷിക്കുകയാണ്.
ഗാന്ധിജി: താങ്കളുടെ വാദം വിശദീകരിക്കാമെങ്കിൽ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാം. പത്രത്തിൽ അതിനെക്കുറിച്ച് വിശദമായി എഴുതാവുന്നതാണ്.
അംബേദ്‌കർ: എഴുതിവെക്കാവുന്ന കാര്യമല്ല അത്. അതിൽ മുസ്‌ലിങ്ങളെ വേദനിപ്പിക്കുന്ന കുറെ കാര്യങ്ങൾ പറയേണ്ടിവരും. അതെനിക്ക് പരസ്യമായി പറയാനാകില്ല. ഒന്നുകിൽ പേരുവെക്കാതെ എഴുതാം, അല്ലെങ്കിൽ മറ്റൊരാളെക്കൊണ്ട് വ്യത്യസ്തമായി എഴുതിക്കാം.
ഗാന്ധിജി: താങ്കൾ സ്വന്തം പേരുവെച്ച് എഴുതുന്നതാണ് ഉത്തമം. അതേസമയം, താങ്കൾക്ക് താങ്കളുടെ ഇഷ്ടംപോലെ ചെയ്യാം.
അംബേദ്‌കർ: ക്ഷേത്രപ്രവേശനവും പന്തിഭോജനവുമൊന്നും എനിക്ക് താത്പര്യമില്ല. ഞങ്ങൾക്ക് ദുരനുഭവങ്ങളുണ്ടാകുന്നത് അവിടെവെച്ചാണ്. ഞങ്ങളുടെ തിക്താനുഭവങ്ങൾ വർധിക്കുന്നു. വിലെ പാർലെയിലെ പന്തിഭോജനത്തിനുശേഷം മറാഠാ തൊഴിലാളികൾ സമരം ആരംഭിച്ചു. സവർണഹിന്ദുക്കൾക്ക് ശക്തിയുണ്ടെങ്കിൽ അവർ തൊട്ടുകൂടാത്തവരെ അടിമകളാക്കും. സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കുക എന്നതാണ് എനിക്കുവേണ്ടത്.
ഗാന്ധിജി:  ഉദാഹരണം
അംബേദ്‌കർ: അയിത്തജാതിക്കാർക്ക് താമസിക്കാൻ വീടുകൾ കിട്ടുന്നില്ല.  അവർ അനീതിക്കും അടിച്ചമർത്തലിനും ഇരയാകുന്നു. എനിക്ക് ബോംബെയിൽ പോർട്ട് ട്രസ്റ്റിലെ തൊഴിലാളികളുടെ കെട്ടിടത്തിലൊഴികെ മറ്റൊരിടവും താമസിക്കാൻ കിട്ടിയില്ല. ഗ്രാമത്തിൽ ചെന്നാൽ എന്റെ സമുദായക്കാർക്കൊപ്പംമാത്രമേ താമസിക്കാനാകൂ. പുണൈയിൽ എല്ലാവരും അവരുടെ സുഹൃത്തുക്കളുടെകൂടെ നിൽക്കുന്നു. എന്നാൽ, ഞാൻ നാഷണൽ ഹോട്ടലിൽ താമസിക്കുന്നു, വാടകയായി ഏഴുരൂപയും വണ്ടിക്കൂലിയും മുടക്കുന്നു.
ഗാന്ധിജി: ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. എന്റെ നിരാഹാരം തുടരുകയാണ്. ഉടമ്പടി തിരുത്തുകയെന്നത് ചെറിയൊരു കാര്യമാണ്. പ്രധാനകാര്യം ഇനിയും നടക്കേണ്ടതുണ്ട്. അതിനായി ജീവൻ നൽകാൻ ഞാൻ തയ്യാറാണ്. താങ്കൾ പറഞ്ഞ എല്ലാ അനീതികളും അവസാനിക്കേണ്ടതാണ്.
അംബേദ്‌കർ: ബിർല പറഞ്ഞത് തൊട്ടുകൂടായ്മ അവസാനിപ്പിക്കാൻ എന്നെ സമിതിയിലേക്ക് എടുക്കാമെന്നാണ്. എന്നാൽ, ഞാൻ വിസ്സമ്മതിച്ചു. ഞാനൊറ്റയ്ക്ക് എന്തുചെയ്യാനാണ്. ഇക്കാര്യത്തിൽ താങ്കളുടെ ആഗ്രഹപ്രകാരം പ്രവർത്തിക്കാമെന്ന് എനിക്ക് അംഗീകരിക്കേണ്ടിവരും. ഭൂരിപക്ഷമുണ്ടെങ്കിലേ നമ്മൾ ആഗ്രഹിക്കുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. ക്ഷേത്രങ്ങൾ കെട്ടിപ്പൊക്കാനും കിണറുകൾ കുഴിക്കാനുമാണ് താങ്കൾ ആഗ്രഹിക്കുന്നത്. അതെല്ലാം പണം പാഴാക്കുന്ന പ്രവൃത്തിയാണെന്ന് മനസ്സിലാക്കണം.
ഗാന്ധിജി:  താങ്കളുടെ കാഴ്ചപ്പാടുകൾ എനിക്ക് മനസ്സിലാകും. അതെന്റെ മനസ്സിലുണ്ടാകും. എന്താണ് ചെയ്യാൻ പറ്റുകയെന്ന് നമുക്ക് നോക്കാം.