ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവതിന്റെ ലേഖനം വളരെ കണിശമായും ചില ഓർമകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. കുറിപ്പിൽ ആർ.എസ്.എസുമായും അവരുടെ ആദർശപുരുഷന്മാരുമായുമായുള്ള ഗാന്ധിജിയുടെ സൗഹാർദപരമായ സമീപനത്തെ ചില ‘തെളിവു’കളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനുള്ള വ്യഗ്രത കാണാവുന്നതാണ്. 

ആർ.എസ്.എസിന്റെ ജനനംതൊട്ട് ഗാന്ധിവധംവരെയുള്ള ഏതാണ്ട് രണ്ടരപ്പതിറ്റാണ്ട് കാലയളവിൽനിന്ന് രണ്ട് സംഭവങ്ങൾമാത്രമാണ് ഗാന്ധിജിയുമായുള്ള ആർ.എസ്.എസ്. സൗഹൃദം സൂചിപ്പിക്കാൻ മോഹൻഭാഗവതിന് സാധിച്ചത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്. 1936-ൽ ഹെഡ്‌ഗേവാറുമായി ഗാന്ധിജി നടത്തിയെന്ന് പറയുന്ന ചർച്ചയും സ്വയംസേവകരെ അഭിസംബോധന ചെയ്തുകൊണ്ട് വിഭജനകാലത്ത് ഡൽഹിയിൽ നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗവും. 

ഈ സന്ദർഭത്തിൽ ഏതാണ്ട് ഒമ്പതുദശാബ്ദംമുമ്പ്, കൃത്യമായി പറഞ്ഞാൽ 1931 ഡിസംബറിൽ ഗാന്ധിജിയും ഇറ്റാലിയൻ ഫാസിസ്റ്റ് ബെനിറ്റോ മുസോളിനിയും തമ്മിലുള്ള കൂടിക്കാഴ്ചയും മുസോളിനിയുടെ ഫാസിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗമായ ഒപേര നാഷണല്ലേ ബലില്ല എന്ന സംഘടനയുടെ സൈനികപരേഡിനെ സംബന്ധിച്ച് ഗാന്ധിജി നടത്തിയ അഭിപ്രായപ്രകടനവും ഓർമിക്കുന്നത് നന്നായിരിക്കും.

ഗാന്ധിജിയും സ്വേച്ഛാധിപതിയും

1931 കാലയളവിൽ രണ്ടാം വട്ടമേശസമ്മേളനത്തിനായി ഇംഗ്ലണ്ടിൽച്ചെന്ന ഗാന്ധിജി യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. പ്രശസ്ത സാഹിത്യകാരനായ റൊമാൻ റൊളാങ് തൊട്ട് ഇറ്റലിയുടെ ഭരണാധിപനായ ബെനിറ്റോ മുസോളിനിയുമായിവരെ ഈ സന്ദർശനവേളയിൽ ഗാന്ധിജി കൂടിക്കാഴ്ചനടത്തി. 

ലോകത്തിലെ ഏറ്റവും പ്രശസ്തനായ അഹിംസാവാദി, ക്രൂരതയ്ക്ക് അത്രതന്നെ പ്രശസ്തനായ ഒരു സ്വേച്ഛാധിപതിയെ സന്ദർശിക്കുന്നതിന്റെ അപകടം റൊമാൻ റൊളാങ് ഗാന്ധിജിയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഗാന്ധിജിയുടെ സന്ദർശനത്തെ ഇറ്റാലിയൻ സർക്കാർ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അദ്ദേഹം ഗാന്ധിജിയെ ഓർമപ്പെടുത്തിയിരുന്നു. ഇതിനുള്ള ഗാന്ധിജിയുടെ മറുപടി, ‘തന്റെ വാക്കുകൾ വളച്ചൊടിച്ചേക്കുമായിരിക്കും. എന്നാൽ, വ്യക്തമാക്കപ്പെട്ട നല്ല വാക്കും നടപ്പാക്കപ്പെട്ട നല്ല പ്രവൃത്തിയും ദീർഘകാലം അതിന്റെ സ്വാധീനം നിലനിർത്തും. ഏതൊരു പ്രലോഭനത്തിനും അടിപ്പെടില്ല എന്ന ബോധ്യം നമുക്കുണ്ടെങ്കിൽ ഇത്തരമൊരു അപകടം ഏറ്റെടുത്തേ മതിയാകൂ’ എന്നായിരുന്നു. (മഹാദേവ് ദേശായി, ‘മഹാദേവ് ഭായിനി ഡയറി’, ​േവാള്യം 15, പുറം 437).
ലോകരാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ച മുസോളിനി യൂറോപ്പിനെക്കുറിച്ചും ഇറ്റലിയെക്കുറിച്ചുമുള്ള ഗാന്ധിജിയുടെ അഭിപ്രായമാരാഞ്ഞു. 

മുസോളിനി: യൂറോപ്പിന്റെ സ്ഥിതിയെക്കുറിച്ച് എന്താണ് അഭിപ്രായം?
ഗാന്ധിജി: ഞാൻ വളരെ നേരമായി കാത്തിരിക്കുന്ന ചോദ്യത്തിലേക്ക് താങ്കൾ എത്തിയിരിക്കുന്നു. യൂറോപ്പിന് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വഴികളിലൂടെ യാത്ര തുടരാൻ കഴിയില്ല. അതിന്റെ സാമ്പത്തിക ജീവിതത്തിന്റെ അടിത്തറ പൊളിച്ചെഴുതാതെ, അതിന്റെ മൂല്യനിർണയ സംവിധാനങ്ങൾ അടിമുടി മാറ്റാതെ മുന്നോട്ടുപോകുക പ്രയാസമാണ്. ഇതിനെ നിലനിർത്താൻ എന്തുതന്നെ നടപടികൾ സ്വീകരിച്ചാൽപ്പോലും. 

അടുത്തചോദ്യം ഇറ്റലിയെക്കുറിച്ചായിരുന്നു.

മുസോളിനി: ഇറ്റലിയും റോമും താങ്കളിൽ മതിപ്പുളവാക്കിയെന്ന് പ്രതീക്ഷിക്കുന്നു?
ഗാന്ധിജി: തീർച്ചയായും. ഇത് വളരെ സുന്ദരമായ രാജ്യമാണ്. റോം ഒരു മനോഹര പട്ടണവും. എനിക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ഏർപ്പെടുത്തിത്തന്നതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.
ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായി ഈ കൂടിക്കാഴ്ചയിലെ ഓരോ വാക്കും തന്റെ ഡയറിയിൽ രേഖപ്പെടുത്തുകയുണ്ടായി. ഇറ്റലിയിലെ തന്റെ ഭരണത്തെ സംബന്ധിച്ച് ഗാന്ധിജിയിൽനിന്ന് എന്തെങ്കിലും നല്ല വാക്കുകൾ ലഭിക്കാൻ മുസോളിനി തത്‌പരനായിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം മുസോളിനിയുടെ നിർദേശപ്രകാരം ഒപേര നാഷണല്ലേ ബലില്ലയുടെ പരേഡ് വീക്ഷിക്കാൻ ഗാന്ധിജിയെ കൂട്ടിക്കൊണ്ടുപോയി. യുവാക്കളുടെ കായികമുറകൾ വീക്ഷിച്ച അദ്ദേഹത്തോട് അവരുമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. ഒറ്റവാചകത്തിൽ ഗാന്ധിജി തന്റെ പ്രസംഗം അവസാനിപ്പിച്ചു. ‘നിങ്ങളുടെ ആരോഗ്യവും ശരീരവും വളരെ നന്നായിട്ടുണ്ട്’. 

തട്ടിയെടുക്കാനുള്ള ശ്രമം

തന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് അനുകൂലമായി ഒരു വാക്കുപോലും ഗാന്ധിജിയുടെ മുഖത്തുനിന്ന് മുസോളിനിക്ക് ലഭിക്കുകയുണ്ടായില്ല. എന്നാൽ, അദ്ദേഹത്തിന്റെ സന്ദർശനത്തെ സാധ്യമായ രീതിയിൽ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഫാസിസ്റ്റ് ഭരണകൂടം പരമാവധി ശ്രമിക്കുകയുണ്ടായി എന്നത് അക്കാലത്തെ ഇറ്റാലിയൻ മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

1947 കാലയളവിലെ ഗാന്ധിജിയുടെ ഡൽഹിവാസത്തിനിടയിൽ ആർ.എസ്.എസ്. ശാഖ സന്ദർശിച്ചതിനെക്കുറിച്ച് മോഹൻ ഭാഗവത് പറയുന്നുണ്ട്. എന്നാൽ, അതേസമയം വിഭജനകാലയളവിലെ കലുഷിതമായ സാമൂഹികാന്തരീക്ഷം തണുപ്പിക്കുന്നതിനായി ഡൽഹിയിലെ അദ്ദേഹത്തിന്റെ താമസസ്ഥലമായ ഭംഗികളുടെ കോളനിയിൽ ക്ഷേത്രവളപ്പിൽ നടത്തിയ സർവമതപ്രാർഥന തുടർച്ചയായി തടസ്സപ്പെടുത്തിയിരുന്നത് സംഘസൈനികരായിരുന്നു എന്ന വസ്തുതയെ ബോധപൂർവം മറച്ചുവെക്കുകയും ചെയ്യുന്നു.  നാലുദിവസത്തെ തുടർച്ചയായ എതിർപ്പിനുശേഷം വിദ്വേഷപ്രചാരകർക്ക് സ്വയം കീഴടങ്ങേണ്ടിവന്നു എന്നതായിരുന്നു വസ്തുത. 
ഹിന്ദുത്വവാദികളെ സംബന്ധിച്ചിടത്തോളം ഗാന്ധിജി എക്കാലവും ഒരു പ്രഹേളികതന്നെയായിരുന്നു. മൂന്ന്് വെടിയുണ്ടകൾകൊണ്ട് ആ നിസ്വജീവിതത്തെ ഇല്ലാതാക്കിയിട്ടും അദ്ദേഹം  മുന്നോട്ടുവെച്ച നൈതികനിഷ്ഠ ഹിന്ദുത്വരാഷ്ട്രീയത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും അദ്ദേഹത്തിന്റെ പൈതൃകം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവർ നടത്തിക്കൊണ്ടിരിക്കുന്നത്; അതിൽ അവർ വിജയിക്കാൻ പോകുന്നില്ലെങ്കിൽക്കൂടിയും. 

(നാരായൺ ദേശായി എഴുതിയ നാല് ​േവാള്യം വരുന്ന ‘മാരു ജീവൻ ഏജ് മാരി വാണി’ എന്ന ഗാന്ധി ജീവചരിത്രത്തിന്റെ മലയാളം പരിഭാഷകനാണ് ലേഖകൻ)